പശ്ചാത്താപം വിജയത്തിന്റെ താക്കോല്‍
വിശുദ്ധ ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്നകന്ന് സ്തുത്യര്‍ഹമായവയിലേക്ക് മടങ്ങുകയാണ് പശ്ചാത്താപം. അല്ലാഹുവിന്റെ വഴിയില്‍ പ്രവേശിക്കുന്നവരുടെ  പ്രാരംഭനടപടിയാണത്. മുരീദുമാരുടെ വിജയത്തിന്റെ താക്കോലും പടച്ചവന്റെയടുത്തേക്കുള്ള യാത്ര ശരിയായിത്തീരുന്നതിനുള്ള നിബന്ധനയുമാണ് പശ്ചാത്താപം. നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ അല്ലാഹു സത്യവിശ്വാസികളോട് ഇതിന് കല്‍പിക്കുകയും, ഇഹലോകത്തും പരലോകത്തുമുള്ള വിജയത്തിനു കാരണമായി ഇതിനെ അവന്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക: സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക; നിങ്ങള്‍ വിജയം വരിക്കുവാന്‍ വേണ്ടി. നിങ്ങള്‍ നാഥനോട് പാപമോചനമര്‍ഥിക്കുകയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുക. ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായി പശ്ചാത്തപിച്ചു മടങ്ങുക.

പാപവിമുക്തരായ പുണ്യനബി(സ്വ) ധാരാളമായി പശ്ചാത്താപം പുതുക്കിക്കൊണ്ടിരിക്കുകയും റബ്ബിനോട് പാപമോചനമര്‍ഥിക്കുകയും ചെയ്യുമായിരുന്നു. ഉമ്മത്തിനെ പഠിപ്പിക്കുന്നതിനും നിയമനിര്‍മാണമെന്ന നിലയിലുമായിരുന്നു ഇത്. ഹസ്‌റത്ത് അഗര്‍റുബ്‌നു യസാര്‍ അല്‍മുസനി(റ) എന്ന സ്വഹാബിവര്യന്‍ ഉദ്ധരിക്കുന്നു-നബി(സ്വ) പ്രസ്താവിച്ചു: ഹേ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും ഞാന്‍ ദിവസവും നൂറുവട്ടം അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുണ്ട്.

ഇമാം നവവി(റ) വിശദീകരിക്കുന്നു: സകലദോഷങ്ങളില്‍ നിന്നും പശ്ചാത്തപിക്കല്‍ നിര്‍ബന്ധമാണ്. മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തതും അല്ലാഹുവിനും വ്യക്തിക്കുമിടയില്‍ മാത്രമുള്ളതുമാണെങ്കില്‍ അതിന് മൂന്ന് നിബന്ധനകളുണ്ട്. ഒന്ന്: പാപത്തില്‍ നിന്ന് നിശ്ശേഷം വിട്ടുനില്‍ക്കുക. രണ്ട്: അത് അനുവര്‍ത്തിച്ചുപോയതിന്റെ പേരില്‍ ഖേദമുണ്ടാവുക. മൂന്ന്: ഇനിയൊരിക്കലും ആ ദോഷം പ്രവര്‍ത്തിക്കുകയില്ല എന്ന് ദൃഢനിശ്ചയം ചെയ്യുക. ഈ മൂന്നില്‍ ഏതെങ്കിലും ഒരു കാര്യം ഇല്ലാതെ പോയാല്‍ പശ്ചാത്താപം ശരിയാവില്ല. ഇനി ചെയ്തുപോയ ദോഷം മറ്റൊരു മനുഷ്യനുമായി ബന്ധപ്പെട്ടതാണെങ്കില്‍ നാലാമത് ഒരു നിബന്ധന കൂടിയുണ്ട്-മേല്‍പറഞ്ഞ മൂന്നിനു പുറമെ, ആ വ്യക്തിയുമായുള്ള കടപ്പാടില്‍ നിന്ന് വിമുക്തനാവുക എന്നതാണത്. സാമ്പത്തികമോ മറ്റോ ആണെങ്കില്‍ അത് കൊടുത്തുവീട്ടണം. വ്യഭിചാരാരോപണത്തിന്റെയോ മറ്റോ നിശ്ചിതശിക്ഷ(ഹദ്ദ്) ആണെങ്കില്‍ അത് നടപ്പിലാക്കാന്‍ സൗകര്യപ്പെടുത്തിക്കൊടുക്കണം; അല്ലെങ്കില്‍ പൊരുത്തപ്പെടീക്കണം. ദൂഷണം പറഞ്ഞതാണെങ്കില്‍ അയാളെ സംതൃപ്തനാക്കണം. ചുരുക്കത്തില്‍, സകലദോഷങ്ങളില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങല്‍ നിര്‍ബന്ധമാകുന്നു.

ദുഷിച്ച കൂട്ടുകാരെ കൈവെടിയുക, തെമ്മാടികളായ സ്‌നേഹിതന്മാരെ ദൂരീകരിക്കുക എന്നിവയും പശ്ചാത്താപത്തിന്റെ നിബന്ധന തന്നെയാണ്. അത്തരക്കാര്‍ മനുഷ്യന് പാപങ്ങളനുവര്‍ത്തിക്കുന്നത് പ്രിയങ്കരമാക്കുകയും ആരാധനകളര്‍പ്പിക്കുന്നതിനെവിട്ട് വെറുപ്പ് ജനിപ്പിക്കുകയുമാണ് ചെയ്യുക. തുടര്‍ന്ന് സജ്ജനങ്ങളും സത്യസന്ധരുമായ ആളുകളുമായി ചങ്ങാത്തം പുലര്‍ത്തുകയും വേണം. അല്ലാഹുവിനോടുള്ള നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളുമായുള്ള ഒരു ജീവിതത്തിലേക്ക് തിരിച്ചുവരുന്നതില്‍ നിന്ന് ഉപരോധകമാകുന്ന ഒരു പ്രതിബന്ധം അവരുമായുള്ള കൂട്ടുകെട്ടിലൂടെ ഉണ്ടാകാനാണിത്.

നൂറു പേരെ വധിച്ച ഒരു കൊലയാളിയുടെ കഥ തിരുനബി(സ്വ) നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്.(2) സുപ്രസിദ്ധമായ ആ ഹദീസില്‍ ഒട്ടേറെ മികച്ച പാഠങ്ങളാണ് നമുക്കുള്ളത്. അക്കാലത്തെ ഏറ്റം വലിയൊരു പണ്ഡിതന്‍ ഘാതകന്റെ തൗബ അല്ലാഹു സ്വീകരിക്കുമെന്ന് പ്രസ്താവിച്ചു. കുറ്റവാളി കഴിഞ്ഞുവന്ന ദുഷിച്ച സാഹചര്യം ഒഴിവാക്കണമെന്നാണാ പണ്ഡിതന്‍ നിബന്ധന നിശ്ചയിച്ചത്. ഇയാളുടെ കുറ്റകൃത്യങ്ങളിലും പാതകച്ചിന്തകളിലുമൊക്കെ മികച്ച സ്വാധീനം ചെലുത്തിയിരുന്നത് ആ ദുഷിച്ച ചുറ്റുപാടായിരുന്നു. പിന്നീടയാളോട് സദൃത്തരും സത്യവിശ്വാസികളുമായ ഒരു കൂട്ടമാളുകള്‍ നിവസിക്കുന്ന ഉത്തമമായൊരു സാഹചര്യത്തില്‍ പോയി ജീവിക്കാനും പണ്ഡിതന്‍ നിര്‍ദേശിച്ചു. അവരുടെ സച്ചരിതങ്ങള്‍ വഴി മാര്‍ഗദര്‍ശനം നേടാനും അവരെ സ്‌നേഹിച്ചുകൊണ്ട് ജീവിക്കാനുമായിരുന്നു അത്.

പാപങ്ങളനുവര്‍ത്തിക്കുന്ന വിഷയമെടുത്താല്‍, ദോഷം ചെറുതാണോ എന്നതിലേക്കല്ല സ്വൂഫിയായ ഒരാള്‍ നോക്കുക. മറിച്ച്, പടച്ചവന്റെ മഹോന്നതാവസ്ഥയിലേക്കാണദ്ദേഹം ശ്രദ്ധ തിരിക്കുന്നത്. ഇത് തിരുനബി(സ്വ)യുടെ അനുയായികളെ പിന്‍പറ്റിക്കൊണ്ട് ചെയ്യുകയാണ്. ഹ. അനസുബ്‌നു മാലികി(റ)ന്റെ ഒരു ഹദീസില്‍(1) ഇങ്ങനെ കാണാം: നിങ്ങള്‍ ചില പ്രവൃത്തികള്‍ അനുവര്‍ത്തിക്കുന്നതായി കാണുന്നു. നിങ്ങളുടെ കണ്ണുകളില്‍ അവ മുടിയേക്കാള്‍ ലോലമാണ്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരുമേനി(സ്വ)യുടെ കാലത്ത് വിനാശകരങ്ങളായാണ് ഞങ്ങള്‍ എണ്ണിവന്നിരുന്നത്.

അതുപോലെത്തന്നെ സ്വൂഫിയുടെ പശ്ചാത്താപം ദോഷങ്ങളില്‍ നിന്നായിരിക്കുകയില്ല. അത് തന്റെ കാഴ്ചപ്പാടില്‍ സാധാരണക്കാരന്റെ തൗബയാണ്. പ്രത്യുത, തന്റെ ഹൃദയത്തെ അല്ലാഹുവിനെ വിട്ട് ജോലിയാക്കിക്കളയുന്ന ഏതു കാര്യത്തില്‍ നിന്നുമായിരിക്കും അയാളുടെ പശ്ചാത്താപം. മഹാനായ സ്വൂഫിവര്യന്‍ ദുന്നൂനില്‍ മിസ്വ്‌രി(റ)യോട് തൗബയെക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ മഹാന്‍ വിരല്‍ ചൂണ്ടിയത് മേല്‍പറഞ്ഞ വസ്തുതയിലേക്കായിരുന്നു: സാധാരണക്കാരുടെ തൗബ ദോഷങ്ങളില്‍ നിന്നായിരിക്കും; എന്നാല്‍, പ്രത്യേകക്കാരുടെ പശ്ചാത്താപം അല്ലാഹുവിനെക്കുറിച്ച് വന്നുഭവിക്കുന്ന അശ്രദ്ധയെക്കുറിച്ചായിരിക്കുന്നതാണ്.

അബ്ദുല്ലാഹിത്തമീമി(റ) പറയുന്നു: ഒരു പശ്ചാത്താപിയുടെയും മറ്റൊരു പശ്ചാത്താപിയുടെയും ഇടക്കുള്ള അന്തരം എത്രയാണ്...! ഒരാള്‍ ചെറുദോഷങ്ങളിലും വന്‍ദോഷങ്ങളിലും നിന്നാണ് തൗബ ചെയ്യുന്നത്. മറ്റൊരാള്‍ ലഘുവീഴ്ചകളിലും അശ്രദ്ധയിലും നിന്ന്; മറ്റൊരു പശ്ചാത്താപി സല്‍ക്കര്‍മങ്ങളും ആരാധനകളും കാണുന്നതില്‍ നിന്ന് തൗബ ചെയ്യുകയാകുന്നു.

ഒരു സ്വൂഫി അല്ലാഹുവിനെക്കുറിച്ചുള്ള തന്റെ അറിവ് കുറ്റമറ്റതാക്കുകയും അനുഷ്ഠാനകര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്താല്‍ അവന്റെ പശ്ചാത്താപം ലോലമായിത്തീരും. കുറ്റങ്ങളിലും മാലിന്യങ്ങളിലും നിന്ന് ഒരാള്‍ തന്റെ ഹൃദയം ശുദ്ധീകരിക്കുകയും ദിവ്യസാന്ത്വനത്തിന്റെ പ്രകാശങ്ങള്‍ അവന്റെ മേല്‍ ഉദിക്കുകയും ചെയ്താല്‍, അതിസൂക്ഷ്മവിപത്തുകള്‍ പോലും തന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നത് അവന്‍ അറിയാതെ പോകില്ല. എന്തെങ്കിലും കൊച്ചുവീഴ്ചയെങ്കിലും സംഭവിച്ച് തന്റെ തെളിമ പങ്കിലമാകുന്ന കാര്യങ്ങളും അവന്‍ ഗ്രഹിക്കും. തത്സമയം, ഹൃദയത്തിന്റെ നയനങ്ങള്‍ വഴി തനിക്ക് ഗോചരീഭവിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെയോര്‍ത്ത് ലജ്ജാവിവശനായി അവന്‍ പശ്ചാത്താപം ചെയ്യും.

തൗബ ചെയ്തതിനു പിറകിലായി രാത്രിയും പകലും ഉടനീളം ധാരാളമായി പാപമോചനാര്‍ഥന നിര്‍വഹിച്ചുകൊണ്ടിരിക്കണം. സത്യസന്ധമായ അടിമത്തബോധവും പടച്ചവന്റെ കാര്യത്തില്‍ തന്റെ പക്കല്‍ നിന്നു വന്നുകൊണ്ടിരിക്കുന്ന വീഴ്ചയെക്കുറിച്ച ചിന്തയും ഇത് സ്വൂഫിയില്‍ അങ്കുരിപ്പിക്കുന്നതാണ്. ഈയവസ്ഥ തന്റെ അടിമത്തം അംഗീകരിക്കലും അല്ലാഹുവിന്റെ ഉടമത്വം ഏറ്റുപറയലുമാകുന്നു.

പരിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ വചനങ്ങള്‍ സ്വൂഫി ഇങ്ങനെ പാരായണം ചെയ്യുന്നതാണ്: അപ്പോള്‍ ഞാന്‍(1) പറഞ്ഞു: നിങ്ങള്‍ നാഥനോട് പാപങ്ങള്‍ പൊറുത്തുതരാന്‍ അപേക്ഷിക്കുക; നിശ്ചയം അവന്‍ ധാരാളമായി പാപമോചനമരുളുന്നവനാകുന്നു. എന്നാല്‍ നിങ്ങള്‍ക്കവന്‍ സമൃദ്ധമായ മഴ വര്‍ഷിച്ചുതരികയും സമ്പത്തും സന്താനങ്ങളും നല്‍കി നിങ്ങളെ സഹായിക്കുന്നതും തോട്ടങ്ങളും നദികളും നിങ്ങള്‍ക്കവന്‍ ഉണ്ടാക്കിത്തരുന്നതുമാകുന്നു.(2) നിശ്ചയമായും അല്ലാഹുവിനെ സൂക്ഷിക്കുന്നയാളുകള്‍ സ്വര്‍ഗങ്ങളിലും അരുവികളിലും ആനന്ദിച്ചുല്ലസിക്കുകയായിരിക്കും. തങ്ങളുടെ നാഥന്‍ കനിഞ്ഞേകിയ അനുഗ്രഹങ്ങളും ആസ്വാദനങ്ങളും കൈയേറ്റുവാങ്ങിയിരിക്കുകയാണവര്‍. നേരത്തെ അവര്‍ പുണ്യവാന്മാരായിരുന്നു. രാത്രി വളരെക്കുറച്ചു മാത്രമേ അവര്‍ ഉറങ്ങുമായിരുന്നുള്ളൂ. പുലര്‍ക്കാലങ്ങളില്‍ അല്ലാഹുവിനോട് അവര്‍ പശ്ചാത്തപിച്ചുകൊണ്ടിരിക്കുന്നതാണ്.

ഇതുപോലുള്ള ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങള്‍ സ്വൂഫി പാരായണം ചെയ്യുകയും തന്റെ ജീവിതത്തില്‍ വന്നുപോയ വീഴ്ചകളോര്‍ത്ത് ദുഃഖിച്ച് കണ്ണുനീരൊലിപ്പിക്കുകയും ചെയ്യും. അല്ലാഹുവിന്റെ വിഷയത്തില്‍ തന്റെ പക്കല്‍ സംഭവിച്ചുപോയ ന്യൂനതകളെക്കുറിച്ച് ചിന്തിച്ച് സങ്കടപ്പെട്ട് അവന്‍ കരയും. പിന്നീട് തന്റെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും തിരിഞ്ഞുനോക്കി അവ നന്നാക്കിത്തീര്‍ക്കും; വീഴ്ചകള്‍ പരതിപ്പിടിച്ച് പരിഹരിക്കും. മനസ്സിന്റെ സ്ഥിതിഗതികള്‍ നോക്കി അതിനെ സംസ്‌കരിക്കും. പിന്നീട് ആരാധനകളും സല്‍ക്കര്‍മങ്ങളും കൂടുതല്‍ ചെയ്യും. 'ദോഷം പ്രവര്‍ത്തിച്ചാല്‍ അതിന്റെ പിറകിലായി സല്‍ക്കര്‍മമനുഷ്ഠിക്കുക, എന്നാലത് ആ ദോഷത്തെ മായ്ച്ചുകളയും'(5) എന്ന നബിവചനമനുസരിച്ചാണ് അവനങ്ങനെ ചെയ്യുന്നത്

ശൈഖ് അഹ്മദ് സര്‍റൂഖ്(റ) പറയുന്നു: ഒരവകാശവാദം ഉന്നയിക്കുന്നയാളുടെ വാദം പരിഗണിക്കപ്പെടുന്നത് അതിന്റെ ഫലപ്രാപ്തിയനുസരിച്ചാണ്. അവകാശവാദം പ്രകടമായിക്കണ്ടാല്‍ അത് ശരിതന്നെ എന്ന് മനസ്സിലാക്കാം. മറിച്ചാണെങ്കില്‍ അയാള്‍ വ്യാജനാണെന്നുവരും. അപ്പോള്‍ ഒരാളുടെ തൗബക്കു ശേഷം തഖ്‌വാ ഉണ്ടായിക്കാണുന്നില്ലെങ്കില്‍ അത് നിരര്‍ഥകമാകുന്നു. ഋജുവായ ജീവിതം പ്രകടമാകാത്ത തഖ്‌വയാകട്ടെ മായം ചേര്‍ക്കപ്പെട്ടതായിരിക്കുകയും ചെയ്യും. സൂക്ഷ്മതയില്ലാത്ത നേര്‍ജീവിതം അപൂര്‍ണവും, പരിത്യാഗം ഉണ്ടാക്കാത്ത സൂക്ഷ്മത ന്യൂനവുമായിരിക്കും. അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുക എന്ന വിശേഷണത്തിന് നിമിത്തമാകാത്ത പരിത്യാഗം വരണ്ടതാകുന്നു. ഭരമേല്‍പിക്കലില്‍ നിന്നുണ്ടായിത്തീരേണ്ട ഫലം, സര്‍വത്തെയും വിട്ട് അല്ലാഹുവിങ്കലേക്ക് സമ്പൂര്‍ണമായി തിരിയലും അവനിലേക്ക് അഭയം തേടലുമാണ്. ഇങ്ങനെയല്ലാത്ത തവക്കുല്‍ യാതൊരു യാഥാര്‍ഥ്യവും ഇല്ലാത്ത കേവലം ഉപരിപ്ലവമായ ഭരമേല്‍പിക്കലായിരിക്കും.

അപ്പോള്‍, ഹറാമായ വിഷയങ്ങള്‍ പ്രത്യക്ഷീഭവിക്കുമ്പോഴാണ് പശ്ചാത്താപത്തിന്റെ സാധുത പ്രകടമാവുക. തഖ്‌വായുടെ പൂര്‍ണത പ്രകടമാകുന്നതാകട്ടെ അല്ലാഹു അല്ലാതെ മറ്റൊരാളും കാണാന്‍ ഇല്ലാത്തിടത്താണ്. നേര്‍ജീവിതം (ഇസ്തിഖാമത്ത്) ഉണ്ടാവല്‍, നവീകരണ-പരിഷ്‌കരണങ്ങളൊന്നുമില്ലാതെ വിര്‍ദുകള്‍ നിലനിറുത്തിവരുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുക വഴിയാകുന്നു. ശരീരത്തിന് ആഗ്രഹമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സൂക്ഷ്മതയുടെ അസ്തിത്വം പ്രകടമാവല്‍ അസ്പൃശ്യത (ശുബ്ഹത്ത്) ഉണ്ടാകുന്നിടത്താണ്. ഇത്തരമൊരു പശ്ചാത്തലത്തില്‍ ആ ശുബ്ഹത്ത് കൈവെടിയാനായാല്‍ ശരി; അല്ലെങ്കില്‍ അവിടെ സൂക്ഷ്മത പ്രകടമാകുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter