ആത്മപരിശോധന
മനസ്സിനകത്ത് മതപരമായ ഒരു പ്രതിരോധശേഷി സജ്ജീകരിച്ചെടുക്കണം. ആത്മാര്‍ത്ഥതയുടെയും ദൈവിക സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും സ്വാര്‍ത്ഥതാ രാഹിത്യത്തിന്റെയും വഴിയില്‍ പ്രതിബന്ധമായി മനസ്സിനു മുമ്പില്‍ നിലകൊള്ളുന്ന എല്ലാറ്റിനുമെതിരായ ഒരു മനസ്സാക്ഷിക്കുത്ത് വളര്‍ത്തിയെടുക്കുകയും വേണം-ഇതാണ് ആത്മപരിശോധന (മുഹാസബ). തസ്വവ്വുഫിന്റെയാളുകള്‍ക്ക് ഈ രംഗത്ത് സുദൃഢമായ കാല്‍വെപ്പുകളും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളുമുള്ളതായി കാണാം. പ്രവാചകതിരുമേനി(സ്വ)യുടെ പദ്ധതി അംഗീകരിച്ചും അവിടത്തെ മാര്‍ഗദര്‍ശനം ഉള്‍ക്കൊണ്ടും നബി(സ്വ)യുടെ പാദാനുപാദം സഞ്ചരിക്കുകയാണവര്‍.

തിരുനബി(സ്വ) പ്രസ്താവിക്കുകയുണ്ടായി: സ്വന്തം ശരീരത്തെ അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിധേയമാക്കുകയും ആത്മപരിശോധന നടത്തുകയും മരണാനന്തരമുള്ള ലോകത്തേക്കു വേണ്ട കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. പ്രത്യുത, ശരീരത്തെ അതിന്റെ താല്‍പര്യങ്ങളുടെ പിന്നാലെ നടത്തുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും(1) ചെയ്യുന്നവനാണ് ദുര്‍ബലന്‍.(2) ഒരാള്‍ തന്റെ മനസ്സിനെക്കുറിച്ച് ആത്മപരിശോധന നടത്തുകയാണെങ്കില്‍ അനാവശ്യങ്ങള്‍ പ്രവര്‍ത്തിക്കാനോ അധര്‍മങ്ങളില്‍ വ്യാപൃതനാകാനോ യാതൊരു മാര്‍ഗവും അവനുണ്ടാകില്ല. കാരണം, അപ്പോഴവന്‍ ആരാധനകളില്‍ നിമഗ്നനാവുകയും, പടച്ചവനെ പേടിച്ച് അവന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ചകളെപ്പറ്റി സ്വന്തം മനസ്സിനെ കുറ്റപ്പെടുത്തുകയുമാണുണ്ടാവുക. അനാവശ്യങ്ങളും വിനോദങ്ങളും ചെയ്യാന്‍ പിന്നീടെങ്ങനെ സാധിക്കും?

സയ്യിദ് അഹ്മദ് രിഫാഈ(റ) പറയുന്നു: ദൈവഭയത്തില്‍ നിന്നാണ് ആത്മപരിശോധനയുണ്ടാവുക. ഈ ആത്മപരിശോധനയില്‍ നിന്ന് പടച്ചവനെക്കുറിച്ച നിരീക്ഷണവും അതില്‍ നിന്ന് അവനെ സംബന്ധിച്ചുള്ള കര്‍മനൈരന്തര്യവും ഉണ്ടായിത്തീരുന്നു.(3) മനസ്സാക്ഷിക്കുത്ത് എന്ന ഒരു ബോധം സ്വഹാബികളില്‍ അങ്കുരിപ്പിക്കാനായി എന്തൊക്കെ ആത്മാര്‍ഥമായ മാനസിക ശിക്ഷണമുറകളാണ് തിരുനബി(സ്വ) സ്വീകരിച്ചിരുന്നത്! അതേ രീതികള്‍ തന്നെയാണ് സ്വൂഫികള്‍ പിന്തുടരുന്നത്.

ഒരു നിവേദനത്തില്‍ ഇങ്ങനെ കാണാം: തിരുമേനി(സ്വ) ഒരു ദിവസം വിശന്നൊട്ടിയ വയറുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയുണ്ടായി. താമസിയാതെ ഹ.സ്വിദ്ദീഖ്, ഹ.ഉമര്‍(റ) എന്നിവരെ നബി(സ്വ) കണ്ടുമുട്ടി. തന്നെപ്പോലെ ഇവരും കഠിനമായ വിശപ്പിന്റെ പിടിയിലാണെന്നും ഇന്നേക്കുള്ള ഭക്ഷണം അവര്‍ക്ക് ഇല്ലെന്നും നബി(സ്വ) ഗ്രഹിച്ചു. അങ്ങനെ ഒരു അന്‍സ്വാരി അവരെ കണ്ടുമുട്ടി. ആഗതരുടെ പ്രസന്നവദനങ്ങളിലൊന്നും അദ്ദേഹം കുടുങ്ങിപ്പോയില്ല-ദൈന്യത മനസ്സിലാക്കി അവരെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെച്ചെന്നപ്പോള്‍ ഈത്തപ്പഴവും വെള്ളവും ശീതളസാഹചര്യവുമാണുണ്ടായിരുന്നത്. ഏതാനും ഈത്തപ്പഴം കഴിച്ച് വെള്ളവും കുടിച്ച് വിശപ്പും ദാഹവും ശമിച്ചപ്പോള്‍ പുണ്യറസൂല്‍(സ്വ) അവരോട് പറഞ്ഞു: ഈ അനുഗ്രഹത്തെക്കുറിച്ച് നിങ്ങളോട് ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.

അന്ത്യനാളില്‍ വിചാരണ നടത്തപ്പെടുവാനും ചോദ്യം ചെയ്യപ്പെടുവാനും മാത്രം എന്തൊരനുഗ്രഹമാണ് ഇവിടെ ലഭ്യമായത്? ഏതാനും ഈത്തപ്പഴവും ദാഹമകറ്റാന്‍ കുറച്ചു വെള്ളവും. അന്ത്യനാളില്‍ പടച്ചവന്‍ ചോദിക്കുന്ന അനുഗ്രഹമായാണ് നബിതിരുമേനി(സ്വ) ഇതിനെ പരിഗണിക്കുന്നത്. റസൂലി(സ്വ)ന്റെ ഈ ശ്രദ്ധ ക്ഷണിക്കലില്‍ മനുഷ്യശരീരത്തെ ശക്തമായ ഒരു ഉപരോധകത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കണമെന്ന് ഒരു പ്രേരണയില്ലേ? മനുഷ്യമനസ്സുകള്‍ ലക്ഷീകരിക്കുന്ന സകലകാര്യങ്ങളിലും മുഴുവന്‍ വിനിമയങ്ങളിലും സങ്കീര്‍ണമായ അവബോധവും അതിസൂക്ഷ്മജ്ഞാനവും വമ്പിച്ച ബാധ്യതയും ഭാരിച്ച ഉത്തരവാദിത്വവും ഉണ്ടായിരിക്കണമെന്നല്ലേ തിരുമേനി(സ്വ)യുടെ താല്‍പര്യം!

ആത്മപരിശോധന സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച അവബോധവുമുണ്ടാക്കിത്തീര്‍ക്കും; കല്‍പനകളും നിരോധങ്ങളുമുള്‍ക്കൊള്ളുന്ന ശരീഅത്തിന്റെ നിയമങ്ങള്‍ കൊണ്ട് അനുശാസിതമായ മനസ്സിനോടുള്ള ബാധ്യതകളെ സംബന്ധിച്ച ബോധവും ആത്മപരിശോധന മൂലം ഉണ്ടാകും. താന്‍ വെറുതെ സൃഷ്ടിക്കപ്പെട്ടവനല്ല എന്ന് ആത്മപരിശോധനയിലൂടെ മനുഷ്യന് ഗ്രഹിക്കാം. അവസാനം താന്‍ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോവുകയേ പറ്റൂ എന്നും അവന് ബോധ്യം വരും. റസൂല്‍(സ്വ) ഇക്കാര്യം പഠിപ്പിച്ചത് കാണുക:

നിങ്ങളില്‍ ഒരാളോടും അല്ലാഹു നേര്‍ക്കുനേരെ സംസാരിക്കാതിരിക്കില്ല. അവനും റബ്ബിനുമിടയില്‍ ഒരു ദ്വിഭാഷിയുമില്ലാതെയാകും ഈ സംസാരം. അങ്ങനെ തന്റെ വലതുവശത്തേക്ക് മനുഷ്യന്‍ നോക്കും; നേരത്തെ അനുവര്‍ത്തിച്ച കര്‍മങ്ങള്‍ മാത്രമേ അവന്‍ കാണൂ. ഇടതുവശത്തേക്ക് നോക്കുമ്പോഴും മുമ്പനുഷ്ഠിച്ച കര്‍മങ്ങളല്ലാതെ വേറെയൊന്നും ദൃശ്യമാകയില്ല. മുമ്പിലേക്ക് നോക്കുമ്പോഴാകട്ടെ നരകമല്ലാതെ മറ്റു യാതൊന്നും തനിക്ക് കാണാനാവുകയില്ല. അതുകൊണ്ട് ഒരു കാരക്കയുടെ ചീന്തുകൊണ്ടാണെങ്കിലും ശരി, നിങ്ങള്‍ നരകത്തെ കാക്കുക; അതില്ലെങ്കില്‍ നല്ല വാക്കു കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കുക.

ഇങ്ങനെ ആത്മപരിശോധന നടത്തുമ്പോള്‍ നിഷ്‌കളങ്കമായ പശ്ചാത്താപം വഴി ഐച്ഛികമായ മടക്കം ഉണ്ടാകണമെന്ന ബോധം അവന്റെ ഹൃദയത്തില്‍ നിന്ന് ഉദ്ഭൂതമായിത്തീരും. തന്റെ സ്രഷ്ടാവില്‍ നിന്ന് വ്യാപൃതനാക്കിക്കളയുന്ന വിനാശാത്മകമായ സര്‍വജോലികളും അവന്‍ കൈവെടിയുകയും മുഴുവന്‍ കാര്യങ്ങളെയും വിട്ട് റബ്ബിങ്കലേക്ക് ദ്രുതസഞ്ചാരം നടത്തുകയും ചെയ്യും. അതിനാണല്ലോ ഖുര്‍ആന്റെ കല്‍പന: നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിക്കൊള്ളുക; നിശ്ചമയായും ഞാന്‍(2) അവനെക്കുറിച്ച് വ്യക്തമായി താക്കീത് നല്‍കുന്ന ദൂതനാകുന്നു.

അതുകൊണ്ട് സത്യവിശ്വാസികളും സ്വൂഫികളുമായ ആ വിഭാഗം അല്ലാഹുവിങ്കലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന യാത്രയില്‍ നീയും പങ്കാളിയാവുകയും, ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരോടൊന്നിച്ച് ആവുകയും ചെയ്യുക എന്ന അദൃശ്യവിളിക്ക് ഉത്തരം ചെയ്തുകൊണ്ട് ദ്രുതസഞ്ചാരം നടത്തുകയും ചെയ്യുക.

(നിശ്ചയമായും തസ്വവ്വുഫിന്റെയാളുകള്‍ നാഥനായ റബ്ബിന്റെ തിരുസന്നിധിയിലേക്ക് പുറപ്പെട്ടവരും അങ്ങോട്ട് യാത്ര ചെയ്യുന്നവരുമാകുന്നു.) അങ്ങനെ, അല്ലാഹുവിന്റെ മഹോന്നതസാന്നിധ്യമാണവര്‍ക്ക് അഭയസ്ഥലമായിത്തീരുന്നത്.(5) റബ്ബിനെ സ്‌നേഹിക്കുന്ന ഓരോരുത്തരും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആ സാമീപ്യം കൊണ്ട് മഹോന്നതനായ നാഥന്‍ അവരെ ആദരിക്കുന്നതാണ്-'അതായത് സര്‍വശക്തനും രാജാവുമായ നാഥന്റെ സമീപത്തുള്ള സത്യസന്ധമായ ഇരിപ്പിടത്തില്‍.'

ശൈഖ് അഹ്മദ് സര്‍റൂഖ്(റ) എഴുതുന്നു: സ്വന്തത്തിന്റെ വിചാരണയെയും പരിശോധനയെയും കുറിച്ച് ഉണ്ടായിത്തീരുന്ന അശ്രദ്ധ, മനസ്സിന്റെ അവസ്ഥയില്‍ പാരുഷ്യം അനിവാര്യമാക്കും.(1) വിചാരണ ചെയ്യുന്നതിലുള്ള വീഴ്ച എന്നത്, അതിനെപ്പറ്റിയുള്ള സംതൃപ്താവസ്ഥയിലേക്കാണ് നയിക്കുക.(2) എന്നാല്‍, അതിന് സങ്കുചിതാവസ്ഥകളുണ്ടാക്കുകയെന്നത് നിര്‍ബന്ധമായും അതിന്റെ അനിഷ്ടത്തിന് നിമിത്തമാകുന്നതാണ്. മനസ്സിനോടുള്ള സൗമ്യതാപ്രകടനമാകട്ടെ, അതിന്റെ അധര്‍മത്തിന് സഹായകമായാണ് ഭവിക്കുക. അതിനാല്‍ ആത്മപരിശോധനയും മനസ്സിനെ വിചാരണ ചെയ്യലും അനിവാര്യമാകുന്നു. കര്‍മാനുഷ്ഠാനങ്ങളില്‍ മിതമായ ശൈലിയും ശരിയായ രീതിയും മുറുകെപ്പിടിക്കുകയും വേണം. കര്‍മമെന്ന നിലക്ക് സ്പഷ്ടമായ ഒരു കാര്യത്തില്‍ മനസ്സിനോട് ഒരു വിട്ടുവീഴ്ചയും ആയിക്കൂടാ; ഗോപ്യമായ കാര്യത്തില്‍ അതിനെ പിടികൂടാന്‍ ശ്രമിക്കാവതല്ലതാനും. ഉപേക്ഷിക്കയാണെങ്കിലും അനുഷ്ഠിക്കയാണെങ്കിലും ശരി, തന്റെ കാഴ്ചപ്പാടിനെപ്പറ്റി അവന്‍ നന്നായി ചിന്തിക്കണം.

തസ്വവ്വുഫിന്റെയാളുകള്‍ ഇങ്ങനെ പ്രസ്താവിച്ചതില്‍ നിന്ന് അവന്‍ പാഠമുള്‍ക്കൊള്ളേണ്ടതാണ്: ഒരാളുടെ ഇന്നെലത്തേക്കാള്‍ ഇന്നത്തെ ദിവസം ഉത്തമമല്ലെങ്കില്‍ അവന്‍ നഷ്ടക്കാരനാകുന്നു. ക്രമപ്രവൃദ്ധമായ പുരോഗതിയല്ല ഒരാള്‍ക്കെങ്കില്‍ അയാള്‍ അധോഗതിയിലായിരിക്കുന്നതാണ്. കര്‍മാനുഷ്ഠാനങ്ങളില്‍ ഓരോ ശൈലിയില്‍ നിലയുറപ്പിക്കുക എന്നത് അതിലെ വര്‍ധനവ് ആകുന്നു. ഇതുകൊണ്ടാണ് ഇമാം ജുനൈദുല്‍ ബഗ്ദാദി(റ) ഇങ്ങനെ പറഞ്ഞത്: ഒരു കൊല്ലക്കാലം അല്ലാഹുവിങ്കലേക്ക് ഒരാള്‍ തിരിഞ്ഞു. പിന്നീട് അതില്‍ നിന്നവന്‍ വ്യതിചലിച്ചുപോയി. എന്നാല്‍, നേരത്തെ നേടിയ പ്രതിഫലത്തേക്കാളധികമായിരിക്കും അവന് വിനഷ്ടമായിപ്പോയിരിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter