ജർമൻ ബോക്സർ വില്യം ഓട്ട് ഇസ്‌ലാം സ്വീകരിച്ചു
ബർലിൻ: പ്രശസ്ത ജർമ്മൻ ബോക്സിംഗ് താരം വില്യം ഓട്ട് പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനപ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി താൻ ഇസ്‌ലാമിനെ കുറിച്ച് ഗവേഷണം നടത്തുകയായിരുന്നുവെന്നും ലോക് ഡൗൺ മൂലം തനിക്ക് ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ വായിക്കാനും പഠിക്കാനും അവസരം ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടിയ ഓട്ട് കൊറോണ വൈറസ് തനിക്ക് യഥാർത്ഥ വിശ്വാസത്തിലേക്കെത്താൻ സഹായിച്ചുവെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇസ്‌ലാമാശ്ലേഷണത്തിന്റെ ഭാഗമായി ശഹാദത്ത് കലിമ ചൊല്ലുന്നതും കാണിക്കുന്നുണ്ട്. ഇതോടൊപ്പം വിശുദ്ധ ഖുർആൻ കയ്യിൽ പിടിച്ചുനിൽക്കുന്ന തന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 33 കാരനായ വില്യം ഓട്ട് 2008ലാണ് ബോക്സിങ് കരിയർ ആരംഭിക്കുന്നത്. വലിയ താരങ്ങളുമായി ഏറ്റുമുട്ടിയ 33 മത്സരങ്ങളിൽ 17 എണ്ണം വിജയിച്ച് കരുത്തുകാട്ടിയ താരമാണ് ഓട്ട്. മുസ്‌ലിം താരങ്ങളുമായി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാൻ അദ്ദേഹത്തിന് താൽപര്യം ജനിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter