പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകം: വർഗ്ഗീയ പ്രചാരണങ്ങൾക്ക് ദയനീയ അന്ത്യം
മഹാരാഷ്ട്രയിലെ പാല്‍ഘറിൽ സന്യാസിമാര്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ പ്രചാരണങ്ങളുമായി സംഘപരിവാർ ശക്തികൾ സോഷ്യൽ മീഡിയ കൈയടക്കിരുന്നത്. എന്നാൽ സംഘപരിവാർ ശക്തികളുടെ വ്യാജ വാർത്തകളെ ഞൊടിയിടയിൽ തകർത്തിരിക്കുകയാണ് നിഷ്പക്ഷ മാധ്യമങ്ങളും മഹാരാഷ്ട്ര സർക്കാരും. ഇതോടെ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ച മറ്റൊരു വ്യാജ വാർത്ത കൂടി പൊളിഞ്ഞിരിക്കുകയാണ്.
സന്യാസിമാരുടെ കൊലപാതകം
ഏപ്രില്‍ 16നാണ് രണ്ട് സന്ന്യാസിമാരും അവരുടെ ഡ്രൈവറും ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെടുന്നത്. മുംബൈയിലെ കാൻഡിവിലിയിൽ നിന്ന് സിൽവാസ്സയിലേക്ക് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാനായിരുന്നു ഇവരുടെ യാത്ര. എന്നാൽ കൊറോണ ലോക് ഡൗണുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ദാദ്ര നഗര്‍ ഹവേലി അതിര്‍ത്തിയില്‍ സന്യാസിമാരെ തടയുകയായിരുന്നു. തങ്ങളുടെ ഉദ്ദേശ്യം പോലീസുകാർക്ക് മുമ്പിൽ സന്യാസിമാർ വ്യക്തമായി പറഞ്ഞെങ്കിലും അവരെ കടത്തിവിടാതെ പോലീസ് തിരിച്ചയക്കുകയായിരുന്നു.തിരികെ മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗഡ്ഛിന്‍ചലെ ഗ്രാമത്തിന് അടുത്ത് ഗ്രാമീണർ നിയോഗിച്ച ജനക്കൂട്ടമാണ് സന്യാസിമാരെ കൈകാര്യം ചെയ്തത്. ആദ്യം കല്ലുകൾ എറിഞ്ഞും പിന്നീട് വടികൾ കൊണ്ട് അടിച്ചുമാണ് അക്രമികൾ സന്യാസിമാരെ കൊലപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം
സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സന്ന്യാസിമാരെ മുസ്‌ലിംകള്‍ അടിച്ചു കൊന്നു എന്ന പേരില്‍ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വർഗീയ ശക്തികൾ പ്രചരിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 'അടിക്കൂ ഷുഹൈബ് അടിക്കൂ' എന്ന വീഡിയോയിലെ ആക്രോശം ചൂണ്ടിക്കാണിച്ചായിരുന്നു പ്രചാരണം. ഒരു മുസ്‌ലിം പേര് വിളിക്കുന്നത് ഉയർത്തിക്കാട്ടി മുസ്‌ലിംകളാണ് ഈ ഹീനമായ കൃത്യം നടത്തിയതെന്ന് വരുത്തിത്തീർക്കാനായിരുന്നു സംഘ് പരിവാറിന്റെ ഗൂഢശ്രമം.ഈ വീഡിയോ വർഗീയശക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരിക്കാൻ ഏറെ നേരമെടുത്തില്ല. സിനിമ സംവിധായകനായ അശോക് പണ്ഡിറ്റ് മുതല്‍ സുദര്‍ശന്‍ ന്യൂസിന്റെ എഡിറ്റര്‍ സുരേഷ് ചവാംഗ് വരെയുള്ള പലപ്രമുഖരും ഇത് ഷെയര്‍ ചെയ്തു. ഇതിനിടെ രാജ്യത്തെ പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് പാല്‍ഘര്‍ കൊലപാതകത്തില്‍ മൗനം പാലിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ടിവി സ്ഥാപകൻ അര്‍ണബ് ഗോസ്വാമി രാജി പ്രഖ്യാപിച്ചതും വലിയ വാർത്താപ്രാധാന്യം നേടി. ഈ വാർത്തയും സംഘ് പരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന രണ്ടാമത്തെ വിദ്വേഷ പ്രചരണമായിരുന്നു മഹാരാഷ്ട്രയിലെ സംഭവവുമായി ബന്ധപ്പെടുത്തിയുള്ളത്.
വ്യാജപ്രചരണങ്ങൾ പൊളിയുന്നു
ഏത് നുണ പ്രചരണങ്ങൾക്കും അൽപ്പായുസ്സ് മാത്രമേ ഉള്ളൂ എന്ന് തെളിയിച്ച് സന്യാസികൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലുള്ളത് മുസ്‌ലിംകൾ അല്ലെന്ന സത്യം ഏറെ വൈകാതെ പുറത്തെത്തി. അടിക്കൂ ഷുഹൈബ് അടിക്കൂ എന്ന വീഡിയോയിലെ പരാമർശം എഡിറ്റ് ചെയ്ത് മനപ്പൂർവം കയറ്റി കൂട്ടിയതാണെന്ന് പിന്നീട് വ്യക്തമായി. ബസ് ഹായെ ബസ് (നിര്‍ത്തൂ) എന്ന് പറയുന്നതാണ് 'മാര്‍ ഷുഹൈബ്' എന്നാക്കി മാറ്റിയതെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തിയതോടെയാണ് വ്യാജവാർത്ത പൊളിഞ്ഞു തുടങ്ങിയത്.മഹാരാഷ്ട്ര സർക്കാരിന്റെ ഇടപെടൽ
വീഡിയോയിൽ എഡിറ്റ് ചെയ്ത സംഭവം പുറത്തായതിന് പിന്നാലെ സന്ന്യാസിമാരെ അക്രമിച്ചത് മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരല്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി തന്നെ രംഗത്തെത്തിയതോടെ വർഗീയ ശക്തികളുടെ പ്രചരണങ്ങൾക്ക് അറുതിയായി. കൊന്നവരും കൊല്ലപ്പെട്ടവരും ഒരേ സമുദായത്തില്‍ പെട്ടവരാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ട്വിറ്റര്‍ വഴി അറിയിക്കുകയായിരുന്നു.ഇതിനുപിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. പാൽഗഡ് സംഭവത്തിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്ന് ഉദ്ദവ് താക്കറെ ഒരു വീഡിയോ വഴി മുന്നറിയിപ്പ് നല്‍കി. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും ആക്രമണം നടന്നത് വര്‍ഗീയമായല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്യാസിമാരെ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസമായി മോഷണം പതിവായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവര്‍ ഉണ്ടെന്നും ഈ പ്രദേശത്ത് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതാണ് ഗ്രാമീണരെ പ്രദേശത്ത് ജാഗ്രതയോടെ നിർത്തിയതെന്നും മോഷ്ടാക്കൾ എന്ന് സംശയിച്ചാണ് സന്യാസിമാരെ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതോടെ രാജ്യത്ത് ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു.
ജാഗ്രതയോടെ ഇരിക്കേണ്ട കാലം*
ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ഇത്തരം പ്രചരണങ്ങൾ വംശഹത്യയുടെ മുന്നോടിയാണെന്നാണ് പ്രമുഖ ഇന്ത്യൻ നോവലിസ്റ്റും ചിന്തകയുമായ അരുന്ധതി റോയി അഭിപ്രായപ്പെടുന്നത്. കൊറോണ കാലത്ത് ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ ലോക സമൂഹം ഏറെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
മുസ്‌ലിംകളോട് വെറുപ്പ് തോന്നുന്ന വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. നിരന്തരമായി ഇത്തരം വാർത്തകൾ കേൾക്കുന്ന ഏതൊരു സാധാരണ പൗരനും മുസ്‌ലിംകൾ വെറുക്കപ്പെടേണ്ടവരാണെന്ന ചിന്തയിലേക്ക് എത്തിപ്പെടുമെന്ന വർഗീയ ശക്തികളുടെ സ്വപ്നമാണ് ഇതിനുപിന്നിൽ. അതിന് അവർക്ക് മുൻ മാതൃകയുള്ളത് ജർമ്മനിയിലെ നാസികളിൽ നിന്നാണ്. ജൂതന്മാർക്കെതിരെ പ്രചരിപ്പിച്ച നിരന്തരമായ വ്യാജവാർത്തകളാണ് അവരെ ഗ്യാസ് ചേമ്പറിലിട്ട് കൂട്ടക്കൊല ചെയ്യുമ്പോഴും രാജ്യത്ത് നിന്ന് എതിർപ്പ് ഉയരാതിരിക്കാൻ ഹിറ്റ്ലർക്ക് സഹായകമായിത്തീർന്നത്.
അതുകൊണ്ട് ഇന്ത്യ മതേതര രാഷ്ട്രമാണെന്ന് വിശ്വസിക്കുന്നവരും അതിനുവേണ്ടി കർമ്മ രംഗത്തിറങ്ങുന്നവരും എപ്പോഴും ഒരു കണ്ണ് തുറന്നു പിടിച്ചേ മതിയാകൂ. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം വാർത്തകളെ വളരെ പെട്ടെന്ന് തന്നെ പൊളിക്കാൻ സാധിച്ചാൽ സംഘ് പരിവാറിന്റെ വിഷം വമിക്കുന്ന പ്രചരണങ്ങളെ ഒരു പരിധിവരെയെങ്കിലും തടുത്തുനിർത്താനാവും. അതിന് നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്, സംഘ് പരിവാർ സോഷ്യൽ മീഡിയയിൽ എത്രമാത്രം ആക്റ്റീവ് ആണോ അതിലധികം നാമും സജീവമാവേണ്ടതുണ്ട്. എങ്കിൽ മാത്രമേ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രത്തെ നമുക്ക് വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ.
Leave A Comment