2025 - വിടവാങ്ങുമ്പോള് സുഡാന്‍:  കഴിഞ്ഞുപോയത് ദുരിതപൂര്‍ണ്ണമായ വര്‍ഷം

അറബ് ഇസ്‍ലാമിക് രാജ്യങ്ങളിലധികത്തിനും 2025 അത്ര സന്തോഷകരമായ വര്‍ഷമായിരുന്നില്ല എന്ന് വേണം പറയാന്‍. പലയിടങ്ങളിലും ആഭ്യന്തരകലാപങ്ങളാലും ഭരണത്തിനെതിരെയുള്ള വിപ്ലവങ്ങളാലും മറ്റു ചിലയിടങ്ങള്‍ വിമതനീക്കങ്ങളാലും ജനജീവിതം ദുസ്സഹമായാണ് 2025 കടന്നുപയോത്. അവയില്‍ പ്രധാനമായവ പരിശോധിക്കാം.

പ്രമുഖ ആഫ്രിക്കന്‍ അറബ് രാജ്യമായ സുഡാന്‍ 2023 മുതല്‍ ആഭ്യന്തര കലഹങ്ങളിലൂടെ നീങ്ങുകയാണ്. രണ്ട് വർഷമായി ഇരുസൈന്യങ്ങളും അധികാര വടം വലിയിലാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 40,000 പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. 12 ദശലക്ഷം മനുഷ്യർ കുടിയിറക്കപ്പെട്ടു. 24 മില്യൺ ആളുകൾ പട്ടിണിയിലാണ്. 

1989ൽ സൈനിക അട്ടിമറിയിലൂടെ ഉമർ അൽബശീർ സുഡാനിന്റെ അധികാരത്തിലേറി. ശേഷം, നീണ്ട മുപ്പത് വർഷം ഏകാധിപത്യ ഭരണമായിരുന്നു സുഡാനിൽ നടന്നത്. അസംഘടിതമായ അറബ് ഗോത്ര വംശജരെ ഉപയോഗിച്ച് അദ്ദേഹം രൂപീകരിച്ച, ജൻ ജാവീദ് മിലീഷ്യകള്‍ (Jan Javeed Militia) എന്ന വിഭാഗമാണ് ഇന്ന് സുഡാനെ പ്രശ്നകലുശിതമാക്കുന്നത്. ആർ. എസ്. എഫ് (Rapid Support Force) എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. 

2019ൽ ജനങ്ങളും ഇരു സൈനിക വിഭാഗങ്ങളും ചേർന്ന് അല്‍ബശീറിനെ പുറത്താക്കിയതോടെ, സുഡാൻ സായുധ സേനയുടെ തലവന്‍ അബ്ദുൽഫതാഹ് അൽബുർഹാനും ഹമീദ്തി എന്നറിയപ്പെടുന്ന RSFന്റെ ഹംദാൻ ദെഗാലോയും സുഡാനിന്റെ അധികാര പദവിയിലെത്തി. ശേഷം അവര്‍ തമ്മിലെ അധികാര വടംവലി, ആഭ്യന്തര കലഹങ്ങളിലേക്ക് മാറുകയും 2025 ലെ വലിയൊരു മനുഷ്യാവകാശ പ്രതിസന്ധിയായി അത് തീരുകയും ചെയ്തു.

2025 ന്റെ ആദ്യത്തില്‍ ഔദ്യോഗിക സൈന്യം വിമതര്‍ക്കെതിരെ ഏറെ മുന്നേറിയെങ്കിലും, ഇരുസൈന്യങ്ങള്‍ക്കുമിടയിലെ സംഘട്ടനം വിവിധ ഘട്ടങ്ങളിലേക്കും പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതാണ് പിന്നീട് കണ്ടത്. ഖര്‍തൂം, ഉംദര്‍മാന്‍ തുടങ്ങിയ സുപ്രധാന നഗരങ്ങളെല്ലാം ഔദ്യോഗിക സൈന്യത്തിന്റെ കൈകളിലെത്തുകയും തലസ്ഥാനം നിയന്ത്രണവിധേയമാവുകയും പ്രസിഡണ്ട് അബ്ദുല്‍ഫത്താഹ് ബുര്‍ഹാന്‍ കൊട്ടാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ശേഷം കുര്‍ദുഫാന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും സൈനിക നീക്കങ്ങള്‍ വ്യാപിപ്പിക്കുകയും പല പ്രദേശങ്ങളും തിരിച്ച് പിടിക്കുകയും ചെയ്തു.

പല പ്രദേശങ്ങളും നഷ്ടമായതോടെ, വിമത വിഭാഗമായ മിന്നല്‍സേനയുടെ ശ്രദ്ധ ഫാശിര്‍ പട്ടണത്തിലായി. ഒന്നര വര്‍ഷത്തോളം നഗരത്തെ ഉപരോധത്തിലാക്കി അവസാനം നഗരത്തിന്റെ നിയന്ത്രണം അവരുടെ കൈകളിലായി. അതോടെ, മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് പ്രകാരം, അവകാശലംഘനങ്ങളുടെയും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരതകളുടെയും കേളീരംഗമായി മാറി ഫാശിര്‍. ലക്ഷക്കണക്കിന് പേര്‍ നഗരം വിട്ട് പലായനം ചെയ്യുകയും അവരെല്ലാം അഭയാര്‍ത്ഥികളായി മാറുകയും ചെയ്തു. 

വര്‍ഷം വിട പറയുമ്പോള്‍, സുഡാനിലെ 18 ഗവര്‍ണറേറ്റുകളില്‍ പത്തെണ്ണം ഔദ്യോഗിക സൈന്യത്തിന്റെ നിയന്ത്രണത്തിലും, 5 ഗവര്‍ണറേറ്റുകള്‍ അടങ്ങുന്ന ദാര്‍ഫൂര്‍ മേഖലയുടെ 95 ശതമാനവും വിമത സൈന്യത്തിന്റെ കൈകളിലുമാണ്.

ശേഷിക്കുന്ന പ്രദേശങ്ങള്‍ കൂടി നിയന്ത്രണവിധേയമാക്കാനും വിമത സൈന്യത്തെ തുരത്താനും ആവുന്നതെല്ലാം ചെയ്യുമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് സര്‍ക്കാര്‍. തുര്‍കി അടക്കമുള്ള രാഷ്ട്രങ്ങളുടെ സൈനിക സഹായത്തോടെ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് സൈനിക വക്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. പുറത്ത് നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നതിനാലാണ് വിമത സൈന്യം പിടിച്ച് നില്ക്കുന്നതെന്നും അവ സ്വീകരിക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് അവര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും വക്താക്കള്‍ പറയുന്നു. 

സമാധാനം പുനസ്ഥാപിക്കാനായി അനേകം പദ്ധതികളും നിര്‍ദ്ദേശങ്ങളും പലരും മുന്നോട്ട് വെച്ചെങ്കിലും അവയൊന്നും തന്നെ ഇത് വരെ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുകയോ നടപ്പിലാവുകയോ ചെയ്തിട്ടില്ല. യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഇനിയെങ്കിലും ഇവയെല്ലാം അവസാനിച്ച് സമാധാന പൂര്‍ണ്ണമായ നാളുകള്‍ തിരിച്ച് വരണേ എന്ന പ്രാര്‍ത്ഥനയിലാണ് സുഡാന്‍ ജനത. സ്വന്തം വീടുകളിലേക്ക് ഈ വര്‍ഷമെങ്കിലും തിരിച്ച് പോവാനും കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിതം നയിക്കാനും സാധിക്കട്ടെ എന്നാണ് ഈ പുതുവര്‍ഷത്തില്‍ ഓരോ സുഡാനി പൗരന്റെയും ഏക പ്രാര്‍ത്ഥന.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter