എന്താണ് ഇഹ്സാന്‍? വിശദ പഠന പരമ്പരയുടെ ഒന്നാം ഭാഗം
ഉമര്‍ ബിന്‍ ഖത്ത്വാബില്‍ (റ) നിന്ന് നിവേദനം. ഞങ്ങള്‍ തിരുനബി (സ്വ) യുടെ അടുത്തുള്ളൊരു നേരം, ഒരാള്‍ പത്യക്ഷപ്പെട്ടു. തൂവെള്ള വസ്ത്രം. മുടിക്ക് കടും കറുപ്പും. യാത്രചെയ്തതിന്റെ അടയാളമൊന്നും അദ്ദേഹത്തില്‍ കാണുന്നില്ല. എന്നാല്‍ ഞങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തെ പരിചയവുമില്ല. ........................ അദ്ദേഹം പറഞ്ഞു: "ഓ മുഹമ്മദ്, എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞു തരൂ." അപ്പോള്‍ അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിക്കുക, നമസ്കാരം കൃത്യമായി നിര്‍വ്വഹിക്കുക, റമദാനില്‍ നോമ്പനുഷ്ടിക്കുക, നിര്‍ബന്ധദാനം നല്കുക, (യാത്ര, ആരോഗ്യം, സാമ്പത്തികം എന്നീ കാര്യങ്ങളില്‍) ശേഷിയുണ്ടെങ്കില്‍ കഅബത്തിങ്കല്‍ ചെന്ന് ഹജ്ജ് ചെയ്യുക എന്നിവയാണ്" അദ്ദേഹം പറഞ്ഞു: "അങ്ങ് സത്യം പറഞ്ഞു" ഉമര്‍ (റ) പറയുന്നു: തിരുനബി (സ്വ) യോടു ചോദ്യം ചോദിക്കുകയും മറുപടി ശരിവയ്ക്കുകയും ചെയ്യുന്നല്ലൊ എന്നു ഞങ്ങള്‍ അത്ഭുതം കൂറി. അദ്ദേഹം പറഞ്ഞു: "എന്നാല്‍ എനിക്ക് ഈമാനിനെക്കുറിച്ച് പറഞ്ഞുതരിക" തിരുനബി (സ്വ) പറഞ്ഞു: "അല്ലാഹുവിലും അവന്‍റെ മാലാഖമാരിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും അന്ത്യനാളിലും നല്ലതും ചീത്തയുമെല്ലാം അല്ലാഹുവിന്റെ നിശ്ചയമാണെന്നും വിശ്വസിക്കലാണ്." അദ്ദേഹം പറഞ്ഞു: "അങ്ങ് സത്യം പറഞ്ഞു". അദ്ദേഹം പറഞ്ഞു: "എന്നാല്‍ എനിക്ക് ഇഹ്സാനിനെക്കുറിച്ച് പറഞ്ഞു തരിക" തിരുനബി (സ്വ) പറഞ്ഞു: "ഇഹ്സാനെന്നാല്‍ നീ അല്ലാഹുവിനെ ആരാധിക്കലാണ്, അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കില്‍ അവന്‍ നിന്നെ കാണുന്നുണ്ട്.” …………………….അദ്ദേഹം തിരിച്ചുപോയി. അല്പം കഴിഞ്ഞു തിരുനബി (സ്വ) ചോദിച്ചു: "ഉമര്‍, ആരാണാ ചോദ്യ കര്‍ത്താവെന്നറിയുമോ?"ഞാന്‍ പറഞ്ഞു: "അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍." തിരുനബി (സ്വ) പറഞ്ഞു: "നിശ്ചയം അത് ജിബ്‌രീല്‍ ആണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പഠിപ്പിക്കാനായി വന്നതാണ്" (മുസ്‌ലിം).
ദീന്‍ എന്താണെന്നു സംക്ഷിപ്തമായി പറഞ്ഞുതരുന്ന പ്രശസ്തമായൊരു ഹദീസാണിത്. ഇതില്‍ മൂന്നാമത്തെ ചോദ്യോത്തരമായ ഇഹ്സാന്‍ എന്ന വിഷയം മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കാരണം അത് കാതലാണ്. മുകളില്‍ കൊടുത്ത മൂലവാക്യത്തില്‍നിന്ന് ചില ഭാഗങ്ങള്‍ അവിടവിടെയായി ഒഴിവാക്കിയതായി കാണാം. പ്രതിപാദ്യ വിഷയവുമായി നേരിട്ടു ബന്ധമില്ലാത്തതു കൊണ്ടാണ്.
ആരാധനകളുടെ സ്വീകാര്യതയില്‍ ഇഹ്സാനിനുള്ള പ്രാധാന്യം അടിവരയിടുന്ന ധാരാളം ആയത്തുകള്‍ കാണാം.
“....... എന്നാല്‍ വല്ലവനും ഇഹ്സാനുള്ളവനായി സ്വന്തത്തെ അല്ലാഹുവിനു സമര്‍പ്പിച്ചാല്‍, അവന്റെ പ്രതിഫലം അവന്റെ നാഥന്റെയടുത്ത് ലഭിക്കും. അവര്‍ക്കു ഭയക്കേണ്ടതില്ല, വ്യസനിക്കേണ്ടതുമില്ല.” (അല്‍ ബഖറ: 112).
“നിശ്ചയം വിശ്വസിച്ചവരും സല്‍കര്‍മ്മങ്ങള്‍ ചെയ്തവരുമായ ആളുകള്‍, കര്‍മ്മങ്ങളില്‍ ഇഹ്സാന്‍ പുലര്‍ത്തിയവരുടെ പ്രതിഫലം നാം നഷ്ടപ്പെടുത്തുകയില്ല, തീര്‍ച്ച.” (അല്‍ കഹ്ഫ്: 30)
വിശ്വാസ കര്‍മ്മങ്ങളുടെ പ്രതിഫലം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അതിലേക്ക് ഇഹ്സാനു കൂടി ചേരണം. ഇഹ്സാനില്ലാത്ത വിശ്വാസ കര്‍മ്മങ്ങള്‍ അപൂര്‍ണ്ണവും വികലാംഗവുമായ ദീനിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈമാന്‍ ഇസ്ലാം എന്നിവയ്ക്ക് പുറമെ ഇഹ്സാന്‍ കൂടി പരിഗണിക്കുമ്പോള്‍ മാത്രമേ ദീന്‍ പൂര്‍ണ്ണമാകുന്നുള്ളൂ... അതുകൊണ്ടാണ് ജിബരീല്‍ (അ) അടിസ്ഥാനപരമായി ചോദിച്ച ചോദ്യങ്ങളില്‍ ഇഹ്സാനിനെക്കൂടി ഉള്‍പ്പെടുത്തിയത്.അവ മൂന്നും ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചാണ് തിരുനബി (സ്വ) “നിങ്ങള്‍ക്കു നിങ്ങളുടെ ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി” എന്ന് പറഞ്ഞതും.
എങ്കില്‍ എന്താണ് ഇഹ്സാന്‍, ഏതാണതിലേക്കുള്ള വഴി എന്നെല്ലാം അല്പം വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. അതിനുള്ളൊരു ശ്രമമാണിത്.
ഉത്തമമാക്കുക, മെച്ചപ്പെടുത്തുക എന്നെല്ലാമാണ് ഇഹ്സാന്‍ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം. ദീനിലെ ഇഹ്സാനും അങ്ങനെത്തന്നെ. ഈമാനിനെയും ഇസ്ലാമിനെയു അതിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുക. ഈമാനുള്ളവന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. അവനൊരു കണ്ണു തുറക്കാത്ത ദൈവമല്ല. മറിച്ച്, സര്‍വ്വശക്തനും സര്‍വ്വപ്രതാപിയും സര്‍വ്വജ്ഞനുമാണ്, കാഴ്ചയും കേള്‍വിയുമുള്ളവന്‍, ദൃശ്യാദൃശ്യങ്ങളെല്ലാം സൂക്ഷ്മമായി അറിയുന്നവന്‍. കൂരിരുട്ടില്‍ കറുത്ത പാറയിടുക്കില്‍ ചരിക്കുന്ന കരിയുറുമ്പിനെയും അവന്‍ കാണുന്നു. കടലിലും കരയിലുമുള്ള മണല്‍ തരികളുടെ എണ്ണവും അവനു കൃത്യമായി തിട്ടമുണ്ട്. അവന്‍ തന്നെ പറഞ്ഞു: “താങ്കള്‍ യാതൊരു കര്‍മ്മത്തില്‍ എര്‍പ്പെട്ടാലും, ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്താലും, (ജനങ്ങളേ) നിങ്ങള്‍ യാതൊന്നു ചെയ്താലും നിങ്ങള്‍ക്കു മേല്‍ നാം സാക്ഷിയായിട്ടല്ലാതെ ഇല്ല. ആകാശ ഭൂമിയിലുള്ളതൊന്നും - അതൊരു അണുകണക്കെ ആയാലും അതിനേക്കാള്‍ ചെറുതായാലും വലുതായാലും ശരി - താങ്കളുടെ നാഥന്റെ ശ്രദ്ധയില്‍പ്പെടാതെയിരിക്കില്ല. എല്ലാം വ്യക്താമായ ലിഖിതത്തിലുണ്ട്”. (യൂനുസ്: 61)
ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍നിന്നു പുറത്തു പോകുന്നതും ആകാശത്തില്‍ നിന്നിറങ്ങുന്നതും അതിലേക്കു കയറുന്നതും അവനറിയുന്നു നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടോപ്പമുണ്ട് നിങ്ങള്‍ ചെയ്യുന്നതെന്തും അവന്‍ കണ്ടു കൊണ്ടിരിക്കുന്നു (അല്‍ ഹദീദ് 4)
ഇവ്വിധം സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവിലാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷെ, അധികപേരിലും ഇത് സചേതനമല്ല എന്ന് മാത്രം. അതുകൊണ്ട് തന്നെ ആവശ്യാനുസരണം പ്രവര്‍ത്തനക്ഷമമാകുന്നുമില്ല. ഇഹ്സാനിന്റെ അഭാവമാണ് കാരണം.
എന്നാല്‍ വിശ്വാസത്തെ യഖീനിലൂടെ (ഉറപ്പ്) സുദൃഡമാക്കുകയും സ്ഥിരസ്മരണയിലൂടെ സജീവമാക്കുകയും ചെയ്യുമ്പോള്‍ വിശ്വാസം നിത്യബോധത്തിലേക്കും അനുമാനങ്ങള്‍ അനുഭവജ്ഞാനത്തിലേക്കും ഉയരുന്നു. അതങ്ങനെ ജീവിത യാത്രയില്‍ വഴിവിളക്കാകും വിധം പ്രകാശിതമായി നില്ക്കുന്നുവെങ്കില്‍ അതാണ് ഇഹ്സാന്‍. അവനാണ് മുഹ്സിന്‍. അയാളുടെ കര്‍മ്മങ്ങളെല്ലാം തന്റെ സ്രഷ്ടാവിനെ മുന്നില്‍കണ്ടും സാമീപ്യം അറിഞ്ഞും ആയിരിക്കും. അതാണ് "അവനെ കാണുന്നതു പോലെ ആരാധിക്കലാണ്" എന്ന പ്രവാചക വിശദീകരണത്തിന്റെ യഥാര്‍ത്ഥ വിവക്ഷ. അത്തരക്കാരന്റെ നടപ്പിരിപ്പുകളെല്ലാം ആരാധനകളും പുണ്യകര്‍മ്മങ്ങളും. ഇപ്പറഞ്ഞ ബോധനിരത പരിഗണിക്കുമ്പോഴാണ് “എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ ജിന്ന് ഇന്സിനെ ഞാന്‍ പടച്ചിട്ടില്ല” (അദ്ദാരിയാത് 56) എന്ന സൂക്തം അക്ഷരാര്‍ഥത്തില്‍ അന്വര്‍ത്ഥമാകുന്നത്.
വര്‍ണ്ണനകള്‍ക്കു വഴങ്ങാത്തൊരു അനുഭവാവസ്ഥയാണിത്. വിശ്വാസിയെ കര്‍മ്മനിരതനാക്കുകയും കര്‍മ്മങ്ങളെ ഊഷ്മളമാക്കുകയും ചെയ്യുന്ന ചാലക ശക്തിയാണത്. ഏതു ദുര്‍ഘടഘട്ടവും അതിജയിക്കാന്‍ ആവശ്യമായ ഊര്‍ജ്ജവും സഹായവും അതില്‍നിന്നു ലഭിക്കും. അതിന്റെ അഭാവത്തില്‍ ഈമാന്‍ മൃതസമാനമാണ്. ആരാധനകള്‍ വെറും ചടങ്ങുകളും.
രണ്ടും വേര്‍തിരിയുന്ന ചില ഉദാഹരണങ്ങള്‍ കാണുക. അബ്ദുല്ലാഹി ബിന്‍ ഉമര്‍ ബ്നില്‍ ഖത്ത്വാബി (റ) ല്‍ നിന്ന് നിവെദനം. തിരുനബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു: "മുന്‍കാല തലമുറയില്‍പെട്ട മൂന്നാളുകള്‍ യാത്രപോയി. രാത്രിയായപ്പോള്‍ അവര്‍ ഒരു ഗുഹയില്‍ താമസിച്ചു. പര്‍വ്വതത്തില്‍ നിന്നൊരു വലിയ പാറ വീണ് അവരുടെ ഗുഹാമുഖം അടഞ്ഞുപോയി. അപ്പോള്‍, മുമ്പ് ചെയ്ത ഏതെങ്കിലും പുണ്യ കര്‍മ്മം മുന്‍നിറുത്തി പ്രാര്‍ഥിക്കുകയല്ലാതെ നിവൃത്തിയില്ല എന്നവര്‍ പറഞ്ഞു. ഒരാള്‍ തന്റെ മാതാപിതാക്കള്‍ക്ക് ചെയ്ത സേവനവും മറ്റൊരാള്‍ തന്റെ ജോലിക്കാരന്റെ അവകാശത്തില്‍ കാണിച്ച സൂക്ഷ്മതയും മുന്‍ നിറുത്തി പ്രാര്‍ഥിച്ചു. മൂന്നമാത്തെയാളുടെ കഥ ഇങ്ങനെയാണ്. അയാള്‍ പ്രാര്‍ഥിക്കുകയാണ്: “എനിക്കൊരു പിതൃസഹോദര പുത്രി ഉണ്ടായിരുന്നു. അവളെ ഞാന്‍ അങ്ങേയറ്റം പ്രേമിച്ചു. അവളെ പ്രാപിക്കണമെന്നു ഞാന്‍ കൊതിചു. പക്ഷെ അവള്‍ സമ്മതിച്ചില്ല. അങ്ങനെയിരിക്കെ അവള്‍ക്കൊരു പ്രയാസകാലം വന്നു. സഹായമഭ്യര്‍ഥിച്ചു കൊണ്ട് അവള്‍ എന്നെ സമീപിച്ച. ഞാനവള്‍ക്ക് നൂറ്റി ഇരുപതു ദീനാര്‍ നല്‍കി, അവളുടെ ശരീരം എനിക്ക് കാഴ്ച് വയ്ക്കണം എന്ന നിബന്ധനയില്‍. അവള്‍ സമ്മതിച്ചു. ഞാനവളുടെ രണ്ടു കാലുകള്‍ക്കിടയില്‍ ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക, അര്‍ഹതയില്ലാതെ മുദ്ര പൊട്ടിക്കരുത്. അപ്പോള്‍, എനിക്കേറ്റവും ഇഷ്ടപ്പെട്ട അവളെ ഞാന്‍ ഉപേക്ഷിച്ചു പോന്നു. ആ സ്വര്‍ണ്ണ ദീനാറുകള്‍ തിരിച്ചു വാങ്ങിയതുമില്ല. അല്ലാഹുവേ, ഇത് ഞാന്‍ നിന്റെ തൃപ്തി ലക്‌ഷ്യം വച്ച് ചെയ്തതാണെങ്കില്‍,ഞങ്ങളകപ്പെട്ട ഈ വിപത്തില്‍ നിന്ന് മോചനം തരണേ" മൂന്നുപേരുടെയും പ്രാര്‍ത്ഥനക്കൊടുവില്‍ പാറ നീങ്ങുകയും അവര്‍ രക്ഷപ്പെടുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)
രണ്ടുതരം വിശ്വാസികളെയാണ് നാമിവിടെ കണ്ടത് ഈ വ്യക്തിയും വിശ്വാസിയായിരുന്നു. അതുകൊണ്ടാണല്ലൊ ഒരു ഒര്‍മ്മപ്പെടുത്തലില്‍ അയാള് എണീറ്റു പോയത്. പക്ഷെ,അല്ലാഹുവിന്റെ നിത്യദൃഷ്ടിയെക്കുറിച്ച് അയാള്‍ക്ക് ആദ്യം ബോധമുണ്ടായിരുന്നില്ല. ആ സ്ത്രീക്കതുണ്ടായിരുന്നു.
മറ്റൊരു. ഉമര്‍ ബ്നില്‍ ഖത്ത്വാബ് (റ) പാതിരാ പരിശോധനക്കിറങ്ങിയതായിരുന്നു. ഒരു വീട്ടില്‍ നടക്കുന്ന സംസാരം കേട്ട് അടുത്തു ചെന്നു, കാതോര്‍ത്തു. എണീറ്റ് പോയി പാലില്‍ വെള്ളം ചേര്‍ക്കാന്‍ മകളോടു പറയുകയാണ് ഉമ്മ. "ഇല്ല ഉമ്മാ, ആരും പാലില്‍ വെള്ളം ചേര്‍ക്കരുതെന്ന് അമീറുല്‍ മുഅമിനീന്‍ ഉമര്‍ (റ) ഉത്തരവിറക്കിയിട്ടുണ്ട്." മകള്‍ പറയുന്നു. ഉമ്മ: "അമീറുല്‍ മുഅമിനീന്‍ നമ്മെ കാണുന്നില്ലല്ലോ?"
മകള്‍ തിരിച്ചു ചോദിക്കുന്നു: "നമ്മെ ഉമര്‍ (റ) കാണുന്നില്ലെങ്കിലും ഉമറി (റ) ന്റെ റബ്ബ് നമ്മെ കാണുന്നുണ്ടല്ലോ"
ഇവിടെയും വെള്ളം ചേര്‍ക്കാന്‍ ഉപദേശിക്കുന്ന ഉമ്മയും വിസമ്മതിക്കുന്ന മകളും വിശ്വാസിനികള്‍ തന്നെ, പക്ഷെ, മകള്‍ സദാ സ്രഷ്ടാവിന്റെ സാമീപ്യം അറിഞ്ഞനുഭാവിക്കുന്ന മുഹ്സിനതും കൂടി ആയിരുന്നു.
കഥയുടെ ബാക്കി ഇങ്ങനെയാണ്. ഭക്തയായ ആ പെണ്‍കൊടിയെ വളരെയേറെ ഇഷ്ടപ്പെട്ട ഉമര്‍ (റ) അവളെ തന്റെ മകന്‍ ആസ്വിമിന് ഭാര്യയായി തിരഞ്ഞെടുത്തു. അതില്‍ ഒരു പെണ്‍കുട്ടി ജനിക്കുകയും ആ കുട്ടിയെ പില്‍ക്കാലത്ത് അബ്ദുള്‍ അസീസ് ബിന്‍ മര്‍വാന്‍ വിവാഹം കഴിക്കുകയും ചെയ്തു. ആ ദാമ്പത്യത്തിലാണ് പ്രശസ്തനും നീതിമാനുമായ ഉമര്‍ രണ്ടാമന്‍, അഥവാ ഉമര്‍ ബിന് അബ്ദില്‍ അസീസ് (റ) പിറക്കുന്നത്.
(ഇവിടെ അവസാനിക്കുന്നില്ല)
Leave A Comment