അബൂ ദര്‍ അല്‍-ഗിഫാരി(റ)-2
അന്ന് രാത്രി അബൂ ദര്‍(റ) ന് ഉറക്കം വന്നില്ല. കിടപ്പറയില്‍ അദ്ദേഹം തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. നാളെ പ്രവാചകരെ കാണാനുള്ള ആഗ്രഹവും അവിടെ ഇറങ്ങുന്ന ദിവ്യ സന്ദേശം കേള്‍ക്കാനുള്ള വ്യഗ്രതയും അദ്ദേഹത്തെ അസ്വസ്ഥമാക്കുകയാണ്.
പിറ്റേന്ന് നേരം പുലര്‍ന്നു. അലി(റ) യുടെ കൂടെ പ്രവാചക(സ്വ) ഗൃഹത്തിലേക്ക് നടന്നകന്നു. അലി (റ) ന് പിന്നിലായാണ് അബൂ ദര്‍(റ) നടക്കുന്നത്. അദ്ദേഹം എവിടേക്കും തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല. നബി (സ്വ) യുടെ സന്നിധിയിലെത്തി. അബൂ ദര്‍(റ) സലാം പറഞ്ഞു: '' അസ്സലാമു അലൈക യാ റസൂലല്ലാഹ്.''
പ്രവാചകന്‍ (സ്വ) സലാം മടക്കി: '' വ അലൈക സലാമുല്ലാഹി വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു.''
അങ്ങനെ, പ്രവാചകരെ (സ്വ) ഇസ്‍ലാമിന്റെ അഭിവാദന വാചകം കൊണ്ട് അഭിവാദനം ചെയ്ത പ്രഥമ പുരുഷനായി അബൂ ദര്‍(റ) ചരിത്രത്തലിടം നേടി. ഈ സംസ്‌കാരത്തിന് നാന്ദി കുറിച്ചത് അബൂ ദര്‍(റ) ആയിരുന്നു. ശേഷം മുസ്‍ലിംകള്‍ ഇത് ഏറ്റു പറഞ്ഞുകൊണ്ടിരുന്നു.
നബി (സ്വ) അബൂ ദര്‍(റ) നോട് ഇസ്‍ലാമിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ്. തൗഹീദും മറ്റു ധാര്‍മിക മൂല്യങ്ങളും ആ നാവില്‍ നിന്നുതിര്‍ന്നപ്പോള്‍ ഇസ്‍ലാം സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു തുടങ്ങി. നബി (സ്വ) ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി കേള്‍പ്പിച്ചു. വൈകാതെ തന്നെ അബൂ ദര്‍(റ) ശഹാദത്ത് കലിമ ഉച്ചരിച്ചു. മൂന്നാമതോ നാലാമതോ ആയി ഇസ്‍ലാം സ്വീകരിച്ച വ്യക്തിയായി അബൂ ദര്‍(റ) ഇസ്‍ലാമിന്റെ സുന്ദര സന്ദേശം നുകര്‍ന്നു തുടങ്ങി.
അബൂ ദര്‍(റ) സ്വന്തം കഥ വിവരിക്കുകയാണ്: ഇസ്‍ലാം മത വിശ്വാസിയായതിന് ശേഷം ഞാന്‍ മക്കയില്‍ തന്നെ താമസമാക്കി. പ്രവാചകന്‍ (സ്വ) എനിക്ക് ഖുര്‍ആനും മറ്റു ഇസ്‍ലാമികാധ്യാപനങ്ങളും പഠിപ്പിച്ചുതന്നു. നബി (സ്വ) എന്നോട് പറഞ്ഞു: '' നിന്നെ ആരെങ്കിലും വധിക്കുമോ എന്നെനിക്ക് ഭയമുണ്ട്, അതുകൊണ്ട് നീ മുസ്‍ലിമായ വിവരം ആരോടും പറയരുത്.''
ഞാന്‍ പറഞ്ഞു: '' അല്ലാഹുവാണ് സത്യം, പള്ളിയില്‍ പോയി ഖുറൈശികളോട് സത്യ മതം വിളംബരം ചെയ്തിട്ടേ ഞാന്‍ മക്ക വിടുന്നുള്ളൂ.'' ഇത് കേട്ട പ്രവാചകന്‍ (സ്വ) നിശ്ശബ്ദരായി.
അങ്ങനെ ഞാന്‍ പള്ളിയില്‍ പോയി. ഖുറൈശികള്‍ അവിടെ കൂടിയിരുന്ന് സംസാരിക്കുന്നുണ്ട്. അവര്‍ക്ക് മധ്യത്തില്‍ നിന്നു കൊണ്ട് ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ''ഖുറൈശികളേ, ഞാന്‍ ഇപ്പോള്‍ മുസ്‍ലിമാണ്... അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല ല്ലാഹു വ അന്ന മുഹമ്മദ റസൂലുല്ലാഹ്.''
ഇതു കേട്ട ഖുറൈശികള്‍ ഭയന്നു. ഇരിപ്പടങ്ങളില്‍ നിന്നും എണീറ്റ അവര്‍'' ഈ മതം മാറിയവനെ പിടിക്കൂ'' എന്ന് ഒച്ചവെച്ച് എന്റെ നേരെ തിരിഞ്ഞു. ഇവനെ കൊന്നു കളയാമെന്ന ലക്ഷ്യത്തോടെ അവര്‍ എന്നെ മര്‍ദ്ധിച്ചുകൊണ്ടിരുന്നു.
ഈ രംഗം കണ്ട നബി (സ്വ) യുടെ പിതൃവ്യന്‍ അബ്ബാസ്(റ) എന്റെ നേരെ ചാടി എനിക്ക് സംരക്ഷണം നല്‍കി. ഖുറൈശികള്‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ഇവന്‍ ' ഗിഫാര്‍' ഗോത്രക്കാരനാണ്, നിങ്ങളുടെ സാര്‍ഥ വാഹക സംഘങ്ങള്‍ സഞ്ചരിക്കുന്നത് അവരുടെ താമസസ്ഥലങ്ങളിലൂടെയാണ്, എന്നിട്ട് നിങ്ങള്‍ ഇദ്ദേഹത്തെ വധിക്കുകയോ? ഇത് അപമാനമാണ്. ''ഇത് കേട്ട അവര്‍ എന്നെ വിട്ടയച്ചു.
ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ പ്രവാചക (സ്വ) യുടെ സന്നിധിയില്‍ എത്തി. എന്റെ അപകടാവസ്ഥ കണ്ടപ്പോള്‍ പ്രവാചകര്‍ (സ്വ) പറഞ്ഞു: ''നീ മുസ്‍ലിമായ വിവരം മറ്റാരും അറിയരുതെന്ന് ഞാന്‍ നിന്നോട് പറഞ്ഞതല്ലേ?''
ഞാന്‍ പറഞ്ഞു:'' അങ്ങനെ ചെയ്യണമെന്നത് എന്റെ മനസ്സിലെ ഒരു ആഗ്രഹമായിരുന്നു. ആ ആഗ്രഹം ഞാന്‍ നിറവേറ്റിയിരിക്കുന്നു.''
പ്രവാചകര്‍ (സ്വ) പറഞ്ഞു: ''നീ നിന്റെ ഗോത്രത്തില്‍ പോവുക, ഇവിടെ കണ്ടതും കേട്ടതുമെല്ലാം അവര്‍ക്ക് പറഞ്ഞു കൊടുക്കുക, അവരെ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കണം. അവര്‍ക്ക് ഉപകാരം ചെയ്യുന്നവനും അതിന് പ്രതിഫലം വാങ്ങുന്നവനുമായി അല്ലാഹു നിന്നെ മാറ്റട്ടെ. ഞാന്‍ പരസ്യ പ്രബോധനം നടത്തുന്ന വിവരം ലഭിച്ചാല്‍ ഇവിടെ വരണം.''
ഞാന്‍ എന്റെ ഗോത്രത്തില്‍ പോയി. ആദ്യം കണ്ടത് എന്റെ സഹോദരന്‍ അനീസിനെയാണ്. അദ്ദേഹം ചോദിച്ചു: ''എന്തുണ്ടായി?''
ഞാന്‍ പറഞ്ഞു: ''ഞാന്‍ മുസ്‍ലിമായിരിക്കുന്നു. പ്രവാചകനെ (സ്വ) ഞാന്‍ വിശ്വസിക്കുന്നു. ''ഏറെ വൈകാതെ അദ്ദേഹവും ഇസ്‍ലാം മതം സ്വീകരിച്ചു. അവന്‍ പറഞ്ഞു: ''എനിക്ക് നിന്റെ മതത്തോട് യാതൊരു വിരോധവുമില്ല. അതു കൊണ്ട് ഞാനും ആ മതത്തില്‍ വിശ്വസിക്കുന്നു.''
ഞങ്ങള്‍ രണ്ടു പേരും മാതാവിനെ സമീപിച്ച് അവരെ ഇസ്‍ലാമിലേക്ക് ക്ഷണിച്ചു. മാതാവ് പറഞ്ഞു: ''നിങ്ങളുടെ മതത്തോട് എനിക്ക് വിരോധമില്ല. ഞാനും ഇസ്‍ലാം സ്വീകരിക്കുന്നു.''
അന്നു മുതല്‍ ഈ വിശ്വസി കുടുംബം ബനൂ ഗിഫാര്‍ ഗോത്രക്കാരെ ഇസ്‍ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ഊര്‍ജസ്വലതയോടെ ഈ ദൗത്യം അവര്‍ അനുസ്യൂതം തുടര്‍ന്നു. അങ്ങനെ ബനൂ ഗിഫാറിലെ ഒരുപാടു പേര്‍ ഇസ്‍ലാം മതാനുയിയകളായി. അവിടെ സ്വന്തമായി മസ്ജിദ് സ്ഥാപിക്കപ്പെട്ടു.
ഇസ്‍ലാം സ്വീകരിക്കാത്ത ചില ഗിഫാര്‍ ഗോത്രക്കാര്‍ പറഞ്ഞു:'' ഞങ്ങള്‍ പഴയ മതത്തില്‍ തന്നെയാണ്. പ്രവാചകന്‍ മദീനയിലെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ഇസ്ലാം സ്വീകരിക്കുകയുള്ളൂ.'' പ്രവാചകന്‍ (സ്വ) മദീനയിലെത്തിയതിന് ശേഷം മാത്രമാണ് അവര്‍ സത്യമതാനുയായികളായത്. ആ അവസരത്തില്‍ നബി (സ്വ) പറഞ്ഞു: '' ഗിഫാര്‍ ഗോത്രക്കാര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുകയും അസ്‌ലം ഗോത്രത്തെ അല്ലാഹു രക്ഷിക്കുകയും ചെയ്യട്ടെ.''
** **
അബൂ ദര്‍(റ) തന്റെ ഗ്രാമത്തില്‍ തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. ഇസ്‍ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളായ ബദ്‌റും ഉഹ്ദും ഖന്ദഖും കഴിഞ്ഞു. അബൂ ദര്‍(റ) മദീനയിലേക്ക് പോയി. പ്രവാചക നഗരിയില്‍ താമസിക്കാനുള്ള മോഹം അബൂ ദര്‍(റ) നുണ്ടായിരുന്നു. അവിടുത്തെ പരിചാരകനാവാന്‍ റസൂലി (സ്വ) നോട് അബൂ ദര്‍(റ) സമ്മതം ചോദിച്ചു. അനുവാദം ലഭിച്ചതോടെ അബൂ ദര്‍(റ) സൗഭാഗ്യവാനായ ഒരു പ്രവാചക സേവകനായിത്തീര്‍ന്നു.
അബൂ ദര്‍(റ) നോടുള്ള പ്രവാചക(സ്വ) ന്റെ പെരുമാറ്റം അത്ഭുതാവഹമായിരുന്നു. ഏത് കാര്യത്തിലും അദ്ദേഹത്തിന് പ്രവാചകന്‍(സ്വ) മുന്‍ഗണന നല്‍കി. അബൂ ദര്‍(റ) നെ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം പ്രവാചകന്‍ (സ്വ) അദ്ദേഹത്തെ ഹസ്തദാനം ചെയ്യുന്നത് പതിവായിരുന്നു. അബൂ ദര്‍(റ) ന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് പ്രവാചകന്‍ (സ്വ) ആനന്ദം കൊണ്ടു.
** **
നബി (സ്വ) യുടെ വഫാത്തിന് ശേഷം അക്ഷമനായ അബൂ ദര്‍(റ) സിറിയയിലേക്ക് പുറപ്പെട്ടു. പ്രവാചകനില്ലാത്ത മദീനയും അവിടുത്തെ സദസ്സുകളില്ലാത്ത ദിനരാത്രങ്ങളും അബൂ ദര്‍(റ) നെ മദീനയോട് യാത്ര പറയാന്‍ നിര്‍ബന്ധിപ്പിച്ചു. ശേഷം വന്ന രണ്ട ഖലീഫമാരുടെ കാലഘട്ടങ്ങളിലും അദ്ദേഹം സിറിയയില്‍ തന്നെയായിരുന്നു.
** **
ഉസ്മാന്‍ (റ) ന്റെ ഖിലാഫത്ത് കാലഘട്ടത്തില്‍ അബൂ ദര്‍(റ) ദമാസ്‌കസിലായിരുന്നു. ജനങ്ങള്‍ക്ക് ഇഹലോകത്തോടുള്ള ദുരയും ആഢംബരത്തോടുള്ള തത്പരതയും കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരോട് നീരസം തോന്നി. ഉസ്മാന്‍ (റ) അദ്ദേഹത്തെ മദീനയിലേക്ക് ക്ഷണിച്ചുവരുത്തി. അല്‍പകാലം മാത്രമാണ് മഹാന്‍ അവിടെ താമസിച്ചത്. അവിടെ വെച്ച് അദ്ദേഹം ജനങ്ങളുടെ ഐഹികമോഹത്തിനെതിരെ വിരോധം രേഖപ്പെടുത്തുകയും കടുത്ത നിലപാടുകളെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത് ജനങ്ങളെ പ്രകോപിതരാക്കി. ഇതറിഞ്ഞ ഉസ്മാന്‍(റ) അദ്ദേഹത്തെ മദീനയിലെ തന്നെ ചെറിയ കുഗ്രാമമായിരുന്ന ' റബദ' യിലേക്ക് പറഞ്ഞയച്ചു. അവിടെ അദ്ദേഹം സര്‍വ്വ പരിത്യാഗിയും ഏകനുമായാണ് കഴിഞ്ഞത്. നശ്വര ലോകത്തേക്കാള്‍ അനശ്വര ലോകത്തെ തിരഞ്ഞടുത്ത് ജീവിച്ച പുണ്യ പ്രവാചക (സ്വ) രുടെയും ഖലീഫമാരായ അബൂബക്‌റി (റ) ന്റയും ഉമറി (റ) ന്റെയും മാതൃക പിന്‍പറ്റി അദ്ദേഹം ജീവിച്ചു.
ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒരാള്‍ കടന്നു വന്നു. വീടിന്റെ എല്ലാ ഭാഗങ്ങളും കണ്ണോടിച്ചു നോക്കി എന്തോ പരതുകയാണ് അയാള്‍. ഒരു വസ്തുവും ഒരിടത്തും കാണാനില്ല. അദ്ദേഹം ചോദിച്ചു: '' അബൂ ദര്‍, നിങ്ങളുടെ ചരക്കുകളെവിടെയാണ്?''
അബൂ ദര്‍(റ): ''ഞങ്ങളുടെ വീട് പരലോകമാണ്, അവിടേക്ക് ഞങ്ങള്‍ നന്മ നിറഞ്ഞ ചരക്കുകള്‍ അയക്കുന്നു.''
അബൂ ദര്‍(റ) പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം പറഞ്ഞു:'' എന്നാലും ഈ വീട്ടില്‍ താമസിക്കണമെങ്കില്‍ എന്തെങ്കിലുമൊരു ചരക്ക് അത്യാവിശ്യമാല്ലേ?''
അബൂ ദര്‍(റ): ''പക്ഷെ, ഈ വീടിന്റെ ഉടമസ്ഥന്‍ നമ്മെ എന്നെന്നേക്കുമായി ഇവിടെ ഉപേക്ഷിക്കുന്നില്ല.''
** **
ശാമിലെ ഗവര്‍ണര്‍ ഒരിക്കല്‍ അബൂ ദര്‍(റ) നായി മുന്നൂറ് ദീനാര്‍ അയച്ചു കൊടുത്തു കൊണ്ട് പറഞ്ഞു:'' നിങ്ങളുടെ ആവിശ്യ നിര്‍വ്വഹണങ്ങള്‍ക്കൊരു സഹായമായി ഈ നാണയങ്ങള്‍ സ്വീകരിച്ചാലും.''
അബൂ ദര്‍(റ): ''ഈ പണം നല്‍കപ്പെടാന്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ദ്യനായി ഞാനല്ലാതെ വേറെ ആരും ഇല്ലേ?''
** **
ഹിജ്‌റ 32 ന് ആ ലോക പരിത്യാഗിയായ സ്വഹാബി വര്യന്‍ പരലോകത്തേക്ക് യാത്രയായി. അദ്ദേഹത്തെ സംബന്ധിച്ച് നബി (സ്വ) പറയുന്നു: ''ഭൂമി ചുമന്നവരിലും ആകാശം തണലിട്ടവരിലും വെച്ച് ഏറ്റവും വലിയ വിശ്വസ്തന്‍ അബൂ ദര്‍(റ) ആണ്.''



Leave A Comment