പുറത്തെ പിരിമുറുക്കങ്ങള്‍ പടിക്ക് പുറത്ത് തന്നെ നില്ക്കട്ടെ..
അറബിയില്‍, ആരാണ് പൂച്ചയെ തൊഴിച്ചതെന്ന ഒരു ഒരു പ്രയോഗമുണ്ട്. അതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ വായിക്കാം, ഓഫീസ് ജീവനക്കാരനായ ഒരാള്‍ രാവിലെ ജോലിക്കായി ഓഫീസിലെത്തുന്നു. തന്റെ ബോസ് വരുന്നതിന് മുമ്പേ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി അയാള്‍ സീറ്റിലിരുന്നു. നല്ലൊരു പ്രഭാതം ആശംസിച്ച് പുഞ്ചിരിയോടെ വരുന്ന ബോസിനെ അയാള്‍ കാത്തിരുന്നു. പക്ഷേ, അയാള്‍ കടന്നുവന്നത് അല്പം കനത്ത മുഖത്തോടെയായിരുന്നു. ആവശ്യമായതെല്ലാം ചെയ്തിരുന്നെങ്കിലും വിട്ടുപോയ നിസ്സാരമായ എന്തോ ഒന്നിനെചൊല്ലി ബോസ് അയാളെ ശകാരിച്ചു. അയാള്‍ക്ക് ആകെ നിരാശയായി. അന്നത്തെ ദിവസം അയാള്‍ ചെലവഴിച്ചത് വല്ലാത്ത പിരിമുറുക്കത്തോടെയായിരുന്നു. വൈകുന്നേരം വീട്ടിലെത്തി കോളിംഗ് ബെല്ല് അമര്‍ത്തിയതും ഭാര്യ വാതില്‍ തുറന്നുകൊടുത്തു. രാവിലെ പോകുമ്പോള്‍ വാങ്ങാന്‍ പറഞ്ഞിരുന്ന വീട്ടുസാധനം വാങ്ങിയോ എന്ന് തിരക്കി. അയാളുടെ ഓര്‍മ്മയില്‍നിന്ന് അത് വിട്ടുപോയിരുന്നു. ഓഫീസിലെ പിരിമുറുക്കം വിട്ടുമാറിയിട്ടില്ലായിരുന്ന അയാള്‍ ഭാര്യയോട് കയര്‍ത്തു, വരുന്നപാടെ ഇതാണോ ചോദിക്കേണ്ടത്, ക്ഷീണിച്ച് വരുന്നതാണെന്ന യാതൊരു ബോധവുമില്ല, നീ അല്‍പം സമാധാനം തരുമോ.. രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന ഭര്‍ത്താവില്‍നിന്ന് ഒരു പുഞ്ചിരിയും നല്ല വാക്കുകളും പ്രതീക്ഷിച്ചിരുന്ന ഭാര്യ ആകെ നിരാശയായി. വീര്‍ത്ത മുഖത്തോടെ അടുക്കളയിലേക്ക് ചെന്നു. അപ്പോഴാണ് കൊച്ചുമകള്‍ എന്തോ നിസ്സാര സംശയവുമായി ഉമ്മയുടെ അടുത്തെത്തുന്നത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തിലുള്ള അനിഷ്ടം കൊച്ചുമകളോടാണ് ഉമ്മ പ്രകടിപ്പിച്ചത്, നീയൊന്ന് പോകുമോ, നിന്റെ തീരാത്ത സംശയവുമായി. കുട്ടിക്ക് വല്ലാത്ത സങ്കടം തോന്നി. ഒന്നും ചെയ്യാനാവാതെ അവള്‍ തന്റെ കസേരയില്‍ ചെന്നിരുന്നു. അപ്പോഴാണ്, തന്റെ കൂടെ എപ്പോഴും കളിക്കാറുള്ള കുഞ്ഞിപ്പൂച്ച അവളുടെ അരികിലെത്തി കാലുകള്‍ക്കിടയിലൂടെ നുഴഞ്ഞത്. അവള്‍ തന്റെ സങ്കടം തീര്‍ക്കാനായി ആ പൂച്ചയെ തന്റെ കാല് കൊണ്ട് അല്‍പം ശക്തിയില്‍ ഒന്ന് തൊഴിച്ചു. ഒന്നും അറിയാത്ത പൂച്ച, മ്യാവൂ എന്ന് കരഞ്ഞ് അല്പം ദൂരെ ചെന്നിരുന്നു. ആരാണ് ഈ പൂച്ചയെ തൊഴിച്ചതെന്നാണ് അറബിയിലെ പ്രയോഗം ഉയര്‍ത്തുന്ന ചോദ്യം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പലപ്പോഴും കടന്നുവരുന്നതാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. ഇതരരുടെ പെരുമാറ്റങ്ങളിലൂടെയോ മറ്റോ അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദ്ധവും പിരിമുറുക്കവും നമ്മുടെ വീടകങ്ങളിലേക്ക് കടന്നുവരുന്നതാണ് പലപ്പോഴും കുടുംബബന്ധങ്ങളില്‍ വില്ലനായി മാറുന്നത്. ദേഷ്യം കടിച്ചമര്‍ത്താനാവുന്നവനാണ് ഏറ്റവും വലിയ ശക്തനെന്ന പ്രവാചകവചനത്തിന് ഇവിടെ പ്രസക്തിയേറുകയാണ്. ദേഷ്യം കടിച്ചമര്‍ത്തപ്പെടാതെ ഇതരരിലേക്ക് സംവേദനം ചെയ്യപ്പെടുമ്പോള്‍, അവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് ഒരു നെഗറ്റീവ് എനര്‍ജിയാണ്. അത് വ്യക്തികളിലും തദ്വാരാ ബന്ധങ്ങളിലുമുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ പലപ്പോഴും പ്രവചനാതീതവും അപ്രതീക്ഷിതവുമായിരിക്കാം. അത് കൊണ്ട് തന്നെ, ദേഷ്യത്തെ കടിച്ചമര്‍ത്തുന്നവന്‍ ആ നെഗറ്റീവ് എനര്‍ജിയുടെ പ്രസരണത്തെയാണ് തടയിടുന്നത്, അഥവാ, അതിലൂടെ അവന്‍ രക്ഷിക്കുന്നത് എത്രയോ ബന്ധങ്ങളെയും കുടുംബങ്ങളെയുമാണ്. ഇത്തരം പിരിമുറുക്കങ്ങളും ബാഹ്യസമ്മര്‍ദ്ധങ്ങളും നമ്മുടെ കുടുംബബന്ധങ്ങളെ തകര്‍ക്കാതിരിക്കട്ടെ....അഥവാ, പുറത്ത് നിന്ന് വീടകങ്ങളിലേക്ക് കടന്നുവരുമ്പോള്‍, വഴിയില്‍ ലഭിച്ച ഇത്തരം പിരിമുറുക്കങ്ങളെ വാതില്‍പടിയില്‍വെച്ചെങ്കിലും ഉപേക്ഷിക്കാന്‍ മനസ്സ് കാണിക്കുക, അവയെ ഒരിക്കലും നമ്മോടൊപ്പം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക...എങ്കില്‍ ബന്ധങ്ങളെ നമുക്ക് ഊഷ്മളമായി തന്നെ നിലനിര്‍ത്താം, അഥവാ, ഓരോ ദിവസജീവിതവും ആസ്വാദ്യകരമാക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter