ഹലീമും ഹൈദരാബാദിലെ ഇഫ്താര്‍ രുചികളും

വിശപ്പറിവിന്‍റെ മാത്രമല്ല വിഭവ സമൃദ്ധിയുടെ കൂടി അനുഭൂതിയാണ് ഓരോവ്രതകാലവും. വിഭവ വൈവിധ്യമൊരുക്കി വിശപ്പനുഭവത്തെ തിന്നു തോല്‍പ്പിക്കുന്നതില്‍ഒട്ടും പിന്നിലല്ല പരിപ്പും കരിപൊരികളും പഴവര്‍ഗങ്ങളുമായി പഷ്ണിയുടെപരിപ്പെടുക്കാന്‍ മത്സരിക്കുന്ന ഹൈദരാബാദികളും. 

ഹലീമെന്ന ഒരേയൊരു വിഭവം മതി ഭക്ഷണ ഭൂപടത്തില്‍ പവിഴ നഗരത്തെ ആഴത്തിലടയാളപ്പെടുത്താന്‍. ഹൈദരാബാദ്ബിരിയാണിയെപ്പോലെത്തന്നെ ലോക ഭൂപടത്തില്‍ സ്വന്തമായൊരിടമുണ്ട് ഹലീമിനും.തങ്ങളുടെ ഇഫ്താറിന്‍റെ ആത്മാവെന്ന് ആദ്യമായി ഹലീം വാങ്ങിത്തന്ന ഹൈദരാബാദിലെസുഹൃത്ത് പരിചയപ്പെടുത്തിത്തന്നത് നാവില്‍ വരാറുണ്ടിപ്പോഴും. നൈസാമുമാരെയോകാക്കത്തിയാര്‍ രാജവംശത്തെ കുറിച്ചോ കേട്ടറിവ് പോലുമില്ലാത്തവര്‍ പോലുംതിന്നറിഞ്ഞിട്ടുണ്ടാവും ഈ ആഗോള രുചിയെന്ന സുഹൃത്തിന്‍റെ തമാശയില്‍കാര്യമുണ്ടെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

ഭക്ഷണപ്രിയത്തോളംആത്മാര്‍ഥമായൊരു പ്രണയം പ്രപഞ്ചത്തിലില്ലെന്ന് ബര്‍ണാഡ് ഷോ എഴുതിയത്ഹൈദരാബാദികളുടെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ബോധ്യമാവും അവരുടെഹലീമിശ്ഖ് കണ്ടും കൊണ്ടുമറിഞ്ഞാല്‍. എത്രയോ നോമ്പുതുറ സല്‍ക്കാരങ്ങളില്‍ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടുണ്ട് നോമ്പുതുറ ക്ഷണങ്ങളെയെല്ലാം ഹലീമുണ്ടോ എന്ന മറുചോദ്യം കൊണ്ട് നേരിടുക പതിവാക്കിയിരുന്ന എന്നിലെഹലീമിഷ്ടം.

രുചിസവിശേഷത കൊണ്ട് കുക്ഷിയും ആത്മാവുംനിറയ്ക്കുന്നതിനൊപ്പം അതിസമ്പന്നമായൊരു പൈതൃകത്തിന്‍റെയും സാംസ്കാരികകൈമാറ്റത്തിന്‍റെയും കഥ പറയുന്നുണ്ട് ഓരോ തുള്ളി ഹലീമും. മുഗള്‍ ഭരണ കാലത്ത്അറേബ്യന്‍ നാടുകളില്‍ നിന്നെത്തിയ വ്യവസായികള്‍ ഹൈദരാബാദിനു പരിചയപ്പെടുത്തിയ "ഹരീസി"ന്റെ വകഭേദമാണത്രേ ഹലീം. ആറാമത്തെ നിസാം നവാബ് മഹബൂബ് അലി ഖാനാണ് ഈവിഭവത്തിന്റെ പ്രചാരകനെന്നും 50കളിലെ ഇറാനീ ഭക്ഷണ ശാലകളാണ് ഹലീമിനെ ഇത്രഹൈദരാബാദീയമാക്കിയതെന്നും തുടങ്ങി രുചികരമായ ഒത്തിരിയൊത്തിരി ഹലീമെഴുത്തുകള്‍ നിലവിലുണ്ട്. തിന്നു മാത്രമല്ല എഴുതിപ്പോലുംതോല്പ്പിക്കാനാവില്ല ഈ രുചിയെ എന്ന് ചുരുക്കം.

പാചകപരമായും ഒത്തിരിസവിശേഷതകളുണ്ട് ഹലീമിന്ന്. മട്ടന്‍, ബീഫ്, ചിക്കന്‍ എന്നിവയാണ് സദാ സുലഭമായഹലീമിനങ്ങള്‍. മത്സ്യം, എമു, പച്ചക്കറി തുടങ്ങി വേറെയുമെത്രയോഹലീമിനങ്ങളുണ്ട് ആത്മാവില്‍ ഉറവ പടര്‍ത്താന്‍. ഗോതമ്പില്‍ കുരുമുളക്, ഏലക്കായ, കറുകപ്പട്ട തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും ഇറച്ചിക്കഷ്ണങ്ങളും ചേര്‍ത്ത് 7 മുതല്‍ 12 മണിക്കൂറു വരെ എണ്ണയിലിട്ട് വേവിച്ചെടുത്താണ് ദ്രവ്യ രൂപത്തിലുള്ളഈ വിഭവം സാധാരണ തയ്യാറാക്കുന്നത്. നുറുക്കിയെടുത്ത മല്ലിച്ചെപ്പില, കര്‍പ്പൂരത്തുളസിയില, സവാളയുടെയും ചെറുനാരങ്ങയുടെയും  ചെറിയ കഷ്ണങ്ങള്‍ , പ്രത്യേകം തയ്യാറാക്കിയ നെയ്ക്കൂട്ട് തുടങ്ങിയവ ചേര്‍ത്താണ് ഹലീം സേവിക്കുക.ഉയര്‍ന്ന കലോറിയുള്ള നല്ലൊരു പോഷകാഹാരം കൂടിയാണിതെന്നു പഠനങ്ങള്‍സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2001 ല്‍ ജി. ഐ സ്റ്റാറ്റസും കിട്ടിയിട്ടുണ്ട്ഹൈദരാബാദി ആഘോഷങ്ങള്‍ക്ക് അമിട്ട് പൊട്ടിക്കുന്ന ഈ സ്റ്റാര്‍ട്ടറിന്. 

ഹലീംമയമായ രണ്ടു നോമ്പുകാലങ്ങള്‍ക്ക് ശേഷമുള്ള ഈ ഹലീമില്ലായ്മയെ പത്തിരികൊണ്ടോ പത്തില് കൊണ്ടോ പരിഹരിക്കാനാവുന്നില്ല; എത്ര ശ്രമിച്ചിട്ടും. ഹലീംകഴിക്കാനായി മാത്രം ഒന്ന് ശബരി കയറിയാലോന്ന് പോലും ആലോചിക്കാതില്ല, ഓരോനോമ്പു തുറക്കുമ്പോഴും. ചാര്‍മിനാറിനടുത്ത് ഹലീം വില്‍പന നടത്തുന്ന സലീംഷെയ്ഖ് പറഞ്ഞത് വളരെ  ശരിയാണ്, ലോകത്ത് രണ്ടേ രണ്ടു വിഭാഗമാളുകളേയുള്ളൂ:ഹലീം കഴിച്ചവരും അത് കഴിക്കാത്തവരും. തിരിച്ചു പോരുമ്പോള്‍ ദൈവം നമുക്കെല്ലാംഇനിയും ഹലീം കഴിക്കാനുള്ള സൗഭാഗ്യം പ്രദാനം ചെയ്യട്ടേന്ന് കളിയായെങ്കിലുംപ്രാര്‍ഥിച്ചു തരികയും ചെയ്തിരുന്നു സാത്വികനെന്നു തോന്നിച്ച ആ മനുഷ്യന്‍.പടച്ചോന്‍ ആ പ്രാര്‍ഥന കേട്ടിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു...

ഹൈദരാബാദ് ഇഫ്ലു (ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി)വിലെ പി.ജി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter