സാമ്പത്തിക രംഗത്തെ അനിസ്‌ലാമിക പാടുകള്‍
അക്ബര്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിച്ച ഒരു സൂഫി, ചക്രവര്‍ത്തിയുടെ അഭ്യര്‍ത്ഥന മാനിച്ച് മൂന്നു നാല് ദിവസം കൊട്ടാരത്തില്‍ താമസിച്ചു. മടങ്ങാന്‍നേരം ചക്രവര്‍ത്തി സൂഫിയോട് പറഞ്ഞു: ''മഹാത്മന്‍, അങ്ങയുടെ സാമീപ്യം ലഭിച്ചത് മഹാപുണ്യമായി നാം കരുതുന്നു.  അങ്ങയില്‍നിന്ന് പല പാഠങ്ങളും നാം പഠിച്ചു. പണത്തിനും അധികാരത്തിനും നല്‍കാന്‍ കഴിയാത്ത ചിലതുണ്ട് ജീവിതത്തില്‍ എന്ന് നമുക്ക് മനസ്സിലായി. സന്തോഷത്തിനു വേണ്ടി എന്തെങ്കിലും ഒരു ഉപഹാരം അങ്ങ് സ്വീകരിക്കണം.'' ചക്രവര്‍ത്തി ഒരു പണക്കിഴി സൂഫിക്ക് നല്‍കി. അതു കണ്ടപ്പോള്‍ അയാള്‍ ആകെ പരിഭ്രമിച്ചു. ''എനിക്കെന്തിനാണ് പണം'' എന്നു പറഞ്ഞ് അയാള്‍ അതു വാങ്ങാന്‍ വിസമ്മതിച്ചു. അവസാനം, ചക്രവര്‍ത്തിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സൂഫി അത് സ്വീകരിച്ചു. യാത്രാമധ്യേ, പണക്കിഴി ഒരിടത്തുവച്ച് സൂഫി മരത്തണലില്‍ സ്വസ്ഥമായി ഉറങ്ങി. ഇതു കണ്ട ഒരു കള്ളന്‍ പണക്കിഴി കട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സൂഫി ഉണര്‍ന്നു. അതു കണ്ട കള്ളന്‍ ഓടാന്‍ നോക്കി. അപ്പോള്‍ സൂഫി കള്ളനെ കൈ കൊട്ടി വിളിച്ച് പറഞ്ഞു: ''ഈ പണം കൊണ്ട് എനിക്ക് പ്രയോജനമൊന്നുമില്ല. താങ്കള്‍ക്കു വേണമെങ്കില്‍ എടുത്തു കൊള്ളൂ.'' പണക്കിഴിയുമായി പോകുന്നതിനിടയില്‍ കള്ളന്‍ ആലോചിച്ചു: ''ഇത്രയും വലിയ ധനം പുല്ല് പോലെ ഉപേക്ഷിക്കുന്ന ഈ മനുഷ്യന്‍ സാധാരണക്കാരനല്ല. അയാള്‍ ആത്മീയോത്കര്‍ഷം നേടിയ ആളായിരിക്കും. അയാളോടൊപ്പം കൂടുന്നതാണ് തനിക്ക് നല്ലത്. തന്റെ പാപങ്ങള്‍ എല്ലാം കഴുകിക്കളയാം.'' കള്ളന്‍ തിരിച്ചുവന്ന് സൂഫിയുടെ സഹചാരിയായി. മഹത്‌വ്യക്തിത്വങ്ങള്‍ ധനത്തെ കണ്ടിരുന്നത് എങ്ങനെയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കഥയാണിത്. പക്ഷേ, മനുഷ്യന്‍ എപ്പോഴും പണത്തിനു പിന്നാലെയായിരുന്നു. 'അര്‍ത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ, മനസ്സിന്നൊരുകാലം' എന്നു പാടിയ കവി സത്യവ ചസ്സാണ്. ധനാര്‍ത്തി മനുഷ്യനെ എത്രമാത്രം ദുഷിപ്പിക്കുന്നുവെന്നതിന് ചരിത്രത്തില്‍ ധാരാളം തെളിവുകളുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍, ആരോഗ്യത്തിനു ഹാനികരമായ കൊട്ടം മായങ്ങള്‍ ചേര്‍ത്ത് മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലാന്‍ കച്ചവടക്കാര്‍ക്ക് പ്രേരണ നല്‍കുന്നതിനുകാരണം എങ്ങനെയും പണം സമ്പാദിക്കണം എന്ന അധമ ചിന്തയാണ്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും വന്‍ അഴിമതികളിലൂടെ പൊതുഖജനാവില്‍നിന്ന് പണം കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതും ഇന്നു സര്‍വ സാധാരണമാണ്. പട്ടാപ്പകല്‍ മനുഷ്യരെ അരുംകൊല ചെയ്തു പണം വാങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെയും നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തി മാംസക്കച്ചവടം നടത്തുന്ന പെണ്‍വാണിഭ സംഘങ്ങളുടെയും മനോഘടന പണത്തോടുള്ള ആര്‍ത്തി തന്നെ. അത്യാര്‍ത്ഥി മനുഷ്യനെ നീചനും നിര്‍ഭയനുമാക്കി മാറ്റുന്നു. ഒരു വിശ്വാസിയെ മൂല്യനിര്‍ണയം ചെയ്യുമ്പോള്‍, സാമ്പത്തിക രംഗത്തും സ്ത്രീ വിഷയത്തിലും അയാള്‍ എങ്ങനെ വര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെടണം എന്ന് പറയുന്നത് അതുകൊണ്ടാണ്. ''ഓരോ മനുഷ്യന്റെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ളത് ഭൂമിയിലുണ്ട്. എന്നാല്‍, ആരുടെയും ആര്‍ത്തിയെ തൃപ്തിപ്പെടുത്താനുള്ളത് ഭൂമിയിലില്ല'' എന്ന ഗാന്ധിയവന്‍ വചനം ഇന്ന് ആര് ശ്രദ്ധിക്കുന്നു! പണം സമ്പാദിക്കുന്നതിനുവേണ്ടി മനുഷ്യന്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. അതിന്റെ പ്രത്യാഘാതങ്ങളാണ് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാലം തെറ്റി പെയ്യുന്ന മഴയും കൊടും വേനലും ഭൂകമ്പങ്ങളും സുനാമിത്തിരമാലകളും ആഗോളതാപനവും മറ്റും മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന കൈക്കടത്തലിന്റെ പ്രത്യാഘാതങ്ങള്‍ തന്നെ. ആവശ്യത്തിനു വേണ്ടതുപോലും ഉപയോഗിക്കാതെ എല്ലാം സ്വരുക്കൂട്ടി ഭാവി തലമുറയ്ക്കുവേണ്ടി കരുതിവച്ചവരായിരുന്നു പഴയ തലമുറകള്‍. അരപ്പട്ടിണിയില്‍ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കുമ്പോഴും ഒന്നും വിറ്റ് തുലച്ചു കളഞ്ഞില്ല അവര്‍. ആവശ്യമില്ലാത്തതൊന്നും വാങ്ങിക്കൂട്ടിയുമില്ല. അവരുടെ ആവശ്യങ്ങള്‍ പരിമിതമായിരുന്നു. പര്‍ച്ചേഴ്‌സിംഗ് കപ്പാസിറ്റിയില്‍ അഭിമാനിക്കുന്നതിനു പകരം അവര്‍ കരുണയിലും സ്‌നേഹത്തിലും നീതിയിലും വിശ്വസിച്ചു. അവര്‍ കരുതിവച്ച ശേഷിപ്പുകളാണ് ഇന്നത്തെ ആസ്തികളെന്നും അവയൊന്നും തീര്‍ന്നുപോകാതെ അടുത്ത തലമുറയ്ക്കു കൈമാറാന്‍ നാം ബാധ്യസ്ഥരാണെന്നും ഇന്നത്തെ തലമുറ ചിന്തിക്കുന്നില്ല. നാം എന്താണ് ഇപ്പോള്‍ ചെയ്തു കൂട്ടുന്നത്? മനുഷ്യനു ജീവ വായു നില്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വൃക്ഷങ്ങളൊക്കെയും വെട്ടിമുറിച്ച് നാം പണം സമ്പാദിച്ചു. ജീവ വായുവിനു വേണ്ടി യന്ത്രത്തില്‍ നാണയം തിരുകി കാത്തുനില്‍ക്കുന്ന ജനങ്ങള്‍, ജീവ വായുവിന്റെ മോന്തക്കൊട്ടകള്‍ ധരിച്ച് ക്ലാസിലിരിക്കുന്ന കുട്ടികള്‍, ജീവ വായുവിന്റെ കുംഭങ്ങളുമായി വാഹനങ്ങള്‍ നിയന്ത്രിക്കുന്ന പോലീസ്! ഇപ്പറഞ്ഞതൊന്നും ഏതോ അന്യഗ്രഹത്തില്‍ അരങ്ങേറുന്ന നാടകമല്ല, ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. കല്ലായ കല്ലൊക്കെ ഉടച്ച് നാം ബില്‍ഡിംഗുകളും പണവുമാക്കി. മണലൂറ്റി നദികളെ കൊന്നു. പ്രകൃതിയുടെ കനിവായ ജലാശയങ്ങളില്‍നിന്ന് ജലമപഹരിച്ച് വ്യവസായ ശാലകള്‍ പണക്കൊയ്ത്ത് നടത്തുന്നു. ഗ്രാമങ്ങളിലൂടെ ഒഴുകിയിരുന്ന അരുവികളും പുഴകളും ഇന്ന്, നഗരങ്ങളുടെ പൈപ്പിന്‍തുമ്പത്തെത്തിയിരിക്കുന്നു. എവിടെനിന്നും കേട്ടുകൊണ്ടിരിക്കുന്നത് വിപണനത്തിന്റെയും ഉപഭോഗത്തിന്റെയും മന്ത്രങ്ങള്‍ മാത്രം. എന്താണിതിന്റെയെല്ലാം കാരണം? ഉത്തരം ഒന്നേയുള്ളൂ-മനുഷ്യന്റെ അത്യാര്‍ത്തിയും പണക്കൊതിയും. പ്രവാചക തിരുമേനി(സ്വ)യുടെ മഹത് വചനം ശ്രദ്ധിക്കുക: ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വരതന്നെ സമ്മാനമായി ലഭിച്ചാലും രണ്ടാമതൊന്ന് ലഭിക്കാന്‍ അവന്‍ ആഗ്രഹിക്കും. രണ്ടെണ്ണം കിട്ടിക്കഴിയുമ്പോള്‍ മൂന്നാമത്തേത് മോഹിക്കും. മനുഷ്യന്റെ വയറു നിറയ്ക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല. എന്നാല്‍, പശ്ചാത്തപിക്കുന്നവന് അല്ലാഹു പൊറുത്തുകൊടുക്കും.'' മനുഷ്യന്റെ മനോഘടന സുവ്യക്തമാക്കുന്ന തിരുവചനമാണിത്. ഉത്ക്കര്‍ഷേച്ഛ ഒരു പാപമല്ലെന്ന് മാത്രമല്ല, അതു മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന മനോഭാവവുമാണ്. ജീവിതത്തില്‍ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അലസരും നിഷ്‌ക്രിയരും ആയിരിക്കാന്‍ കഴിയില്ലല്ലോ. ആഗ്രഹാഭിലാഷങ്ങളും അതു സഫലീകരിക്കാനുള്ള ശ്രമങ്ങളും മനുഷ്യജീവിതത്തെ സന്തോഷകരവും ആസ്വാദ്യവുമാക്കിത്തീര്‍ക്കുന്നു. അതിന് ആരും എതിരു നില്‍ക്കുമെന്ന് തോന്നുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങള്‍ അത് ഒരിക്കലും വിലക്കിയിട്ടുമില്ല. ഏതു കാര്യത്തിലും ഇസ്‌ലാമിന് ദ്വിമുഖ വീക്ഷണങ്ങളുണ്ട്. അത് പുരുഷനെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ  സ്ത്രീയെക്കുറിച്ചും സംസാരിക്കുന്നു. അവകാശങ്ങളെക്കുറിച്ച് സൂചന നല്‍കുമ്പോള്‍ തന്നെ കടമകളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. അതേപോലെ, മനുഷ്യന്റെ പാരത്രിക ജീവിത വിജയത്തിനു വേണ്ടി അവര്‍ അനുവര്‍ത്തിക്കേണ്ട നിയമാവലിയും അനുഷ്ഠിക്കേണ്ട കര്‍മപദ്ധതികളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അതേസമയം മനുഷ്യന്റെ ഭൗതിക ജീവിതം അന്തസുറ്റതും സന്തോഷപ്രദവുമാക്കുന്നതിനുള്ള ഉപാധികള്‍ സ്വീകരിക്കാന്‍ ഇസ്‌ലാം മാനവസമൂഹത്തെ അനുവദിക്കുകയും ചെയ്യുന്നു. ഇതര മതവീക്ഷണങ്ങളില്‍നിന്ന് ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം ഈ സമന്വയ ദര്‍ശനമാണ്. ജീവിത സാഫല്യത്തിനു വേണ്ടി യത്‌നിക്കുമ്പോള്‍ അത് ചില നിയമാവലികള്‍ക്കും അനുശാസനങ്ങള്‍ക്കും വിധേയമാവണം. അങ്ങനെയാവുമ്പോള്‍, പാരത്രിക ലോകത്ത് മനുഷ്യനു ലഭിക്കാനിരിക്കുന്ന ആത്യന്തിക വിജയത്തിന്റെ നാന്ദിയാണ് ഭൗതിക ജീവിത വിജയം. ആധുനിക ഉപഭോഗ സംസ്‌കാരം മനുഷ്യരെ ദുരാഗ്രഹികളും ആര്‍ത്തിക്കുന്തങ്ങളുമായി പരിണമിപ്പിക്കുന്നു. ആഗോള കോര്‍പ്പറേറ്റുകള്‍ രൂപപ്പെടുത്തുന്ന മൂല്യങ്ങളാണ് ഇന്നത്തെ മനുഷ്യനെ ഭരിച്ചുകൊണ്ടിരിക്കുന്നത്. പണമുണ്ടാക്കുന്നതിനു വേണ്ടിയുള്ള കുറുക്കുവഴികളാണ് എല്ലാവരും തേടിക്കൊണ്ടിരിക്കുന്നത്. അങ്ങനെ മണിചെയിന്‍ ഏര്‍പാടുകളും റിയല്‍ എസ്റ്റേറ്റ് മാഫിയകളും ബ്ലേഡ് കമ്പനികളും നാട്ടില്‍ പെരുകുന്നു. ഇത്തരം ഏര്‍പ്പാടുകളില്‍ മുസ്‌ലിംകള്‍ക്കുള്ള പങ്ക് ചെറുതല്ല. ഇവ്വിഷയങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നുവെന്ന് ആരും അന്വേഷിക്കാറുമില്ല. എന്തിനും പക്ഷേ, നാം ന്യായീകരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. സാമ്പത്തിക രംഗത്ത് മുസ്‌ലിംകള്‍ കൂടുതല്‍ അനിസ്‌ലാമികമാവുകയാണോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ പോയി അറബികളുടെ പണം പിടുങ്ങുന്നത് അത്ര വലിയ കുഴപ്പമുള്ള കാര്യമല്ല  എന്നു വരെ ചിന്തിക്കുന്ന ആളുകളുണ്ട് നമ്മുടെ നാട്ടില്‍. സമ്പദ്‌സമൃദ്ധിയുടെയും ജീവിത സൗകര്യങ്ങളുടെയും കാര്യത്തില്‍ മനുഷ്യദൃഷ്ടി സദാ താഴേക്കു നീളണമെന്നാണ് ഇസ്‌ലാമിക വീക്ഷണം. അതേസമയം, സല്‍ക്കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന കാര്യത്തില്‍ നോട്ടം എപ്പോഴും മുകളിലോട്ടായിരിക്കണം. കൂരയില്‍ പൊറുതികൊള്ളുന്നവന്‍, അതുപോലുമില്ലാതെ റോഡരികുകളില്‍ കിടന്നുറങ്ങുന്നവരെക്കുറിച്ച് ചിന്തിക്കട്ടെ. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്നവന് തീരെ കഴിക്കാനില്ലാത്തവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ താന്‍ എത്ര ഭാഗ്യവാന്‍ എന്ന് ആശ്വസിക്കാന്‍ കഴിയുമെന്ന് മാത്രമല്ല, ഉള്ളത് പങ്കുവയ്ക്കാനുള്ള സന്മനസ് വളര്‍ത്തിയെടുക്കാനും കഴിയും. എന്നാല്‍, നമ്മുടെ അനുഭവം നേരെ മറിച്ചാണ്. സാമ്പത്തിക രംത്ത് നാം ഉയര്‍ന്നവരെ മാത്രം കാണുകയും അവരെപ്പോലെയായില്ലല്ലോ എന്ന് നിരാശപ്പെടുകയും ചെയ്യുന്നു. സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്ന കാര്യത്തിലാവട്ടെ, അത് ചെയ്യാന്‍ അത്ര ശുഷ്‌കാന്തി കാണിക്കാത്തവരെ നോക്കി ഞാന്‍ എത്രമാത്രം ചെയ്യുന്നുവെന്ന് ഞെളിയുകയും സ്വയം വിഡ്ഢികളാവുകയും ചെയ്യുന്നു. ആയിരം കൊടുക്കേണ്ടിടത്ത് നൂറ് കൊടുത്ത് ഞാന്‍ വലിയ ഉദാരമനസ്‌കന്‍ എന്ന് അഭിമാനിക്കുന്നു. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും അറുതിവരുന്നില്ല. പൂര്‍ത്തീകരിക്കപ്പെടുന്ന ഓരോ ആഗ്രഹത്തിനു  പിന്നാലെയും പുതിയവ പിറവിയെടുക്കുന്നു. 90 കഴിഞ്ഞ ഉമ്മാമയും ആഗ്രഹിക്കുന്നത് അടുത്ത പുത്തരിച്ചോറും കൂടി ഉണ്ണണം എന്നായിരിക്കും. പണം ഇരട്ടിപ്പിക്കാന്‍ മോഹിച്ച് 'മിസ്സൈലി'ലും 'ട്രൈക്കൂണി'ലും മറ്റും പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ എത്രയോ പേരുണ്ട് നമുക്കിടയില്‍. മനുഷ്യന്റെ ആഗ്രഹാഭിലാഷങ്ങള്‍ ഖബറിടം വരെ നീളും എന്നു  സാരം. 'ധനം ശേഖരിക്കുകയും അത് എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന് നാശം' എന്ന് വിശുദ്ധഖുര്‍ആന്‍ താക്കീത് നല്‍കുന്നു. പണത്തിലും അതിന്റെ പേരിലുള്ള പെരുമയിലും പത്രാസിലുമാണ് ചിലര്‍ ജീവിതസാഫല്യം കണ്ടെത്തുന്നത്. 'നിങ്ങള്‍, ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതു വരേക്കും പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു'വെന്ന് അല്ലാഹു മനുഷ്യനെ ഓര്‍മിപ്പിക്കുന്നുണ്ട്. സമ്പന്നതയാണ് മനുഷ്യനെ പ്രതാപിയും സ്വീകാര്യനുമാക്കുന്നത് എന്ന് തെറ്റിദ്ധരിച്ച് ശ്രദ്ധയത്രയും ധനസമ്പാദനത്തില്‍ കേന്ദ്രീകരിച്ച് ആശയാദര്‍ശങ്ങളെ ബലികഴിച്ച് ജീവിക്കുന്നു ചിലര്‍. പണക്കിഴിയുടെ ഭാരമാണ് അവര്‍ക്ക് ജീവിതത്തിന്റെ അര്‍ത്ഥം. ധനത്തെ പ്രിയംവയ്ക്കുന്നവര്‍ എല്ലാ മൂല്യങ്ങളും നിരാകരിക്കുന്നു; അടുത്തവരെ അകറ്റുന്നു. ബന്ധുമിത്രാദികളെ വൈരികളാക്കുന്നു. പണമെറിഞ്ഞ് പണം കൊയ്യുന്നു. അല്‍പം സ്വാര്‍ത്ഥത മനുഷ്യസഹജമാണ്. സമ്പത്തും സുഖസൗകര്യങ്ങളും ആരും ആഗ്രഹിച്ചുപോകും. സര്‍വസംഗ പരിത്യാഗികളാവാന്‍ എല്ലാവര്‍ക്കും കഴിയില്ല. സര്‍വരും അങ്ങനെയായാല്‍ ലൗകിക ജീവിതം തന്നെ തകിടം മറിയും. അതു കൊണ്ടാണ് വിശ്വാസികള്‍, 'ഐഹിക ലോകത്തും പാരത്രിക ലോകത്തും നന്മ ചെയ്യേണമേ' എന്ന പ്രാര്‍ത്ഥന ഉരുവിടുന്നത്. എന്നാല്‍, സ്വന്തം നേട്ടങ്ങള്‍ അന്യന്റെ നഷ്ടങ്ങളായി പരിണമിക്കുമ്പോള്‍ സ്വാര്‍ത്ഥത അപകടകരമാവുന്നു. ഇന്നു നടക്കുന്ന കൊള്ളകള്‍ക്കും കൊലപാതകങ്ങള്‍ക്കും ഘോരയുദ്ധങ്ങള്‍ക്കും വരെ കാരണം മനുഷ്യന്റെ അടങ്ങാത്ത സ്വാര്‍ത്ഥതയാണ്. അതു നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, മനുഷ്യന്‍ മൃഗസമാനമാവും. പണം കൊണ്ടു മാത്രം പ്രശ്‌നങ്ങളൊന്നും തീരുന്നില്ല. സമ്പദ് സമൃദ്ധി സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. സമ്പന്നര്‍ ദരിദ്രരെ അപേക്ഷിച്ച് അന്തസ്സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരായിരിക്കും. കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു; കൊച്ചു കുടില്‍ക്കത്രേ നിദ്രാസുഖം' എന്ന കവിവാക്യം അര്‍ത്ഥഗര്‍ഭമാണ്. അധികാരവും പണവും കൈവശമുള്ളവര്‍ക്ക് അത് നിലനിര്‍ത്തുന്നതിനുവേണ്ടി യത്‌നിക്കേണ്ടിവരും. പണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയും ഉള്ളത് നഷ്ടപ്പെടുമോ എന്ന ആശങ്കയും സമ്പന്നന്റെ ഉറക്കം കെടുത്തുന്നു. ആവശ്യത്തില്‍ കവിഞ്ഞ പണം ഒരു മാനസിക പീഡയാണ് എന്നു പറയുന്നത് അതുകൊണ്ടാണ്. പ്രപഞ്ചവും അതിലെ ഉള്ളടക്കവും സൃഷ്ടിച്ചത് അല്ലാഹുവാണ്. അതു കൊണ്ട് ലോകത്തിലെ എല്ലാ വസ്തുക്കളുടെയും യഥാര്‍ത്ഥ ഉടമയും അവന്‍ തന്നെ. അല്ലാഹു നമുക്ക് കൈവശമാക്കിത്തന്നവയാണ് നമ്മുടെ സമ്പത്ത്. ഇതെല്ലാം തന്റെ മിടുക്ക് കൊണ്ട് നേടിയതാണ് എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അല്ലാഹു നല്‍കിയ സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം മാത്രമാണ് മനുഷ്യനുള്ളത്. സ്വത്തിന്റെ നേരവകാശിയായ പ്രപഞ്ചനാഥന്‍ അരുള്‍ ചെയ്ത വിധം അവ കൈകാര്യം ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്. അല്ലാഹു നല്‍കിയ സമ്പത്ത് നേരായ മാര്‍ഗത്തില്‍ വര്‍ധിപ്പിക്കാനുള്ള അവകാശവും അവന്‍ നല്‍കിയിട്ടുണ്ട്. അതിനുള്ള നിശ്ചിത മാര്‍ഗങ്ങള്‍ പ്രവാചകന്‍(സ്വ) മനുഷ്യസമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. ആ മാര്‍ഗത്തില്‍ നിന്ന് പുറത്തുകടന്ന് അനര്‍ഹമായി പണം സമ്പാദിക്കുന്നവര്‍ ചെയ്യുന്നത് കടുത്ത അപരാധവും അങ്ങേയറ്റം നിന്ദ്യമായ പ്രവൃത്തിയുമാണ്. അല്ലാഹു ഏല്‍പ്പിച്ച സമ്പത്ത് അവന്‍ അനുവദിച്ച രൂപത്തില്‍ കൈകാര്യം ചെയ്യുകയും അവന്‍ നല്‍കണമെന്ന് പറഞ്ഞവര്‍ക്ക് അവരുടെ വിഹിതം നല്‍കുകയും വേണം. മനുഷ്യന്റെ എല്ലാ ഭൗതിക പ്രക്രിയകളും ആധ്യാത്മികതയില്‍ അധിഷ്ഠിതമായിരിക്കണം. ധനം എങ്ങനെ സമ്പാദിക്കണം, എങ്ങനെ വിനിയോഗിക്കപ്പെടണം തുടങ്ങിയ കാര്യങ്ങളില്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഖുര്‍ആന്‍ കാണിച്ചുതരുന്ന വിധം ക്രമീകരിക്കാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter