സൂക്ഷ്മതയുടെ മഹത്ത്വം
മേല്‍പറഞ്ഞ വിവരണങ്ങളില്‍ നിന്ന്, പൂര്‍ണതയുടെ മുഴുവന്‍ കാര്യങ്ങളും  സമഞ്ജസമായി സമ്മേളിക്കുന്ന ഒരു മഹല്‍വിശേഷണമാണ് സൂക്ഷ്മത എന്ന് സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും. ഇമാം ഹസനുല്‍ ബസ്വ്‌രി(റ) ഒരിക്കല്‍ മക്കയില്‍ ചെന്നപ്പോള്‍ അലിയ്യുബ്‌നു അബീഥാലിബ്(റ)വിന്റെ മക്കളിലൊരാള്‍ കഅ്ബയിലേക്ക് ചാരി ജനങ്ങള്‍ക്ക് സദുപദേശം ചെയ്തുകൊടുക്കുന്നതുകണ്ടു. ഇമാം അദ്ദേഹത്തോട് ചോദിച്ചു: ദീനിന്റെ ആകെത്തുക എന്താണ്? 'സൂക്ഷ്മത.' വീണ്ടും ചോദിച്ചു: ദീനിന്റെ ആപത്ത് എന്താണ്? അത്യാഗ്രഹം എന്നായിരുന്നു മറുപടി. ഇമാമിനു മറുപടി ശ്രവിച്ച് അത്ഭുതം തോന്നി.(2) ഹസനുല്‍ ബസ്വ്‌രി വ്യക്തമാക്കി: അണുമണിത്തൂക്കമുള്ള വറഅ് ആയിരം മിസ്ഖാല്‍ നോമ്പിനെക്കാളം നമസ്‌കാരത്തെക്കാളും ശ്രേഷ്ഠമാകുന്നു.

ഇബ്‌നു അഥാഇല്ലാഹിസ്സികന്‍ദരി(റ) പറയുന്നു: വിജ്ഞാനത്തിന്റെ ആധിക്യമോ നിരന്തരമായുള്ള വിര്‍ദുകളോ അല്ല ഒരാളുടെ ബുദ്ധിയുടെ ചൂണ്ടുപലക. ഈമാനിക പ്രകാശവും ബുദ്ധിയുമുണ്ടെന്നതിന് തെളിവ് തന്റെ നാഥനെ കൊണ്ട് സ്വയം പര്യാപ്തനാകലും സ്വമേധയാ അവനിലേക്കിറങ്ങിവരലും അത്യാഗ്രഹത്തിന്റെ അടിമത്തത്തില്‍ നിന്ന് സ്വതന്ത്രനാകലും സൂക്ഷ്മതയെന്ന ആഭരണം കൊണ്ട് അലംകൃതനാകലുമാകുന്നു.(5) ഹ.അബൂഹുറൈറ(റ)യോടുള്ള നബി(സ്വ)യുടെ ഒരു ഉപദേശം, ഏറ്റം സമുന്നതമായ ആരാധന സൂക്ഷ്മതയാണ് എന്ന് സപ്ഷ്ടമായി മനസ്സിലാക്കിത്തരുന്നുണ്ട്. അവിടന്ന് പറഞ്ഞു: ഹേ അബൂഹുറൈറ, നിങ്ങള്‍ സൂക്ഷ്മതയുള്ള ആളാവുക; എങ്കില്‍ ഏറ്റം ഉയര്‍ന്ന ആരാധകന്‍ നിങ്ങളായിത്തീരുന്നതാണ്. ഇക്കാരണങ്ങളാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സമുന്നത ദാനങ്ങള്‍ക്ക് സൂക്ഷ്മത ഒരു മാധ്യമമായിത്തീരുന്നതാണ്. യഹ്‌യബ്‌നു മുആദ്(റ) പറയുകയുണ്ടായി: വളരെ ചെറിയ കാര്യങ്ങളിലെ സൂക്ഷ്മത ഒരാള്‍ പരിഗണിക്കുന്നില്ലെങ്കില്‍ മികച്ച പ്രതിഫലം കിട്ടുന്ന അവസ്ഥയിലേക്കവന്‍ എത്തുന്നതല്ല.

ഉദാത്ത പദവിയും മികച്ച മഹത്ത്വവും സമുന്നത സ്ഥാനവും വമ്പിച്ച പ്രതിഫലനവും ഉണ്ടെന്നതിനാല്‍ സൂക്ഷ്മതയെപ്പറ്റി നബിതിരുമേനി(സ്വ)യുടെ നിരവധി ഹദീസുകളില്‍ പ്രതിപാദനങ്ങളുള്ളതായി കാണാം. റസൂല്‍(സ്വ) പ്രസ്താവിച്ചതായി അഥിയ്യത്തുബ്‌നു ഉര്‍വത്തസ്സഅ്ദി(റ) എന്ന സ്വഹാബി ഉദ്ധരിക്കുന്നു: കുഴപ്പമുള്ള കാര്യങ്ങള്‍ വന്നുപോകുമെന്ന് ഭയന്ന് കുഴപ്പമില്ലാത്ത കാര്യങ്ങളുപേക്ഷിക്കുന്നതുവരെ ഒരു വ്യക്തിയും 'മുത്തഖി'കളില്‍ ഉള്‍പ്പെടുന്നതല്ല.(1) ഹുദൈഫത്തുബ്‌നുല്‍ യമാനി(റ)വില്‍ നിന്നുദ്ധരണം-നബി(സ്വ) പ്രസ്താവിച്ചു: വിജ്ഞാനത്തിന്റെ മഹത്ത്വം ആരാധനയുടേതിനേക്കാള്‍ ശ്രേഷ്ഠമാകുന്നു. നിങ്ങളുടെ  മതകാര്യങ്ങളില്‍ ഏറ്റം ഉത്തമം സൂക്ഷ്മതയത്രേ.

റസൂല്‍(സ്വ) പ്രസ്താവിച്ചതായി അനസ്(റ) ഉദ്ധരിക്കുന്നു: മൂന്ന് വിശേഷണങ്ങള്‍ ഒരാളിലുണ്ടായാല്‍ അവന്‍ പ്രതിഫലാര്‍ഹനാവുകയും ഈമാന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു-ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പര്യാപ്തമായ സ്വഭാവം, അല്ലാഹുവിന്റെ നിരോധങ്ങളില്‍ നിന്ന് തടഞ്ഞുനിറുത്തുന്ന സൂക്ഷ്മത, അവിവേകികളുടെ മൗഢ്യം പ്രതിരോധിക്കാന്‍ കഴിയുന്ന സഹിഷ്ണുത.(3) ഹ.അനസ്(റ) പ്രസ്താവിക്കുന്നു: തിരുനബി(സ്വ)ക്ക് വഴിയില്‍ നിന്ന് ഒരു കാരക്ക കിട്ടി. അപ്പോള്‍ അവിടന്ന് പറഞ്ഞു: ഇത് സകാത്തിന്റേതായേക്കുമോ എന്ന ഭയമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത് ഭക്ഷിക്കുമായിരുന്നേനെ. ഹ.അബൂഹുറൈറ(റ) പറയുന്നു: ഹസനുബ്‌നു അലി(റ) സകാത്തിന്റെ ഈത്തപ്പഴത്തില്‍ നിന്ന് ഒന്നെടുത്ത് വായിലിട്ടു. തല്‍ക്ഷണം റസൂല്‍(സ്വ) വിലക്കി-കക്കിക്കളയുക, പുറത്തെറിയുക! നാം സകാത്ത് ഭക്ഷിക്കുകയില്ലെന്ന് മോനറിയില്ലേ? (നമുക്ക് സകാത്ത് അനുവദനീയമല്ലെന്ന് എന്നാണ് മറ്റൊരു നിവേദനത്തില്‍.)

സ്വൂഫികളായ മഹാന്മാര്‍ സൂക്ഷ്മതയുടെ സമുന്നത പദവികള്‍ സാക്ഷാല്‍ക്കരിക്കുമ്പോള്‍ സ്വഹാബികളെയും താബിഉകളെയും നമുക്കനുസ്മരിപ്പിച്ചുതരികയാണ് ചെയ്യുന്നത്. ഹ. അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഒരിക്കല്‍ തന്റെ അടിമ കൊണ്ടുവന്നുകൊടുത്ത ഭക്ഷണം കഴിച്ചു. അത് ശുബ്ഹത്തിന്റെ (ഹറാം കലര്‍ന്ന) ഭക്ഷണമാണെന്ന് പിന്നീടാണവന്‍ പറഞ്ഞത്. തല്‍ക്ഷണം വായില്‍ കൈയിട്ട് വയറ്റിലുള്ളതു മുഴുക്കെ ഛര്‍ദിച്ചു കളയാന്‍ മാത്രമേ സ്വിദ്ദീഖ്(റ)വിന് കഴിഞ്ഞുള്ളൂ. ഒരു നിഷിദ്ധ കാര്യത്തിലകപ്പെട്ടുപോകുമോ എന്ന് ഭയന്ന് എഴുപത് അനുവദനീയ വിഷയങ്ങള്‍ ഞങ്ങള്‍ വര്‍ജിക്കാറുണ്ടായിരുന്നു(1) എന്ന് മഹാനവര്‍കള്‍ പറയുമായിരുന്നു.

ഹ. ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ)വിന്റെയടുത്തേക്ക് ഗനീമത്ത് സമ്പത്തുക്കളില്‍ പെട്ട കസ്തൂരി ആരോ കൊണ്ടുവന്നുകൊടുത്തു. അതിട്ടു വെച്ച പാത്രത്തിന്റെ സുഗന്ധമേല്‍ക്കുന്ന ഭാഗത്താണ് അദ്ദേഹം പിടിച്ചത്. എന്നാല്‍ പിന്നീട് താന്‍ പറഞ്ഞു: ഇതിന്റെ ഉപകാരം സുഗന്ധം ലഭിക്കലാണല്ലോ. മറ്റു മുസ്‌ലിംകള്‍ക്ക് കിട്ടാതെ എനിക്കു മാത്രം ആ സുഗന്ധം ലഭിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല!

ഹ. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) തന്റെ കൗതുകകരമായ ഒരനുഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ഞാന്‍ കുറേ ഒട്ടകങ്ങളെ വാങ്ങുകയും കാവല്‍സ്ഥലത്തേക്ക്(5) അവയെ തെളിച്ചുകൊണ്ടുപോവുകയും ചെയ്തു. കുറേ കഴിഞ്ഞ് അവ തടിച്ച് ശരീരം മെച്ചപ്പെട്ടപ്പോള്‍ ഞാന്‍ തിരിച്ചുകൊണ്ടുവന്നു മാര്‍ക്കറ്റിലെത്തിച്ചു. അങ്ങനെ ഹ. ഉമര്‍(റ) മാര്‍ക്കറ്റിലെത്തിയപ്പോള്‍ കുറേ തടിച്ച ഒട്ടകങ്ങളെക്കണ്ട് അവ ആരുടേതാണ് എന്നന്വേഷിച്ചു. അബ്ദുല്ലായുടേതാണെന്ന് മറുപടി കിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: സബാഷ് അബ്ദുല്ലാ, അമീറുല്‍ മുഅ്മിനീന്റെ പുത്രാ, ഈ ഒട്ടകങ്ങള്‍?... ഞാന്‍ മറുപടി നല്‍കി: മെലിഞ്ഞ കുറേ ഒട്ടകങ്ങള്‍ ഞാന്‍ വാങ്ങിയിരുന്നു. എന്നിട്ട് അവയെ കാവല്‍സ്ഥലത്തേക്കയച്ചു. മറ്റു മുസ്‌ലിംകളുടെ ആഗ്രഹം തന്നെയായിരുന്നു എനിക്കും. ഉമര്‍(റ) പറഞ്ഞു: അമീറുല്‍ മുഅ്മിനീന്റെ മകന്റെ(7) ഒട്ടകങ്ങളെ തീറ്റുക, കുടിപ്പിക്കുക എന്ന് പറഞ്ഞ് അവര്‍ വളര്‍ത്തിയിരിക്കും അല്ലേ? അബ്ദുല്ലാ, നീ ഒരു കാര്യം ചെയ്യുക-നിന്റെ മൂലധനം എടുത്തുകൊള്ളുക; ലാഭം ബൈത്തുല്‍ മാലില്‍ അടക്കുക!

ഖുസൈമത്തുബ്‌നു സാബിത്ത്(റ) പറയുന്നു: ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ആരെയെങ്കിലും ഗവര്‍ണറായി നിയമിച്ചാല്‍ അയാളുമായി ഉടമ്പടിയെഴുതുകയും ഒരു സംഘമാളുകളെ സാക്ഷി നിറുത്തുകയും ചെയ്യും. അദ്ദേഹത്തിന്റെ വ്യവസ്ഥകളില്‍ ഇങ്ങനെയുണ്ടാകും: ഗവര്‍ണര്‍ യാത്രക്ക് തുര്‍ക്കിക്കുതിര ഉപയോഗിക്കരുത്; വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കരുത്; നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കരുത്;(1) ആവശ്യക്കാര്‍ വരുമ്പോള്‍ പ്രവേശനം നിഷേധിക്കരുത്. ഇപ്പറഞ്ഞതെന്തെങ്കിലും ചെയ്താല്‍ ശിക്ഷയുണ്ടായിരിക്കും!

ഹ. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ)വിന്റെ ഭാര്യയുടെ ഒരു സംഭവം സുപ്രസിദ്ധമാണ്-അവര്‍ക്ക് ഒരു ദിവസം മധുരപലഹാരമുണ്ടാക്കാന്‍ വലിയ മോഹം. ദൈനംദിന ചെലവില്‍ നിന്ന് അല്‍പാല്‍പമായി ഒരുമിച്ചുകൂട്ടിയ സംഖ്യ കൊണ്ട് മധുരപലഹാരം വാങ്ങാന്‍ അവര്‍ ഹ. ഉമര്‍(റ)വിനോടാവശ്യപ്പെട്ടു. ഇതിനുള്ള സംഖ്യ എവിടന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ അവര്‍ സംഗതി വിശദീകരിച്ചുകൊടുത്തു; സംഖ്യ സ്വരൂപിച്ചുണ്ടാക്കിയതാണെന്നു വ്യക്തമാക്കി. എന്നാല്‍, തുക ബൈത്തുല്‍ മാലിലേക്ക് അടക്കാനായിരുന്നു ഉമറിന്റെ കല്‍പന. അനിവാര്യാവശ്യമുള്ള സംഖ്യയല്ലാത്തതിനാലാണ് അത് ശേഖരണത്തിനായി നീക്കിവെക്കാന്‍ സാധിച്ചത് എന്നായിരുന്നു ഖലീഫയുടെ ന്യായീകരണം. തന്റെ പ്രജകള്‍ വയറുനിറയെ ഭക്ഷണം കഴിക്കാന്‍ വേണ്ടി സ്വയം വിശപ്പു സഹിച്ച നേതാവായിരുന്നു അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ)!

ഹ. ഉമറുബ്‌നു അബ്ദില്‍ അസീസ്(റ)വിന് ഒരടിമയുണ്ടായിരുന്നു. അവനായിരുന്നു ഖലീഫക്ക് വുളൂഅ് ചെയ്യാന്‍ ഒരു ചെമ്പില്‍ ചൂടാക്കി വെള്ളം കൊണ്ടുവന്നിരുന്നത്. ഒരു ദിവസം ഖലീഫ ചോദിച്ചു: മുസ്‌ലിംകളുടെ പൊതുഉപയോഗത്തിനുള്ള അടുക്കളയില്‍ വെച്ചാണോ ഇത് നീ ചൂടാക്കിക്കൊണ്ടുവരാറുള്ളത്? അതെ എന്നായിരുന്നു അടിമയുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: ഛെ നീയത് ദുഷിപ്പിച്ചുകളഞ്ഞതുതന്നെ.(3) തുടര്‍ന്ന് അദ്ദേഹം ആ ചെമ്പില്‍ വെള്ളം തിളപ്പിച്ചുനോക്കാനും അതിനാവശ്യമാകുന്ന വിറകിന്റെ കണക്ക് കണ്ടെത്താനും ഏര്‍പ്പാടാക്കി. പിന്നീട് അടിമ ചൂടുവെള്ളം കൊണ്ടുവന്ന ആകെ ദിവസം കണക്കാക്കി അത്രയും വിറക് താന്‍ വ്യക്തിപരമായി വാങ്ങിക്കൊടുത്താണ് പ്രശ്‌നം പരിഹരിച്ചത്! ശാമില്‍ നിന്ന് താന്‍ വായ്പ വാങ്ങിയിരുന്ന ഒരു പേന തിരിച്ചുനല്‍കാനായി ശൈഖ് അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്(റ) ഖുറാസാനില്‍ നിന്ന് അങ്ങോട്ട് മടങ്ങിപ്പോയതായി മുനാവി ഉദ്ധരിച്ചിട്ടുണ്ട്.(5) സ്വൂഫികളുടെ അത്തരം പല സംഭവകഥകളുമുദ്ധരിച്ച ശേഷം അദ്ദേഹമെഴുതുകയാണ്: ...അതുകൊണ്ട് മഹാന്മാരായ സ്വൂഫികളുടെ സൂക്ഷ്മത നീ കാണേണ്ടതുണ്ട്. ശാശ്വത വിജയം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരോട് നീ തുല്യനാവുക.

സുപ്രസിദ്ധ സ്വൂഫിവര്യനായ ബിശ്‌റുല്‍ഹാഫീ(റ)യെ ഒരു സദ്യക്ക് കൊണ്ടുപോയി. മുമ്പില്‍ ഭക്ഷ്യവിഭവങ്ങള്‍ നിരത്തിവെക്കപ്പെട്ടു. പക്ഷേ, അദ്ദേഹം കഴിക്കാനൊരുങ്ങുമ്പോള്‍ കൈ നീളുന്നില്ല! വീണ്ടും വീണ്ടും ശ്രമം തുടര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം. ഈ രംഗം കണ്ടപ്പോള്‍ ആ മഹാനെ അറിയുമായിരുന്ന ഒരാള്‍ പറഞ്ഞു: ശുബ്ഹത്ത് ഉള്ളതോ ഹറാമായതോ ആയ ഭക്ഷണത്തിലേക്ക് അദ്ദേഹത്തിന്റെ കൈ നീളുന്നതല്ല. സദ്യയൊരുക്കിയ ഈ ആതിഥേയന് തന്റെ വീട്ടിലേക്ക് ഈ മഹാനെ ക്ഷണിക്കേണ്ടതില്ലായിരുന്നു.

അപ്പോള്‍ തങ്ങളുടെ സൂക്ഷ്മതയില്‍ സ്വൂഫികളുടെ മാര്‍ഗം തിരുമേനി(സ്വ)യോടും സമാദരണീയരായ സ്വഹാബികളോടുമുള്ള അനുധാവനം മാത്രമാണ്. അവര്‍ അല്ലാഹുവിന്റെ ചര്യ മുറുകെ പിടിക്കുകയും അവനെ സ്‌നേഹിക്കുകയും ചെയ്യുന്നതിന്റെ ഒരടയാളമാണത്. അല്ലാഹുവിന്റെ കല്‍പനകളോടുള്ള വൈരുധ്യത്തില്‍ തങ്ങള്‍ വീണുപോയേക്കുമോ എന്ന ഭയപ്പാടിനാലുണ്ടാകുന്നതാണത്. കാരണം, സത്യവിശ്വാസത്തിന്റെ രുചി ഒരാള്‍ ആസ്വദിച്ചാല്‍ അല്ലാഹു അവനെ തഖ്‌വാ കൊണ്ട് ആദരിക്കും. തഖ്‌വാ ഒരാളില്‍ രൂഢമൂലമായാല്‍ ശുബ്ഹത്തുകളെപ്പറ്റി അയാള്‍ സൂക്ഷ്മാലുവായിത്തീരുകയും അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ ഔദാര്യം പ്രത്യാശിക്കുകയും ചെയ്യും. ശൈഖ് ശാഹ് അല്‍കിര്‍മാനി പറഞ്ഞതിന്റെ ഉദ്ദേശ്യം അതാണ്: തഖ്‌വായുടെ അടയാളം സൂക്ഷ്മതയാണ്; സൂക്ഷ്മതയുടെ ലക്ഷണം ശുബ്ഹത്തുകള്‍ വര്‍ജിക്കലും ഭയത്തിന്റെ അടയാളം സങ്കടവും പ്രത്യാശയുടെ ചിഹ്നം ഉദാത്തമായ അനുസരണയുമാകുന്നു. അതിനാല്‍ സമുന്നതമായ മനക്കരുത്തിന്റെയാളുകളായ സ്വൂഫികളുമായി സംഗമിക്കാനും, അവരെപ്പോലെയാകാന്‍ അവരുമായി സഹത്വം പുലര്‍ത്താനും നീ പരിശ്രമങ്ങള്‍ ചെയ്യുക. കൂടെക്കഴിയുമ്പോള്‍ അവരെപ്പോലെയാകുമല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter