ടിന്റുമോന്‍റെ ഫലിതങ്ങളാണ് ഇപ്പോഴത്തെ ഹിറ്റ്
മഹാനായ രിബ്ഇയ്യ്ബ്‌നു ഹിറാശ്(റ) മരണപ്പെട്ടപ്പോള്‍ മയ്യിത്തു കുളിപ്പിക്കുന്നതിനിടെ മയ്യിത്ത് പൊട്ടിച്ചിരിച്ചുവത്രെ. നിങ്ങള്‍ അല്‍പ്പം മാത്രം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുക എന്ന ആയത്ത് കേട്ട ശേഷം അദ്ദേഹം മരിക്കുന്നതു വരെ ചിരിച്ചിരുന്നില്ലത്രെ. മരിച്ചപ്പോള്‍ അദ്ദേഹത്തിനു ധാരാളം ചിരിക്കാനുള്ള അവസരം ലഭിച്ചു.
അല്ലാഹുവിനെ അടുത്തറിഞ്ഞ മഹാരഥന്മാരൊക്കെ അങ്ങനെയായിരുന്നു. ഞാനറിയുന്നതൊക്കെ നിങ്ങളറിയുമായിരുന്നുവെങ്കില്‍ നിങ്ങള്‍ അല്‍പ്പം മാത്രം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നുവെന്ന നബി(സ) പറയുകയുണ്ടായി (അഹ്മദ്)
ഒന്നു പൊട്ടിച്ചിരിക്കാന്‍ നമ്മളൊക്കെ വല്ലാതെ ആഗ്രഹിക്കാറുണ്ട്. മനസ്സിന് സമാധാനം ലഭിക്കണമെങ്കില്‍ ഉള്ളു തുറന്നു പൊട്ടിച്ചിരിക്കണമെന്നു പറയാറുള്ള മനശ്ശാസ്ത്ര വിദഗ്ധരുണ്ട്. സിനിമകള്‍ക്കും സര്‍ക്കസിനുമൊക്കെയുള്ളതു കാണികളെ ചിരിപ്പിക്കുന്ന റോളാണു. ഇവയ്ക്കു വേണ്ടി ജനങ്ങള്‍ ഒരുമിച്ചുകൂടുന്നതും ഈ ചിരിയനുഭവത്തിനു വേണ്ടിയാണ്. പഴയകാലത്തെ രാജാക്കന്മാര്‍ക്കു വരെ അവരെ ചിരിപ്പിക്കാന്‍ കൊട്ടാരവിദൂഷകര്‍ ഉണ്ടായിരുന്നു.
എന്താണു ഈ ചിരിയുടെ ആന്തരികാര്‍ത്ഥം? ഒന്നു പൊട്ടിച്ചിരിച്ചാല്‍ മനസ്സില്‍ സന്തോഷമുണ്ടാകുമോ? മാനസിക സംഘര്‍ഷം കൊണ്ട് അപകര്‍ഷതാബോധം പിടിപെട്ട സര്‍ക്കസിലെ ഒരു കോമാളി ഒരിക്കല്‍ ഒരു മനശ്ശാസ്ത്ര വിദഗ്ദനെ സമീപിച്ചു. അദ്ദേഹം ഉപദേശിച്ചത് ഇവിടെ അടുത്ത് ഒരു സര്‍ക്കസുണ്ടെന്നും അവിടെ പോയാല്‍ കോമാളിയുടെ കളി കണ്ടു ധാരാളം ചിരിക്കാമെന്നുമായിരുന്നു. ആ കോമാളി ഞാനാണെന്നു പറഞ്ഞപ്പോള്‍ മനശ്ശാസ്ത്ര വിദഗ്ധനു മറുപടിയൊന്നുമുണ്ടായിരുന്നില്ല.
മറ്റുള്ളവരെ ചിരിപ്പിക്കാനും മറ്റുള്ളവര്‍ കാണാന്‍ വേണ്ടി ചിരിക്കാനും നമ്മളില്‍ ധാരാളമാളുകള്‍ക്കറിയാം. മൂന്നോ നാലോ ആളുകള്‍ കൂടിയാല്‍ അവിടെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നവനായിരിക്കും താരം. തമാശ, കളി, ചിരി, വിനോദം ഇവ നമ്മുടെ കൂടെപ്പിറപ്പായ പോലെയാണു നമ്മുടെ അനുഭവങ്ങള്‍ മിക്കതും. അവശതയനുഭവിക്കുന്നവരും രോഗികളും ദരിദ്രരുമെല്ലാം ഇക്കാര്യത്തില്‍ സമന്മാരാണ്. കുറച്ചു സ്ത്രീകള്‍ ഒരുമിച്ചുകൂടിയാല്‍ പിന്നെ പറയുകയും വേണ്ട. മറ്റുള്ളവരുടെ അഭിമാനം പറിച്ചുചീന്തിയും പരിഹസിച്ചും ചിരിപ്പിക്കുന്ന കോമാളിയുടെ വേശം കെട്ടുന്നവരാണു നമ്മളിലധികപേരും.
സൂറത്തുല്‍ കഹ്ഫിലെ 49ാമത്തെ ആയത്തില്‍ ചെറുത് എന്ന വാക്കിനു ഇബ്‌നു അബ്ബാസ്(റ) നല്‍കുന്ന അര്‍ത്ഥം മുഅ്മിനുകളെ പരിഹസിച്ചു ചിരിക്കല്‍ എന്നാണു. നബി(സ) പറയുന്നു: ജനങ്ങളെ കൊണ്ടു പരിഹസിച്ചു ചിരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നുകൊടുത്ത് അതിലേക്കവരെ ക്ഷണിക്കും. താല്‍പ്പര്യത്തോടെ അവര്‍ ചെല്ലുമ്പോള്‍ വാതിലടച്ചുകളയും. വീണ്ടും മറ്റൊരു വാതിലിലൂടെ വിളിക്കപ്പെടും. പക്ഷേ, അപ്പോഴും അങ്ങനെയായിരിക്കും. ഒരിക്കലും അവര്‍ക്ക് അകത്തേക്കു പ്രവേശിക്കാന്‍ സാധിക്കില്ല.
മകന്‍ മരിച്ചപ്പോള്‍ അന്നുവരെ പുഞ്ചിരിക്കുക പോലും ചെയ്യാതിരുന്ന ഐഹിക പരിത്യാഗിയായ ഫുളൈലുബ്‌നു ഇയാള്(റ) പൊട്ടിച്ചിരിക്കുകയുണ്ടായി. കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അല്ലാഹു ഒരു കാര്യം ഇഷ്ടപ്പെട്ടു, ഞാനും അതിഷ്ടപ്പെട്ടു എന്നായിരുന്നു.
മുത്ത് നബി(സ) രോഗം ബാധിച്ചു കിടക്കുമ്പോള്‍ മകള്‍ ഫാത്വിമാ ബീവി(റ)യെ വിളിച്ച് ഒരു സ്വകാര്യം പറഞ്ഞപ്പോള്‍ ആദ്യം കരയുകയും രണ്ടാമത് ചിരിക്കുകയുമുണ്ടായി. ഞാനീ രോഗത്തില്‍ വഫാത്താവുമെന്നാണു നബി(സ) ആദ്യം പറഞ്ഞത്. രണ്ടാമതു പറഞ്ഞത് എന്നോടൊപ്പം കുടുംബത്തില്‍ ആദ്യം എത്തുന്നത് നീയായിരിക്കുമെന്നും സ്വര്‍ഗത്തില്‍ സത്യവിശ്വാസിനികളുടെ നേതൃത്വം നിനയ്ക്കായിരിക്കുമെന്നുമായിരുന്നു. അത് പറഞ്ഞപ്പോഴാണ് ഫാത്വിമാ(റ) ചിരിച്ചത്.
അവരുടെ ചിരികള്‍ക്കു അര്‍ത്ഥമുണ്ടായിരുന്നു. നമ്മള്‍ ചിരിക്കുന്നത് ജീവിക്കാനുള്ള അര്‍ത്ഥം തേടിയാണ്. മനശ്ശാസ്ത്രജ്ഞനു ഭൗതിക ജീവിതത്തിന്റെ അര്‍ത്ഥം മാത്രമേ അറിയൂ. ഏതു സമയവും മരിക്കാനും കുഴിച്ചുമൂടാനും വിധിക്കപ്പെട്ട മനുഷ്യനു സത്യത്തില്‍ എവിടെ ചിരിക്കാന്‍ സമയം? ഒരു സര്‍പ്പത്തിന്റെ വായിലിരിക്കുന്ന തവളക്കുഞ്ഞിനു ചിരിക്കാനറിയുമോ?!
അടുത്ത ദിവസങ്ങളില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഒരു കുറ്റവാളിയുടെ മുഖത്തേക്കു നിങ്ങള്‍ നോക്കൂ. അവനു ചിരിക്കാനറിയുമോ? ഇനി അവന്റെ ചിരി നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനാവുമോ? ഒരിക്കലുമില്ല. ഞാനറിഞ്ഞതൊക്കെ നിങ്ങളറിഞ്ഞിരുന്നെങ്കില്‍ സ്ത്രീകളുമായി സുഖിച്ചിരിക്കാതെ ഭയചകിതനായി നിങ്ങള്‍ ഓടിപ്പോകുമായിരുന്നുവെന്നു നബി(സ) പറഞ്ഞത് അതുകൊണ്ടാണ്.
നമ്മളിലേക്കു തന്നെ നാം വരിക. സൂപ്പര്‍ സ്റ്റാറുകളുടെയും കോമാളികളുടെയും തമാശകളും നേരമ്പോക്കുകളും കേട്ടു മരിച്ചുപോയവര്‍ വരെയുണ്ട്. പൊട്ടിച്ചിരിക്കുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെടുമല്ലോ. മായാജാലങ്ങളും ചെപ്പടി വിദ്യകളുമൊക്കെ ജനങ്ങളെ ചിരിപ്പിക്കാനുള്ളതാണ്; അല്ലെങ്കില്‍ വിഡ്ഢ്ഢികളാക്കാനുള്ളത്. ഫലിതങ്ങളും കഥകളും വായിച്ചു സ്വന്തമായും കൂട്ടായും ചിരിക്കുന്നവരെത്രയുണ്ട്. ടിന്റുമോന്റെ ഫലിതങ്ങളാണ് ഇപ്പോഴത്തെ ഹിറ്റ്.
വെറുതെ ഒരു നേരമ്പോക്കായി മാത്രമോ മറ്റുള്ളവരുടെ വിഢ്ഢിത്തങ്ങള്‍ ആസ്വദിച്ചോ നാം ചിരിച്ചുകൊണ്ടേയിരിക്കുമ്പോള്‍ നമുക്ക് അതില്‍നിന്ന് എന്തെങ്കിലും സുഖം ലഭിക്കുന്നതായി അനുഭവപ്പെടാറുണ്ടോ?! ഇല്ലെന്നായിരിക്കും ഉത്തരം. എങ്കിലും നമ്മളതിനു കീഴ്‌പ്പെടുന്നു. കളികള്‍ക്കും വിനോദങ്ങള്‍ക്കും കീഴ്‌പ്പെടുന്ന പോലെ.
സത്യത്തില്‍ നമ്മുടെ മനസ്സ് യഥാര്‍ത്ഥ സന്തോഷം തേടുന്നുണ്ട്. നമ്മള്‍ അറിഞ്ഞോ അറിയാതെയോ അവ അവഗണിക്കുന്നുവെന്നു മാത്രം. മഹാന്മാര്‍ ചിരിച്ചതും സന്തോഷിച്ചതും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയായിരുന്നുവല്ലോ. ആ തിരിച്ചറിവ് നമ്മള്‍ സ്വയം മാറ്റിവയ്ക്കുകയാണ്.
ആത്മീയ അനുഭൂതിയാണു യഥാര്‍ത്ഥ സന്തോഷം. അതു പറഞ്ഞറിയിക്കാനാവില്ല. അനുഭവിച്ചറിയണം. അതിനു ഹൃദയം അല്ലാഹുവിലേക്കു കേന്ദ്രീകരിക്കണം. വിനോദങ്ങള്‍ക്കു വേണ്ടിയാവുമ്പോഴാണു മനസ് അതിനോടു താല്‍പ്പര്യപെടുന്നത്. ഹൃദയം ഇരുട്ടു മൂടിക്കിടക്കുമ്പോള്‍ ആത്മീയ അനുഭൂതിയെക്കുറിച്ചറിയില്ല. അപ്പോഴാണു നാം ആനന്ദം അന്വേഷിച്ചു മറ്റു വാതില്‍ ചെന്നു മുട്ടുന്നത്. അതാകട്ടെ താല്‍ക്കാലികവും. പൊട്ടിച്ചിരികളില്‍ സന്തോഷത്തിന്റെ ലാഞ്ഛന ഇല്ലെന്നു ചിരിച്ചുകഴിഞ്ഞ മനുഷ്യനോടു ചോദിച്ചാലറിയാം. സ്വയം കുറ്റബോധം ചുമയ്ക്കുന്ന ഹൃദയമായിരിക്കുമവന്റേത്. നബി(സ) പറയുന്നു: നീ അധികം ചിരിക്കരുത്. ചിരി അധികരിച്ചാല്‍ ഹൃദയം നിര്‍ജീവമാകും. (ബുഖാരി)
മറ്റൊരിക്കല്‍ അവിടുന്ന് അരുളുകയുണ്ടായി: ''ഭക്ഷണവും ചിരിയും ചുരുക്കി നിങ്ങള്‍ ഹൃദയത്തെ സജീവമാക്കുക. വിശപ്പുകൊണ്ടതിനെ സംസ്‌കരിക്കുക. എന്നാല്‍, ഹൃദയം തെളിയുകയും സജീവമാവുകയും ചെയ്യും.'' (ഇത്ഹാഫ്) ഹസന്‍ ബസ്വരി (റ) 30 വര്‍ഷത്തിലേറെ ചിരിച്ചിരുന്നില്ലെത്രെ. അല്ലാഹുവിനെ വല്ലാതെ ഭയപ്പെട്ടിരുന്ന അഥാഉസ്സലമിയ്യ്(റ) 40 വര്‍ഷം ചിരിച്ചിരുന്നില്ല. (ഇഹ്‌യ)
അനസ്(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം: മീക്കാഈല്‍(അ) ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഇതിന്റെ കാരണമെന്തെന്നു ജിബ്‌രീല്‍(അ)നോടു നബി(സ) ചോദിച്ചപ്പോള്‍ പറഞ്ഞത് നരകം സൃഷ്ടിക്കപ്പെട്ടതു മുതല്‍ ഇന്നേവരെ മീക്കാഈല്‍(അ) ചിരിച്ചിട്ടില്ല എന്നാണ്. (അബൂദാവൂദ്, ഇബ്‌നുമാജ) ഇപ്രകാരം അല്ലാഹു തങ്ങളോടു ദേശ്യപ്പെട്ടു നരകത്തിലിട്ടു ശിക്ഷിക്കുമോ എന്നു ഭയപ്പെട്ട് ചിരി ഉപേക്ഷിച്ച ഒരു വിഭാഗം മലക്കുകളെ കുറിച്ച് ഇബ്‌നു അബീ ദുന്‍യാ 'കിതാബുല്‍ ഖാഇഫീന്‍' എന്ന ഗ്രന്ഥത്തല്‍ പരിചയപ്പെടുത്തുന്നുണ്ട്.
അബ്ദാലുകളായ ഔലിയാക്കളില്‍ ഒരാളായി പരിഗണിക്കുന്ന യസീദുബ്‌നു അസ്‌വദ്(റ) ഒരിക്കലും ചിരിക്കില്ലെന്നും കൊഴുപ്പുള്ള ഭക്ഷണം കഴിക്കില്ലെന്നും സത്യം ചെയ്തിരുന്നു. അതിനു ശേഷം അദ്ദേഹം അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്.
ജീവിതത്തിലും മരണത്തിലും ഉള്ള യഥാര്‍ത്ഥ സന്തോഷം അല്ലാഹുവിനെ ദര്‍ശിക്കലാണെന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു വേണ്ടിയായിരിക്കണം നാം ശ്രമിക്കേണ്ടത്. അതാണു യഥാര്‍ത്ഥ സന്തോഷം. ആ പൊരുളറിഞ്ഞപ്പോഴാണു ചിരിക്കാത്തവര്‍ പോലും ചിരിച്ചത്. ഹസന്‍ ബസ്വരി(റ) ചോദിച്ച പോലെ സിറാത്വ് പാലത്തിലൂടെ നടക്കാതെ സ്വര്‍ഗത്തിലോ നരകതിലോ എത്തിച്ചേരുകയെന്നറിയാത്ത നിനയ്ക്കു ചിരിക്കാനെന്തവകാശമെന്ന ചോദ്യം നമ്മുടെ കാതില്‍ എപ്പോഴും മുഴങ്ങണം. അല്ലാഹുവിലേക്കു മടങ്ങുക നാം. ഹൃദയം സംസ്‌കരിക്കുക. ചിരി കുറയ്ക്കുക. അങ്ങനെ പുഞ്ചിരിച്ചു മരിക്കുക. എന്നാല്‍ നമുക്കു നിത്യമായി പുഞ്ചിരിച്ചു സന്തോഷിച്ചുകൊണ്ടേയിരിക്കാം.
Leave A Comment