പ്രിയേ, നിനക്കായ്...
കത്തെഴുത്തും വായനയും കൊച്ചുനാളിലെ സുഖമുള്ള ഓര്‍മയാണ്. ഗള്‍ഫില്‍ നിന്നും ഇക്ക അയക്കുന്ന കത്തുകള്‍ ചൂടോടെ ഉമ്മാക്കും ബാപ്പാക്കും വായിച്ചു കേള്‍പ്പിച്ചിരുന്നത് ഞാനായിരുന്നു. ജോലിത്തിരക്കിനിടയില്‍ അര്‍ബാബിന്റെ കണ്ണുവെട്ടിച്ച് ഇക്ക കുടഞ്ഞിടുന്ന അക്ഷരപ്പൊട്ടുകള്‍. മരുഭൂമിയുടെ ചവര്‍പ്പ് മാറാതെ അതെന്റെ നാവിലൂടെ ഊര്‍ന്നിറങ്ങുന്നതും കാത്തിരിക്കുന്ന ഉമ്മയുടെ മുഖഭാവം അപ്പോള്‍ നല്ല ചേലായിരിക്കും.. ഉമ്മയുടെ മേലാസകലം വിയര്‍പ്പില്‍ കുതിര്‍ന്ന ആ അക്ഷരങ്ങള്‍ അരിച്ചു കയറുന്നത് കാണാം. വായിച്ച് തീരുവോളം വീട് നിറയെ മരുക്കാട് കത്തും. കവറില്‍ നിന്നും സ്റ്റാംപ് പറിച്ചെടുത്ത് ഞാന്‍ വിരാമമിടും.
ഇപ്പോള്‍ ഇക്ക എഴുതാറില്ല; എന്നും വിളിക്കും... പരസ്പരം കണ്ട് ദൂരങ്ങളെ ഒരു ലാപ്‌ടോപ് ചതുരത്തിലാക്കി ഞങ്ങള്‍ സംസാരിക്കും. വൈഫൈ മുതല്‍ ഇക്ക ഉപയോഗിക്കാത്ത ഒരു സാങ്കേതിക വിദ്യയും ഇപ്പോഴില്ല.
മറ്റൊരു കത്തോര്‍മ ബാല്യകാലത്ത് പഠനാവശ്യാര്‍ത്ഥം വീട്ടില്‍ നിന്ന് അകന്നുനിന്നപ്പോഴുള്ളതാണ്. അന്ന് ഡോര്‍മിറ്ററിയില്‍ കൂട്ടുകാരെല്ലാം അവരുടെ പുരകളില്‍ നിന്ന് പറന്നെത്തിയ കത്തുകള്‍ സ്വകാര്യമായി തുറന്നുവായിക്കുന്നത് കണ്ട് അസൂയയോടെ സ്വന്തം വീട്ടുകാരോട് പരിഭവിച്ചിട്ടുണ്ട്. പിന്നീട് കുഞ്ഞുപെങ്ങള്‍ മാസാമാസം നാട്ടുകാര്യങ്ങളെല്ലാം തനിക്കറിയാവുന്ന രൂപത്തില്‍ എഴുതിപ്പിടിപ്പിച്ച് ഇല്ലന്റിടുമായിരുന്നു. അപ്പോഴെല്ലാം പരിചയപ്പെട്ട ഓരോ ഭാഷയിലും എമണ്ടന്‍ മറുപടികളെഴുതി അവളെ പേടിപ്പിക്കും.
കാലഹരണപ്പെടുന്നെങ്കിലും കത്ത് ഒരു സംഭവം തന്നെയായിരുന്നു. കത്ത് സംസ്‌കാരത്തോടൊപ്പം മണ്ണടിയുന്നത് മാനുഷിക ബന്ധങ്ങളുടെ മൂല്യമാണ്. എനിക്കും സഹോദരിക്കുമിടയിലെ അടുപ്പത്തിന്റെ ഈര്‍പ്പമാണ് അതിലൂടെ വറ്റുന്നത്. ഇപ്പോഴും, കത്തെഴുത്ത് നിലനിറുത്താന്‍ കൂട്ടുകാരോടെല്ലാം എഴുതാന്‍ ആവശ്യപ്പെടുന്ന സുഹൃത്തെനിക്കുണ്ട്.
'കത്ത്', മലയാളീകരിക്കപ്പെട്ട ഉര്‍ദു വാക്ക്. രേഖ എന്നാണതിന്റെ സാരം. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കുള്ളൊരു നേര്‍രേഖ. അതിലടങ്ങിയ വികാരങ്ങള്‍ നമ്മെ ഉന്മത്തമാക്കുന്നു. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. മാനസികമായ അത്തരം വ്യാപാരങ്ങളെ പറിച്ച് കളയുന്നു പുതിയ സാങ്കേതികവിദ്യകള്‍. സാമൂഹിക ചങ്ങലക്കെട്ടുകളില്‍ കുരുങ്ങിപ്പോയ എന്റെ ഇക്കയും പെങ്ങളും അറിയാതെ പോകുന്നു ഈ നേരുകള്‍.
ഈ അതുനാധന യുഗത്തില്‍ ആരെങ്കിലും കത്തിടപാടുകളെക്കുറിച്ചൊക്കെ പറയുമോയെന്ന് അതിശയപ്പെടുന്നു കൂട്ടുകാരികള്‍. നെറ്റ് കോളുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമൊക്കെ സാര്‍വത്രികമായ ഇവരുടെ തലമുറക്ക് ഇതൊന്നും ഉള്‍ക്കൊള്ളാനാകുന്നുണ്ടാവില്ല. ഓര്‍ക്കൂട്ടും ഫെയ്‌സ്ബുക്കുമെല്ലാം കയറിയിറങ്ങി മായികലോകത്ത് ജീവിക്കുന്നവര്‍ക്കെന്ത് കടലാസ് തുണ്ടില്‍ സ്പന്ദിക്കുന്ന സുഹൃദ് ബന്ധം? ചിരപരിചിതമായ ഫ്രണ്ട് റിക്വസ്റ്റുകളിലും സ്റ്റാറ്റസ് അപ്‌ഡേറ്റിലും മാത്രമാണല്ലോ അവരുടെ കണ്ണ്. മാര്‍ക് സക്കര്‍ ബര്‍ഗിന്റെ ഫെയ്‌സ് ബുക്ക് 'രാജ്യ'ത്ത് ഇപ്പോള്‍ അധിവസിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. അപായകരമായ മാനസിക, ശാരീരിക, സാമൂഹിക, രാഷ്ട്രീയ കെണികളിലേക്കാണ് ഡിജിറ്റല്‍ കത്തുകളുടെ ഈ ചങ്ങാത്തം വഴി തുറക്കുന്നത്.
ഫെയ്‌സ് ബുക്ക്, ഓര്‍ക്കൂട്ട് ഇത്യാദികളിലൂടെ മായിക ലോകവുമായുള്ള സമ്പര്‍ക്കം വിപുലമാവുമ്പോള്‍ തന്നെ മറുവശത്ത് തനിക്ക് പുറത്തുള്ള പദാര്‍ത്ഥ ലോകത്ത് അയല്‍വാസികള്‍ ഒരു ശല്യമായിത്തീരുകയോ തന്റെ പരിചിത വട്ടങ്ങളില്‍ നിന്ന് നിഷ്‌കാസിതരാവുകയോ ചെയ്യുന്നുണ്ട്. ഭാര്യാ ഭര്‍തൃ ബന്ധം തകരുകയും വലിയ തോതില്‍ കുടുംബ ബന്ധങ്ങള്‍ അപ്രസക്തമാവുകയും ചെയ്യുന്നു. ഫ്രഞ്ച് ചിന്തകന്‍ പോള്‍ വിറിലിയോയുടെ നിരീക്ഷണം ഇതിനെ ശരിവെക്കുന്നതാണ്.
ഈയിടെ ഒരു സ്ത്രീ പോസ്റ്റ് ചെയ്ത ബ്ലോഗില്‍ കാണാമറയത്തിരിക്കുന്ന ഓര്‍ക്കൂട്ട് സുഹൃത്ത് വീട്ടിലെത്തി ഒരു കുടുംബം കലക്കിയ കഥ പറയുന്നുണ്ട്. ദോഹയിലെ മലയാളി മുസ്‌ലിം പ്രവാസികള്‍ക്കിടയിലാണ് ഇത് സംഭവിച്ചത്. ഫ്രണ്ട്‌ലിസ്റ്റില്‍ നിന്ന് ഭാര്യ ബ്ലോക്ക് ചെയ്തതു കാരണം പത്‌നിയുടെ ഇന്റര്‍നെറ്റ് ഇടപാടുകള്‍ കൈയിലൊതുങ്ങാതെപോയ ഒരു ഭര്‍ത്താവിന്റെ പരിദേവനം എവിടെയോ വായിച്ചിരുന്നു.
ചെയ്യാവുന്നൊരു കാര്യം സ്റ്റാമ്പും കത്തുമെല്ലാം സൂക്ഷിക്കുന്ന മ്യൂസിയം കണ്ടുപിടിക്കുകയാണ്. അവിടെ 'സ്റ്റാമ്പിന്റെ ഫോസിലുകള്‍' കാണിച്ച് ഇവിടെ ഇങ്ങനെയെല്ലാം ഉണ്ടായിരുന്നെന്ന് കുട്ടികളോട് പറയാം.
വായിച്ച് കഴിഞ്ഞ കത്തുകള്‍ കൊണ്ടാണ് ഈ അണ്ഡകടാഹത്തിന്റെ ചരിത്രങ്ങള്‍ സൃഷ്ടിച്ചതെന്ന ആലങ്കാരികാഭിപ്രായം ഒരല്‍പം ശരി തന്നെ. ചരിത്രം സൃഷ്ടിച്ച കത്തുകളും സംഹരിച്ച കത്തുകളും ഉണ്ടായിട്ടുണ്ട്. എപ്പോഴും കൂടുവിട്ട് പറന്നുകൊണ്ടിരുന്ന നമ്മള്‍ മലയാളികള്‍ക്ക് കരള്‍ പറിച്ചെഴുതിയുണ്ടാക്കിയ കാലം തന്നെയുണ്ടായിരുന്നു. ഇപ്പോഴും മഷിക്കറ മായാതെ ചോര കിനിയുന്ന പ്രവാസിയുടെ അരമനകള്‍ കാണാം. പാടിപ്പതിഞ്ഞ കത്തുകളുടെ ശീലുകള്‍ ചെറുനൊമ്പരമായി അവിടെ ശേഷിക്കുന്നുണ്ട്. സുലൈമാന്‍ നബിയുടെ കത്തുമായി പറക്കുന്ന ഹുദ്ഹുദ് പക്ഷിയുടെ കുറുകല്‍ പോലെ ഓര്‍മയിലെവിടെയോ ശിപായിയുടെ സൈക്കിളിന്റെ മണിനാദം കേള്‍ക്കുന്നു.
ഇന്ന് തപാലും വേണ്ട; ശിപായിയും വേണ്ട. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് കത്തയക്കുന്നതിനും സുഹൃത്തുക്കളുമായി സംവദിക്കുന്നതിനും ഇന്റര്‍നെറ്റ് ഒഴിച്ചുകൂടാനാവാത്ത മാധ്യമമായിരിക്കുന്നു. പ്രാവുകളായിരുന്നു ആദ്യകാല ശിപായികള്‍. പോള്‍ റോയിട്ടര്‍ എന്നയാള്‍ പ്രാവിന്റെ കൊക്കില്‍ കൊടുത്തയച്ചിരുന്ന വാര്‍ത്താ കുറിപ്പുകളില്‍ നിന്നാണ് ഇന്ന് കാണുന്ന റോയിട്ടേഴ്‌സ് എന്ന ഭീമന്‍ ന്യൂസ് ഏജന്‍സി ഉരുവം കൊള്ളുന്നത്.
കത്ത് സന്ദേശങ്ങള്‍ പ്രവാചകന്‍ പ്രബോധനത്തിനുപയോഗിച്ച മികച്ച മാര്‍ഗമായിരുന്നു. തിരുമേനിയുടെ കത്ത് പിച്ചിച്ചീന്തി, കിസ്‌റ. ഹിര്‍ഖല്‍ പട്ടില്‍ പൊതിഞ്ഞ് സൂക്ഷിച്ചു. രൗദ്ര ഭാവം പൂണ്ട നൈല്‍ നദിയുടെ ഓളങ്ങളെ അടക്കി നിറുത്താനുള്ള ശേഷിയുണ്ടായിരുന്നു ഉമര്‍ ബിന്‍ ഖത്ത്വാബിന്റെ എഴുത്തിന്. ഇസ്‌ലാമിക ഖിലാഫത്തിന് പുഴുക്കുത്തേറ്റ് തുടങ്ങുന്നത് ഒരു കത്തില്‍ നിന്നാണ്. മൂന്നാം ഖലീഫ ഉസ്മാന്റെ സീല്‍ ദുരുപയോഗം ചെയ്ത് ഈജിപ്ത് ഗവര്‍ണറായിരുന്ന അബ്ദുര്‍റഹ്മാന്‍ ബിന്‍ അബൂബക്‌റിന് അയക്കപ്പെട്ട കത്താണ് ഖലീഫയുടെ വധത്തില്‍ കലാശിച്ചത്. കൂഫയില്‍ നിന്ന് വന്ന നൂറ്റമ്പതോളം ഊമക്കത്തുകളായിരുന്നു കര്‍ബലയിലെ ദാരുണാനുഭവങ്ങളുടെ വഴിമരുന്ന്. സഹോദരന്‍ ഖലീഫ അമീനെ കൊലപ്പെടുത്തിയ മഅ്മൂനെ വിമര്‍ശിച്ച് മാതാവ് സുബൈദയുടെ കണ്ണീരില്‍ ചാലിച്ച കത്ത് അലി മിയാന്‍ തന്റെ മുന്‍തഖിബാതില്‍ ഉദ്ധരിക്കുന്നുണ്ട്. രാജ കാലഘട്ടത്തില്‍ കത്തെഴുത്തുകാര്‍ക്ക് പ്രത്യേക വകുപ്പ് തന്നെയുണ്ടായിരുന്നു. ഇബ്‌നു അമീദിനെയും അബ്ദുല്‍ മജീദിനെയും പോലുള്ള കാതിബുകള്‍ ആ കാലത്തിന്റെ സംഭാവനയാണ്. യൂറോപ്പില്‍ ചിതറിക്കിടന്ന വിദ്യാര്‍ത്ഥികളെ വിശ്രുതമായ ഇറാനിയന്‍ ഹോസ്‌റ്റേജിനായി ഖുമൈനി ഒരുമിച്ചുകൂട്ടിയത് നിരന്തരമായ കത്തെഴുത്തിലൂടെയായിരുന്നു.
മഖ്ദൂമെ ബീഹാരി എന്ന് പ്രസിദ്ധനായ സൂഫീവര്യന്‍ ശൈഖ് ശറഫുദ്ദീന്‍ യഹ്‌യ മുന്‍ഹരി തന്റെ അരുമ ശിഷ്യന്‍ ഖാദി ശംസുദ്ദീനെഴുതിയ കത്തൊന്ന് വായിക്കാം... 'പ്രിയത്തില്‍ ശംസുവിന്, ക്ഷേമൈശ്വര്യങ്ങള്‍ നേരുന്നു.
ഒരു പഴത്തിന്റെ വളര്‍ച്ചക്ക് വെയിലും തണലും ആവശ്യമുള്ളതു പോലെ സത്യസരണിയില്‍ ചേര്‍ന്നവന്റെ ആത്മിക പുരോഗതിക്ക് ആശങ്കയും പ്രത്യാശയും ഉണ്ടാകണം. തണല്‍ മാത്രമായാല്‍ കായ പഴുക്കില്ല. വെയിലേ ഉള്ളൂവെങ്കില്‍ വാടുകയും ചെയ്യും. അല്ലാഹുവിന്റെ കരുണയിലുള്ള പ്രതീക്ഷയും അവന്റെ അധികാരത്തെക്കുറിച്ചുള്ള ഭയവും മിശ്രിതമാകുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ത്ഥ ദൈവദാസനാകുന്നത്.
പ്രതീക്ഷയും ഭയവും കൂട്ടിക്കുഴച്ച കുഴമ്പായിരുന്നു സദ്‌വൃത്തരുടെ രോഗശമനി. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭയവും പ്രതീക്ഷയും പക്ഷിച്ചിറക് പോലെയാണ്. തുല്യമാണ് ഇരു ചിറകുകളുമെങ്കില്‍ സുഖമായി പറക്കാം. ഒന്നിന് വൈകല്യമുണ്ടെങ്കില്‍ പ്രയാസപ്പെടും. ഒരു ചിറകേ ഉള്ളൂവെങ്കില്‍ പറക്കാനാവാതെ ചത്തുപോകും എന്നാണ് മഹദ്വചനം.
ജീവിതാന്ത്യം വരെ തെറ്റുകളില്‍ അഭിരമിച്ചവനും മരിക്കുമ്പോള്‍ തനിക്ക് സ്വര്‍ഗം ലഭിക്കുമെന്ന ഉറപ്പിലാവണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. എന്നാല്‍, ആത്മീയതയില്‍ ആഴുന്നവന് പ്രത്യാശയെക്കാള്‍ ഭയചകിതനാവുകയാണ് ഉത്തമം.'
യഹ്‌യ മുന്‍ഹരിയുടെ 'മക്തൂബാതെ സ്വദിയി'ല്‍ ഈ കത്ത് കാണാം.. കത്തുകള്‍ വാമൊഴികള്‍ പോലെ ചരിത്രത്തിലേക്ക് നീണ്ടുകിടക്കുന്നതിന്റെ ഒരു കാല്‍പാടാണിത്; ജീവിതവും വിനിമയവുമായിരുന്ന ഒരു കാലത്തിന്റെ ചിതലരിക്കാതെ ശേഷിക്കുന്ന ഒരേട്..
കത്തിലൂടെയായിരുന്നു അന്നത്തെ മാര്‍ഗനിര്‍ദേശങ്ങള്‍. കത്ത് ശേഖരങ്ങളായിരുന്നു പില്‍ക്കാലത്തെ വലിയ ഗ്രന്ഥ ഗോപുരങ്ങള്‍. ഇമാം ശാഫിഈയുടെ രിസാലയും ഇമാം ഗസാലിയുടെ റസാഇലും സര്‍ഹിന്ദിയുടെ മക്തൂബാത്തും സഈദ് നൂര്‍സിയുടെ രിസാലയെ നൂറുമെല്ലാം കത്ത് കിതാബുകളാണ്. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകൂട്ടമാണല്ലോ നെഹ്‌റുവിന്റെ ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി. രക്തമിറ്റുന്ന ഭാഷയില്‍ ആരാച്ചാരും തൂക്കുകയറും സാക്ഷിയാക്കി ഹാശിം രിഫാഈ കോറിയിട്ട അബതാഹ് മറ്റൊരു ജയിലനുഭവങ്ങളുടെ കത്ത് പാട്ടായിരുന്നു. ഏകാന്ത തടവുകള്‍ക്ക് വിധിക്കപ്പെട്ട മലയാളി മങ്കമാരുടെ കത്ത് പാട്ടുകളായിരുന്നല്ലോ പ്രവാസം നമുക്ക് മെഗാഫോണിലൂടെയും വി.സി.ആറിലൂടെയും പാടിക്കേള്‍പ്പിച്ചിരുന്നത്.
സ്‌ത്രൈണമാണ് കത്ത് ഭാവങ്ങള്‍. പെണ്ണിന്റെ എരിവും മധുരവും ഓരോ കത്തിടപാടിലുമുണ്ട്. അക്ഷരങ്ങളോടൊപ്പം കവറില്‍ മേല്‍വിലാസമെഴുതി അടക്കുന്നത് ഹൃദയാന്തരത്തിന്റെ സര്‍വ തലങ്ങളുമാണ്. ഓരോ കത്തും ജിജ്ഞാസയുടെ ഭണ്ഡാരപ്പെട്ടികളും സ്‌നേഹത്തിന്റെ പഞ്ചാരക്കുപ്പികളുമാണ്. 'യന്തിരനെ' പോലെ ആത്മാവില്ലാത്തവയാണ് ഇ-കത്തുകള്‍. ഇത്രയുമെഴുതി ചുരുക്കുന്നു, പ്രാര്‍ത്ഥനയോടെ... പിസി ബശീര്‍
Leave A Comment