പരോപകാരം തന്നെ ഏറ്റവും വലിയ ആരാധന
social workഅബ്ദുല്ലാഹിബ്നുഉമര്‍(റ)വില്‍നിന്ന് നിവേദനം, പ്രചാവകരുടെ സവിധത്തിലേക്ക് ഒരാള്‍ വന്ന് ഇങ്ങനെ ചോദിച്ചു, അല്ലാഹുവിന് ഏറ്റവും ഇഷ്ടകരമായ പ്രവര്‍ത്തനം എന്താണ്? അവിടുന്ന് പറഞ്ഞു, നിന്റെ സഹോദരന്റെ മനസ്സില്‍ നിനക്കൊരു സന്തോഷം വരുത്താനായാല്‍, അല്ലെങ്കില്‍ അവന്റെ ഒരു പ്രയാസം അകറ്റാനായാല്‍, അല്ലെങ്കില്‍ അവന്റെ ഒരു കടം നിനക്ക് വീട്ടാനായാല്‍, അല്ലെങ്കില്‍ അവന്റെ വിശപ്പകറ്റാനായാല്‍ അതൊക്കെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത്. ഒരു സഹോദരന്റെ ആവശ്യനിര്‍വ്വഹണത്തിനായി അല്‍പനേരം നടക്കുന്നതാണ്, ഈ പള്ളിയില്‍ (മദീനയിലെ പള്ളി) ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം. ഇതാണ് ഇസ്‍ലാമിന്റെ അടിസ്ഥാന നയം. നിസ്കാരം, നോമ്പ് തുടങ്ങിയ നിര്‍ബന്ധ കര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍, അത് ഏറ്റവും മുന്‍ഗണന നല്‍കുന്നത് പരോപകാരത്തിനും ഇതരര്‍ക്ക് വേണ്ടി സേവനങ്ങള്‍ ചെയ്യുന്നതിനുമാണ്. തന്റെ ചുറ്റുപാടുമുള്ളവരെകുറിച്ച് ആലോചിക്കാനും അവരുടെ പ്രയാസങ്ങളില്‍ കൂടെ നില്ക്കാനും സാധിക്കുമ്പോള്‍ മാത്രമാണ്, മനുഷ്യന്‍ ഒരു സാമൂഹ്യജിവിയായിത്തീരുന്നത്. മുഴുസമയവും പള്ളിയില്‍ നിസ്കാരവും മറ്റുമായി കഴിഞ്ഞുകൂടുന്നവനെ സാമൂഹ്യജീവിയായി കാണാനാവില്ല, അവന്‍ ചെയ്യുന്നത് കേവലം സ്വാര്‍ത്ഥമായ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ജോലി ചെയ്യാന്‍ സാധിച്ചിട്ടും അതിന് തയ്യാറാവാതെ, മുഴുസമയവും ആരാധനയുമായി കൂടുന്നവന്‍ സകാതിന് അവകാശിയല്ലെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നതും അതുകൊണ്ടുതന്നെ. എന്നാല്‍ അതേസമയം, വിജ്ഞാനസമ്പാദനവുമായാണ് അയാള്‍ സമയം ചെലവഴിക്കുന്നതെങ്കില്‍ അതിന് അര്‍ഹനാണ് താനും, കാരണം, അയാളുടെ വിജ്ഞാനത്തിന്റെ ഉപകാരം സമൂഹത്തിന് ഉണ്ടാകുമെന്നത് തന്നെ. ചുരുക്കത്തില്‍, സമസൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. സ്വാര്‍ത്ഥമായ ഐഛിക ആരാധനാകര്‍മ്മങ്ങളേക്കാള്‍ ഇസ്‍ലാം മുന്‍ഗണന നല്‍കുന്നത്, ഇതരര്‍ക്ക് ഉപകാരപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കാണ്. അതിലൂടെ മാത്രമേ ഭദ്രമായ ഒരു സമൂഹത്തിന്റെ സൃഷ്ടി സാധ്യമാവൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter