"മുഹമ്മദ് നഹോതേ തോ കുച്ഛ് ഭീ നഹോതാ"
ബറേലിയിലെ റസാഖാന്റെ ദര്‍ഗയില്‍. ഉത്തരേന്ത്യയിലെ ഇതരദര്‍ഗകളില്‍ നിന്ന് വ്യത്യസ്തമായി മൗനം കൊണ്ട് 'ജാറംമൂടിയ' അകം. അപ്രതീക്ഷിതമായ ആ മൂകതയില്‍ അന്തംവിട്ടിരിക്കുയായിരുന്നു സുഹൃത്തിനൊപ്പം. അപ്പോള്‍ കടന്നുവന്നൊരാള്‍ ഖബറിന് അഭിമുഖമായി നിന്ന് ഒരു നഅത് പാടിത്തുടങ്ങി. ദര്‍ഗക്കകത്ത് പരക്കെ വിതറിയ മൗനത്തില്‍ പെട്ടെന്ന് ഒരു കവിതയുടെ മുളപൊട്ടുന്നു; ചുറ്റുമുള്ളവരുടെ കേള്‍വി അതിനെ ഒരു നഅത്തായി വളര്‍ത്തുന്നു. അവിടെ കൂടിയവരിലെല്ലാം ഒരു 'ആശിഖ്' ജനിക്കുന്നു. അന്ന് ദര്‍ഗവിട്ടു പുറത്തിറങ്ങിയപ്പോള്‍ കവാടത്തില്‍ അറബിയില്‍ എഴുതിവെച്ചിരിക്കുന്ന വരികളില്‍ കണ്ണുടക്കി: അല്ലാഹു റബ്ബുമുഹമ്മദി, സല്ലൂ അലൈഹി വ സല്ലിമൂ/ നഹ്നു ഇബാദുമുഹമ്മദി, സല്ലൂ അലൈഹി വസല്ലിമൂ. ഉര്‍ദുവില്‍ മദ്ഹുകളുടെ സപ്തഭൂഖണ്ഢങ്ങള്‍ വരച്ച കവിയാണ് ഇമാംഅഹ്മദ് റസാഖാന്‍. തിരുവര്‍ണനകളുടെ ഇടുങ്ങിയ ഗല്ലികളില്‍ പോലും അദ്ദേഹം സ്വന്തമായൊരു കുടില്‍കെട്ടി. ആശിഖുകള്‍ക്ക് വേണ്ടി അതെല്ലാം തുറസ്സായ ഇടങ്ങളാക്കി.
തിരുനബി വര്‍ണനാകാവ്യങ്ങളെയാണ് 'നഅത്' എന്ന് വിളിക്കുക. അല്ലാഹുവിനെ കുറിച്ചുള്ളതാകുമ്പോള്‍ 'ഹംദ്' എന്നും. സാധാരണ പ്രണയഗാനങ്ങള്‍ക്ക് പേര് 'ഗസല്‍'. നഅത് ഉറുദുകാവ്യത്തിലെ പ്രധാനശാഖ തന്നെയാണ്. നബിസ്‌നേഹത്തില്‍ രൂപപ്പെടുന്ന അതിന്റെ മിനാരം നേരിട്ടുനീളുന്നത് റൗദയുടെ ആകാശത്തിലേക്ക്. ഉയര്‍ന്നും താണും തീരെ ശുഷ്‌കിച്ചുമെല്ലാമുള്ള ആ ശബ്ദം മദീനകൊള്ളെ 'ഇഹ്‌റാം' കെട്ടുന്നു.
2011, അലീഗഡ്. റബീഇനോടനുബന്ധിച്ച് യൂനിവേഴ്‌സിറ്റിയില്‍ നടന്ന മീലാദ് പരിപാടിയിലാണ് സാധാരണ നഅതുകളുടെ പോലും കുതിരശക്തി അനുഭവിച്ചറിയുന്നത്. ഓഡിറ്റോറിയത്തില്‍ നിന്നിറങ്ങുമ്പോഴേക്ക് അക്ഷരങ്ങളുടെ തേരിലേറ്റി ഓരോ ശ്രോതാവിനെയും മദീനയിലെത്തിച്ചു കഴിഞ്ഞിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട ആ നഅത് പരിപാടി. ഭാഷയുടെ 'റൗദ'യില്‍ സന്നിഹിതരായവരെ പോലെ അവിടെ തിങ്ങിനിറഞ്ഞവര്‍ ഒന്നിച്ചുറക്കെ പാടി: മുസ്തഫാജാനെ റഹ്മത് പെ ലാഖോ സലാം/ശംഐ ബസ്‌മെ ഹിദായത് പെ ലാഖോ സലാം... (കരുണയുടെ ആത്മാവായ മുസ്ഥഫനബിയേ, ലോകത്തെ ഹിദായത്ത് നടത്തിച്ച മെഴുകുതിരിയേ, അങ്ങയുടെ മേല്‍ ആയിരം സലാം ഉണ്ടാകട്ടെ...)
അന്ധനെയും വഴിനടത്തിക്കുന്ന നഅത്
മദീനെ കാ സഫര്‍ ഹെ ഔര്‍ മൈ നംദീദാ നംദീദാ...നഅത് 'മദീനയിലേക്കുള്ള യാത്രയിലാണ്, പക്ഷെ ഞാന്‍ അന്ധനാണ്' എന്നാണ് കവി തേങ്ങിക്കരഞ്ഞു പാടുന്നത്. 'നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരിക്കുന്നു/ കാലുകള്‍ കഴച്ച് വിറക്കുന്നു/ ഒരു കുറ്റവാളി കണക്കെയാണ് ഈ പോക്ക്/ ലജ്ജകാരണം തലതാഴ്ന്നിരിക്കുന്നു/ ശരീകം കിടുകിടാ വിറക്കുന്നു' അടുത്ത വരികളിലായി കവി തുടരുന്നു. ഉറുദുവിനോട് അത്ര താത്പര്യമില്ലാതിരുന്ന ഒരാളെ കടുത്ത നഅത് പ്രേമിയാക്കി മാറ്റാന്‍ ഈ വരികള്‍ തന്നെ ധാരാളമായിരുന്നു. ബസ്വാറത്ത് ഖോഗയീ ലേകിന്‍ ബസ്വീറത് തോ സലമാത് ഹെ/ മദീന ഹംനെ ദേഖാ ഹെ മഗര്‍ നാബീനാ നാബീനാ (കാഴ്ച നഷ്ടപ്പെട്ടാലും എന്റെ ഉള്‍ക്കാഴ്ചക്ക് കുഴപ്പമേതുമില്ല. അന്ധനാണെന്നത് ശരി തന്നെ, പക്ഷെ എനിക്ക് മദീന കാണാനായിട്ടുണ്ട്) എന്ന വരിയില്‍ കവിക്കൊപ്പം കേള്‍വിക്കാരനും കരഞ്ഞുപോകുന്നു.
ഉറുദുനാട്ടുകാരായ 'റസാഖാദിരി'മാരുടെ നഅതു-ഖവ്വാലികള്‍ മലയാളിമുസ്‌ലിംകളെയും കീഴടക്കി കഴിഞ്ഞിരുന്നു അപ്പോഴേക്ക്. അന്നബി സ്വല്ലൂ അലൈഹി/ സ്വലാവാത്തുല്ലാഹ് അലൈഹി, താജ് വാലോം കെ സറോപര്‍ പായേ അഖ്ദസ് ആപ് കെ (എല്ലാ രാജാക്കളുടെയും കീരീടത്തിന് മീതെയാണ് അങ്ങയുടെ കാല്‍പാദം), അല്ലാഹ് ജാന്‍താ ഹെ മുഹമ്മദ് കാ മര്‍തബാ (മുഹമ്മദ് നബിയുടെ സ്ഥാനം അത് അല്ലാഹുവിന് മാത്രമെ അറിയൂ), ആയാഹെ ബുലാവാ മുഝെ ദര്‍ബാറെ റസൂല്‍സെ (എനിക്ക് വിളി വന്നിരിക്കുന്നു റസൂലിന്റെ തട്ടകത്തില്‍ നിന്ന്) തുടങ്ങിയ ഖവ്വാലികളെല്ലാം അര്‍ഥമറിയാത്തവര്‍ പോലും പരസ്പരം പാടിനടക്കുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാകുന്നില്ലെങ്കിലും, ഒരര്‍ഥത്തില്‍ അവരും യസ്‌രിബിലേക്കുള്ള യാത്രയിലാണ്. ഭാഷയുടെ അന്ധതയിലും അവര്‍ മദീന കണ്ണുനിറയെ കണ്ടു. ഖല്‍ബ് നിറയെ അറിഞ്ഞു.
[caption id="attachment_42433" align="alignleft" width="378"]
ഉത്തരേന്ത്യയിലെ ഒരു പ്രവാചക പ്രകീര്‍ത്തന സദസ്[/caption]
ഖവ്വാലിയുടെ ബറാത്ത് വരവ്
ഖവ്വാലി സ്വന്തമൊരു ഭാഷയാണ്. സൂഫിഭൂമികയിലെ നാട്ടുഭാഷ. പേര്‍ഷ്യയില്‍ ഉത്തരേന്ത്യയിലേക്കുള്ള ഇതിന്റെ നാടുകടന്നുവരവ്. ഉറുദു ഫാര്‍സി അറബി ഭാഷകളിലെ പദങ്ങളെല്ലാം സ്വഫ്‌കെട്ടുന്നുണ്ട് ഖവ്വാലിയുടെ അകത്തെപള്ളിയില്‍. ഖവ്വാലിയുടെ ഈ ഭാഷക്ക് ബൈന്‍ഡിടാന്‍ പോന്ന ഒരു ഡിക്ഷണറിയില്ല. പാട്ടുകാരന്റെ വരികള്‍ക്ക് ഗ്രാമറൊപ്പിക്കുന്നത് അതിനൊപ്പിച്ച് പിന്‍നിരയിലുയരുന്ന കൈമുട്ടാണ്. ഫുള്‍സ്റ്റോപ്പിടുന്നത് കേട്ടുകൊണ്ടിരിക്കുന്നവന്റെ 'ക്യാബാത്‌ഹൈ' പ്രതികരണവും.
'ബുര്‍ദ'യടക്കം അറബിയിലുള്ള കീര്‍ത്തനങ്ങള്‍ കസവുചുറ്റിത്തുടങ്ങിയിരുന്ന ആശയങ്ങളുടെ മണിയറയിലേക്ക് പെട്ടെന്നൊരു രാത്രിയായിരുന്നു ഖവ്വാലിയുടെ ബറാത്ത് (വരന്റെ ആദ്യവരവ്). ചിഡ്കി യെ രാത് ദേഖോ/ സജീ ഹെ ബറാത്ത്; അജ്മീര്‍ തങ്ങളുടെ മദ്ഹായിരുന്നു ആദ്യമായി കേട്ട ആ ഖവ്വാലി. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പാകിസ്താന്‍കാരനായ നുസ്‌റഹത്ത് ഫതേഹ് അലിഖാനെ 'യൂട്യൂബി'ല്‍ കേട്ടത്. ആ ഖവ്വാലിയില്‍ നുസ്‌റത് അലിഖാനോടൊപ്പം സൂഫീഅര്‍ഥങ്ങളും ചമ്രംപടിഞ്ഞിരിക്കുന്നതായി തോന്നി.
അസ്മത്തെ ശാഹ് വാലാ ബഡീ ചീസ് ഹെ/ അര്‍ശെ അഅ്‌സം കാ ദുല്‍ഹാ ബഡീ ചീസ് ഹെ ( പുണ്യനബി ഉന്നതന്‍ തന്നെ/ മിഅറാജിന്റെ രാവില്‍ അര്‍ശിലെ മണവാളനായത് ചെറിയ കാര്യമോ); ഫതേഹ് അലിഖാന്റെ പ്രധാന നഅതുകളിലൊന്ന് തടങ്ങുകയാണ്. 'യഅ്ഖൂബിന്റെ പുത്രന് (യൂസുഫ്‌നബിക്ക്) അല്ലാഹു സൗന്ദര്യം നല്‍കി/ ഈസാനബിക്ക് മസീഹ പട്ടം നല്‍കി/ എല്ലാ നബിമാര്‍ക്കും എന്തെങ്കിലുമൊക്കെ മഹത്വം നല്‍കി അവന്‍/ എന്നാല്‍ എന്റെ നബിക്ക് മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള അവസരം നല്‍കിയത്/ അത് ചില്ലറ കാര്യമാണോ'; ഫതേഹ് അലിഖാന്‍ പാടിച്ചോദിക്കുകയാണ്.
തിരുനബിയുടെ നൂറും അവിടത്തെ നാടും
ആദിയില്‍ സൃഷ്ടിക്കപ്പെട്ട തിരുനബിയുടെ 'നൂറ്' നഅത്തു-ഖവ്വാലികളിലെ പ്രധാനചര്‍ച്ചയാണ്. 'ആകെലോക കാരണമുത്തൊളി'യെന്നും 'വിത്തൊളി'യെന്നുമെല്ലാം പഴയകാല മാപ്പിളപ്പാട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ നൂറിനെ തന്നെ. ആദം നബിക്ക് മുന്നെ ഒരു പ്രകാശമായി തിരുനബിയുണ്ടായിരുന്നുവെന്ന് മന്‍ഖൂസ് മൗലിദ്. പുണ്യനബിക്ക് നിഴലില്ലായിരുന്നുവെന്ന അത്ഭുതം പ്രമാണങ്ങളില്‍ കാണാം. 'നൂറി'നെയും 'നിഴലില്ലായ്മ'യെയും പര്‌സപരം ബന്ധിപ്പിച്ചുള്ള ഖവ്വാലികളിലെ വരികള്‍ ഭാവനകളുടെ സാഗരം തേടുന്നു. ആശയങ്ങളുടെ ചാകര നോക്കി വാക്കുകള്‍ വലയെറിയുന്നു അവിടെ. 'തിരുശരീരത്തിന്റെ അടിസ്ഥാനം ശുദ്ധപ്രകാശമായിരുന്നു/ പ്രകാശത്തിന് എങ്ങനെയാണ് നിഴലുണ്ടാകുക'യെന്ന് ചോദിക്കുന്നു ഒരു വരി. 'ആളുകള്‍ പറയുന്നു പുണ്യശരീരത്തിന് നിഴലില്ലായിരുന്നുവെന്ന്/ എന്നാല് ലോകം മുഴുവന്‍ അവിടത്തെ നിഴല്‍ മാത്രമല്ലേ, പിന്നെയെന്തിനാണ് സ്വന്തമായി മറ്റൊരു നിഴല്‍' എന്ന് അത്ഭുതംകൂറുന്നു അടുത്തവരി. 'എപ്പോഴും തന്റെ ഹബീബിനെ കണ്ടുകൊണ്ടിരിക്കാന്‍ വേണ്ടി, തിരുനബിയെ ഭൂമിയിലേക്ക് അയച്ചപ്പോഴും ആ നിഴലിനെ പടച്ചവന്‍ തന്റെയടുത്ത് പിടിച്ചുവെച്ചതാണ'് എന്നതാണ് മൂന്നാമത്തെ വിശദീകരണം.
മറ്റൊരു പ്രതിപാദ്യം തിരുനബിയുടെ നാട് തന്നെയാണ്. ക്യൂ ആകെ റോരഹാഹെ മുഹമ്മദ് കെ ശെഹര്‍ മേ/ ഹര്‍ ദര്‍ദ്കീ ദവാ ഹെ മുഹമ്മദ് കെ ശെഹര്‍ മേ (മദീനിയില്‍ വന്ന് നീ കരയുകയാണോ/ എല്ലാ വേദനകള്‍ക്കും അവിടെ പരിഹാരമുണ്ടല്ലോ) അസ്‌ലാം സാബിരിയുടെ വരികള്‍ ഇശ്ഖിന്റെ അമൂര്‍ത്തമായ ഒരു 'ഖാന' പണിയുകയാണ്. 'ഔലിയാക്കള്‍ വരെ താലചായ്ച്ച് നടക്കുന്ന ഈ മണ്ണില്‍ കാലുകുത്തി നടക്കുന്നത് നന്നല്ല/ എങ്കിലും പാപികളെ, തലകുത്തിയെങ്കിലും നമുക്കവിടെ എത്തണം/ കാരണം മദീനയില്‍ തൗബയുടെ വാതില്‍ തുറന്നു തന്നെ കിടപ്പാണ്/ ആ പുണ്യപാദം പതിഞ്ഞ് അവിടത്തെ മണ്ണ് വരെ സ്വര്‍ണമായി മാറിയിരിക്കുന്നു/ എന്തിന് ആ നാട്ടിലെ മണ്ണ് സ്വയം 'കീമിയാ' ആണ്. ഇശ്ഖിന്റെ ചേരുവചേര്‍ത്ത് നിര്‍മിച്ച ഈ 'കീമിയാ' ഏതൊരു പാപിയെയും പശ്ചാത്താപ വിവശനാക്കുന്നു. ദൈവത്തെ അന്വേഷിച്ചു നടന്ന ലോകര്‍ അവസാനം അവനെ കണ്ടെത്തിയത് മദീനയിലാണെന്നും പരാമര്‍ശമുണ്ട് ഖവ്വാലിയുടെ അവസാനത്തില്‍.
കേള്‍വിക്കാരനിലേക്ക് പകരുന്ന വരികള്‍
ഒന്ന്,
ദില്ലിയിലെ നിസാമുദ്ദീന്‍ ദര്‍ഗയിലെ ഉറൂസ്‌കാലം. കൊടുംതണുപ്പിന്റെ 'റജായി' പുതച്ച ഒരു ഡിസംബറിലെ അര്‍ധരാത്രി. അലങ്കരിച്ച 'ഖവ്വാലിഖാന'യില്‍ തൊണ്ടയിടറി താളമിടുന്നു ഡല്‍ഹിയില്‍ അറിയപ്പെട്ട ഒരു ഖവ്വാലിബ്രദേഴ്‌സ്. സ്വെറ്ററിലും ജാക്കറ്റിലും മഫ്‌ളറിലുമായി തങ്ങളുടെ ശരീരം കൂട്ടിപ്പൊതിഞ്ഞ് ആണും പെണ്ണുമടങ്ങുന്ന വിശ്വാസിക്കൂട്ടം. സ്‌നേഹവര്‍ണനകളുടെ തീകൂട്ടി കായുകയാണ് ഉറഞ്ഞുതുടങ്ങിയ അവരുടെ വിശ്വാസം. അവരുടെ ദേഹിക്ക് ഇശ്ഖിന്റെ നനുത്ത ചൂടുപകരുന്നു, സുബ്ഹി വരെ നീളുന്ന ആ ഇരിപ്പ്. മാര്‍ബിള്‍ വിരിച്ച ആ നടുത്തളത്തില്‍ പതിച്ചുവെക്കാനാകാതെ തണുപ്പുകയറിത്തുടങ്ങിയ അവരുടെ കാലുകള്‍. ഖവ്വാലിയിലെ ഓരോ ഈരടികളെയും പരസ്പരം പിണച്ചുവെച്ച് തലയാട്ടുന്നു അവര്‍. തൊട്ടുമുന്നിലിരിക്കുയായിരുന്ന ഒരു യുവാവ് പെട്ടെന്നെഴുന്നേറ്റു ആള്‍ക്കുട്ടത്തിന്റെ പിന്നിലേക്ക് മാറി. മുറുകിത്തുടങ്ങിയ വരികള്‍ക്കൊപ്പിച്ച് അയാള്‍ നില്‍പ്പില്‍ തലയിളക്കിത്തുടങ്ങി. അധികം വൈകാതെ ആ ഇളക്കം മൊത്തം ശരീരത്തിലേക്ക്. ഒരുവേള, അയാള്‍ കറങ്ങിത്തുടങ്ങി. മുറുകിക്കഴിഞ്ഞിരുന്നു ഖവ്വാലി. വാക്കുകളെ ആശയങ്ങളുടെ നൂലില്‍ കറക്കി അവയെ നൃത്തം ചെയ്യിക്കുന്നു പാട്ടുകാരന്‍. അയാളുടെ വരികള്‍ക്കെന്ന പോലെ ചിത്രം വരക്കുന്നു പിന്‍ഭാഗത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ആ ശരീരം. കറക്കത്തിന്റെ മൂര്‍ച്ചയിലെത്തി, അയാള്‍ നിലത്തടിച്ചുവീണു. അതൊന്നുമറിയാതെ പാട്ടു പറഞ്ഞുകൊണ്ടിരുന്നു, അപ്പോഴും ഖവ്വാലിക്കാരന്‍.
രണ്ട്,
ബാബാഅസീസ്. ഭൗതികതയുടെ മരുഭൂമി താണ്ടുന്ന ഒരു സൂഫീചിത്രം. അവിടത്തെ ചുടുകാറ്റില്‍ സഹികെട്ട വൃദ്ധനായ ദര്‍വീഷ്, ബാബാഅസീസ്. ആത്മീയതയുടെ നനവുതേടി അന്ധനായ അയാള്‍ നടത്തുന്ന അലച്ചിലാണ് മൊത്തത്തില്‍ ഈ ചിത്രം. വഴിനടത്തിക്കുന്ന പെണ്‍കുട്ടി ബാബയുടെ കൈപിടിച്ച് ഉന്നയിക്കുന്ന കുഞ്ഞുകുഞ്ഞു സംശയങ്ങള്‍. അവള്‍വഴി കാഴ്ചക്കാരന് ബാബ നല്‍കുന്ന വലിയവലിയ ഉത്തരങ്ങള്‍. പെട്ടെന്ന്, ദൂരെ മണല്‍കാറ്റിന് മീതെ അവ്യക്തമായി കേള്‍ക്കുന്നു ഹാര്‍മോണിയം വായിക്കുന്ന വരികള്‍. മണല്‍തിട്ടകള്‍ക്കടിയിലെ താത്കാലികമെന്ന് തോന്നിക്കുന്ന ഒരു 'ഖവ്വാലിഖാന'യില്‍ ഖവ്വാലി പുരോഗമിക്കുകയാണ്. അവിടെ ഖഹ്‌വ മോന്തിക്കുടിച്ച ശേഷം ആ പറച്ചിലിനൊപ്പം കറങ്ങിത്തുടങ്ങുന്നു ബാബാ. മരുഭൂമിയോളം ഉപമ തേടുന്നുണ്ട് ഓരോ ഖവ്വാലിയുടെയും ഭാഷ. അത്രതന്നെ ആഴം കാണുന്നുണ്ട് ഓരോ ദര്‍വീഷിന്റെയും അലച്ചില്‍.
മൂന്ന്,
അലീഗഡിലെ ഖുഷ്ഹാലി മദ്‌റസ. ഒരു മീലാദ്ദിനത്തില്‍ അവിടെ പോയി ഉസ്താദിനെ പരിചയപ്പെട്ടു. മൗലൂദ് നടത്തുന്നതിലെ ബിദ്അത്തിനെ വെറുതെ ചോദ്യം ചെയ്തു. അയാള്‍ മറുപടിയായി ഒരു കവിത മാത്രം പാടി: റസായെ ഖുദാ ചാഹ്താഹെ ദോ ആലം/ ഖുദാ ചാഹ്താഹെ റസായെ മുഹമ്മദ്. (അല്ലാഹുവിന്റെ തൃപ്തിക്കാണ് ഇരുലോകവും ശ്രമിക്കുന്നത്. എന്നാല്‍ അല്ലാഹു കാംക്ഷിക്കുന്നതാകട്ടെ, തിരുനബിയുടെ തൃപ്തിയും.)
നാല്,
ന ഖിലിയാ ഹീ ഖില്‍തീ, ന ഗുല്‍ മുസ്‌കുറാതെ,
അഗര്‍ ബാഗെ ഹസ്തീ-കമാലീ ന ഹോതീ;
യെ സബ്‌ഹെ മേരെ കമുലി വാലേ കാ സ്വദഖാ,
മുഹമ്മദ് ന ഹോതെ തോ കുച്ഛ് ഭീ ന ഹോതാ.
(ലോകത്ത് ഒരു മൊട്ടോ പുഷ്പമോ വിടരുമായിരുന്നില്ല,
പൂവാടിസമാനനായ പുര്‍ണമനുഷന്‍-നബി- ഇില്ലായിരുന്നുവെങ്കില്‍;
ഇക്കാണുന്നതെല്ലാം എന്റെ നബിയുടെ ദാനമാണ്,
മുഹമ്മദ് നബിയില്ലായിരുന്നുവെങ്കില്‍ ഭൂലോകത്ത് ഒന്നുമേ ഉണ്ടാകുമായിരുന്നില്ല).
അതെ, 'കുച്ഛ് ഭീ നഹോതാ...'
(11/01/2015-ന് സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ചത്)
Leave A Comment