സിത്തുശ്ശാം : ചരിത്രത്തിലെ സയ്യിദ അൽ ഇൻസാനിയ്യ
ഇസ്‌ലാമിക ലോക ചരിത്രത്തിന്റെ ഇതിഹാസ പുരുഷരിൽ ഒരാളായ, ഈമാനിന്റെ വജ്രായുധം കൊണ്ട് ക്രിസ്ത്യൻ അധീനതയിൽ നിന്ന് ബൈത്തുൽ മുഖദ്ദസിനെ വീണ്ടെടുത്ത സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ ഇളയ സഹോദരിയാണ് സിത്തുശ്ശാം എന്ന പേരിൽ പ്രസിദ്ധയായ ഫാത്തിമ ഖാതൂൻ ബിൻത് നജ്മുദ്ദീൻ അയ്യൂബ്. ഡമസ്കസിൽ ജനിച്ച മഹതി സുൽത്താൻ നൂറുദ്ദീൻ മുഹമ്മദ് സങ്കിയുടെ വിശ്വസ്തരിൽ സർവ്വ പ്രധാനിയായിരുന്ന, പിതാവ് നജ്മുദ്ദീൻ അയ്യൂബിയുടെ പരിപാലനത്തിലായിരുന്നു വളർന്നത്.
സഹോദരൻ സ്വലാഹുദ്ദീൻ അയ്യൂബിയിൽ നിന്ന് തന്നെ ഫിഖ്ഹും ഹദീസും മറ്റു സ്വഭാവഗുണങ്ങളും സ്വായത്തമാക്കിയ മഹതി സമുദായത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും ഷാഫിഈ പണ്ഡിത വൃന്ദത്തിലൊരാളാവുകയും ചെയ്തു. ശാമിലെ സ്ത്രീ സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു മഹതിയുടെ പ്രവർത്തനങ്ങൾ. അവിടുത്തെ വിജ്ഞാന പ്രസരണത്തിന് ചുക്കാൻ പിടിച്ച മഹതിക്ക് ഇസ്മതുദ്ദീൻ എന്ന വിളിപ്പേര് കൂടിയുണ്ട്. കൂടാതെ ഹിജ്റ ആറ്, ഏഴ് നൂറ്റാണ്ടുകളിൽ അയ്യൂബി വനിതകൾ സാംസ്കാരികമായും വൈജ്ഞാനികമായും വളരെ മുന്നിലായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നതും ഇത്തരം മഹതികളുടെ സേവനഫലമായിരുന്നു.
ഇസ്‍ലാമിക അടിസ്ഥാന വിജ്ഞാനങ്ങൾക്ക് പുറമെ വൈദ്യവും മരുന്ന് നിര്‍മ്മാണവും മഹതിക്ക് വശമായിരുന്നു. പലപ്പോഴും യുദ്ധങ്ങൾക്ക് വേണ്ടി പുറപ്പെടുന്ന സഹോദരൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ കൂടെ സൈനികരെ ശുശ്രൂഷിക്കാൻ ഫാത്തിമ ഖാതൂനെന്ന സിത്തു ശ്ശാമും പോകാറുണ്ടായിരുന്നത്രെ. കൂടാതെ മഹതിക്ക് ഒരു മരുന്നുത്പാദന ശാലയും അന്നുണ്ടായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇത്തരം ഒരു സംരംഭം തുടങ്ങി വെച്ച വനിതയാണ് സിത്തുശ്ശാം. നൂറുകണക്കിന് സ്ത്രീകൾ അവിടെ മഹതിക്കൊപ്പം സഹായങ്ങൾക്കുണ്ടായിരുന്നു. പ്രത്യേകതയെന്തെന്നാൽ അവരെല്ലാം മഹതി യുടെ നിബന്ധനയാർഥം ഖുർആൻ മനപാഠമാക്കിയവരും കുതിര സവാരി വശമുള്ളവരുമായിരുന്നു എന്നതാണ്. അവിടെ ജോലിചെയ്യാനുള്ള മാനദണ്ഡമായായിരുന്നു ഇവരണ്ടും.
രാജകുടുംബം
മക്കളും സഹോദരങ്ങളും മറ്റു ബന്ധക്കാരുമായി ഏകദേശം മുപ്പത്തിയഞ്ച് പ്രഭുക്കന്മാർ അടങ്ങുന്ന കുടുംബത്തിലെ അംഗമായിരുന്നു അവര്‍. രാജാക്കന്മാരായ നൂറുദ്ദൗല ശഹിൻഷ, ഷംസുദ്ദീൻ തൂറാൻ ഷാ, സൈഫുദ്ദീൻ, ളഹറുദ്ധീൻ സൈഫുൽ ഇസ്ലാം തൂഗ്തകിൻ, അവസാനമായി സ്വലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവരെല്ലാം അവരുടെ സഹോദരന്മാരാണ്. അവരുടെ സഹോദരിയാണ് റാബിയ ഖാതുൻ ബിൻത് അമീർ നജ്മുദ്ദീൻ.
ആദ്യമായി മഹതി വിവാഹം കഴിച്ചത് ഉമർ ബിൻ ലാജീൻ എന്നവരെയായിരുന്നു. ഈ ബന്ധത്തിലാണ് മഹതിക്ക് ഏക മകനായ, ചരിത്രത്തിൽ ധീരനെന്നറിയപ്പെട്ട ഹുസ്സാം ജനിക്കുന്നത്. സ്വലാഹുദ്ദീൻ അയ്യൂബിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു ഹുസ്സാം. ഹിജ്റ 583 ൽ ഹിത്വീൻ യുദ്ധത്തിൽ അയൂബിയുടെ പ്രധാന സഹായിയായിരുന്നു അവർ. ഒരിക്കൽ അയ്യൂബി സഹോദരി പുത്രൻ ഹുസാമിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്, "ഹുസാമിനെ പോലെ പരിപാലനം കിട്ടി വളർന്ന ഒരു യുവാവിനെ ഞാൻ കണ്ടിട്ടില്ല. അത് പോലെ സിത്തുശ്ശാമിനെ പോലെ തന്റെ മക്കളെ പരിപാലിച്ച ഒരുമ്മയെയും എനിക്കറിയില്ല".
ആദ്യ ഭർത്താവിന്റെ മരണ ശേഷം സിത്തുശ്ശാം വിവാഹം ചെയ്യുന്നത് നാസ്വിറുദ്ധീൻ മുഹമ്മദിനെയാണ്. ഹിംസിൽ ജീവിതം ആരംഭിച്ച അവർ ഭർത്താവ് നാസ്വിറുദ്ധീനിന്റെ മരണ ശേഷം അനന്തരമായികിട്ടിയ സമ്പത്ത് കൊണ്ട് സമസ്കസിലേക്ക് താമസം മാറുകയാണ് ചെയ്തത്.
ജീവിത കാലത്ത് തന്റെ വീടും സമ്പത്തും സമയവുമെല്ലാം മഹതി പാവങ്ങൾക്കും അശരണർക്കും വേണ്ടി മാറ്റി വെക്കുകയായിരുന്നു. അഭയാർത്ഥികളുടെയും അധിനിവേശ ബാധിതരുടെയും അഭയ കേന്ദ്രമായിരുന്നു മഹതിയുടെ ഭവനം. പ്രമുഖ ചരിത്രകാരൻ ഇബ്ൻ കഥീർ പറയുന്നതിങ്ങനെയാണ്, "പാവങ്ങൾക്കും ആവശ്യക്കാർക്കും ധാനധർമം ചെയ്തിരുന്ന വനിതകളിൽ ഒരാളായിരുന്നു ഇവർ. തന്റെ സമ്പത്ത് ചിലവഴിച്ച് ജനങ്ങൾക്ക് വേണ്ടി ഭക്ഷണവും മരുന്നും മഹതി തന്റെ വീട്ടിൽ തന്നെ ഒരുക്കുമായിരുന്നു".
ശാമിലെ ജനങ്ങൾക്ക് ഒരത്താണിയായിരുന്നു ഈ പണ്ഡിത വനിത. അതുകൊണ്ട് തന്നെയാണ് ജനങ്ങൾ അവരെ സിത്ത് അല്‍ ശാം എന്ന പേരിട്ട് വിളിച്ചത്. 'സിത്ത്' എന്നാൽ നേതാവ് എന്നാണ് അർത്ഥം. ഒരു വേർത്തിരിവുമില്ലാതെ ദാനധർമം ചെയ്ത മഹതിയെ ചരിത്രകാരൻമാർ വിളിച്ചിരുന്ന മറ്റൊരു പേരായിരുന്നു 'സയ്യിദ അൽ ഇൻസാനിയ്യ' എന്നത്.
രണ്ട് മദ്റസകൾ
അറിവിനും പണ്ഡിതന്മാർക്കും ജീവിതത്തിൽ പ്രാമുഖ്യം നൽകിയിരുന്ന ഈ മഹദ് വനിത വിജ്ഞാന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ക്രിസ്ത്വബ്ദം 1187 ൽ സ്ഥാപിതമായ മദ്രസ അല്‍ശാമിയ്യ അല്‍ബറാനിയ്യ ഇതിനുദാഹണമാണ്. 1191 ലാണ് മദ്റസ അതിന്റെ പൂർണ രൂപത്തിൽ എത്തുന്നത്. അക്കാലത്ത് കർമശാസ്ത്ര മേഖലയിൽ അറിയപ്പെട്ട മദ്റസകളികാലൊന്നായിരുന്നു ഇത്.
തുടർന്ന് കൂടുതൽ പ്രസിദ്ധി കൈവന്നതോടെയാണ് മദ്റസ ഒരു യൂനിവേഴ്സിറ്റി തലത്തിലേക്ക് ഉയരുന്നത്. തന്റെ കാലശേഷമുള്ള പ്രസ്തുത സ്ഥാപനത്തിന്റെ നിലനിൽപ്പിനെ കുറിച്ച് ആകുലപ്പെട്ടിരുന്ന മഹതിക്ക് ആശ്വാസമെന്നോണം മദ്റസയുടെ പൂർണ ഉത്തരവാദിത്വം ശാമിലെ പ്രമുഖ ഖാളിയും അവരുടെ നാൽപത് സഹചാരികളും ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് മംലൂകികളുടെ കാലം ഘട്ടം വരെ മദ്രസതുല്‍ ശാമിയ്യ, സിറിയക്കാരുടെ വൈജ്ഞാനിക ഖിബ്‍ലയായി നിലകൊണ്ടതും.
രണ്ടാമതായി മഹതി സ്ഥാപിച്ച മറ്റൊരു മദ്റസയാണ് മദ്രസ അല് ശാമിയ്യ അല് ജവാനിയ്യ. തന്റെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ഇത് സ്ഥാപിച്ചിരുന്നത്. പക്ഷേ അവരുടെ മരണ ശേഷമാണ് അത് സാക്ഷാകൃതമായത് എന്ന് മാത്രം. ഇതും കാലങ്ങളോളം അറിവന്വേഷകരുടെ കേന്ദ്രമായി വർത്തിച്ചിരുന്നു എന്നു കാണാം.
വഫാത്ത്
ഹിജ്റ 616 ദുൽഖഅദ് 16 (ക്രി. 1220) ന് ദമസ്കസിൽ തന്റെ വസതിയിൽ വെച്ച് തന്നെയാണ് മഹതി വഫാത്താകുന്നത്. തനിക്ക് മുമ്പേ മരണപ്പെട്ട തന്റെ മകന്റെ ചാരെയാണ് മഹതിയെ മറമാടപ്പെട്ടിട്ടുള്ളത്. മഹതിയുടെ ജാനാസ കാണാൻ ഏകദേശം നാൽലക്ഷത്തി അമ്പതിനായിരം പേര് പങ്കെടുത്തിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മഹതി ജീവിത കാലത്ത് ചെയ്ത് വെച്ച സുകൃതങ്ങളുടെ പ്രതിഫലനം ആ ജനവ്യൂഹം തന്നെ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
Leave A Comment