സുപ്രതീക്ഷ
ശൈഖ് അഹ്മദ് സര്‍റൂഖ്(റ) ഇതിനെ നിര്‍വചിച്ചുകൊണ്ട് എഴുതുന്നു: സുപ്രതീക്ഷ (അര്‍റജാഅ്) എന്നത്, സകലകാര്യങ്ങളിലും കര്‍മങ്ങളുടെ സാന്നിധ്യം മുന്‍നിറുത്തി അല്ലാഹുവിന്റെ മഹത്തായ ഔദാര്യം പ്രതീക്ഷിച്ച് സമാധാനിച്ചിരിക്കലാകുന്നു; ഇത് കര്‍മങ്ങളനുഷ്ഠിച്ചുകൊണ്ടല്ല എങ്കില്‍ അത് ചതിയില്‍ കുടുങ്ങിപ്പോകലായിത്തീരും. റബ്ബില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ പ്രേരിപ്പിക്കുകയും അവന്റെ അനുഗ്രഹത്തെക്കുറിച്ചുള്ള ഇച്ഛാഭംഗത്തില്‍ നിന്ന് നിരോധിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: നബിയേ, താങ്കള്‍ വിളംബരം ചെയ്യുക-സ്വന്തത്തോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ച അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെ വിട്ട് നിങ്ങള്‍ ആശ മുറിഞ്ഞുപോകരുത്. നിശ്ചയം, അല്ലാഹു സര്‍വപാപങ്ങളും പൊറുക്കുന്നതാണ്. അവന്‍ അങ്ങേയറ്റം പൊറുക്കുന്നവനും പരമകാരുണികനുമത്രേ. തന്റെ അനുഗ്രഹത്തിന്റെ വിശാലതയിലേക്ക് വിരല്‍ ചൂണ്ടി അല്ലാഹു സ്പഷ്ടമാക്കി: എന്റെ അനുഗ്രഹം സകല വസ്തുക്കള്‍ക്കും പ്രവിശാലമത്രേ. തന്റെ അനുഗ്രഹം കാംക്ഷിക്കുന്നവരുടെ വിശേഷണത്തിലായി അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: നിശ്ചയമായും സത്യവിശ്വാസം കൈക്കൊള്ളുകയും റബ്ബിന്റെ അനുസരണക്കായി ത്യാഗങ്ങള്‍ സഹിക്കുകയും ദൈവമാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ഠിക്കുകയും ചെയ്തവര്‍ അല്ലാഹുവിന്റെ അനുഗ്രഹം തേടുന്നവരാകുന്നു.

അല്ലാഹുവിന്റെ അനുഗ്രഹാതിരേകങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുവാനായി ധാരാളം നബിവചനങ്ങളിലും പ്രോത്സാഹനങ്ങള്‍ വന്നിട്ടുണ്ട്. തിരുനബി(സ്വ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: എന്റെ ശരീരം ഏതൊരു റബ്ബിന്റെ അധീനതയിലാണോ അവന്‍ തന്നെ സത്യം, നിങ്ങള്‍ പാപങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ അല്ലാഹു ഇവിടന്ന് കൊണ്ടുപോകും. എന്നിട്ട്, പാപങ്ങള്‍ അനുവര്‍ത്തിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ കൊണ്ടുവരുന്നതാകുന്നു.

തിരുമേനി(സ്വ) അരുളിയതായി അബൂമൂസല്‍ അശ്അരി(റ) ഉദ്ധരിക്കുന്നു: പര്‍വതങ്ങള്‍ക്കു തുല്യമായ ദോഷങ്ങളുമായി അന്ത്യനാളില്‍ മുസ്‌ലിംകളായ ചിലര്‍ വരുന്നതാണ്. അവരുടെ പാപങ്ങള്‍ അല്ലാഹു ജൂത-ക്രിസ്ത്യാനികളുടെ മേല്‍(1) വെച്ചുകൊടുക്കുന്നതും അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതുമാകുന്നു.(2) ഹ.ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന്-തിരുനബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു: സത്യവിശ്വാസി അന്ത്യനാളില്‍ അല്ലാഹുവിങ്കലേക്കടുപ്പിക്കപ്പെടും. എന്നിട്ട് തന്റെ അനുഗ്രഹവും ആവരണവും കൊണ്ട് അവനെ അല്ലാഹു മൂടുകയും അവന്‍ ചെയ്തുപോയ പാപകൃത്യങ്ങളെല്ലാം സമ്മതിപ്പിക്കുകയും ചെയ്യും: ഇന്ന ദോഷം ചെയ്തത് നിനക്കറിയാമോ? ഇന്നയിന്ന കുറ്റങ്ങളനുവര്‍ത്തിച്ചത് നിനക്കോര്‍മയുണ്ടോ? എന്നൊക്കെ റബ്ബ് ചോദിക്കും. അവന്‍ പ്രതികരിക്കും-'അതെ നാഥാ, എല്ലാം എനിക്കറിയാം.' അല്ലാഹു അരുളും: 'ദുന്‍യാവില്‍ വെച്ച് അവ നിന്നില്‍ ഞാന്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. ഇന്നാകട്ടെ, അവയത്രയും നിനക്ക് ഞാന്‍ പൊറുത്തുതന്നിരിക്കുന്നു.' എന്നിട്ട്, അവന്റെ സല്‍ക്കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥം അവന് നല്‍കപ്പെടും.

സുപ്രതീക്ഷയും വ്യാമോഹവും വ്യത്യസ്തമാണ്. പ്രതീക്ഷകന്‍ ആരാധനാനുഷ്ഠാനങ്ങളുടെ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും അവയുടെ സ്വീകാരവും തന്മൂലമുള്ള പ്രീതിയും റബ്ബില്‍ നിന്ന് പ്രതീക്ഷിക്കുകയുമാണ് ചെയ്യുക. എന്നാല്‍, വ്യാമോഹിയുടെ നിലപാട് ഭിന്നമാണ്-അവന്‍ മാധ്യമങ്ങളും നിമിത്തങ്ങളും ശ്രമങ്ങളുമൊന്നും അനുവര്‍ത്തിക്കുകയില്ല; അതേയവസരം പടച്ചവന്റെ പക്കല്‍ നിന്ന് കൂലിയും പ്രതിഫലവും മാപ്പും അവന്‍ വ്യാമോഹിക്കുകയും ചെയ്യും. ഇത്തരക്കാരെ സംബന്ധിച്ച് നബി(സ്വ) പ്രസ്താവിച്ചത് ഇങ്ങനെയാണ്: സ്വന്തം ഇച്ഛകളുടെ പിന്നാലെ മനസ്സിനെ നടത്തുകയും അല്ലാഹുവിന്റെ മേല്‍ വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവനത്രേ ദുര്‍ബലന്‍.

കാരണം, അല്ലാഹുവില്‍ പ്രത്യാശ വെച്ചുപുലര്‍ത്തുകയും അവനോട് വിജയത്തിനപേക്ഷിക്കുകയും ചെയ്യുന്നവന്‍ തന്റെ ലക്ഷ്യപ്രാപ്തി വരെ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി കൈമെയ് മറന്ന് സ്ഥിരോത്സാഹം ചെയ്‌തേ പറ്റൂ. അതുകൊണ്ടാണ് ആ മാര്‍ഗം ഖുര്‍ആനിലൂടെ റബ്ബ് പഠിപ്പിച്ചുതന്നത്: തന്റെ റബ്ബുമായുള്ള കൂടിക്കാഴ്ച ആരൊരാള്‍ ആഗ്രഹിക്കുന്നുണ്ടോ അവന്‍ ഉത്തമകര്‍മങ്ങള്‍ അനുഷ്ഠിക്കട്ടെ; തന്റെ നാഥനായ അല്ലാഹുവിനോട് മറ്റൊന്നിനെയും അവന്‍ പങ്കു ചേര്‍ക്കാനും പാടില്ല. അപ്പോള്‍ യൗവനത്തിന്റെ തിളപ്പില്‍ ഒരാള്‍ ദോഷങ്ങള്‍ ചെയ്യുന്നവനും തന്റെ ദേഹേച്ഛകള്‍ അനുസരിക്കുന്നവനുമാണെങ്കില്‍ പ്രതീക്ഷയെക്കാള്‍ ഭയത്തിന്റെ പാര്‍ശ്വത്തിനാണവന്‍ മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍, വാര്‍ധക്യത്തിലാണെങ്കില്‍ മികവു കൊടുക്കേണ്ടത് പ്രത്യാശക്കായിരിക്കണം. ഒരു ഖുദ്‌സിയ്യായ ഹദീസില്‍, എന്റെ അടിമ എന്നെപ്പറ്റി എങ്ങനെ വിചാരിക്കുന്നുവോ അങ്ങനെയായിരിക്കും ഞാന്‍ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസില്‍ തിരുനബി(സ്വ) ഇപ്രകാരം പ്രസ്താവിച്ചതായി ജാബിറുബ്‌നു അബ്ദില്ലാഹ്(റ) ഉദ്ധരിക്കുന്നു: നിങ്ങളിലൊരാളും പടച്ചവനെക്കുറിച്ച് സദ്ഭാവന വെച്ചുപുലര്‍ത്തുന്നവനായല്ലാതെ മരിച്ചുപോകരുത്.

അപ്പോള്‍ ഒരാള്‍ അല്ലാഹുവിങ്കലേക്ക് തിരിയുകയും അവനുമായുള്ള സാമീപ്യം നേടുന്നതിന്റെ വഴിയില്‍ പ്രവേശിക്കുകയും ചെയ്താല്‍ അവന് റബ്ബിനെപ്പറ്റി സുപ്രതീക്ഷയും ഭയപ്പാടും ഉണ്ടായിരിക്കണം. പ്രതീക്ഷ ഒട്ടുമില്ലാതെ, അവന്റെ കാരുണ്യത്തില്‍ നിന്ന് ഭഗ്നാശനാകുംവിധമുള്ള ഇച്ഛാഭംഗത്തിന് മുന്‍ഗണനയുണ്ടാകാന്‍ പാടില്ല. അതേപോലെത്തന്നെ, പാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അഗാധഗര്‍ത്തങ്ങളില്‍ നിപതിച്ചുപോകുംവിധം ഭയത്തേക്കാള്‍ പ്രത്യാശ മികച്ചിരിക്കാനും വയ്യ. പ്രത്യുത, സ്വച്ഛമായ അന്തരീക്ഷങ്ങളില്‍ ആശയും ആശങ്കയുമായി അവന്‍ വട്ടമിട്ടു പറന്നുകൊണ്ടിരിക്കണം. അപ്പോഴവന്‍ ദൈവികസാന്നിധ്യത്തെ ചുറ്റിപ്പറ്റിയും അതിന്റെ സാമീപ്യത്തിലുമായിക്കൊണ്ടേയിരിക്കും. തന്റെ ഇഷ്ടദാസരെപ്പറ്റി അല്ലാഹു വിവരിച്ച വിശേഷണങ്ങള്‍ സാക്ഷാല്‍ക്കരിച്ചവനാകും അപ്പോഴവന്‍:

വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു-അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പിടങ്ങളില്‍ നിന്ന് അകന്നിരിക്കും. ആശയോടും ആശങ്കയോടും കൂടി അവര്‍ അല്ലാഹുവിനെ ആരാധിച്ചുകൊണ്ടിരിക്കുന്നതാണ്. അതായത് അല്ലാഹുവിന്റെ നരകത്തെക്കുറിച്ച ആശങ്ക, സ്വര്‍ഗത്തിലുള്ള ആശ; അകല്‍ച്ചയെ സംബന്ധിച്ച ഭയം, സാമീപ്യത്തിലുള്ള സുപ്രതീക്ഷ; അവന്‍ കൈവെടിഞ്ഞേക്കുമോ എന്ന പേടി, സംതൃപ്തിയിലുള്ള പ്രത്യാശ; അവന്‍ പിണങ്ങിക്കളയുമോ എന്ന ഭീതി, അടുപ്പിക്കും എന്ന പ്രതീക്ഷ....

പ്രത്യാശകന്മാര്‍ എല്ലാം ഒരേ പദവിയിലല്ല, വ്യത്യസ്ത സ്ഥാനങ്ങളിലായിരിക്കും അവര്‍. അക്കാര്യം ഇബ്‌നു അജീബ(റ) ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്: സാധാരണക്കാരുടെ പ്രത്യാശ എന്നത് പരലോകത്തുവെച്ച് പ്രതിഫലം ലഭിക്കുക വഴി മെച്ചപ്പെട്ട നിവാസസ്ഥലമായ സ്വര്‍ഗം കിട്ടുക എന്നതാണ്. എന്നാല്‍ അല്ലാഹുവിന്റെ സാമീപ്യവും സംതൃപ്തിയും നേടുക എന്നതായിരിക്കും പ്രത്യേകക്കാരുടെ പ്രതീക്ഷ.(1) അതീവവിശിഷ്ടരുടെ സുപ്രതീക്ഷയാകട്ടെ അവന്റെ ദര്‍ശനത്തിന് സുസാധ്യമാവുക എന്നതും സമാരാധ്യനായ നാഥന്റെ ദിവ്യരഹസ്യങ്ങളുള്‍ക്കൊള്ളുന്നതില്‍ വര്‍ധിത പുരോഗതി നേടുക എന്നതുമായിരിക്കും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter