സാബിത് ബിന്‍ ഖൈസ് അല്‍ അന്‍സ്വാരി (റ)-2
ബദ്ര്‍ യുദ്ധമൊഴികെയുള്ള എല്ലാ പോരാട്ടങ്ങളിലും സാബിത് ബിന്‍ ഖൈസ്(റ) പ്രവാചക(സ്വ) രുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്തു. നബി (സ്വ) വാഗ്ദാനെ ചെയ്ത രക്തസാക്ഷിത്വം മോഹിച്ച് അടര്‍ക്കളങ്ങളില്‍ സധൈര്യം പോരാടി. പല സമയങ്ങളിലും കണ്‍മുന്നില്‍ വീണുടഞ്ഞ പളുങ്കുകൊട്ടാരമായി അത് മാറി. മൂക്കിന്‍ തുമ്പത്ത് പ്രത്യക്ഷപ്പെട്ട ആ ഭാഗ്യ നക്ഷത്രം ക്ഷണനേരം കൊണ്ട് മിന്നിമറഞ്ഞു.
പ്രവാചകരു(സ്വ)ടെ വഫാത്തിന് ശേഷം സന്തതസഹചാരി അബൂബക്ര്‍ (റ) മുസ്‍ലിം ലോകത്തിന്റെ ഖലീഫയായി സ്ഥാനാരോഹണം നടത്തി. അധികാരമേറ്റെടുത്തതിന് ശേഷം ഖലീഫയ്ക്ക് മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി കള്ളപ്രവാചകരുടെയും സകാത്ത് വിരോധികളുടെയും രംഗപ്രവേശനമായിരുന്നു. അവരില്‍ മുസൈലിമയാണ് പ്രധാന വെല്ലുവിളി. മുസൈലിമയുടെ സംഘത്തിനെതിരെ മുസ്‍ലിം സേന പോരാട്ടത്തിനൊരുങ്ങി.
യുദ്ധത്തില്‍ അന്‍സ്വാരികളുടെ നേതാവായി നിയോഗിക്കപ്പെട്ടത് സാബിത് ബിന്‍ ഖൈസാ(റ) യിരുന്നു. മുഹാജിറുകളുടെ നേതാവായി സാലിം മൗല അബീ ഹുദൈഫ(റ) യും മുസ്‍ലിം സേനാനായകനായി ഖാലിദ് ബിന്‍ വലീദും(റ) നിയമിക്കപ്പെട്ടു.
യുദ്ധത്തിലുടനീളം ആയുധബലവും ആധിപത്യവും മുസൈലിമയുടെ പക്ഷത്തായിരുന്നു. ഒടുവില്‍ സേനാനായകന്‍ ഖാലിദ് ബിന്‍ വലീദി(റ) ന്റെ കൂടാരത്തിലേക്ക് ശത്രുക്കള്‍ നുഴഞ്ഞുകയറുന്നത് വരെ കാര്യങ്ങള്‍ എത്തി. ഭാര്യ ഉമ്മു തമീമിനെ അവര്‍ വധിക്കാന്‍ തുനിഞ്ഞു. കൂടാരത്തിന്റെ കയര്‍ പൊട്ടിച്ച് എല്ലാം തല്ലിത്തകര്‍ത്തു.
യുദ്ധം മുസ്‍ലിംകള്‍ കീഴടങ്ങുന്ന അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി. ഇത് കണ്ട സാബിതി (റ) ന്റെ ഹൃദയം ദു:ഖപരവശമായി. അവരുടെ അധിക്ഷേപ സ്വരങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ മനസ്സ് വ്യഥപൂണ്ടു. മുസ്‍ലിംകള്‍ പരസ്പരം കടിച്ചു കീറുകയാണ്. അവരിലെ പട്ടണവാസികളായ പടയാളികള്‍ മരുഭൂവാസികളെ ഭീരുക്കളെന്ന് വിളിച്ച് അധിക്ഷേപിച്ചു. മരുഭൂവാസികള്‍ പ്രതികരിക്കാന്‍ മറന്നില്ല. പട്ടണവാസികള്‍ യുദ്ധതന്ത്രം അറിയാത്തവരാണെന്ന് അവര്‍ തിരിച്ചും ആക്ഷേപിച്ചു. അഭ്യന്തരകലഹം മുസ്‍ലിംകളെ രോഗാതുരമാക്കി. സാബിത് (റ) അപകടം മണത്തറിഞ്ഞു. അദ്ദേഹം ഇടപെടാന്‍ തുടങ്ങി. മരണം പുല്‍കാന്‍ വെമ്പല്‍ കൊണ്ട സാബിത് (റ) ജനസഞ്ചയത്തിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: '' മുസ്‍ലിം സമൂഹമേ, പ്രവാചകരു(റ) ടെ കൂടെ ഇങ്ങനെയല്ല ഞങ്ങള്‍ യുദ്ധം ചെയ്തത്. ശത്രുക്കളുടെ ധീരതതയ്ക്ക് വളമിടുകയും അവര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വരുന്നതും നല്ലതല്ല. എല്ലാം അപമാനമാണ്.''
നയനങ്ങള്‍ ആകാശത്തേക്കുയര്‍ത്തി അദ്ദേഹം പറഞ്ഞു: '' അല്ലാഹുവേ, മുസൈലിമയും സംഘവും ഈ മുസ്ലിം സേനയും ചെയ്ത ഹീനകൃത്യങ്ങളില്‍ നിന്ന് നിന്നോട് ഞാന്‍ കാവല്‍ തേടുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ നിരപരാധിയാണ്.''
മുസ്‍ലിം സേനാനായകരോടൊപ്പം സാബിത്(റ) സിംഹഗര്‍ജ്ജനം മുഴക്കി പോരാടി. ആ വാള്‍ തലപ്പ് ശത്രുക്കളില്‍ ഒരുപാടു പേരുടെ തലയറുത്തു. കൂടെ ബറാഅ് ബിന്‍ മാലിക്(റ), ഉമര്‍ (റ) ന്റെ സഹോദരന്‍ സൈദ് ബിന്‍ ഖത്വാബ്(റ), സാലിം മൗലാ അബീ ഹുദൈഫ(റ), എന്നിവരുമുണ്ട്. ഒന്നിച്ചു നിന്ന് ശത്രുസേനയുടെ നേരെ ധീരോദാത്തമായി നിലയുറപ്പിച്ചു. സാബിതി(റ) ന്റെ സമര്‍പ്പണബോധവും സഹനമനോഭാവവും മുസ്ലിം സേനയുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചു. ആ അത്ഭുത പ്രകടനത്തിന് മുമ്പില്‍ ശത്രുസേന പരാജയം നുണഞ്ഞു.
ഓരോ ചുവടുവെപ്പിലും സാബിത്(റ) പാറ പോലെ ഉറച്ചുനിന്ന് പോരാടി. ആയുധങ്ങള്‍ പരസ്പരം കൂട്ടിമുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ശരീരത്തിലെവിടെയോ ആ വെട്ടേറ്റത്. സാബിത്(റ) നിലം പതിച്ചു. ഇന്നാ ലില്ലാഹ്....... സാബിത്(റ) രക്തസാക്ഷത്യം വരിച്ചിരിക്കുന്നു. പുണ്യനബി(സ്വ) യുടെ വാക്കുകള്‍ സത്യമായി പുലര്‍ന്നിരിക്കുന്നു. പുഞ്ചിരുക്കുന്ന വദനങ്ങളുമായി, കുളിര്‍മ ചൊരിയുന്ന നയനങ്ങളുമായി സാബിത് ബിന്‍ ഖൈസ്(റ) ശഹീദായി മരണപ്പെട്ടിരിക്കുന്നു. ആ കരങ്ങള്‍ നേടിക്കൊടുത്ത യുദ്ധത്തിലെ വിജയവും രക്തകസാക്ഷിത്വവും സാബിതി(റ) നെ സംബന്ധിച്ചിടത്തോളം പഞ്ചസാരക്കുന്നല്‍ തേന്‍ മഴ വര്‍ഷിച്ചതുപോലെയായിത്തീര്‍ന്നു.
*** ***
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടി വീരമൃത്യു വരിച്ചവരെ മരണപ്പെട്ടവരെന്ന് വിചാരിക്കരുത്, അവര്‍ ലോകരക്ഷിതാവിന്റെ സമക്ഷം ജീവിക്കുന്നവരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. മരണാനന്തരവും വിസ്മയകരമായ ചരിത്ര സംഭവങ്ങള്‍ സാബിതി(റ) നെ തേടിയെത്തി. ശത്രുവിന്റെ വെട്ടേറ്റ് രണഭൂമിയില്‍ വീഴുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിലപിടിപ്പുള്ള ഒരു അങ്കി ഉണ്ടായിരുന്നു. അതു വഴി നടന്നുപോവുകയായിരുന്ന ഒരു മുസ്‍ലിം സൈനികന്‍ ആ അങ്കിയെടുത്ത് സ്വന്തമാക്കി.
ശഹീദായതിന്റെ അടുത്ത ദിവസം രാത്രി, ഒരു മുസ്ലിം സഹോദരന്റെ ഉറക്കത്തില്‍ സാബിത്(റ) പ്രത്യക്ഷപ്പെട്ടു. സാബിത്(റ) അദ്ദേഹത്തോട് പറഞ്ഞു: '' എന്നെ അറിയില്ലേ, ഞാന്‍ സാബിതാണ്.''
''അതെ, അറിയാം''- അയാള്‍ പ്രതിവചിച്ചു.
സാബിത്(റ) പറഞ്ഞു: '' ഒരു വസ്വിയത്തിന്റെ കാര്യം നിങ്ങളെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഇത് സ്വപ്നമല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയുന്നത് സൂക്ഷിക്കണം. അല്ലാത്ത പക്ഷം വസ്വിയത്ത് നടപ്പാക്കാന്‍ സാധിക്കില്ല.''
സാബിത്(റ) തുടര്‍ന്നു:''ഇന്നലെ ഞാന്‍ വധിക്കപ്പെടുമ്പോള്‍ ഒരു മുസ്‍ലിം സൈനികന്‍ എന്റെ സമീപം വന്നിരുന്നു.'' അയാളുടെ ചില വിശേഷണങ്ങള്‍ പറഞ്ഞു കൊടുത്ത ശേഷം സാബിത്(റ) പറഞ്ഞു: '' എന്നിട്ടദ്ദേഹം എന്റെ അങ്കിയെടുത്തു. അതുമായി ആ സ്ഥലത്ത് (സ്ഥലം പറഞ്ഞുകൊടുത്തു.) പോയി സൈനിക ക്യാംപിലെ ഏറ്റവും ദൂരെയായി സ്ഥിതി ചെയ്യുന്ന ആ കൂടാരത്തലേക്ക് നീങ്ങി. തന്റെ ഒരു പാത്രത്തിന് താഴെ ആ അങ്കി ഒളിപ്പിച്ചു വെച്ചതിന് ശേഷം അതിന് മുകളില്‍ ഒരു ഒട്ടക കട്ടില്‍ മൂടിവെച്ചു. നീ സേനാനായകന്‍ ഖാലിദി(റ) നെ സമീപിച്ച് ആ അങ്കിയെടുത്തു വരാന്‍ ഒരാളെ അയക്കാന്‍ ആവിശ്യപ്പെടണം.''
സാബിത്(റ) തന്റെ സംസാരം അവസാനിപ്പച്ചില്ല: '' ഒരു വസ്വിയ്യത്ത് കൂടിയുണ്ട്, സ്വപ്നമാണെന്ന് പറഞ്ഞ് അതിനെയും തള്ളിക്കളയുന്നത് സൂക്ഷിക്കണം. നീ പോയി ഖാലിദി(റ) നോട് ഇങ്ങനെ പറയുക: നിങ്ങള്‍ മദീനയിലെത്തി ഖലീഫയെ കണ്ട് ഇങ്ങനെ പറയണം: ''സാബിത് ബിന്‍ ഖൈസി(റ)ന് ഇത്ര കടം വീട്ടാനുണ്ട്. അവന്റെ രണ്ട് അടിമകള്‍ സ്വതന്ത്രരാണ്.'' ശേഷം എന്റെ കടങ്ങള്‍ വീട്ടുകയും അടിമകളെ സ്വതന്ത്രമാക്കുകയും ചെയ്യുക.''
സ്വപ്നത്തില്‍ നിന്നും അയാള്‍ ഞെട്ടിയുണര്‍ന്നു. ഉടനെ ഖാലിദ് ബിന്‍ വലീദി(റ) നെ സമീപിച്ച് അദ്ദേഹം സ്വപ്നത്തില്‍ കണ്ടതും കേട്ടതും വിവരിച്ചുകൊടുത്തു. ഖാലിദ്(റ) ഒരാളെ അങ്കിയെടുക്കാന്‍ പറഞ്ഞയച്ചു. സാബിത് (റ) പറഞ്ഞുകൊടുത്ത അതേ സ്ഥലത്ത് നിന്ന് തന്നെ അങ്കി ലഭിച്ചു.
യുദ്ധം കഴിഞ്ഞ് ഖാലിദ് (റ) മദീനയിലേക്ക് പുറപ്പെട്ടു. മദീനയിലെത്തി ഖലീഫ അബൂ ബക്‌റി(റ)നെ കണ്ടു. സാബിത് ബിന്‍ ഖൈസി(റ) ന്റെ വസ്വിയത്ത് വിവരം ഖലീഫയെ ബോധിപ്പിച്ചു. ഒട്ടും അമാന്തം കാണിക്കാതെ ഖലീഫ ആ വസ്വിയത്ത് നടപ്പാക്കി.
ഇതോടെ അതുല്യവും അസാധാരണവുമായ ഒരു വ്യക്തിത്വമായി സാബിത് ബിന്‍ ഖൈസ്(റ) അറിയപ്പെട്ടു. ലോകത്ത് മരണാനന്തരമുള്ള വസ്വിയത്ത് നടപ്പാക്കപ്പെട്ടത് സാബിത് ബിന്‍ ഖൈസി(റ) ന്റേത് മാത്രം. അല്ലാഹു ആ മഹാനുഭാവനെ അനുഗ്രഹിക്കുകയും അഭയകേന്ദ്രം സ്വര്‍ഗ്ഗീയ സമാനമാക്കിത്തീര്‍ത്ത് അവരുടെ കൂടെ സംഗമിക്കാന്‍ നമുക്ക് സൗഭാഗ്യം നല്‍കുകയും ചെയ്യട്ടെ.
സാബിത് ബിന്‍ ഖൈസ് അല്‍ അന്‍സ്വാരി (റ) ഒന്നാം ഭാഗം



Leave A Comment