ഒമറും മെഹ്ബൂബയും ഷാ ഫൈസലും അറസ്റ്റ് ചെയ്യപ്പെട്ടതെന്തിനായിരുന്നു?
അടുത്തിടെ സിവില്‍ സര്‍വീസ് രാജി വെച്ച് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച വ്യക്തിയാണ് ഷാ ഫൈസല്‍. ഓഗസ്റ്റ് നാലിന് ജമ്മു കശ്മീര്‍ ബില്‍ പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് പല രാഷ്ട്രീയ നേതാക്കളെയും കരുതല്‍ തടങ്കലില്‍ വെച്ചങ്കിലും ഷാ ഫൈസലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയിലേക്ക് തന്‍റെ ഉന്നത പഠനത്തിനായി യാത്ര തിരിക്കുമ്പോഴാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തെക്കുറിച്ച് അദ്ദേഹത്തോട് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് ശ്രീനഗറിലേക്ക് കൊണ്ട് പോയി പൊതു സുരക്ഷാ പ്രകാരം അദ്ദേഹത്തെ തടവിലിടുകയായിരുന്നു. യാതൊരു അന്വേഷണവുമില്ലാതെ വെറും സംശയത്തിന്‍റെ പേരില്‍ ഒരാളെ 6 മാസത്തേക്ക് തടവിലിടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ നിയമം.
അറസ്റ്റിന്റെ കാരണമെന്ത്?
കശ്മീരിന്‍റെ പുതിയ സംഭവ വികാസങ്ങളില്‍ ഇടപെടാതെ ഹാര്‍വാര്‍ഡിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷാ ഫൈസല്‍. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം കണ്ട ഒരേ ഒരു പ്രശ്നം ബി.ബി.സിക്ക് നല്‍കിയ ഇന്‍റര്‍വ്യൂ ആയിരുന്നു. ആ ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് പറയുകയോ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുകയോ ചെയ്തിരുന്നില്ല. ഇങ്ങനെയൊന്നും ചെയ്തില്ലെന്ന് മാത്രമല്ല ഇന്ത്യയിലും ഇന്ത്യയുടെ വിവിധ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയത്. എന്നാല്‍ കശ്മീര്‍ രണ്ടാക്കി മുറിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തീരുമാനത്തെയും അത് നടപ്പിലാക്കിയ രീതിയെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയുടെ മഹത്തായ ഭരണഘടനയെ മോദിയും കൂട്ടരും അട്ടിമറിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇത് ഷാ ഫൈസലിന്‍റെ മാത്രം അഭിപ്രായമൊന്നുമല്ല, മറിച്ച് ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ കക്ഷികളും ഇതേ അഭിപ്രായം പങ്ക് വെക്കുന്നവരാണ്.
അതൊന്ന് മാത്രമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ഹേതു. ഇക്കാരണം കൊണ്ട് അദ്ദേഹത്തിന്‍റെ പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ടു. അദ്ദേഹത്തെ ഭരണകൂടം പൂര്‍ണ്ണമായും നിരായുധനാക്കി. ഒന്ന് കൂടി വ്യക്തമാക്കിയാല്‍ നരേന്ദ്ര മോദിയോട് വിയോജിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഷാ ഫൈസല്‍ തടവിലിടപ്പെടുന്നത്. എല്ലാ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളും ഇങ്ങനെത്തന്നെയാണ് ചെയ്യുക. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി ചെയ്തതും ഇത് തന്നെയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ അക്കാലത്ത് പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലടച്ചിരുന്നു. സത്യം അഹിതകരമാണെങ്കില്‍ ഭരണകൂടങ്ങള്‍ പ്രതിപക്ഷ നേതാക്കളെ നിശബ്ദമാക്കാന്‍ ശ്രമിക്കുമെന്നത് ലോകത്തിന്‍റെ പതിവാണ്.
ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെടുന്നതിന്‍റെ പിന്നിലെ കാരണവും മറ്റൊന്നല്ല. കശ്മീരില്‍ വിഘടനവാദവും പാക്കിസ്ഥാന്‍ അനുകൂല പ്രചരണവും അരങ്ങ് വാണ കാലത്ത് ജനങ്ങളെ ഇന്ത്യന്‍ ദേശീയതയോട് ചേര്‍ത്ത് നിര്‍ത്താന്‍ ഇവര്‍ നടത്തിയ ത്യാഗങ്ങള്‍ വിലമതിക്കാനാവാത്തതാണ്. തീവ്രവാദികളില്‍ നിന്നുമുള്ള കടുത്ത ഭീഷണികളെ തൃണവല്‍ഗണിച്ച് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ കാഴ്ച്ച വെച്ചത്. ഇപ്പോഴവരെ ഇന്ത്യക്ക് വേണ്ടാതായിരിക്കുന്നു. പുതിയ തീരുമാനത്തിന് കയ്യടിക്കാത്തത് കൊണ്ട് തന്നെ അവരെ തടവിലിട്ടിരിക്കുന്നു.
വിയോജിക്കുന്നതിന് മുമ്പ് തന്നെ നിശബ്ദരാക്കപ്പെട്ടു
ഓഗസ്റ്റ് 5 ന് പാര്‍ലമെന്‍റില്‍ ആര്‍ട്ടിക്ള്‍ 370 എടുത്ത് മാറ്റപ്പെട്ടത് കാരണമായി കശ്മീരികള്‍ സന്തോഷവാന്മാരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അത് തെളിയിക്കണമെങ്കില്‍ കശ്മീരിലെ രാഷ്ട്ട്രീയ നേതാക്കള്‍ മാധ്യമങ്ങളോട് സര്‍ക്കാരിനെതിരെ സംസാരിക്കാതിരിക്കുന്നതില്‍ നിന്ന് തടയല്‍ അനിവാര്യമായിരുന്നു. അതിനാലാണ് നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.
ട്വീറ്റ് ചെയ്യാന്‍ ലഭിച്ച അവസരം മുതലെടുത്ത് മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു, 'മോദിജിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷം അദ്ദേഹത്തെ വാജ്പേയിക്ക് സമാനമായ രാഷ്ട്ട്രീയ തന്ത്രജ്ഞത കാണിക്കാനും ജമ്മു കശ്മീരിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രേരിപ്പിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നുത്. എന്തൊരു വിശ്വാസ വഞ്ചനയാണിത്'.
മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയതിനെക്കുറിച്ച് പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്വതന്ത്രനാണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അമിത് ഷായുടെ പ്രസ്താവന പെരും കള്ളമാണെന്ന് എന്‍.ഡി.ടി.വിയോടെ സംസാരിക്കവേ ഫാറൂഖ് അബ്ദുല്ല തുറന്നടിച്ചു. വീണ്ടും വീട്ടു തടങ്കലിലാക്കിയ അദ്ദേഹത്തെ ഈദ് നമസ്കാരത്തിന് പോലും പള്ളിയില്‍ പോവാന്‍ അനുവാദം നല്‍കിയില്ല.
അതിനിടെ പല നേതാക്കളെയും ആഗ്രയിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. തന്‍റെ മാതാവിനെ അറസ്റ്റ് ചെയ്തതിന്‍റെ കാരണം അന്വേഷിച്ച് മെഹ്ബൂബ മുഫ്തിയുടെ മകള്‍ അമിത് ഷാക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.
സംസാരിക്കുന്നതിന് കടുത്ത ഭീഷണി
ആര്‍ട്ടിക്ള്‍ 370 റദ്ദാക്കിയതിനൊപ്പം ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഭരണഘടനാ പരിരക്ഷയുള്ള ആര്‍ട്ടിക്ള്‍ 19 എയും റദ്ദാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്ന് ബോധ്യമാവുന്നത്. മോദിയെയും അമിത് ഷായെയും എതിര്‍ത്തതിന്‍റെ പേരില്‍ എത്ര രാഷ്ട്രീയക്കാരാണ് ജയിലിലടക്കപ്പെട്ടതെന്ന് അറിയില്ല. ഏകദേശം 400 പേരെങ്കിലും ഇത്തരത്തില്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ടിപ്പോള്‍.
കശ്മീരില്‍ നടപ്പിലാക്കിയിട്ടുള്ള ഇത്തരം അടിയന്തിരാവസ്ഥക്ക് സമാനമായ നടപടികള്‍ മോദിയോട് വിയോജിക്കുന്ന ഇതര സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയില്ലെന്നതിന് എന്തുറപ്പാണുള്ളത്? ആ സംസ്ഥാനത്തെ നേതാക്കളെ ജയിലിലടക്കുകയും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ഇന്‍റര്‍നെറ്റ്, ഫോണ്‍ ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്താല്‍ അവിടെ നടക്കുന്ന എതിര്‍പ്പുകള്‍ എങ്ങനെയാണ് പുറം ലോകമറിയുക? ഇതല്ലാതെ മറ്റെന്താണ് ഭരണഘടനയെയും ജനാധപത്യത്തെയും കശാപ്പ് ചെയ്യല്‍?
മോദിയും അമത് ഷായും രാജ്യത്തോട് ആവശ്യപ്പെടുന്നത് അവരെ അനുസരിച്ച് കൊള്ളുകയെന്നതാണ്. ജനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും അതിന് തയ്യാറാവണമെന്നാണ് അവര്‍ കല്‍പിക്കുന്നത്. അതിന് സമ്മതമല്ലെങ്കില്‍ ജയിലില്‍ പോവാന്‍ തയ്യാറായിക്കൊള്ളൂ എന്ന ഭീഷണിയുമായാണ് അവര്‍ നിലകൊള്ളുന്നത്.
ദ പ്രിന്‍റില്‍ പ്രസിദ്ധീകരിച്ച ലേഖനം
വിവ:റാഷിദ് ഹുദവി ഓത്തുപുരക്കല്‍
Leave A Comment