നമ്മുടെ പള്ളികള്‍: എല്ലാമുണ്ട്.. പക്ഷേ...

ജീവിതം തന്നെ വീല്‍ചെയറിലായ ഒരു സുഹൃത്തിന്റെ കുറിപ്പ് ഇയ്യിടെ സാമൂഹ്യമാധ്യമങ്ങളില്‍ വായിക്കാനിടയായി. ആരുടെയും ആശ്രയമില്ലാതെ പള്ളിയിലേക്ക് പോകാനുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. എല്ലാ ഒരുക്കങ്ങളും നടത്തി വീല്‍ചെയറില്‍ പള്ളിയിലെത്തുന്ന അദ്ദേഹത്തിന് പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാന്‍ ഒന്നില്‍ കൂടുതല്‍ പേരുടെ സഹായം ആവശ്യമായിവരുന്നുവെന്നും അക്കാരണം കൊണ്ട് തന്നെ പലപ്പോഴും പള്ളിയുടെ പുറത്ത് വെച്ച് തന്നെ നിസ്കാരം നിര്‍വ്വഹിക്കേണ്ടി വരുന്നുവെന്നുമുള്ള വേദന അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. 

അതേ സമയം, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം, അത്തരം ഒരു പള്ളിയിലെത്തിപ്പെടാനായതിന്റെ സന്തോഷമാണ് പ്രധാനമായും അദ്ദേഹം എടുത്തുപറയുന്നത്. ആ വരികളിലെ സന്തോഷാധിക്യം വായിച്ചപ്പോള്‍, റാംപ് സൌകര്യമൊരുക്കിയ ആ പള്ളി ഭാരവാഹികളെ മനസ്സറിഞ്ഞ് അഭിനന്ദിച്ചുപോയി.

നമ്മുടെ പള്ളികളിലധികവും ഇന്ന് സര്‍വ്വസന്നാഹങ്ങളുമുള്ളവയാണ്. പഴയ ഹൌളുകളുടെ സ്ഥാനത്ത്, വുളു എടുക്കാന്‍ വിവിധ രൂപങ്ങളിലുള്ള സൌകര്യങ്ങള്‍ മുതല്‍ എ.സിയും സി.സി.ടി.വിയും എല്‍.സി.ഡിയും ലിഫ്റ്റ് വരെയുമുള്ള പള്ളികളാണ് ഇന്ന് നമുക്കുള്ളത്. 
എന്നാല്‍, ഇത്തരം സൌകര്യങ്ങളൊരുക്കുമ്പോഴെല്ലാം നമ്മുടെ മനസ്സിലേക്ക് വരുന്നത് ശാരീരികമായി പ്രയാസങ്ങളൊന്നുമില്ലാത്ത ആരോഗ്യദൃഢഗാത്രര്‍ മാത്രമാണ്. പ്രായമായവരെയോ ഭിന്നശേഷിക്കാരെയോ അസുഖ ബാധിതരെയോ പലപ്പോഴും നാം പരിഗണിക്കാറില്ലെന്നതല്ലേ സത്യം. ഭൂരിഭാഗം പേരും മേല്‍ പറഞ്ഞ വിധം ശാരീരിക ക്ഷമത ഉള്ളവരാണെന്നതും ഭിന്ന ശേഷിക്കാര്‍ വളരെ പരിമിതരാണെന്നതുമാവാം കാരണം. അതേ സമയം, അത്തരക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന വിധമുള്ള മിനിമം സൌകര്യങ്ങളെങ്കിലും നാം ഒരുക്കേണ്ടതല്ലേ എന്ന് ആ കുറിപ്പ് വായിച്ചപ്പോള്‍ തോന്നാതിരുന്നില്ല.

അസുഖങ്ങളും ശാരീരിക ക്ഷീണങ്ങളും വരുമ്പോഴാണ്, അധികപേരും നാഥനിലേക്ക് കൂടുതല്‍ അടുക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജീവിതം തന്നെ വീല്‍ചെയറിലൊതുങ്ങേണ്ടിവരുന്നവരുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. ഉറ്റയവര്‍ക്കും ഉടയവര്‍ക്കുമെല്ലാം തന്നെ ശുശ്രൂഷിച്ച് മടുപ്പ് വരുന്നുണ്ടോ എന്ന് തോന്നിപ്പോവുന്ന അവസ്ഥയില്‍, അല്ലാഹുവിന്റെ ഭവനത്തിലെത്തി അവനോട് കൈകള്‍ നീട്ടുന്നത് അവര്‍ക്ക് എത്രമാത്രം ആശ്വാസമായിരിക്കും. 

എത്ര ചോദിച്ചാലും എത്ര തവണ വിളിച്ചാലും മടുക്കില്ലെന്ന് മാത്രമല്ല, അതനുസരിച്ച് സ്നേഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നാഥനോടുള്ള തേട്ടം അവരുടെ മനസ്സില്‍ സാന്ത്വനത്തിന്റെ കുളിര്‍കാറ്റ് വിതറാതിരിക്കില്ല. തന്നെ ആരെല്ലാം ഉപേക്ഷിച്ചാലും എന്നും എപ്പോഴും അവന്‍ കൂടെയുണ്ടെന്ന ചിന്ത അവര്‍ക്ക് നല്‍കുന്ന മനോബലം ചെറുതല്ല. അത്തരം വേളകളില്‍ ഇടക്കെങ്കിലും മറ്റാരെയും ആശ്രയിക്കാതെ നാഥന്റെ ഭവനത്തിലെത്തി ഇഅ്തികാഫിന്റെ നിയ്യത് ചെയ്ത് അകത്ത് പ്രവേശിക്കുന്നതോടെ, അവര്‍ക്ക് ലഭിക്കുന്നത് ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോകാനുള്ള ഊര്‍ജ്ജമായിരിക്കും. 

ഗള്‍ഫ് നാടുകളിലെ പള്ളികളില്‍ ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള റാംപ്, പ്രത്യേക സൌകര്യങ്ങളോട് കൂടി ബാത്റൂം തുടങ്ങി വിവിധ സജ്ജീകരണങ്ങള്‍ സാധാരണമാണ്. അത് കൊണ്ട് തന്നെ, എന്തെങ്കിലും അപകടത്തെ തുടര്‍ന്നോ പ്രായാധിക്യത്താലോ വീല്‍ചെയറിനെ ആശ്രയിക്കേണ്ടിവരുന്നവര്‍ക്ക് പോലും പള്ളിയിലേക്കുള്ള വരവും പോക്കും ഒരു പ്രയാസമേ ആവുന്നില്ല. 

നമ്മുടെ പള്ളി നിര്‍മ്മാണങ്ങളിലും ഇത്തരം സങ്കല്‍പങ്ങള്‍ കടന്നുവരേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത്, മഹല്ലിലെ ഒരു പള്ളിയിലെങ്കിലും ഇത്തരം സൌകര്യങ്ങളൊരുക്കാനായാല്‍, അത് വലിയൊരു കാര്യമാവും. വിഭിന്ന ശേഷിക്കാരെ, സഹതാപത്തോടെ നോക്കി മാറ്റി നിര്‍ത്തുന്നതിന് പകരം, അവര്‍ക്ക് സമൂഹത്തിന്റെ പൊതുധാരയില്‍ ഇടം കൊടുത്ത് മാനസികമായി ശാക്തീകരിക്കുന്നതിനുള്ള വലിയൊരു ചുവട് വെപ്പ് കൂടിയായിരിക്കും അത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter