പുകയുന്ന സിറിയയും പുതുവര്‍ഷവും: പുതിയ കാലത്തെ ഹിജ്‌റകള്‍ നല്‍കുന്ന പാഠം
മുസ്‌ലിം ലോകത്ത് ഇത്തവണ പുതുവര്‍ഷം പിറക്കുന്നത് ഏറെ ഭീതിതമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. നിരന്തരമായ അഭ്യന്തര കലാപങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന സിറിയയും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം പുകഞ്ഞുകൊണ്ടിരിക്കുന്ന അഭയാര്‍ത്ഥീ പ്രശ്‌നങ്ങളുമാണ് ലോകത്തിനു മുമ്പിലെ ഇന്നത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം. പിറന്ന നാടും വീടും വെടിഞ്ഞ് അഭയം തേടി യൂറോപ്യന്‍ നാടുകളിലേക്ക് പരന്നൊഴുകുന്ന അഭയാര്‍ത്ഥികളുടെ ദീനരോദനങ്ങളാണ് എങ്ങും നിറഞ്ഞുകേള്‍ക്കുന്നത്. സ്വന്തം കുടുംബത്തോടൊപ്പം സിറിയയില്‍നിന്നും രക്ഷപ്പെട്ടോടിയ കുര്‍ദി ഐലന്‍ എന്ന മൂന്നു വയസ്സുകാരന്റെ മൃതദേഹം തുര്‍ക്കിയുടെ തീരത്തണിയുകയും കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് ഡോഗന്‍ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍ നിലോഫര്‍ ഡമിന്‍ അത് ഫോട്ടോയില്‍ പകര്‍ത്തി പുറംലോകത്തിനു മുമ്പില്‍ കാണിക്കുകയും ചെയ്തതോടെ സിറിയന്‍ അഭ്യന്തര കലാപങ്ങളുടെ അതിരൂക്ഷത ലോകം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞു. സ്വേഛാധിപത്യ ഭരണത്തിന്റെ നിലനില്‍പിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ബഷാറുല്‍ അസദ് എന്ന ധിക്കാരിയുടെയും മുഖം നോക്കാതെ പച്ച മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഐസിസ് എന്ന തീവ്രവാദി സംഘടനയുടെയും കൊടുംക്രൂരതകള്‍ക്കു മുമ്പില്‍ സര്‍വ്വതും നഷ്ടപ്പെട്ട് പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ തേടി ഹിജ്‌റ പോകുന്ന അസംഖ്യം വരുന്ന അഭയാര്‍ത്ഥികള്‍ ഇതോടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിറന്ന മണ്ണില്‍ മതത്തിലൂന്നിയുള്ള സൈ്വരജീവിതം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സമാധാനത്തിന്റെ പുതിയ തലങ്ങള്‍ തേടി ആവാസത്തിന്റെ പുതിയ സാധ്യതകളിലേക്ക് ഹിജ്‌റ നടത്തിയ പ്രവാചകാനുചരന്മാരുടെ ഓര്‍മകളുമായി മുഹര്‍റം പിറക്കുമ്പോള്‍ പുതിയ കാലത്തെ വിശ്വാസികളുടെ പലായനങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ ഏറെ പ്രസക്തിയര്‍ഹിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ധീരമായ ഇടപെടലുകളായിരുന്നു ഹിജ്‌റകള്‍. തീക്ഷ്ണമായ മത ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമോ പിന്തിരിഞ്ഞുനടത്തമോ ആയിരുന്നില്ല ഇത്. മറിച്ച്, ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള ഒരു തരം ഉറച്ച മനസ്സിന്റെ സുധീരമായ പ്രകടനമായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ഇത് അനവധി തെളിവുകളുണ്ട്. സല്‍ജീവിതത്തിന്റെ പുതിയ സാധ്യതകളാണ് ഓരോ ഹിജ്‌റകളും സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ, ഇസ്‌ലാമിക ചരിത്രത്തില്‍ ഇതിനു ധാരാളം തുടര്‍ച്ചകളുണ്ടായിട്ടുണ്ട്. ഓരോ കാലത്തും ഓരോ സ്ഥലത്തും മുസ്‌ലിംകള്‍ പുതിയ ഹിജ്‌റകള്‍ സാധ്യമാക്കിക്കൊണ്ടിരിക്കുന്നു. ദേഹേച്ഛയുടെ ബാഹ്യതയില്‍നിന്നും ആത്മാവിന്റെ വിശുദ്ധിയിലേക്കുള്ള ഹിജ്‌റകള്‍ മുതല്‍ സ്വാര്യ ജീവിതം സാധ്യമാക്കാനുള്ള സാധാരണ പലായനങ്ങള്‍ വരെ ഒരര്‍ത്ഥത്തില്‍ ഇതിന്റെ ഭാഗമാകുന്നു. വര്‍ത്തമാന പ്രതിസന്ധികളോടുള്ള പ്രതികരണങ്ങളായിട്ടാണ് ഇവിടെ ഹിജ്‌റകള്‍ മാറുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യ സംഭവങ്ങളോളം വളരുന്നില്ലെങ്കിലും ഓരോ പലായനങ്ങള്‍ക്കും ഇസ്‌ലാമിക വൃത്തത്തില്‍ അതിന്റെതായ സ്താനവും മാനവുമുണ്ട്. ഓരോ വ്യക്തിയുടെയും കരുത്തും മനസ്സുമാണ് അതിന് റാങ്ക് നിര്‍ണയിക്കുന്നത്. സിറിയയിലെ കലാപ ബാധിതരുടെ പലായനങ്ങളും ഈ പരിസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. പലായനത്തിന്റെ തീക്ഷ്ണത അഭ്യന്തര കലാപങ്ങള്‍ക്ക് അഞ്ചു വര്‍ഷം തികയാനടുക്കുമ്പോള്‍ സിറിയയില്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങളും പലായനങ്ങളും അതിന്റെ മൂര്‍ദ്ധന്യത പ്രാപിച്ചിരിക്കുന്നു. സിറിയയുടെ ഉള്ളറകളിലെ ദുസ്സഹജീവിതത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിട്ടാണ് ഇത് മനസ്സിലാക്കപ്പെടുന്നത്. ഇതിനകം, അഭ്യന്തര കലാപത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി യു.എന്‍ പറയുന്നു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുക്കാല്‍ കോടിയോളം പേര്‍ കുടിയൊഴിഞ്ഞ് പോയതായും ഇതില്‍ പകുതിയില്‍ അധികം പേരും കുട്ടികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുര്‍ക്കിയിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പലായനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും അഭയാര്‍ത്ഥികളുടെ എണ്ണം 43 ലക്ഷം വരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍, 1990 കളില്‍ റുവാണ്ടയില്‍ നടന്ന വംശഹത്യക്കുശേഷം ലോകത്തു നടക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാകും ഇതെന്ന് മനസ്സിലാക്കപ്പെടുന്നു. ബഷാറുല്‍ അസദിനെതിരെ ഉയര്‍ന്ന ജനകീയ പ്രക്ഷോഭങ്ങള്‍ മൂലമുണ്ടായ കലാപങ്ങളായിരുന്നു സിവിലിയന്‍മാര്‍ രക്ഷ തേടി പുറം നാടുകളിലേക്കു പോകാനുണ്ടായ പ്രഥമ കാരണം. ഐസിസ് മേഖലയില്‍ പിടി മുറുക്കുകയും കൂട്ടഹത്യകള്‍ വ്യാപകമാക്കുകയും ചെയ്തതോടെ കൂട്ട പലായനങ്ങള്‍ വ്യാപകമാവുകയും ചെയ്തു. സിറിയയുടെ പകുതിയിലധികം ഭാഗവും ഐസിസിന്റെ പിടിയിലാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. സിറിയയില്‍ സംഭവിച്ചത് 1920 ലാണ് സിറിയ എന്ന രാജ്യത്തിന്റെ രൂപീകരണം. 1970 മുതല്‍ അവിടത്തെ ന്യൂനപക്ഷമായ ശിയാക്കളില്‍നിന്നും അസ്സാദുകള്‍ ഭരണം പിടിച്ചടക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്വേച്ഛാധിപതികളായ അസ്സാദുകളുടെ പരമ്പരയില്‍ അവസാനത്തെ ഭരണാധികാരിയാണ് 2000 ത്തില്‍ ഭരണത്തിലേറിയ ബശ്ശാറുല്‍ അസദ്. 2011 ല്‍ അറബ് വസന്ത വപ്ലവങ്ങളുടെ തുടക്കം വരെയും സുസ്ഥിരമായിരുന്നു ഭരണം. പക്ഷെ, ഭൂരിപക്ഷം വരുന്ന സിറിയയിലെ സുന്നികള്‍ക്ക് അത് ദുരിതപൂര്‍ണമായിരുന്നു. മുല്ലപ്പൂവിപ്ലവത്തിന്റെ അവസരം മുതലെടുത്ത് ബശ്ശാറുല്‍ അസദിന്റെ പക്ഷപാതിത്തപരമായ നിലപാടുകള്‍ക്കും ഭരണ ക്രൂരതകള്‍ക്കുമെതിരെ അവര്‍ സംഘടിച്ച് രംഗത്തുവന്നു. ഇതൊരു മഹാ പ്രക്ഷോഭമായി ആളിപ്പടരുകയും അപ്രതിരോധ്യമാംവിധം വളര്‍ന്നു പന്തലിക്കുകയും ചെയ്തു. അതിനിടെ സുന്നി പക്ഷത്തുനിന്നും ചിലര്‍ വധിക്കപ്പെട്ടത് അവരെ കൂടുതല്‍ രോഷാകുലരാക്കി. ഇതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയും അസദിന്റെ സൈന്യം പ്രതിരോധത്തിനെത്തുകയും ചെയ്തു. പിന്നീട് കലാപങ്ങളുടെ തുടര്‍ക്കഥകളായിരുന്നു. കൂട്ടക്കശാപ്പുകളും കൊള്ളകളും കവര്‍ച്ചകളും നിത്യസംഭവങ്ങളായി. കലാപം മൂര്‍ച്ഛിച്ചപ്പോള്‍ അസദ് ശിയാക്കളെ കൂടെ കൂട്ടുകയും എതിര്‍പ്പ് ശക്തമാക്കുകയും ചെയ്തു. ഭരണത്തിന്റെ സഹായത്തോടെ ശിയാക്കളും ഭരണത്തിനെതിരായി സുന്നികളും രംഗത്തുവന്നതോടെ സിറിയയില്‍ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. ക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ക്കെതിരെയും ബോംബാക്രമണങ്ങള്‍ വരെ നടത്തിയാണ് അസദ് ഇതിനെതിരെ തിരിഞ്ഞത്. പിറന്ന നാട്ടില്‍ ജീവിതം ദുസ്സഹമാകുന്ന ഇത്തരം സംഭവങ്ങള്‍ സാധാരണയായതോടെ ജനങ്ങള്‍ സമാധാന ഗേഹങ്ങള്‍ തേടി പലായനം തുടങ്ങി. ഐസിസിന്റെ ഭീകരത തുടര്‍ന്ന് ഖത്തര്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ തീവ്രസുന്നികള്‍ സുന്നികളുടെ പക്ഷം ചേര്‍ന്ന് കലാപത്തിന് പുതിയ മാനങ്ങള്‍ സമ്മാനിച്ചു. ഇതോടെ ശിഷായക്കള്‍ അസദിന് പൂര്‍ണ പിന്തുണ നല്‍കുകയും സുന്നികളെ അക്രമിക്കാന്‍ എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. അതിനിടെ, ഇറാഖില്‍ തകര്‍ന്നടിഞ്ഞിരുന്ന അല്‍ ഖൈ്വദ പോലെയുള്ള ഗ്രൂപ്പുകള്‍ പുനര്‍ജനിക്കുകയും അസദിനെതിരെ രംഗത്തുവരികയും ചെയ്തു. വടക്കന്‍ ഇറാഖില്‍ സജീവമായിരുന്ന ഈ തീവ്രവാദി സംഘം പിന്നീട് ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഫോര്‍ ഇറാഖ് ആന്റ് സിറിയ (ഐ.എസ്.ഐ.എസ്) എന്ന പേരില്‍ രംഗത്തുവന്നു. സിറിയയുടെ കലാപ ഭൂമിയില്‍ പുതിയൊരു പോരാട്ടത്തിന് അവസരമൊരുങ്ങുകയായിരുന്നു ഇതിലൂടെ. ശിയാക്കള്‍, സുന്നികള്‍, ഐസിസ്, കുര്‍ദിഷ് എന്നിങ്ങനെ നാലു വിഭാഗമാണ് ഇന്ന് സിറിയയില്‍ പോരാടുന്നത്. ക്രൂരതയുടെ അതിഭീകര മുഖവുമായി ഐസിസ് രംഗത്തുവന്നതോടെ കലാപത്തിന്റെ മുഖം തന്നെ ഏറെ രക്തമയമായിക്കഴിഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം അനവധിയാളുകളെ ഒറ്റയായും കൂട്ടമായും കശാപ്പ് നടത്തിക്കൊണ്ടാണ് ഈ തീവ്രവാദി സംഘടന അതിന്റെ പിടുത്തം ശക്തമാക്കിയത്. ദിനംപ്രതിയെന്നോണം അനവധി നിരപരാധി ജീവനുകള്‍ കവര്‍ന്ന് സിറിയന്‍ അന്തേവാസികള്‍ക്ക് ഒരു വന്‍ ഭീഷണിയായി അത് മുന്നോട്ടു പോകുന്നു. അനവധി വിലപ്പെട്ട ജീവനുകള്‍ക്കു പുറമെ പല പ്രസിദ്ധമായ പൈതൃക സ്വത്തുക്കള്‍വരെ അവരുടെ ഷെല്ലാക്രമണംവഴി തകര്‍ന്നടിയുകയുണ്ടായി. ഐസിസിന്റെ ആക്രമണ പരമ്പരകള്‍ സിറിയന്‍ ജനതയുടെ പലായനങ്ങള്‍ക്ക് ശക്തി കൂട്ടിയിട്ടുണ്ട്.
കലാപത്തിന്റെ വര്‍ത്തമാനം സിറിയയും ഐസിസും പ്രധാന പ്രശ്‌നമായി മാറിയതോടെ അമേരിക്കയും ബ്രിട്ടനുമടക്കം ലോക ശക്തികളും പ്രശ്‌നത്തില്‍ ഇടപെട്ടുകഴിഞ്ഞു. ഐസിസിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ശക്തികളും രംഗത്ത് വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിച്ച ഈ തീവ്രവാദി സംഘത്തെ ഇല്ലായ്മ വരുത്താന്‍ എന്ന പേരില്‍ റഷ്യ സിറിയയില്‍ വ്യോമാക്രമം ആരംഭിച്ചു. എന്നാല്‍, ഐസിസിനെതിരെ യുദ്ധം ചെയ്യുന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് പിന്തുണ നല്‍കിക്കൊണ്ടാണ് റഷ്യ ആക്രമണം ആരംഭിച്ചിരിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ റഷ്യയുമായും ഇറാനുമായും വരെ സഹകരിക്കാന്‍ തയ്യാറാണെന്ന് ഇതിനകം അമേരിക്കന്‍ പ്രസിഡന്റ് ബാറാക് ഒബാമയും വ്യക്തമാക്കി. എന്നാല്‍, അസദിനെ പിന്തുണക്കുന്ന കാര്യത്തില്‍ അമേരിക്കയും റഷ്യയും രണ്ടു തട്ടിലാണ്. ഐസിസിനെയും അസദിനെയും മൊത്തമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക രംഗത്തുവന്നിരിക്കുന്നത്. ഏതായാലും, അഫ്ഗാനിസ്താനിനും ഇറാഖിനും ശേഷം അമേരിക്ക ഒരിര കാത്തിരിക്കുകയായിരുന്നു. അസദിന്റെയും ഐസിസിന്റെയും മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ സിറിയയെ സ്വന്തമായിത്തന്നെ ഒരിരയായി അമേരിക്കക്കു മുന്നില്‍ കൊണ്ടുവന്നുവെച്ചിരിക്കുന്നു. നിരപരാധികളായ ജനങ്ങള്‍ തന്നെയാണ് ഇവിടെയെല്ലാം ബലിയാടുകളാകുന്നത്. നാടുംവീടും വെടിഞ്ഞ് സൈ്വര ജീവിതം തേടി അവര്‍ പുറം ലോകങ്ങളിലേക്ക് പലായനം തുടരുകയാണ്. കടലുകളില്‍ ചുറ്റി സഞ്ചരിക്കുന്ന അവരെ സ്വീകരിക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ പോലും തയ്യാറായി വന്നിരുന്നില്ല. യൂറോപ്യന്‍ ക്രൈസ്തവ രാജ്യങ്ങളാണ് അവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്. പ്രവാചക ഹിജ്‌റയുടെ വാര്‍ഷിക ചിന്തകള്‍ അയവിറക്കുന്ന ഈ സമയത്ത് പുതിയ കാല ഹിജ്‌റകളുടെ അകസാരങ്ങള്‍ ഉള്‍കൊള്ളേണ്ടതുണ്ട്.
Leave A Comment