മാതാപിതാക്കളെ സ്‌നേഹിക്കല്‍
അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ''ഞാന്‍ നബിയോട് ചോദിച്ചു: കര്‍മങ്ങളില്‍ അല്ലാഹു ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഏതാണ്? നബിപറഞ്ഞു: നിസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കല്‍. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി പറഞ്ഞു: മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യല്‍. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുക.'' (ബുഖാരി, മുസ്‌ലിം)
ഇത് വൃദ്ധസദനങ്ങളുടെ യുഗമാണ്. നാടിന്റെ നാനാദിക്കുകളിലും വൃദ്ധസംരക്ഷണ കേന്ദ്രങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന പരിഷ്‌കൃത കാലഘട്ടം. സ്വാര്‍ത്ഥമോഹിയായ മനുഷ്യന് തന്റെ തടിതന്നെ നോക്കാന്‍ സമയമില്ലാതായിരിക്കുന്നു. പിന്നെങ്ങനെ കെല്‍പ്പില്ലാത്ത വയസ്സന്മാരെ നോക്കാന്‍ കഴിയും. ജീവിതത്തിന്റെ സായാഹ്നത്തില്‍ മക്കളുടെ പരിചരണം ഏറ്റവും അത്യാവശ്യമായിവരുന്ന സമയത്ത് പണം കൊടുത്ത് കൂലിസംരക്ഷകരെ ഏല്‍പിച്ചുകൊണ്ട് മാതാപിതാക്കളെ തിരിഞ്ഞുനോക്കാന്‍പോലും തയ്യാറാകാത്ത നന്ദികെട്ട പുത്രന്മാര്‍ എന്തുകൊണ്ടോ ഒരു കാര്യം ചിന്തിക്കാന്‍ വിട്ടുപോകുന്നു. ഒരിക്കല്‍ തങ്ങള്‍ക്കും പ്രായമാകുമെന്നും തങ്ങളുടെ സന്താനങ്ങള്‍ തങ്ങളോടും ഇപ്പണിചെയ്യുമെന്നും അവര്‍ ചിന്തിക്കുന്നില്ല.
എവിടെയോ വെച്ച് കേട്ടുപോയ ഒരു കഥയുണ്ട്. പിതാവിനെ വൃദ്ധസദനത്തിലേല്‍പിച്ച് മകന്റെകൂടെ തിരിച്ചുപോരുന്ന ഒരു യുവാവിനോട് വഴിയില്‍വെച്ച് മകന്‍ ചോദിക്കുന്നു: ''അച്ഛാ, ഇനി അപ്പൂപ്പന്‍ തിരിച്ചുവരില്ലേ?'' യുവാവ് പറഞ്ഞു: ''ഇല്ല. ഇനി അപ്പൂപ്പന്റെ കാര്യം ആയമാര്‍ നോക്കിക്കൊള്ളും. നാമൊരു കാര്യവും ഇനി അറിയേണ്ടതില്ല. മരിച്ചാല്‍പോലും അവര്‍ ഉപചാരങ്ങളോടെ അപ്പൂപ്പനെ മറവു ചെയ്യും.''
ഇതുകേട്ട ആ കുരുന്നു പറഞ്ഞു: ''അപ്പോള്‍ ഇനി അച്ഛന് വയസ്സാകുമ്പോള്‍ എനിക്കും ഇങ്ങനെ ചെയ്താല്‍ മതിയല്ലേ?'' ഇതുകേട്ട മാത്രയില്‍ യുവാവ് അമ്പരന്നു. അയാളുടന്‍ വന്നവഴിയേ വാഹനം തിരിച്ചുവിട്ടു. നേരെ വൃദ്ധസദനത്തിലേക്ക്; പിതാവിനെ തിരികെ കൊണ്ടുവരാന്‍.
മാതൃത്വത്തിനും പിതൃത്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാതെ അവരെ ധിക്കരിച്ചുകൊണ്ടും നിന്ദിച്ചുകൊണ്ടും മുടിയന്മാരായ പുത്രന്മാര്‍ ചെയ്തുകൂട്ടുന്ന ചെയ്തികള്‍ ദിനേനെയെന്നോണം പത്രദ്വാരാ സംസ്‌കാരികലോകം വായിച്ചറിയുന്നതാണ്. മാതാവിനെ തലക്കടിച്ചുകൊല്ലുന്നവര്‍ക്കും മാതാപിതാക്കളെ വിഷം കൊടുത്തും കഴുത്തുഞെരിച്ചും കുരുതി കൊടുക്കുന്നവര്‍ക്കും ഇന്ന് വാര്‍ത്താമാധ്യമങ്ങള്‍പോലും അസാധാരണത്വം നല്‍കുന്നില്ലെന്നതാണ് വാസ്തവം. കാരണം മറ്റൊന്നുമല്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ന് സര്‍വസാധാരണമാണെന്നതുതന്നെ. ഇവര്‍ക്കൊക്കെ 'മാനസികരോഗികളെ'ന്ന ഒരു ലേബലും നല്‍കിയാല്‍ കൃത്യം വളരെ സുഗമവുമാകുമല്ലോ.
ഇത് പരിഷ്‌കൃതലോകത്തിന്റെ വര്‍ത്തമാനങ്ങളാണ്. എന്നാല്‍, അപരിഷ്‌കൃതയുഗമെന്ന് ആധുനികന്‍ പരിഹാസത്തോടെ വിശേഷിപ്പിക്കുന്ന, ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലഘട്ടത്തില്‍ പ്രവാചകന്‍ പ്രഖ്യാപിച്ച നയങ്ങളില്‍നിന്നും പാഠംപഠിക്കാത്തതു തന്നെയാണ് ആധുനികനെ ഇത്തരമൊരു 'പരിഷ്‌കാര'ത്തിലേക്കു നയിച്ചത്. പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ പിതാവിന്റെ ശിരസ്സറുത്ത് തിരുസന്നിധിയിലെത്തിയ അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹി(റ)ന്റെ മുഖത്തേക്ക് നോക്കാന്‍ വിസമ്മതിച്ച പ്രവാചകന്‍ പിന്നീട് ജിബ്‌രീല്‍(അ) വഹ്‌യുമായി വന്നപ്പോഴാണ് മുഖമുയര്‍ത്തി അബൂഉബൈദയുടെ സലാം മടക്കിയത്. മാതാവിന്റെ പാദങ്ങള്‍ക്കു കീഴിലാണ് സ്വര്‍ഗമെന്ന പ്രഖ്യാപനത്തിലൂടെ മാതൃത്വത്തിന്റെ മഹനീയത അത്യുന്നതമാണെന്ന് അവിടുന്ന് ഉലകത്തെ പഠിപ്പിച്ചു. ഇങ്ങനെ മാതാപിതാക്കളെ എങ്ങനെ ആദരിക്കണമെന്ന് വിശ്വപ്രവാചകന്‍ സമൂഹത്തെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
മാതാപിതാക്കളോട് അവര്‍ വെറുക്കുന്നവിധമുള്ള പദപ്രയോഗങ്ങള്‍പോലും നടത്തിപ്പോകരുതെന്ന് സമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്ന ഖുര്‍ആന്‍, മക്കളോട് ഉമ്മഉപ്പമാര്‍ക്ക് കാരുണ്യത്തിന്റെയും എളിമയുടെയും ചിറകുകള്‍ താഴ്ത്തിക്കൊടുക്കാനും 'തങ്ങളെ ചെറുപ്പത്തില്‍ വളര്‍ത്തിയ പോലെ അവരുടെ മേല്‍ കാരുണ്യവര്‍ഷം ചൊരിയണമേ' എന്ന് പ്രാര്‍ത്ഥിക്കാനും ആജ്ഞാപിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ഒരുബുദ്ധിമുട്ടും കാര്യമാക്കാതെ മക്കളുടെ ക്ഷേമസൗഖ്യത്തിനുവേണ്ടി സമ്പത്ത് നിര്‍ലോഭം ചെലവഴിക്കുവാന്‍ തയ്യാറാകുന്ന പിതാവും പത്ത് മാസം വയറ്റില്‍ ചുമന്ന് കൊണ്ടുനടന്ന് ഏറെവേദന സഹിച്ച് പ്രസവിച്ച് മുലയൂട്ടി ഗാര്‍ഹികമായ പലതിരക്കുകള്‍ക്കിടയിലും മക്കളെ പരിചരിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന മാതാവും എന്തുകൊണ്ടും എത്ര ആദരങ്ങള്‍ നല്‍കിയാലും പകരം നല്‍കിയെന്ന് പറയാനാവാത്തത്ര ബുദ്ധിമുട്ടുകള്‍ മക്കള്‍ക്കുവേണ്ടി സഹിക്കുന്നവരാണ്.
മരണസമയത്ത് ശഹാദത്ത് ഉച്ചരിക്കാന്‍ കഴിയാതെ വിഷമിച്ച അല്‍ഖമ(റ) വിനെ ഏവരും കേട്ടിരിക്കും. അദ്ദേഹത്തില്‍നിന്നു വന്നുപോയ വീഴ്ചയെന്തായിരുന്നുവെന്ന് നാമറിയേണ്ടതുണ്ട്. ഉമ്മയേക്കാളുപരി തന്റെ ജീവിത സഖിയെ സ്‌നേഹിച്ചുപോയിയെന്ന ഒറ്റക്കാരണത്താലാണ് അന്ത്യസമയത്ത് അദ്ദേഹത്തിന് ഇത്തരമൊരു വിഷമസന്ധി നേരിടേണ്ടിവന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കരിച്ചുകളയാന്‍ വിറകുശേഖരിക്കാന്‍ ആജ്ഞാപിച്ച പ്രവാചകന്‍ അദ്ദേഹത്തിന്റെ മാതാവ് 'ഞാനെന്റെ മകന് മാപ്പ് നല്‍കിയിരിക്കുന്നു'വെന്ന് പറഞ്ഞപ്പോഴാണ് തന്റെ ഉദ്യമത്തില്‍നിന്നും പിന്മാറിയത്. തന്റെ മുലകുടിബന്ധം വഴിക്കുള്ള മാതാപിതാക്കളോടുപോലും അങ്ങേയറ്റം ബഹുമാനാദരങ്ങള്‍ കാണിച്ച പ്രവാചകനെ ആധുനികന്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തിബന്ധങ്ങളിലെ അതിപ്രധാനമായ ബന്ധമാണ് മക്കളും മാതാപിതാക്കളും തമ്മിലുള്ളതെന്ന് ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. അപരിഷ്‌കൃത തടത്തില്‍ 'സാംസ്‌കാരികശുദ്ധി' കണ്ടെത്തുന്ന ആധുനികന്‍ ചീഞ്ഞുനാറുന്ന പടിഞ്ഞാറന്‍ സംഭാവനകള്‍ ഇട്ടേച്ചുകൊണ്ട് ഇസ്‌ലാമിന്റെ രാജപാതയിലേക്കു മടങ്ങിവരുകയാണെങ്കില്‍ അവിടെ അവന്റെ മുമ്പില്‍ തെളിഞ്ഞുവരുന്ന ഒരു മാര്‍ഗമുണ്ട്, ശാശ്വതമായ സ്വര്‍ഗത്തിലേക്കു നീളുന്ന പ്രകാശദീപ്തമായ വിജയപാതയാണത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter