ഇഖ്‌ലാസ്വില്‍ വരുന്ന കലര്‍പ്പുകള്‍
മുരീദിന്റെ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ഇഖ്‌ലാസ്വില്‍ മായം കലര്‍ന്ന് ധാരാളം അപകടങ്ങള്‍ സംഭവിക്കാനിടയുണ്ട്. അപകടങ്ങള്‍ എന്നു വെച്ചാല്‍, അല്ലാഹുവിങ്കേലക്കുള്ള പ്രയാണത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ചില മറകളാണ്. അതിനാല്‍ ആ മറകള്‍ എന്തൊക്കെയാണെന്ന് പരാമര്‍ശിക്കല്‍ അനിവാര്യമായിത്തീരുന്നു. മുരീദുമാരെ അവയുടെ അപകടകാരിതയെപ്പറ്റി ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ വിശദീകരിക്കുകയും വേണം. അപ്പോഴേ മുരീദിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പടച്ചവന്റെ പ്രീതിക്കു വേണ്ടി മാത്രമുള്ളതായിത്തീരൂ.

ഈ മറകളില്‍ ഒന്നാമത്തേത് തന്റെ കര്‍മാനുഷ്ഠാനങ്ങളെ ഒരാള്‍ കാണുകയും അതിനെപ്പറ്റി സ്വയം മതിപ്പു തോന്നുകയും ചെയ്യുക എന്നതാണ്. ആര്‍ക്കു വേണ്ടി താന്‍ ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുവോ അവനില്‍ നിന്നും മേല്‍പറഞ്ഞ മതിപ്പുതോന്നല്‍ കൊണ്ടും, ഏത് ആരാധ്യനെ ലക്ഷ്യം വെച്ചിരിക്കുന്നുവോ അവനില്‍ നിന്ന് ഇതേ ആരാധന കൊണ്ടുതന്നെയും മുരീദ് മറയിടപ്പെടുന്നു എന്നതാണിവിടെ സംഭവിക്കുന്നത്.

തന്റെ അനുഷ്ഠാനങ്ങളെ താന്‍ തന്നെ കാണുക എന്നതില്‍ നിന്ന് മുരീദിനെ രക്ഷപ്പെടുത്തുന്നത് വിജ്ഞാനമാണ്. അല്ലാഹു ഈ ആരാധനകള്‍ക്കായി തനിക്ക് ഔദാര്യവും സൗകര്യങ്ങളും ചെയ്തുതന്നിരിക്കുന്നുവെന്നും താന്‍ അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണെന്നും താനും തന്റെ കര്‍മങ്ങളുമെല്ലാം അവന്‍ പടച്ചതാണെന്നും-നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവാണ് എന്ന് ഖുര്‍ആന്‍(3) പറയുന്നുണ്ട്-തനിക്ക് കാര്യങ്ങള്‍ അനുവര്‍ത്തിക്കുക എന്ന ഒരു ബന്ധമേ ഉള്ളൂ എന്നുമൊക്കെയുള്ള അറിവ് മുരീദിനുണ്ടായിരിക്കണം.

മനസ്സിന്റെ വിശേഷണങ്ങള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയും അല്ലാഹു തന്നെ വിശേഷിപ്പിച്ചതുപോലെ 'അത് ദുഷ്‌കര്‍മങ്ങള്‍ക്കായി വല്ലാതെ കല്‍പിച്ചുകൊണ്ടിരിക്കും' എന്ന് മനസ്സിലാക്കുകയും ചെയ്താല്‍ ഒരു വസ്തുത അവന് ബോധ്യമാകും-തന്നില്‍ നിന്ന് എന്തെങ്കിലും നന്മകള്‍ ഉണ്ടായിത്തീരുന്നുണ്ട് എങ്കില്‍ നിശ്ചയം  അല്ലാഹുവിന്റെ കേവലമായ ഔദാര്യവും പുണ്യവും കൊണ്ട് മാത്രമാണത്. ഇങ്ങനെ മനസ്സിലാക്കുമ്പോഴേ ഖുര്‍ആന്റെ പ്രസ്താവത്തിന്റെ ആസ്വാദ്യത അവന് രുചിക്കാനാവൂ: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങളിലൊരാളെയെങ്കിലും അവന്‍ ഉത്തമനാക്കുമായിരുന്നില്ല! അപ്പോള്‍ തന്റെ കര്‍മാനുഷ്ഠാനങ്ങള്‍ കാണുകയും അവയില്‍ ഊറ്റം കൊള്ളുകയും ചെയ്യുക എന്ന അവസ്ഥയില്‍ നിന്ന് വ്യക്തി സുരക്ഷിതനാകണമെങ്കില്‍ സ്വന്തം മനസ്സിനെപ്പറ്റിയും അതിന്റെ ആന്തരികവിശേഷണങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം അവനുണ്ടാകണം. അതിനാല്‍ ഈ വിജ്ഞാനം കരസ്ഥമാക്കുവാന്‍ മനുഷ്യന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

അല്ലാഹുവിങ്കലേക്കുള്ള പ്രയാണമധ്യേ മുരീദിന്റെ വഴിയില്‍ മറ സൃഷ്ടിക്കുന്ന രണ്ടാമത്തെ കാര്യം, തന്റെ കര്‍മങ്ങള്‍ക്ക് പകരമാവശ്യപ്പെടുക എന്നതാണ്. ഈ പകരം ഇഹലോകത്തോ പരലോകത്തോ ആകാവുന്നതാണ്. ദുന്‍യാവിലുള്ള പകരം എന്നത് ഭിന്നസ്വഭാവങ്ങളിലുള്ള ശാരീരിക താല്‍പര്യങ്ങള്‍ ആകാം. പേരും പ്രശസ്തിയും പ്രകടന തല്‍പരതയുമാകാവുന്നതാണ്. ചിലപ്പോള്‍ തസ്വവ്വുഫിന്റെ വഴിയില്‍ തന്നെയുള്ള വ്യത്യസ്താവസ്ഥകള്‍, പദവികള്‍, ആന്തരിക ദര്‍ശനങ്ങള്‍, ആത്മജ്ഞാനങ്ങള്‍ മുതലായവ ആഗ്രഹിക്കലും ആകാവുന്നതാണ്. ഇതുകൊണ്ടാണ് പ്രഗത്ഭ സ്വൂഫിവര്യനായ ശൈഖ് അര്‍സലാന്‍(റ) ഇക്കാര്യം പ്രത്യേകം ഉണര്‍ത്തുന്നത്. തന്റെ പരമോദ്ദേശ്യവും സ്‌നേഹഭാജനവും ആത്യന്തികലക്ഷ്യവുമായ അല്ലാഹു അല്ലാത്ത മറ്റെന്തിലേക്കെങ്കിലും തിരിഞ്ഞുനോക്കുന്നവരെ ഗുണദോഷിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: ദേഹേച്ഛകളുടെയും ആരാധനാമുറകളുടെയും ദിവ്യദര്‍ശനങ്ങളുടെയും ഭിന്നപദവികളുടെയും തടവുപുള്ളിയായിക്കഴിയുന്ന മുരീദേ, നീ വഞ്ചനയിലകപ്പെട്ടുപോയിരിക്കുന്നു!

ഈ മുരീദ് മേല്‍പറഞ്ഞ താല്‍പര്യങ്ങളുടെ തടവുപുള്ളിയായി എന്ന് പറഞ്ഞത്, അവയത്രയും അല്ലാഹു അല്ലാത്തത് എന്ന അന്യവിഭാഗത്തില്‍ പെട്ടതിനാലാകുന്നു. സൃഷ്ടികളുടെ ലോകമാണുതാനും അവ.(4) അതിനാല്‍ അവയുടെയടുത്തു നിന്നുപോകല്‍ അല്ലാഹുവിനെ അറിയുന്ന വഴിയിലേക്കെത്തിച്ചേരുന്നതിനെ തടസ്സപ്പെടുത്തിക്കളയുന്നതാണ്. യാത്രയുടെ അന്ത്യബിന്ദുവും പരിസമാപ്തിയും നിങ്ങളുടെ നാഥന്റെ സമീപത്താകുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്.

ശൈഖ് അര്‍സലാന്റെ മേല്‍പ്രസ്താവത്തെ പരാമര്‍ശിച്ചുകൊണ്ട് ശൈഖ് അബ്ദുല്‍ഗനിന്നാബുലുസി എഴുതുന്നു: അദ്ദേഹം അങ്ങനെ പറയാന്‍ കാരണമുണ്ട്-അല്ലാഹുവിനെ ലക്ഷ്യം വെച്ചുള്ള യാത്രയില്‍ നീ സത്യനായിരുന്നുവെങ്കില്‍ ശരീരത്തിന്റെ ഇച്ഛകളിലേക്കോ ആരാധനകളിലേക്കോ പദവികളിലേക്കോ ഉള്‍വിളികളിലേക്കോ നീ തിരിഞ്ഞുനോക്കുകയേ ഇല്ല. പടച്ചവനല്ലാത്ത മറ്റെല്ലാറ്റിനെയും വിട്ട് നിന്റെ ആത്യന്തിക ലക്ഷ്യം അവനിലേക്ക് മാത്രമാക്കുകയും ചെയ്യുമായിരുന്നു. നിന്റെ ഹൃദയദാര്‍ഢ്യവും മനക്കരുത്തും കേവലം അവനില്‍ കേന്ദ്രീകരിക്കുകയും മറ്റുള്ള സകലതും ഉപേക്ഷിക്കുകയും ചെയ്‌തേനെ. തന്റെ ഗുരു അബുല്‍ അബ്ബാസില്‍ മുര്‍സി പറഞ്ഞതായി 'അത്തന്‍വീര്‍ ഫീ ഇസ്ഖാഥിത്തദ്ബീര്‍' എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു അഥാഇല്ലാഹ്(റ) ഉദ്ധരിക്കുന്നു: തനിക്ക് അല്ലാഹുവിങ്കലേക്ക് എത്തിച്ചേരണം എന്ന ഇച്ഛ(1) വിച്ഛേദിതമായെങ്കിലേ ഏതൊരു വലിയ്യും അവങ്കലേക്ക് എത്തിച്ചേരൂ. ചില മഹാന്മാര്‍ ഇങ്ങനെ പ്രസ്താവിച്ചതായി കാണാം: പ്രപഞ്ചങ്ങളുടെ ഔന്നത്യത്തിലേക്ക് നീ ഉയര്‍ത്തപ്പെടുകയും പരമോന്നതസ്ഥാനത്തേക്ക് നീ കയറിച്ചെല്ലുകയും ചെയ്താലും, പിന്നീട് ഒരു അണു അളവെങ്കിലും വഞ്ചനയിലകപ്പെട്ടുപോയാല്‍ നീ ബുദ്ധിമാന്മാരില്‍ പെട്ടവനല്ല. ഇബ്‌നുല്‍ ഫാരിള് ഇങ്ങനെ പാടുകയുണ്ടായി:            (എന്നില്‍ പ്രത്യക്ഷപ്പെട്ട സകല വസ്തുവിന്റെയും സൗന്ദര്യം എന്നോടു പറഞ്ഞു: എന്നെ ആസ്വദിച്ചുകൊള്ളുക! ഞാന്‍ പ്രതികരിച്ചു: എന്റെ പരമലക്ഷ്യം അപ്പുറത്താകുന്നു.) അപ്പോള്‍ വസ്തുക്കളുടെയും സൃഷ്ടികളുടെയും സൗന്ദര്യത്തിലേക്കും ആസ്വാദ്യതയിലേക്കും തിരിഞ്ഞുനോക്കലും അതിനായി വഴിക്കുവെച്ച് നിന്നുപോകലും പറ്റില്ല. വഞ്ചനയില്‍ വീണുപോകലും യാത്ര വിച്ഛേദിതമായിപ്പോകലുമാകുന്നു അത്. ഇത്തരമാളുകള്‍ക്ക് സ്വൂഫികള്‍ ഇങ്ങനെ ഉപദേശം നല്‍കിയിട്ടുണ്ട്:          (യാത്രാമധ്യേ മുഴുവന്‍ പദവികളും നിന്റെ മേല്‍ വെളിപ്പെടുത്തപ്പെട്ടാലും നീ അവയില്‍ നിന്നൊക്കെ വ്യതിചലിക്കണം;  കാരണം അതുപോലുള്ളതില്‍ നിന്ന് വ്യതിചലിക്കയാണ് ഞങ്ങള്‍ ചെയ്തത്.(5)) ഇബ്‌നു അഥാഇല്ലാഹിസ്സികന്ദരി(റ) പറയുന്നു: ഥരീഖത്തില്‍ പ്രവേശിച്ച ഏതൊരാളും എന്തെങ്കിലും ദിവ്യദര്‍ശനങ്ങളുണ്ടാകുന്ന സമയത്ത് വഴിമധ്യേ നിന്നുപോകാനുദ്ദേശിക്കുകയാണെങ്കില്‍ യാഥാര്‍ഥ്യത്തിന്റെ 'അശരീരി'കള്‍ അവനോട് ഇങ്ങനെ വിളിച്ചുപറയാതിരിക്കില്ല-നിന്റെ പരമലക്ഷ്യം മുന്നിലാണ്(1) സ്ഥിതി ചെയ്യുന്നത്.

മനുഷ്യന്‍ ഇത്തരം പദവികളെയും മറ്റു നേട്ടങ്ങളെയും ആഗ്രഹിക്കുക എന്നത് ഗുപ്തമായ ദേഹേച്ഛയാകുന്നു. അതിന്റെ പരിണതി രണ്ടിലൊന്നായിരിക്കും-ഒന്നുകില്‍ അത് കൈവരും; അപ്പോള്‍ അതിലവന്‍ ചടഞ്ഞുകൂടുകയും പരമലക്ഷ്യം പ്രാപിക്കാനാകാതെ അതില്‍ നിന്ന് ഉപരോധിക്കപ്പെടുകയും ചെയ്യും. അല്ലെങ്കില്‍ അത് കൈവരാതിരിക്കും; കാരണം അത്തരം പദവികളായിരിക്കും അവന്റെ ലക്ഷ്യം തന്നെ; അല്ലാഹു ഒരു മാര്‍ഗവും നിമിത്തവുമാണെന്നു മാത്രം. പദവികള്‍ ആയിരുന്നു ലക്ഷ്യമെന്നതിനാല്‍ (ഉദ്ദേശ്യശുദ്ധിയില്ലായ്മ മൂലം) അതിലേക്കവന്‍ എത്തുകയുമില്ല. തന്മൂലം അവന് നിരാശ വരികയും ക്ഷീണം ബാധിക്കുകയും ഇച്ഛാഭംഗമുണ്ടാവുകയും ചെയ്യുന്നു. അപ്പോള്‍ പിന്നോട്ട് നടക്കുകയാണവന്‍ ചെയ്യുക. ഈ ദശാസന്ധിയിലെ ഏകരക്ഷാമാര്‍ഗം മാര്‍ഗദര്‍ശികളുടെ സഹായഹസ്തമാണ്. അവരുടെ മാര്‍ഗദര്‍ശനം ഉണ്ടായാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവന് സാധിക്കും. മറിച്ചാണെങ്കില്‍ അവന്‍ മാര്‍ഗവിച്ഛേദിതനായി ഭവിക്കും; കമിഴ്ന്നടിച്ചു വീണുപോകും.

തന്റെ കര്‍മങ്ങള്‍ക്ക് ദുന്‍യാവില്‍ വെച്ചുള്ള പകരമാവശ്യപ്പെടുന്നത് മുരീദിന്റെ വഴിയില്‍ മറ സൃഷ്ടിക്കുമെന്നാണ് നാം പറഞ്ഞുവന്നത്. പരലോകത്തുള്ള പകരം ആഗ്രഹിക്കലും ഇങ്ങനെത്തന്നെ. അവിടെയുള്ള പകരം സ്വര്‍ഗപ്രവേശനവും നരകവിമോചനവുമാണ്.(3) ഇവ്വിഷയകമായി തന്റെ നിലപാട് സാധൂകരിക്കാനായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വര്‍ഗപ്രവേശം ലഭിക്കുന്നതുതന്നെ അല്ലാഹുവിന്റെ കാരുണ്യം മൂലമാണ്, മനുഷ്യന്റെ കര്‍മം കൊണ്ടല്ല എന്നതാണത്. തിരുമേനി(സ്വ) ഒരിക്കല്‍ പ്രഖ്യാപിച്ചു: നിങ്ങളില്‍ ഒരാളും തന്റെ കര്‍മങ്ങള്‍ മുഖേന സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല! സ്വഹാബികള്‍ സംശയമുന്നയിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങേക്കും സ്വര്‍ഗപ്രവേശമുണ്ടാകില്ലേ?! നബി(സ്വ) പ്രതികരിച്ചു: ഇല്ല, ഞാനും കടക്കുകയില്ല. തന്റെ അനുഗ്രഹം കൊണ്ട് അല്ലാഹു എന്നെ ആവരണം ചെയ്താല്‍ അല്ലാതെ!

അപ്പോള്‍ തന്റെ കര്‍മാനുഷ്ഠാനങ്ങള്‍ക്ക് പകരം തേടുക എന്ന അവസ്ഥയില്‍ നിന്ന് അടിമ തീര്‍ത്തും മുക്തനാകേണ്ടതുണ്ട്. താന്‍ പടച്ചവന്റെ അടിമ മാത്രമാണെന്ന വസ്തുത ദൃഢീകരിച്ച് വിശ്വസിക്കുകയാണ് അതിനു വേണ്ടത്. സ്വര്‍ഗപ്രാപ്തിയാകട്ടെ, അല്ലെങ്കില്‍ നരകവിമോചനമാകട്ടെ നാഥന്റെ ഔദാര്യം ഒന്നു കൊണ്ടുമാത്രമേ നേടാനാകൂ. ഒരു അടിമക്ക് തന്റെ യജമാനനില്‍ യാതൊരു സ്വാധീനശേഷിയുമുണ്ടാവില്ല. ഇബാദത്തുകള്‍ ചെയ്യുന്നത് ആ അടിമത്തത്തിന്റെ പേരില്‍ മാത്രമാണ്.(1) പ്രതിഫലമോ കൂലിയോ ലഭിക്കുന്നുവെങ്കില്‍-ദുന്‍യാവിലാണെങ്കിലും ആഖിറത്തിലാണെങ്കിലും-അത് അല്ലാഹുവിന്റെ ഔദാര്യവും നന്മയും മാത്രം. ഇബാദത്തുകള്‍ക്ക് തൗഫീഖും സൗഭാഗ്യവും കിട്ടുന്നതും ഇങ്ങനെത്തന്നെ. ഈ തൗഫീഖ് നേടാനാവുന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണെന്ന് കാണുമ്പോള്‍ അതിന് കൃതജ്ഞത രേഖപ്പെടുത്താന്‍ മനുഷ്യന്‍ ധൃതിപ്പെട്ട്  സന്നദ്ധനാകും. ഇങ്ങനെ വരുമ്പോള്‍, കര്‍മങ്ങള്‍ക്ക് പ്രതിഫലം ആഗ്രഹിക്കുക എന്ന സ്ഥിതിയില്‍ നിന്ന് അവന്‍ വിമോചിതനായിത്തീരുന്നതാണ്.

ദിവ്യസാന്നിധ്യത്തിലേക്കുള്ള യാത്രാമധ്യേ മുരീദിന്റെ മാര്‍ഗത്തില്‍ പ്രതിരോധം ഉണ്ടാക്കുന്ന മൂന്നാമത്തെ കാര്യം, തന്റെ കര്‍മങ്ങളെക്കുറിച്ച് വ്യക്തിയിലുണ്ടായിത്തീരുന്ന ആത്മസംതൃപ്തിയാകുന്നു. താന്‍ ചെയ്യുന്ന ആരാധനകളൊക്കെ ഉഷാറായിത്തീരുന്നുണ്ടെന്നും അതുവഴി താന്‍ ഒരുത്തമപദവിയിലെത്തിയിരിക്കുന്നുവെന്നുമുള്ള തോന്നലിലൂടെ അവന്‍ കബളിപ്പിക്കപ്പെടുകയാണ്. ഈ ആത്മസംതൃപ്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. ഒന്ന്, തന്റെ കര്‍മങ്ങളിലുള്ള ന്യൂനതകള്‍ സ്വന്തമായി കണ്ടുപിടിക്കലാണ്. കാരണം, മനുഷ്യന്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തനങ്ങളിലും പിശാചിനും മനസ്സിനും ഓരോ വിഹിതമുണ്ടാവുക തന്നെ ചെയ്യും. പിശാചിന്റെ വിഹിതത്തെക്കുറിച്ച് തിരുനബി(സ്വ) തന്നെ പഠിപ്പിച്ചതായി കാണാം. നമസ്‌കാരത്തില്‍ തിരിഞ്ഞുനോക്കുന്നയാളെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പ്രതികരിച്ചു: അടിമയുടെ നമസ്‌കാരത്തില്‍ നിന്ന് പിശാച് റാഞ്ചിയെടുക്കുന്ന ഒരു പ്രക്രിയയാണത്.

ഇബ്‌നുഖയ്യിമില്‍ ജൗസിയ്യ(റ) എഴുതുന്നു: മേല്‍ഹദീസില്‍ പറഞ്ഞ തിരിഞ്ഞുനോട്ടം ഒരു സെക്കന്റോ ഒറ്റ ദര്‍ശനമോ ആണ്. അതിനെപ്പറ്റിത്തന്നെ പിശാചിന്റെ റാഞ്ചലാണെന്ന് നബി(സ്വ) വിശേഷിപ്പിച്ചുവെങ്കില്‍ അല്ലാഹു അല്ലാത്തതിലേക്ക് ഹൃദയം കൊണ്ടുള്ള തിരിഞ്ഞുനോട്ടം(3) എത്ര ഗുരുതരമായിരിക്കും! വ്യക്തിയുടെ അടിമത്തത്തില്‍ നിന്ന് പിശാചിന് ലഭിക്കുന്ന മികച്ച ഒരു ഓഹരി തന്നെയാണ് അത്. എന്നാല്‍ കര്‍മങ്ങളില്‍ നിന്ന് മനസ്സിനുള്ള വിഹിതം എന്താണെന്ന് ഗ്രഹിക്കുവാന്‍ ആത്മജ്ഞാനികളില്‍ നിന്ന് ഉള്‍ക്കാഴ്ചയുള്ളവര്‍ക്കു മാത്രമേ കഴിയൂ.

മേല്‍പറഞ്ഞ ആത്മസംതൃപ്തിയില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ടാമത്തെ മാര്‍ഗം, രാജാധിരാജനും സര്‍വലോകസംരക്ഷകനുമായ നാഥനോടുള്ള കടപ്പാടുകള്‍ വ്യക്തി നന്നായി ഗ്രഹിച്ചിരിക്കലാണ്. അടിമത്തത്തിന്റെ ബാധ്യതകള്‍, അതിന്റെ ആന്തരികവും ബാഹ്യവുമായ മര്യാദകള്‍, അടിമത്തത്തിന്റെ ഉപാധികള്‍ മുതലായവയും നന്നായി മനസ്സിലാക്കണം. ഇപ്പറഞ്ഞ കടപ്പാടുകള്‍ സമഗ്രമായറിഞ്ഞ ശേഷം, രാപ്പകലുടനീളം ഒരാള്‍ ആരാധനാനിമഗ്നനായിക്കഴിഞ്ഞാല്‍ തന്നെയും അല്ലാഹുവിന്റെ തിരുസാന്നിധ്യത്തില്‍ താന്‍ മഹാവീഴ്ച വരുത്തിയവനാണ് എന്നവന് ബോധ്യമാകും. പ്രപഞ്ചങ്ങളെ സൃഷ്ടിച്ച മഹച്ഛക്തിക്കു മുമ്പില്‍ ദുര്‍ബലനും അശക്തനുമായ ഒരടിമക്ക് എന്ത് പ്രസക്തി? ഇതുകൊണ്ടാണ് തന്റെ സൃഷ്ടികള്‍ വീഴ്ച വരുത്തിയവരാണെന്ന് അല്ലാഹു സ്പഷ്ടമായി പ്രഖ്യാപിച്ചിട്ടുള്ളത്-യഥാര്‍ഥ രീതിയിലുള്ള ആദരം അല്ലാഹുവിനെ അവര്‍ ആദരിച്ചിട്ടില്ല. നമ്മുടെ പ്രതിപാദനത്തിന്റെ സംഗ്രഹമിതാണ്: ന്യൂനതകളിലും ലാഞ്ചനകളിലും നിന്ന് കര്‍മങ്ങളെ ശുദ്ധീകരിച്ചെടുക്കലാണ് ഇഖ്‌ലാസ്വ്. ആ ന്യൂനതകളുടെയും ലാഞ്ചനകളുടെയും പ്രഭവം സൃഷ്ടികളോടുള്ള ബന്ധമാണെങ്കിലും ശരി, കര്‍മങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും ശരി. ആളുകളുടെ പ്രകീര്‍ത്തനം, ആദരം, അവരുടെ അധിക്ഷേപത്തില്‍ നിന്നുള്ള മോചനം മുതലായവ സൃഷ്ടികളുമായി ബന്ധപ്പെട്ടതാണ്. കര്‍മങ്ങളെപ്പറ്റിയുള്ള ആത്മസംതൃപ്തി, അവക്ക് പകരം ആഗ്രഹിക്കല്‍ മുതലായവ കര്‍മങ്ങളുമായി ബന്ധപ്പെട്ടവയത്രേ.

ഇക്കാരണത്താല്‍ അത്യുന്നത മനഃശക്തിയുള്ളവര്‍ തങ്ങളുടെ മതകാര്യങ്ങള്‍ മുഴുക്കെ അല്ലാഹുവിനു വേണ്ടി മാത്രമാക്കി നീക്കിവെച്ചു. 'നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ദ്രുതപ്രായണം നടത്തുക' എന്ന അല്ലാഹുവിന്റെ വിളി ഹൃദയങ്ങളുടെ ഉള്ളില്‍ അവര്‍  ശ്രവിച്ചു. അപ്പോള്‍, സത്യത്തിന്റെ അശരീരിക്ക് സസന്തോഷം ഉത്തരം നല്‍കിക്കൊണ്ട് അവരുടെ വക്താവ് വിളിച്ചുപറഞ്ഞു: ജനങ്ങളെയഖിലവും പിന്നില്‍ വിട്ടേച്ചുകൊണ്ട് ഞാനിതാ നിന്റെ സവിധത്തിങ്കലേക്ക് വന്നിരിക്കുന്നു!  

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter