കൊള്ളാം കൊള്ളാം പെയ്യട്ടേ
അടുത്ത കാലത്തെങ്ങുമില്ലാത്ത വിധം ഇക്കൊല്ലം കര്‍ക്കിടക മാസം ശരിക്കും കര്‍ക്കിടകമായി. വിശപ്പും കഷ്ടപ്പാടും ഉദാരമായി തന്നിരുതിനാല്‍ പഴമക്കാര്‍ കള്ളക്കര്‍ക്കിടകം എന്നു വിളിച്ചിരുന്ന കര്‍ക്കിടകം അളവറ്റ മഴയുടെ ഓശാരം കൊണ്ട് ഇത്തവണ ഭൂമിമലയാളത്തെ നനച്ചു. സൂര്യന്‍ കണ്ണു തുറക്കാത്ത പകലുകള്‍, പെയ്‌ത്തൊഴിയാത്ത രാവുകള്‍. മകര മാസം പോലെ കുളിരുന്ന പകലാരംഭങ്ങള്‍.(സിമന്റു ടാങ്കിലെ തണുത്ത വെള്ളമുപയോഗിച്ചു പുലര്‍കാലത്തു കുളിക്കാന്‍ ശരിക്കും ശരീരത്തിനോടു യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നു) കുതിരക്കുളമ്പടികളോടെ, കാറ്റിന്റെയും ആരവങ്ങളുടെയും അകമ്പടിയോടെ അകലെ നിന്നു വരവറിയിക്കുന്ന മഴക്കോളുകള്‍. താഴ് നിലങ്ങള്‍ വെള്ളത്തിനടിയിലായി. ഇരുകരകളും മുട്ടി കടലുണ്ടിപ്പുഴ വിശ്വരൂപം കാണിച്ചു. നാലതിരുകളും മുട്ടി ഞങ്ങളുടെ പാങ്ങോട്ടുപാടം തറവാടിയായി. വസന്തകാല സംപ്രാപ്‌തേ കാക കാക പിക പിക എന്നൊരു സംസ്‌കൃത ശ്ലോകമുണ്ട്. വസന്തകാലം സമാഗതമാകുമ്പോള്‍ കാക്ക കാക്കയും കുയില്‍ കുയിലുമാകുന്നുവെന്ന്. വര്‍ഷക്കാലം സമാഗതമാകുമ്പോള്‍ പുഴയും പാടവും അവയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നു. ജീവിതത്തിന്റെ നാനാ താളങ്ങളും ഭാവങ്ങളും ഉയിര്‍ത്തെഴുന്നേല്ക്കുന്നു.
മഴയോളം പോന്ന മഹത്തായ ഒരു കാലമുണ്ടോ? അനുഭവങ്ങള്‍ കൊണ്ട് സാന്ദ്രമായ, അനുഗ്രഹങ്ങള്‍ കൊണ്ട് സമ്പമായ, സംഭവങ്ങള്‍ കൊണ്ടു ബഹുലമായ മറ്റൊരു കാലം. കൊല്ലം എന്ന അര്‍ഥത്തില്‍ നാം വര്‍ഷം എന്നു പറയാറുണ്ട്. വര്‍ഷം എന്നാല്‍ പെയ്ത്ത്. അഥവാ ഒരു മഴക്കാലം മുതല്‍ അടുത്ത മഴക്കാലം വരെയാണ് നാം ഒരു കൊല്ലം കണക്കു കൂട്ടുന്നത്. കാലത്തെ അടയാളപ്പെടുത്താന്‍ മഴയോളം പോന്ന മറ്റൊന്നുണ്ടോ?
പെയ്തടിയുന്ന ഓരോ തുള്ളിയും സൃഷ്ടികളോടുള്ള ദൈവത്തിന്റെ കരകാണാത്ത കനിവ് കലര്‍ന്നതാണ്. പടപ്പുകളെ പാലിക്കുന്നു എന്നതിന്റെ സാക്ഷ്യമായി പടച്ചോന്‍ ഇട്ടേച്ചു പോകുന്ന കയ്യൊപ്പുകളാണ് ഓരോ മഴക്കാലവും നിറയെ. അപ്പോള്‍ പുഴയും പുഴുവും വിത്തും കായും ഉണരുന്നു. പൂവും ഇലയും കാടും മേടും തളിര്‍ക്കുന്നു. കടലിന്റെ ഇരമ്പം, പുഴകളുടെ ആരവം, തവളകളുടെ കരച്ചില്‍, മഴപ്പാറ്റകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍... ചുറ്റുപാടും ജീവന്റെ തരാതരം താളങ്ങളിലേക്കു പിടഞ്ഞെഴുല്‍ന്നേല്ക്കുന്നു. അടിമുടി അനുഗൃഹീതനായ ചിത്രകാരനും വരച്ചു വെക്കാന്‍ കഴിയാത്ത വിധം പ്രകൃതി വര്‍ണക്കൂട്ടുകളില്‍ ചമയുന്നു. ഉണര്‍ച്ചയുടെയും തളിരിടലിന്റെയും താള-വര്‍ണച്ചേര്‍ച്ചയുടെയും ജീവന്‍ മിടിക്കുന്ന രൂപങ്ങള്‍ കൊണ്ടു ഭൂമി, പ്രപഞ്ചത്തിലെ ഒട്ടധികം ആകാശക്കോപ്പുകള്‍ക്കിടയില്‍ മറ്റെങ്ങുമില്ലാത്ത ഒരിടവും ഇടവേളയുമായി മാറുന്നു.
മഴക്കാലത്തോടൊപ്പമുള്ള, പലതരം അനുഭവങ്ങളുടെ വിസ്മയിപ്പിക്കുന്ന വിശദാംശങ്ങള്‍ ഓര്‍ത്തു നോക്കൂ. ജലം, പെയ്ത്ത്, കാറ്റ്, കുളിര്, ഈര്‍പ്പം, ഇടി, മിന്നല്, മണ്ണിന്റെ മണം... പുതുമഴക്കു ശേഷം ഉയരുന്ന മണ്ണിന്റെ മദിപ്പിക്കുന്ന മണമുണ്ട്. അത് തിരിച്ചറിയുന്നവന്‍ ആത്മാവിന്റെ ആഴത്തോളം അത് വലിച്ചെടുക്കുന്നു. മാസങ്ങളായി മഴക്കു വേണ്ടി ദാഹര്‍ത്തയായി കാത്തിരിക്കുകയായിരുന്ന ഭൂമിയും മോഹം തീര്‍ക്കാനെത്തുന്ന മഴയും തമ്മിലുള്ള വേഴ്ചയുടെ ബാക്കിപത്രമാണ് മദിപ്പിക്കുന്ന ആ മണം. ദാഹിക്കുന്നവന്‍ ജലത്തെ മാത്രമല്ല, ജലം ദാഹിന്നക്കുവനെയും കാത്തിരിക്കുകയാണ് എന്ന് കവി റൂമി പാടുന്നു.
വെള്ളം ഭൂഗര്‍ഭമായി അവതരിക്കുകയും കിണറുകളും കുളങ്ങളും പുഴകളും നിറയുകയും ചെയ്യുകയായിരുന്നെങ്കില്‍ മഴപ്പെയ്ത്തിന്റെ സൗന്ദര്യം നമുക്ക് നഷ്ടപ്പെടുമായിരുന്നു. ആകാശമാകുന്ന വലിയ ഷവറിനു താഴെ നിന്നു മഴ നനയുകയെന്ന വലിയ അനുഭൂതി സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും കൈവരാതാകുമായിരുന്നു. ആദ്യമഴ ശരീത്തിലേറ്റു വാങ്ങുക തിരുനബിയുടെ ചര്യയാണ്. ആകാശത്തേക്കു മുഖമുയര്‍ത്തി പെയ്‌തൊഴിയുന്ന ജലനാരുകള്‍ കൊണ്ടു നോക്കൂ. അനുഭവിച്ചു തന്നെ അറിയേണ്ടതാണത്. മറ്റൊരു മസാജു പാര്‍ലറിനും തിരുമ്മു ചികില്‍സക്കും തരാന്‍ കഴിയാത്ത അനുഭവമാണത്. രോമകൂപങ്ങളിലൂടെ ഇറങ്ങുന്ന മഴത്തുള്ളികള്‍ ജീവന്റെ വേരുകളെ സ്പര്‍ശിക്കുന്ന ജലധാരയായി മാറുന്നു. മഴ കൊള്ളുന്നതിന്റെ മാസ്മരികവും വശ്യവുമായ രസാനുഭവം ഏറ്റവും തീവ്രമായി അറിഞ്ഞത് നെല്ലിയാമ്പതിയിലെ കേശവന്‍പാറയില്‍ വെച്ചാണ്. പശ്ചിമഘട്ടത്തിലെ സുന്ദരമായ നെല്ലിയാമ്പതിയില്‍ ഉരുണ്ട പാറക്കെട്ടുകള്‍ ആകാശത്തിനു താഴെ നഗ്നമായി കിടക്കുന്ന ഭാഗമാണ് കേശവന്‍പാറ. ഞങ്ങള്‍ പാറപ്പുറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. തെളിഞ്ഞ അന്തരീക്ഷം കോട മുടിയത് പെട്ടെന്നാണ്. ചാര നിറത്തിലുള്ള പാറക്കെട്ടുകളുടെ ഇരുണ്ട പശ്ചാത്തലത്തില്‍ നനവുള്ള കാറ്റ് വീശാന്‍ തുടങ്ങി. വസ്ത്രത്തലപ്പുകള്‍ ഇട്ടുലച്ച കാറ്റിനൊപ്പം ചെറിയ തുള്ളികളും പതിയെ വീണു. കാറ്റിന്റെ ഹുങ്കാരവും കോടയുടെ വെളുത്ത മേലാപ്പും മഴയുടെ കുളിരും ചേര്‍ന്ന് അത്യസാധാരണമായ കാലാവസ്ഥ രൂപപ്പെടുകയായിരുന്നു അവിടെ. പത്ത് മിനുറ്റു നേരത്തെ അഭൗമവും അലൗകികവുമായ ലീലകള്‍ക്കു ശേഷം പ്രകൃതി അതിന്റെ ആവരണം തിരിച്ചെടുക്കുകയും തെളിഞ്ഞ ആകാശവും പശ്ചാത്തലവും തിരിച്ചു വരുകയും ചെയ്തു.
തുള്ളിപ്പാഞ്ഞുവരുന്ന മഴ
തുള്ളിക്കൊരുകുടമെന്ന മഴ
കൊള്ളാമിമ്മഴ
കൊള്ളരുതിമ്മഴ
കൊള്ളാം കൊള്ളാം പെയ്യട്ടേ- എന്നു കവി കുഞ്ഞുണ്ണി പാടുന്നു.
ഭൂമിയില്‍ പലയിടത്തായി വിതറപ്പെട്ടജലം നീരാവിയായി, ആവശ്യക്കാരന്റെ വീട്ടുമുറ്റത്തെന്ന ജാലവിദ്യ കാണിക്കുകയാണ് മഴയിലൂടെ ആകാശം. അപ്പോള്‍ മുതല്‍ വിത്തുകള്‍ അവയുടെ ശിശിരനിദ്ര വിട്ടുണരുന്നു. ഈരില വീശി മണ്ണിനു പുറത്തേക്കു ഉയരുകയും ജീവിതത്തിന്റെ അര്‍ഥപൂര്‍ണിമയെക്കുറിച്ചുള്ള വിളംബരം നടത്തുകയും ചെയ്യുന്നു അവ. വേനലിന്റെയും വരള്‍ച്ചയുടെയും ശാപമേറ്റു കിടന്നിരുന്ന വിത്തുകള്‍ മഴയുടെ ശാപമോക്ഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ആദ്യത്തെ മഴകള്‍ തീരുമ്പോഴേക്കു അവ മണ്ണിനു മുകളില്‍ ഉന്മത്തമായ നൃത്തം ആരംഭിച്ചിരിക്കും. വിത്തുകള്‍ക്ക് ജീവന്‍ വെക്കുന്നതോളം, ഇലകള്‍ മുളക്കുന്നതോളം, ചെടിയും മരവുമായും വളരുന്നതോളം ആശ്ചര്യം നിറഞ്ഞ മറ്റൊരു പ്രക്രിയ ആകാശത്തിനു ചുവട്ടില്‍ എന്താണുള്ളത്?
മഴക്കാലം എല്ലായ്പ്പോഴും സംഭവബഹുലമാണ്. സംഭവങ്ങളും ബഹളങ്ങളുമില്ലാതെ വെറുതെ കിടക്കുന്ന ജീവിതങ്ങളിലേക്കു ദുരിതങ്ങളും സന്തോഷങ്ങളും ഒരുപോലെ പെയ്യിച്ചാണ് മഴ വരുന്നത്. വിണ്ടു കിടക്കുന്ന പാടശേഖരങ്ങളിലേക്ക്, വെള്ളം വാര്‍ന്നു മണല്‍ പൊന്തിയ പുഴയിലേക്ക്, വെള്ളം വറ്റി പണിമുടക്കിയ കിണറുകളിലേക്ക് പ്രതീക്ഷയുടെ അമൃതധാര കൊണ്ടു വരുന്നു. അതോടൊപ്പം ദുരന്തങ്ങളുടെ വാര്‍ത്തകളും വരുന്നു. മിന്നലേറ്റു മരിച്ചതിന്റെ, തെങ്ങു വീണു വീടു തകര്‍ന്നതിന്റെ, വെള്ളവും കാറ്റും കേറി കൃഷി നശിച്ചതിന്റെ... അങ്ങനെ പല വാര്‍ത്തകള്‍. കടലുണ്ടിപ്പുഴയില്‍ മമ്പുറത്തെ കടവില്‍ തോണി മറിഞ്ഞു ധാരാളം പേര്‍ മരിച്ചത് ഞങ്ങളുടെ കുട്ടിക്കാലത്തെ വലിയ വാര്‍ത്തയായിരുന്നു. ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. കരക്കടുക്കാനായിരുന്ന തോണിയില്‍ നിന്നു ആരോ ചാടിയപ്പോള്‍ തോണി ഉലയുകയും മറിയുകയും ചെയ്യുകയായിരുന്നത്രെ. ഒഴുക്കു ശക്തമായ വെള്ളത്തിലക്ക് വീണവര്‍ പലരും വെള്ളം കുടിച്ചു മരണക്കയത്തിലേക്ക് പോയി. കച്ചിത്തരുമ്പുകളില്‍ പിടിച്ചു ചിലര്‍ ജീവിതത്തിലേക്ക് പിടിച്ചു കയറി. ഞങ്ങളുടെ അയല്‍പക്കത്തെ സഹോദരങ്ങളായ ഇബ്‌റാഹീമും റസാഖും ആ വ്യാഴാഴ്ചയും സ്വലാത്തിനു പോയിരുന്നു. റസാഖ് മാത്രമാണ് പക്ഷേ തിരിച്ചു വന്നത്. റസാഖുമായി അവന്റെ ഉപ്പ വരുന്നതിന്റെ ഫോട്ടോ പിറ്റേന്നത്തെ മനോരമിയിലുണ്ടായിരുന്നു. രക്ഷപ്പെട്ടറസാഖുമായി ഉപ്പ എന്ന അടിക്കുറിപ്പുമായി. അങ്ങനെ അവന്‍ രക്ഷപ്പെട്ടറസാഖായി. ഓരോ മഴക്കാലവും ഇങ്ങനെ ഓരോ കഥകള്‍ പറയുന്നു. കഥകള്‍ സൃഷ്ടിക്കാതെയും ഓര്‍ക്കാതെയും പറയാതെയും മഴക്കാലത്തിനു വന്നുപോകാനാവില്ല.
Leave A Comment