ഇന്റര്‍നെറ്റ് അശ്ലീലതകളില്‍നിന്നും മോചനം നേടാം

ഇന്റര്‍നെറ്റിന്റെ വ്യാപനത്തോട് കൂടി ആര്‍ക്കും നിമിഷങ്ങള്‍ക്കകം എത്തിപ്പിടിക്കാവുന്ന ഒന്നായി അശ്ലീലത മാറിയിരിക്കുന്നു. ദിവസവും ഇന്റര്‍നെറ്റില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന കോടിക്കണക്കിന് അശ്ലീല പേജുകള്‍ ഇന്ന് ലോകത്തെ വരിഞ്ഞ് മുറുക്കിക്കഴിഞ്ഞു.

ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും മുമ്പില്‍ ജീവിതം തന്നെ അടിയറവെക്കേണ്ടി വരുന്ന എത്രയോ യുവതീയുവാക്കള്‍ ഉണ്ട് ഇന്ന്. 

പഠനത്തില്‍ നിന്നു തുടങ്ങി അറിയാതെ ഇത്തരം കെണികളില്‍ വീഴുന്ന കൗമാരക്കാര്‍. ആസ്വാദനം തേടി ഇവിടെ എത്തിപ്പെടുന്ന വിവാഹിതര്‍. അങ്ങനെ തകര്‍ന്നു പോകുന്ന ജീവിതങ്ങള്‍. ശിഥിലമാകുന്ന വിവാഹബന്ധങ്ങള്‍. തുടര്‍ന്നു വരുന്ന മറ്റനേകം സാമൂഹ്യവിപത്തുകള്‍.

എന്നാല്‍,  ഇത്തരം അശ്ലീലതകളില്‍നിന്നും മാറി നില്‍ക്കാന്‍ ചില വഴികളുണ്ട്. പരിഹാരമുണ്ട്.

നന്മയുടെ വഴിതേടുന്ന നിങ്ങള്‍ക്കു മുമ്പില്‍ പ്രാവാചകദ്ധ്യാപനത്തിലെ ഏതാനും മൊഴിമുത്തുകള്‍ സമര്‍പ്പിക്കുന്നു.

1.കണ്ണുകള്‍ താഴ്ത്തുക.

അന്യ പുരുഷ-സ്ത്രീകളില്‍ നിന്നും കണ്ണുകളെ താഴ്ത്തുക. കാരണം ചിന്തകള്‍ക്ക് ജീവന്‍ നല്‍കുന്നത് കണ്ണുകളാണ്. വികാരോദ്ധീപനമുണ്ടാക്കുന്ന ചിത്രമാകട്ടെ, വിഡിയോകളും സാഹിത്യവുമാകട്ടെ പാടെ ഉപേക്ഷിക്കാന്‍ ശ്രമിക്കുക.

അല്ലാഹു പറയുന്നു:
''(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.''
[വി. ക്വു. 24:30]

2. ഒറ്റക്കിരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.

കൂടുതല്‍ സമയം ഏകാന്തമായി ഇരിക്കുന്നവരിലാണ് അശ്‌ളീലതയോട് കൂടുതല്‍ താല്‍പര്യമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സമൂഹ്യമായി ഇടപെടാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. ഏകാന്തതയകറ്റാന്‍ പ്രത്യേകമായ ചില ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും ഉചിതമാണ്. ഇനി ഒറ്റക്കിരിക്കേണ്ടി വന്നാലും തുറസ്സായ ഇടങ്ങള്‍ തെരെഞ്ഞെടുക്കുക.

3. ഇന്റര്‍നെറ്റ് ഉപയോഗത്തിന് പരിധി നിശ്ചയിക്കുക.

വീട്ടിലെ കമ്പ്യൂട്ടറുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയവ എല്ലാവരും കാണുന്ന രീതിയില്‍ തുറസ്സായ ഇടങ്ങളില്‍ സ്ഥാപിക്കുക. മൊബൈല്‍, ലാപ്‌ടോപ്പ് ഇവ ഉപയോഗിച്ച് പ്രത്യേക ലക്ഷ്യമില്ലാതെയുള്ള ബ്രൗസിങ് നിയന്ത്രിക്കുക. വിശേഷിച്ചും രാത്രി സമയങ്ങളില്‍.

4.വിവാഹം കഴിക്കുക.

വിവാഹമാണ് അശ്ലീലതയില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം.

മുഹമ്മദ് നബി(സ) പറഞ്ഞു: ''ഓ യുവസമൂഹമേ, നിങ്ങളില്‍ നിന്നും വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ. എന്തെന്നാല്‍ അത് ദൃഷ്ടികളെ താഴ്ത്താനും ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുവാനും സഹായിക്കും...' (നസാഈ)

5. നോമ്പനുഷ്ടിക്കുക.

തിന്മയില്‍ നിന്നും, ദുര്‍വിചാരങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്ന പരിചയായിട്ടും കൂടിയാണ് ഇസ്ലാം നോമ്പിനെ പരിചയപ്പെടുത്തുന്നത്.

മുഹമ്മദ് നബി(സ) പറഞ്ഞു:
''...വിവാഹം കഴിക്കാന്‍ സാധിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ. കാരണം നോമ്പ് അവന് ഒരു പരിച(നിയന്ത്രണം)യാണ്.''

5. അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക.

തിന്മയില്‍ നിന്നും, അനാവശ്യ വികാരങ്ങളില്‍ നിന്നും രക്ഷതേടാന്‍ സര്‍വ്വലോക രക്ഷിതാവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തുക.

അല്ലാഹു പറയുന്നു:
''നബിയേ പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.''
[വി. ക്വു. 39:53]

മേല്‍പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുക വഴി അശ്ലീലതയില്‍ നിന്നും നന്മയുടെ മാര്‍ഗം തുറന്ന് കിട്ടുകതന്നെ ചെയ്യും. തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter