സ്വന്തത്തെ അറിയുക; നാഥനിലേക്കുള്ള വഴി എളുപ്പമാവും
അവന്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു; മതത്തില്‍ യാതൊരു പ്രയാസവും നിങ്ങള്‍ക്കവന്‍ നിശ്ചയിച്ചിട്ടില്ല. (ഖുര്‍ആന്‍ സൂറത്തുല്‍ ഹജ്ജ് 87) മുഹമ്മദ് മുസ്ത്വഫാ തിരുമേനി (സ)യുടെ അനുയായികളായ നാം സ്വന്തത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അത്യുത്തമ റസൂലിന്റെ ഉമ്മത്തായ നാം അത്യുത്തമ ജനവിഭാഗമാണ്. സ്വന്തം അവസ്ഥയും പദവിയും ഉത്തരവാദിത്വങ്ങളും അന്തിമവിജയവും മനസ്സിലാക്കാന്‍ സാധിച്ചവര്‍ക്കേ യഥായോഗ്യം മൂന്നോട്ടുപോകാനാവൂ. ഭൂതലത്തിലുള്ള സകലര്‍ക്കും നന്മയും സന്തുഷ്ടിയും ഉപകാരവും സഹകരണവും നല്‍കേണ്ടവനാണ് മുസ്‌ലിം. സ്വന്തം ശരീരം മുതല്‍ സകലരോടും സര്‍വതിനോടും വരെ ഉത്തമ സമീപനങ്ങള്‍ മാത്രമേ അവനില്‍നിന്നുണ്ടായിക്കൂടൂ. സ്വന്തം ശരീരത്തെ സംസ്‌കരിച്ചെടുക്കണം. അവന്‍ വിജയിയായി. അതിനെ ദുഷിപ്പിച്ചവനാകട്ടെ പരാജിതനാവുകയേ ഉള്ളൂ. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (സൂറത്തുശ്ശംസ് 9,10) ഏറ്റവും ഉത്തമവും സ്‌നേഹമസൃണവും ആദരപൂര്‍ണവുമായ സമീപനം നമ്മില്‍നിന്നര്‍ഹിക്കുന്നവരാണ് മാതാപിതാക്കള്‍. നമ്മുടെ അസ്തിത്വത്തിനു തന്നെ കാരണക്കാര്‍ അവരാണല്ലോ. അവരോട് നാം അനുസരണയുള്ളവരാകണം. പരമാവധി ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ആദരിക്കുകയും വേണം. ഖുര്‍ആനില്‍ ഇരുപതോളം സ്ഥലങ്ങളില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പൊരുത്തം മാതാപിതാക്കളുടെ സംതൃപ്തി നേടുന്നതിലാകുന്നു എന്നാണ് നബിവചനം (തുര്‍മുദി, ഥബ്‌റാനി, ഹാക്കിം) എന്നാല്‍ ഇന്ന് പലരും വൃദ്ധ മാതാപിതാക്കളോട് ഗുരുതരമായ സമീപനങ്ങളാണ് വെച്ചുപുലര്‍ത്തുന്നത്. ഉയര്‍ന്ന സ്ഥിതിയിലുള്ള മക്കള്‍ അവരെ നിശ്ശേഷം അവഗണിക്കുന്നു. തന്നെ തൊട്ടുതലോടി താലോലിച്ചു കഷ്ടപ്പെട്ടു പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ ആ കാരുണ്യ സാഗരങ്ങളെ വിവേകവും തന്റേടവുമുള്ള ഒരു മകന്ന് എങ്ങനെ അവഗണിക്കാന്‍ കഴിയും? അശരണരായിക്കഴിയുന്ന അവരെ വൃദ്ധസദനത്തിലാക്കി തടിയൂരുന്നവര്‍ അതിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ പരലോകം കാത്തുനില്‍ക്കേണ്ടിവരില്ല. ഈ ഭൗതിക ജീവിതത്തില്‍തന്നെ അവരതു കൈപ്പറ്റിയേ തീരൂ; കാത്തിരുന്നാല്‍ കാണാം. ഇതേപോലെ പവിത്രമായ ബന്ധം തന്നെയാണ് രക്തബന്ധമുള്ളവരോടും മറ്റു കുടുംബക്കാരോടും പുലര്‍ത്തേണ്ടത്. കുടുംബബന്ധം നിര്‍ബന്ധമായി കാത്തുസൂക്ഷിക്കേണ്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ 4:1-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അമുസ്‌ലിമായ ബന്ധുവിനോടുപോലും ഇതു പുലര്‍ത്തണമെന്ന് തിരുമേനി(സ) സ്പഷ്ടമാക്കി. തന്റെ അവിശ്വാസിനിയായ മാതാവ് ഔദാര്യപ്രതീക്ഷയോടെ സന്ദര്‍ശിക്കുമ്പോള്‍ എന്തുനിലപാട് സ്വീകരിക്കണമെന്നു അസ്മാഅ് ബീവി(റ) ചോദിച്ചപ്പോള്‍ നബി (സ) പ്രതികരിച്ചു: അതെ, അവരോട് ഉത്തമ സമീപനം പുലര്‍ത്തുക. സാമ്പത്തിക നേട്ടത്തില്‍ കണ്ണുവെച്ചാണ് ഇന്നു സര്‍വരുടെയും മുഴുബന്ധങ്ങളും. എന്നാല്‍ ഇസ്‌ലാം അതൊരു മൗലിക ഘടകമായി പരിഗണിക്കുന്നേയില്ല. കുടുംബക്കാരും ബന്ധുക്കളും സമ്പന്നരോ ദരിദ്രരോ ആകട്ടെ, ആത്മാര്‍ത്ഥമായ സ്‌നേഹമാകണം അവര്‍ക്കിടയില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍. അയല്‍പക്കബന്ധവും ഇസ്‌ലാം അമൂല്യമായി കാണുകയും അതു സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും കല്‍പിക്കുകയും ചെയ്യുന്നു. കുടുംബബന്ധമോ മതകീയ ബന്ധമോ ഉണ്ടായാലും ഇല്ലെങ്കിലും അയല്‍പക്കബന്ധം ഉദാത്തവും ഉന്നതവും തന്നെ. സൂറത്തുന്നിസാഅ് 36-ാം സൂക്തത്തിലിക്കാര്യം കാണാം. റസൂല്‍(സ) പഠിപ്പിച്ചു: 'ആരൊരാള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടോ അവന്‍ അയല്‍വാസിയെ ദ്രോഹിക്കാതിരുന്നുകൊള്ളട്ടെ.' (ബുഖാരി, മുസ്‌ലിം) മറ്റൊരു നിവേദനത്തില്‍, അയല്‍ക്കാരനോട് ഉത്തമ സമീപനം വെച്ചുപുലര്‍ത്തട്ടെ (ബു.മു.) എന്നാണുള്ളത്. ബഹുദൈവ വിശ്വാസിയായ അയല്‍ക്കാരന്നുപോലും ഈ ബന്ധവും കടപ്പാടുമുണ്ട് എന്ന് തിരുമേനിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരാളുടെ ദ്രോഹങ്ങളില്‍നിന്ന് അയാളുടെ അയല്‍ക്കാരന്‍ നിര്‍ഭയനായില്ലയോ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്നും നബി(സ) പഠിപ്പിക്കുകയുണ്ടായി (മുസ്‌ലിം). ഇമാം അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്(റ) സുപ്രസിദ്ധനായ താബിഇയാണ്. ഇസ്‌ലാമിന്റെ സുന്ദരാധ്യാപനങ്ങളത്രയും അദ്ദേഹത്തിന്റെ ജീവിതത്തെ സുശോഭനവും വര്‍ണാഭവുമാക്കിയിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. തനിക്ക് ജൂതനായ ഒരു അയല്‍ക്കാരനുണ്ടായിരുന്നു. വളരെ മാന്യവും വശ്യവുമായ സമീപനമാണ് ഇബ്‌നുല്‍ മുബാറക് ജൂതനോടനുവര്‍ത്തിച്ചിരുന്നത്. ഇടക്കൊരാള്‍, നിങ്ങളുടെ വീടുവില്‍ക്കുന്നുണ്ടോ എന്നു ആ ജൂതനോടന്വേഷിച്ചു. ഇരട്ടിയിലേറെ വിലയാണ് ജൂതന്‍ പറഞ്ഞത്- രണ്ടായിരം ദീനാര്‍. ഇതുകേട്ട് സ്തബ്ധനായിനിന്ന അന്വേഷകനോട് ജൂതന്റെ വിശദീകരണം: ആയിരം വീടിന്റെ വില; ആയിരം ഇബ്‌നുല്‍ മുബാറകിന്റെ അയല്‍പക്ക വിലയും...! ആരാധനാ നിര്‍ഭരമായ ജീവിതം നയിച്ചിരുന്ന ഒരു സ്ത്രീയെക്കുറിച്ചു നബി(സ)യുടെ സന്നിധിയില്‍ പരാമര്‍ശിക്കപ്പെട്ടു. അവര്‍ പകല്‍ നോമ്പനുഷ്ഠിക്കും; രാത്രി നീണ്ട തഹജ്ജുദിലായി യാമങ്ങള്‍ തള്ളിനീക്കും; പക്ഷെ, ഒരു കുഴപ്പം- അയല്‍ക്കാരെ ദ്രോഹിക്കും. തിരുനബി(സ) പ്രതികരിച്ചു: അവള്‍ നരകത്തിലാകുന്നു. (അഹ്മദ്, ഹാക്കിം) ബഹുജനങ്ങളുമായുള്ള ഇടപഴക്കങ്ങള്‍ക്കും സംസാരങ്ങള്‍ക്കുമൊക്കെത്തന്നെ വളരെ മാന്യവും മധുരോദാരവും മാതൃകാപരവുമായ രീതികളാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. കൊടിയ ധിക്കാരിയായ ഫറോഫയുടെയടുത്തേക്കു പോകാന്‍ മൂസാനബിയെയും സഹോദരന്‍ ഹാറൂന്‍ നബിയെയും നിയോഗിച്ചയച്ചപ്പോള്‍പോലും അല്ലാഹു കല്‍പിച്ചത്, നിങ്ങളിരുവരും അവനോട് മൃദുലരീതിയില്‍ സംസാരിക്കണം എന്നായിരുന്നു. ജനങ്ങളോട് നിങ്ങള്‍ നല്ലതു പറയണമെന്നാണ് ഖുര്‍ആന്റെ (2:83) ശാസനം. പരുഷമായും രോഷത്തോടെയും അനാവശ്യ ശബ്ദത്തിലും സാംസാരിക്കരുത്. നിന്റെ ശബ്ദം താഴ്ത്തുക- നിശ്ചയമായും ഹീനശബ്ദം കഴുതയുടേതത്രെ. (ഖുര്‍ആന്‍, ലുഖ്മാന്‍ 19) ഉത്തമ വചനങ്ങള്‍ക്ക് അനന്തമായ പ്രതിഫലനമുണ്ടാകുമെന്നു വിവരിച്ച അല്ലാഹു (സൂറ ഇബ്രാഹീം- 24) കല്‍പിച്ചതിതാണ്: എന്റെ അടിമകള്‍ ഏറ്റം ഉദാത്തമായ കാര്യങ്ങള്‍ പറയണമെന്ന് താങ്കള്‍ നിര്‍ദേശിക്കുക. നമ്മുടെ സംഭാഷണരീതികളും ശൈലികളും പദാവലികളും സംബന്ധിച്ച് ആത്മപരിശോധന നടത്തണം. ഇന്നവരോട് ഇന്നരീതിയില്‍ സംഭാഷണം നടത്തണമെന്ന യാതൊരു അളവുകോലുകളും വ്യവസ്ഥകളും പലര്‍ക്കുമില്ല. അങ്ങനെയൊരു സംസ്‌കാരമോ ധര്‍മമോ ഒക്കെ ഉണ്ടോ എന്നു ശങ്കിക്കുന്നവരാണ് പലരും. നാം ആരുമായി സംസാരിക്കുന്നുവോ അവര്‍ നമ്മുടെ ഓരോ വാക്കിലും, അക്ഷരത്തിലും ഭാവഹാവങ്ങളിലുംനിന്ന് പലതും വായിച്ചെടുക്കുന്നുണ്ട്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം ഓര്‍മവരികയാണ്. കേരളത്തിലെ വലിയൊരു മതസ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടക്കുകയാണ്. കൂട്ടത്തിലൊരാള്‍ ഷര്‍ട്ടിന്റെ ഫുള്‍കൈ ചുരുട്ടിവെച്ചിരിക്കുന്നു (അന്ന് മതവിദ്യാര്‍ത്ഥികളില്‍ അത് അപരിചിതമാണ്.) ഇന്റര്‍വ്യൂ നടത്തുന്ന പ്രിന്‍സിപ്പാള്‍ അതെപ്പറ്റിയാണാദ്യമന്വേഷിച്ചത്. 'നിസ്‌കരിക്കുമ്പോഴല്ലേ ചുരുട്ടിവെക്കല്‍ കറാഹത്തുള്ളൂ' എന്ന മറുചോദ്യമുന്നയിക്കുകയാണ് വിദ്യാര്‍ത്ഥി ചെയ്തത്. ഇന്റര്‍വ്യൂവിന്നുപോലും സന്ദര്‍ഭം നല്‍കപ്പെടാതെ അയാള്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു എന്നതായിരുന്നു ഫലം. സ്വന്തം സംസാരത്തിന്റെ ശൈലിയാണ് ഇയാളുടെ തിക്തഭാഗധേയം നിര്‍ണയിച്ചത്. മറ്റുള്ളവരെ ഇകഴ്ത്തിയും അവഹേളിച്ചും തരംതാഴ്ത്തിയുമൊക്കെ സംസാരിക്കുന്ന രീതി പലരുടെയും സ്വഭാവമാണ്. വളരെ ഗുരുതരമായ ദുസ്വഭാവമാണിതെന്ന് സത്യവിശ്വാസി തിരിച്ചറിഞ്ഞേ പറ്റൂ. ഇമാം ഇബ്‌നു അബ്ബാസില്‍നിന്നു നിവേദനം- മഹാന്‍ പറഞ്ഞു: സ്‌നേഹിതന്റെ ന്യൂനതകള്‍ പറയാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ സ്വന്തം കുറ്റങ്ങളും കുറവുകളും നീ ഓര്‍ക്കുക (ബുഖാരി- അദബുല്‍ മുഫ്‌റദ്, ഹദീസ് നമ്പര്‍ 328). സ്വന്തം കണ്ണിലെ കുന്തം കാണാത്തവന്‍ മറ്റുള്ളവരുടെ കണ്ണിലെ കരടുകാണുന്നു എന്ന ആപ്തവാക്യത്തിന്റെ ഉദ്ദേശ്യമാണ് മേല്‍പറഞ്ഞത്. മുട്ടുകൈയില്ലാത്തവന്‍ ചെറുവിരലില്ലാത്തവനെ കുറ്റം പറയുക എന്നതും ഇതുതന്നെ. നമ്മില്‍ പലരുടെയും അവസ്ഥ ഇതാണ്. ഇത്യാദി വിഷയങ്ങളെല്ലാം ഖുര്‍ആനും ഹദീസും ആവര്‍ത്തിച്ചു വിലക്കിയതാണ്. സൂറത്തുല്‍ ഹുജുറാത്തില്‍ അല്ലാഹു പറഞ്ഞു: ഹേ സത്യവിശ്വാസികളേ, നിങ്ങളില്‍ ഒരുകൂട്ടര്‍ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്; ഇവര്‍ അവരേക്കാള്‍ ഉത്തമരായേക്കാം. ഒരു കൂട്ടം വനിതകള്‍ മറ്റൊരു കൂട്ടം വനിതകളെയും കളിയാക്കരുത്; ഇവര്‍ അവരേക്കാള്‍ ഉദാത്തരായേക്കാം. പരസ്പരം നിങ്ങള്‍ കുത്തുവാക്കുകള്‍ പറയാനോ പരിഹാസപ്പേരുകള്‍ വിളിച്ചപമാനിക്കാനോ പാടില്ലതാനും. സത്യവിശ്വാസം പുല്‍കിയശേഷം അധര്‍മപ്പേര് എത്ര ഹീനം! ആരെങ്കിലും വന്നുപോയവയില്‍നിന്നു പശ്ചാത്തപിക്കാത്തപക്ഷം അവര്‍ തന്നെയത്രെ അക്രമികള്‍ (49:11) കുത്തുവാക്ക് പറയുകയും അവഹേളിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും മഹാനാശം എന്നും ഖുര്‍ആന്‍ വ്യക്തമാക്കി (104:1) സുപ്രസിദ്ധമായ ഒരു ഹദീസിന്റെ അധ്യാപനം ഇതാണ്- അബൂഹുറൈറ(റ)യില്‍നിന്നുദ്ധരണം. റസൂല്‍ പറഞ്ഞു: ഊഹം നിങ്ങള്‍ സൂക്ഷിക്കുക. കാരണം, ഏറ്റവും വലിയ നുണയായിരിക്കും അത്. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്, ചാരപ്പണി ചെയ്യരുത്, മാത്സര്യപ്രകടനമരുത്, പരസ്പരം അസൂയവെക്കരുത്, വിദ്വേഷമുണ്ടാക്കരുത്, ഗൂഢാലോചന നടത്തരുത്. അല്ലാഹുവിന്റെ അടിമകളേ, അവന്‍ കല്‍പിച്ചതുപോലെ നിങ്ങള്‍ സഹോദരങ്ങളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ സഹോദരനെ അക്രമിക്കയില്ല, അവഹേളിക്കയില്ല, നിസ്സാരനാക്കുകയില്ല. തഖ്‌വാ കുടികൊള്ളുന്നത് (നെഞ്ചിലേക്ക് ചൂണ്ടി) ഇവിടെയാകുന്നു. മുസ്‌ലിമായ തന്റെയൊരു സഹോദരനെ നിസ്സാരമാക്കുന്നത് തന്നെ മതി ഏറ്റം വലിയ തിന്മയായി. ഒരു മുസ്‌ലിമിന്റെ എല്ലാം മറ്റൊരു മുസ്‌ലിമിന് നിഷിദ്ധമത്രെ- രക്തം, അഭിമാനം, സമ്പത്ത് എന്നിവയൊക്കെ (ബുഖാരി, മുസ്‌ലിം) ഈദൃശമായ അമൂല്യാധ്യാപനങ്ങളൊക്കെ നാം മറന്നു. താന്തോന്നികളായി ജീവിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ അല്ലാഹുവിന്റെ അടിമയാണ്. ഉടമയുടെ, യജമാനന്റെ അന്നദാതാവിന്റെ, അനുഗ്രഹദായകന്റെ താല്‍പര്യമനുസരിച്ചുമാത്രമേ അവന്‍ ജീവിച്ചുകൂടൂ. ധിക്കരിച്ചും നിയമലംഘനം നടത്തിയുമുള്ള ജീവിതം ക്ഷണികമായിരിക്കും; തുടര്‍ന്നുള്ളത് കടുത്ത ശിക്ഷയും. നമ്മെ നാം തിരിച്ചറിയുക, വിജയത്തിന്റെ പാതയില്‍ ജീവിക്കുക.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter