പുതിയ വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍
girlsഒരു അധ്യയനവര്‍ഷം കൂടി നമ്മെ തേടിയെത്തി. ഇനിയുള്ള ഓരോ അവസരവും ഉപയോഗപ്പെടുത്താനാവണം നമ്മുടെ ശ്രമം. ലോകം അതിവേഗം മാറുകയാണ്. അനിവാര്യമയായ മൂന്നുതരം മാറ്റങ്ങള്‍ ഇവിടെ അനുസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്നു. 1. നാഗരിക മാറ്റം 2. സാംസ്‌കാരിക മാറ്റം 3. സാമൂഹികമാറ്റം ഈ മാറ്റങ്ങള്‍ മനുഷ്യസമൂഹത്തില്‍ വിപരീത ഫലമുളവാക്കാതിരിക്കാനുള്ള ഇടപെടലാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധഇസ്‌ലാം നിര്‍വഹിച്ചുവരുന്ന കാലിക ദൗത്യം. ഒരു മനുഷ്യന്റെ ബഹുവിധ വ്യവഹാരങ്ങള്‍ മറ്റ് മനുഷ്യരുടെയോ, ജീവികളുടെയോ പ്രകൃതിയുടെയോ സ്വകാര്യതയിലോ അവകാശങ്ങളിലോ ആവശ്യങ്ങളിലോ അന്യായമായ കൈകടത്തലുകള്‍ക്ക് കാരണമാവരുത്. ലോകക്രമത്തെ അങ്ങനെ മഹത്വവല്‍കരിക്കുകയാണ് ഇസ്‌ലാം. അറിവിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ കഴിയൂ. നാം ജീവിക്കുന്ന നൂറ്റാണ്ട് വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായ കാലം തന്നെ. നമ്മുടെ കുഞ്ഞുങ്ങള്‍ മറ്റാരുടെയും പിന്നിലാവരുത്. ശാസ്ത്ര-സാങ്കേതിക അറിവുകള്‍ നേടി അവര്‍ ലോകത്തിന്റെ ഒരടി മുന്നേ നടക്കാന്‍ പ്രാപ്തരാവണം. എന്നാല്‍ അപക്വമായ തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യരുടെ സഹജമായ ദൗര്‍ബല്യം ശാക്തീകരിക്കുന്നത് മാത്രമാവരുത് അറിവ്. ഇവിടെ രക്ഷിതാക്കളുടെ പ്രത്യേകിച്ച് മാതാക്കളുടെ ഉള്‍ക്കാഴ്ച ഉറച്ച നിലപാട് സ്വീകരിക്കാന്‍ ഉണരണം. സദാചാര ചിന്തകളും ധര്‍മബോധവും ഉണര്‍ത്താത്ത അറിവുകള്‍ക്ക് മനുഷ്യന് നല്‍കാനാവുക നാണയങ്ങളോ തത്തുല്യ വിഭവങ്ങളോ മാത്രമാണ്. വാസ്തവത്തില്‍ അവിടംകൊണ്ട് തീരുന്നതല്ലല്ലോ ജന്മലക്ഷ്യം. മുന്തിയ ശമ്പളം പറ്റുന്ന പലര്‍ക്കും ഉറക്കം വരാന്‍ മദ്യവും ഉറക്ക ഗുളികയും ഉപയോഗപ്പെടുത്തേണ്ടിവന്നാല്‍ താന്‍ നേടിയ അറിവുകൊണ്ട് തനിക്കെന്ത്? സമൂഹത്തിനെന്ത്? എന്ന ചോദ്യം ഉയരുന്നു. മനുഷ്യസമൂഹത്തിന്റെ അന്തകരായി അവതരിക്കാറുള്ളത് പലപ്പോഴും അറിവുള്ള മനുഷ്യര്‍ തന്നെയാണ്. ഇവിടെയാണ് ഒരു പ്രായോഗിക ചിന്ത രക്ഷിതാക്കളില്‍ മുള പൊട്ടേണ്ടത്. നമ്മുടെ സന്താനങ്ങള്‍ക്ക് മതവിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസവും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ദോഷങ്ങള്‍ ചെയ്യാതിരിക്കുകയുമില്ല. മൂന്ന് വയസ്സായാല്‍ എല്‍.കെ.ജി.യില്‍ ചേര്‍ത്തു. പിന്നെ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ ഭൗതിക വിദ്യാഭ്യാസം മാത്രം പരിപോഷിപ്പിക്കുന്ന സമീപനം ഒട്ടും കുറവല്ല. ഈ കുട്ടികളില്‍ നിന്ന് അവര്‍ക്ക് തന്നെയും ഗുണം ലഭിക്കാന്‍ പോകുന്നില്ല. അറിവിന്റെ അനന്തസാധ്യതകളില്‍ ലക്ഷ്യം പരിമിതപ്പെടുന്നതിലൂടെ അറിയേണ്ടത് അറിയാതെ പോകുന്നു. പകരം അറിഞ്ഞതാവട്ടെ എവിടെയും എത്തുന്ന പാത തീര്‍ക്കുന്നുമില്ല. ''അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ക്ക് പരിഹാസപാത്രമാക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹത്തെയും അവന്‍ സദുപദേശം നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് അവതരിപ്പിച്ചുതന്ന ഗ്രന്ഥത്തെയും തത്വങ്ങളെയും ഓര്‍ത്തുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവന്‍ തന്നെയാണെന്ന് ഗ്രഹിക്കുകയും ചെയ്യുക.'' (വി: 2:131) മനുഷ്യനിവിടെ ഒരു പൊങ്ങ്തടിയല്ല. അവനിവിടെ കേവലമൊരു അരവയര്‍ പ്രശ്‌നപരിഹാരകനുമല്ല. അതൊക്കെ ക്ലാവ് പിടിച്ച് കാലഹരണപ്പെട്ട ചിന്തകളാണ്. ലോകത്തിന്റെ നാല്‍ക്കവലകളില്‍ ദിശ നിര്‍ണയിച്ചു നില്‍ക്കേണ്ടുന്ന കെട്ടുപോകാത്ത വെളിച്ചമാണ് മനുഷ്യന്‍. അതിനവനെ പ്രാപ്തമാക്കുന്നത് അറിവ് തന്നെയാണ്. പക്ഷേ, അറിവിന് മതിലുകള്‍ തീര്‍ത്ത് അതിനപ്പുറത്ത് മേയാനാണ് ആധുനികമനുഷ്യന് താല്‍പര്യം. ഇവിടെ വിശ്വാസികളോട് സഗൗരവം ഇസ്‌ലാം ഉണര്‍ത്തുന്നത് അല്ലാഹുവിന്റെ ഹിതമറിയാനുള്ള കഠിനശ്രമങ്ങള്‍ കൂടി ഉണ്ടായാലേ മനുഷ്യജീവിതം പുഷ്ടിക്കുകയുള്ളൂ എന്നത്രെ. മതപഠനസൗകര്യം കേരളത്തില്‍ പരക്കെ ലഭ്യമാണ്. നഴ്‌സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ കരിക്കുലവും അനുബന്ധ സൗകര്യങ്ങളും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതിനകം സ്വായത്തമായിട്ടുണ്ട്. മിക്ക ഗ്രാമങ്ങളിലും മദ്‌റസകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ മുസ്‌ലിം രക്ഷിതാക്കളില്‍ വലിയൊരു വിഭാഗം ഇവയത്രയും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല. ഭവനങ്ങളിലും മതപഠനസൗകര്യം കുറയുകയാണ്. ഖുര്‍ആന്‍ പാരായണം, മറ്റ് ഇസ്‌ലാമിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവക്കൊന്നും ഭവനങ്ങള്‍ സാക്ഷിയാകുന്നില്ല. മാതാപിതാക്കളില്‍ വന്ന മതവിജ്ഞാന ശോഷണമാണ് തലമുറകളിലേക്ക് സംക്രമിക്കുന്നത്. അറിവിന്റെ അഭാവം തന്നെയാണ് പല കുറ്റങ്ങളെയും പെറ്റുകൂട്ടുന്നത്. മാതാപിതാക്കള്‍ പോലും പരിഷ്‌കൃതസമൂഹത്തില്‍ കനത്ത ഭാരമായി കണക്കാക്കപ്പെടുന്നു. വാര്‍ദ്ധക്യം ഭയാശങ്കയോടെ സമീപിക്കുകയാണ് വര്‍ത്തമാന തലമുറ. അര്‍ഹതപ്പെട്ട പരിരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്നതാണ് മുതിര്‍ന്ന തലമുറയെ വേട്ടയാടുന്ന പ്രധാനപ്രശ്‌നം. നാട്ടിന്‍പുറങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതോടൊപ്പം അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ വര്‍ദ്ധനവും പഠിച്ചുനോക്കണം. മദ്‌റസയിലും സ്‌കൂളിലും തന്റെ കുഞ്ഞ് കൃത്യമായി പോകുന്നു, പഠിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിലൂടെയാണ് ഏതൊരു രക്ഷിതാവും ഒന്നാം ഘട്ടത്തില്‍ വിജയിക്കേണ്ടത്. മതപഠനത്തിന് ഭൗതികപഠനം തടസ്സമല്ല. ആവരുത്. ഇരുപഠനവും വലിയ പിരഗണന അര്‍ഹിക്കുന്ന കാലമാണിത്. എക്കാലവും പഠനത്തിന് മുന്തിയ പദവി നല്‍കപ്പെട്ടിരുന്നുവെങ്കിലും ദാരിദ്ര്യം, കലാലയങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ ഉയര്‍ന്ന പഠനം സാര്‍വത്രികമായിരുന്നില്ല. ഇപ്പോള്‍ കാര്യങ്ങള്‍ അനുകൂലമായി വരികയാണ്. മിക്ക ഗ്രാമങ്ങളിലും പഠനസൗകര്യങ്ങളായി. വിദൂരത്തല്ലാതെ തന്നെ ഉയര്‍ന്ന പഠനത്തിനും ഇന്ന് സൗകര്യമുണ്ട്. ഇതൊക്കെ അനുഗ്രഹം തന്നെ. എഴുപതുകള്‍ക്ക് ശേഷം വിദ്യാഭ്യാസരംഗത്ത് പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടായി. വിശേഷിച്ചും മലബാര്‍ ഭാഗങ്ങളില്‍ നല്ല മാറ്റങ്ങള്‍ രക്ഷിതാക്കളില്‍ വളര്‍ന്നു. ഇതിന്റെ ഫലമായി തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് മക്കള്‍ക്ക് ലഭിക്കണമെന്ന ചിന്ത ഉണര്‍ന്നു. ഇതൊക്കെ ഏറെ അഭിമാനാര്‍ഹമായ കാര്യങ്ങള്‍ തന്നെ. എന്നാല്‍ ഇതേ ചിന്തകള്‍ മതപഠനകാര്യത്തിലും വേണമായിരുന്നു. മദ്‌റസകളും പള്ളിദര്‍സുകളും സജീവമാവുക മതാപിതാക്കള്‍ മനസ്സുവെച്ചാലാണ്. അറിവിന്റെ വാതിലുകള്‍ക്കകത്തേക്ക് കുഞ്ഞുങ്ങളെ കടത്തിവിടാന്‍ മാതാപിതാക്കള്‍ സഹായിക്കണം. അവര്‍ക്ക് അതിനുള്ള ബാധ്യതയുണ്ട്. പുതുതലമുറക്ക് അനിയന്ത്രിതമായ സ്വഭാവം അനുഭവപ്പെടുന്നു. അവര്‍ സ്വയം തെരഞ്ഞെടുക്കുകയാണ് ശീലങ്ങള്‍. പാരമ്പര്യവും പൈതൃകവും മൃതാവസ്ഥയിലാണ്. മതംപോലും 'യുക്തിവാദ'ത്തിലൂടെ കാണാന്‍ ശ്രമിച്ചുനോക്കുന്നു. സമുദായത്തിന്റെ അകത്തളം കലങ്ങാനും കലഹങ്ങള്‍ ഉണ്ടാകാനും പ്രധാനകാരണം മതകീയ അറിവുകള്‍ ലഭിക്കാതെപോയി എന്നത് തന്നെയാണ്. വിശ്വാസങ്ങളും കര്‍മങ്ങളും യുക്തിവല്‍കരിച്ചും പരിഷ്‌കരിച്ചും പച്ചയായ മനുഷ്യന് പകരം യാന്ത്രിക മനുഷ്യരും വിശ്വാസവും രൂപപ്പെടുത്തുകയാണ്. സന്താനങ്ങള്‍ക്ക് മതബോധം നല്‍കാന്‍ ഈ കാലം കൂടുതല്‍ ഉച്ചത്തില്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. നിശ്ചമായും രക്ഷിതാവില്‍ നിന്ന് പല ദൃഷ്ടാന്തങ്ങളും നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആരെങ്കിലും തന്റെ മനോദൃഷ്ടിയിലൂടെ സത്യം കണ്ടാല്‍ അതിന്റെ ഫലം അവനുതന്നെയാണ്. വല്ലവനും അന്ധതയാണ് കൈക്കൊണ്ടതെങ്കില്‍ അതിന്റെ ദോഷവും അവന് തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ സൂക്ഷിപ്പുകാരനല്ല.'' (വി:ഖു: 6:104) മേല്‍വചനത്തിലെ അന്ധത കൊണ്ടുള്ള സൂചന ആത്മീയ അറിവില്ലായ്മ, ചിന്താപരമായ പരാജയം, അകക്കാഴ്ചയില്ലാതെയുള്ള അനിയന്ത്രിതമായ ജീവിതരീതികള്‍, ലക്ഷ്യബോധത്തെ കുറിച്ചുള്ള വിചാരപ്പെടലുകള്‍ക്ക് സ്ഥാനമില്ലാത്ത മനസ്സുകള്‍ മുതലായവയാണ്. ഇതൊക്കെ സത്യം കാണാനുള്ള കണ്ണില്ലായ്മയാണെന്ന വിശുദ്ധ ദര്‍ശനമാണ് മേല്‍വചനം. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം പരലോകമാവണം. അതിനുള്ള കാല്‍വെപ്പുകളും കര്‍മങ്ങളും ഇവിടെ നടക്കണം. എന്നാല്‍ ഐഹികലോകം അസ്വീകാര്യമാവണമെന്നല്ല. പ്രകൃതിയിലെ വിഭവങ്ങളത്രയും മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന ഖുര്‍ആന്‍ വചനം അതിന്റെ അധികാരവും ഉപയോഗവും മനുഷ്യന് വേണ്ടിയാണ് എന്ന അര്‍ത്ഥത്തിലാണല്ലോ? സുഖാസ്വാദനങ്ങളോ ആനന്ദങ്ങളോ നിരാകരിക്കുന്നതല്ല ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. പരലോകം മറന്നുള്ള ഇഹലോകചിന്തകള്‍, അതിരുകള്‍ ലംഘിച്ചുള്ള ആസ്വാദനങ്ങള്‍- ഇവയുടെ സാധ്യതകള്‍ ഇല്ലാതാക്കുകയാണ് വിശുദ്ധ ഇസ്‌ലാം. പുതിയൊരു അധ്യയനവര്‍ഷം നമ്മെ തേടിയെത്തി. വര്‍ദ്ധിച്ച ആഹ്ലാദത്തോടെ നാം കലാലയവാതിലുകളുടെ തുറക്കല്‍ സ്വാഗതം ചെയ്തു. ഏകദേശം 5 ലക്ഷം കുരുന്നുകള്‍ പാഠശാലകളിലെത്തിയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ദിശ നിര്‍ണയിക്കാന്‍ കഴിയുന്നവരില്‍ പ്രധാനികള്‍ അധ്യാപകരേക്കാള്‍ മാതാപിതാക്കളാണ്. പഠനസൗകര്യം ഉപയോഗപ്പെടുത്തുന്നതോടൊപ്പം പഠനലക്ഷ്യവും മുന്‍കൂട്ടി കാണണം. തന്റെ കുഞ്ഞ് പഠിച്ചുപഠിച്ചു ഉദ്യോഗസ്ഥനായി വന്‍തുക ശമ്പളം പറ്റുന്നവനാവണമെന്ന ഏകവിചാരമാവരുത് പഠനലക്ഷ്യം. മറിച്ച് തന്റെ മകന്‍ പഠിച്ചു പഠിച്ചു വളര്‍ന്നു നല്ലവനാകണം എന്നതാവണം. ഇങ്ങനെ വരുമ്പോള്‍ നല്ലവനാവാനുള്ള വഴികളും ശീലങ്ങളും പഠനങ്ങളും പരിശീലനങ്ങളും അവന് ലഭിക്കാനിടവരും. അപ്പോള്‍ പഠനലക്ഷ്യത്തിന്റെ പാതയില്‍ തന്നെ നിലനിറുത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയുകയും ചെയ്യും. കുട്ടികള്‍ക്ക് ഹയര്‍സെക്കന്ററി തലം വരെയെങ്കിലും മതപഠനവും ലഭിക്കാന്‍ മതാപിതാക്കള്‍ ശ്രദ്ധിക്കണം. വിശേഷിച്ചു പെണ്‍കുട്ടികള്‍ക്ക്. മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ മതപഠനത്തിന് മതിയായ സൗകര്യങ്ങള്‍ നിലവിലുണ്ട്. ചിലയിടങ്ങളിലെല്ലാം പള്ളിദര്‍സുകളും നിലനില്‍ക്കുന്നു. ഉള്ളവ ഉപയോഗപ്പെടുത്തുവാനുള്ള ഉത്സാഹവും ഉണര്‍വും ഉണ്ടായാല്‍ ഭാവിതലമുറകള്‍ക്ക് അതൊരു അനുഗ്രഹമായിത്തീരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter