കൊറോണ റോഹിങ്ക്യകളുടെ സ്വപ്നങ്ങൾ തകർക്കുന്നതിങ്ങനെയാണ്
മർക്കസ് നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലരുടെയും കോവിഡ് ടെസ്റ്റ് പോസിറ്റീവായപ്പോൾ ഇതിൽ ധാരാളം റോഹിങ്ക്യകൾ പങ്കെടുത്തെന്ന പ്രചരണം വലിയ പ്രയാസമാണ് അവർക്ക് സൃഷ്ടിച്ചത്.
ഡൽഹിയിൽ താമസിക്കുന്ന ആയിരത്തിലധികം റോഹിങ്ക്യകളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ആർക്കും വൈറസ് ബാധ ഉണ്ടായിരുന്നില്ല. "ഞങ്ങൾ എന്നും ഭയപ്പാടിലാണ് ജീവിക്കുന്നത്, എല്ലാവരും വലിയ പേടിയിലാണ്. ഞങ്ങളിൽ ആർക്കെങ്കിലും വൈറസ് ബാധ പിടിപെട്ടാൽ ഒരുമിച്ച് താമസിക്കുന്നതിനാൽ ക്യാമ്പിലുള്ള മുഴുവൻ പേർക്കും അത് പടരും". ഡൽഹിയിലെ കാളിന്ദി കുഞ്ച് അഭയാർഥി ക്യാമ്പിൽ താമസിക്കുന്ന അബ്ദുള്ള വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
ഇന്ത്യയിൽ താമസിക്കുന്ന രോഗികളിൽ അധികവും ചെറുകിട, തെരുവ് കച്ചവടക്കാരോ കൂലി പണി ചെയ്യുന്നവരോ ആണ്. വിദ്യാഭ്യാസം ലഭിക്കുന്നവരും നല്ല ജോലി ഉള്ളവരും തുലോം തുച്ഛമാണ്. ഡൽഹിയിലെ ഭേദപ്പെട്ട ജീവിതം നയിച്ചിരുന്ന വിദ്യാർഥികളിൽ ഒരാളായിരുന്നു മുഹമ്മദ് അബ്ദുല്ല. 2012ലാണ് അബ്ദുല്ല ഇന്ത്യയിലേക്ക് വന്നത്. കാളിന്ദി കുഞ്ചിലാണ് തന്റെ ഭാര്യയോടും നാലു മക്കളോടും കൂടെ അദ്ദേഹം ജീവിക്കുന്നത്. വിദേശ രാജ്യത്തെ എട്ട് വർഷങ്ങൾ നീണ്ട അഭയാർത്ഥി ജീവിതത്തിനുശേഷം ഒരു ഇലക്ട്രോണിക് റിക്ഷ വാങ്ങിയതോടെ ജീവിതം പച്ച പിടിച്ച് തുടങ്ങിയതായിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലം രാജ്യം തന്നെ പൂർണ്ണമായും അടച്ചിടപ്പെട്ടതോടെ പ്രതീക്ഷകളും തകിടം മറിഞ്ഞിരിക്കുകയാണ്.
"ഞാൻ വാങ്ങിയ ഇലക്ട്രോണിക് റിക്ഷക്ക് 1,60,000 രൂപയാണ് ചെലവ്. ഇതിൽ 40,000 മാത്രമേ ഞാൻ അടച്ചിട്ടുള്ളൂ. ബാക്കി കടം അവശേഷിക്കുകയാണ്. ലോക് ഡൗൺ മൂലം രണ്ട് മാസത്തോളമായി എനിക്ക് അടവ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ റിക്ഷ തിരികെ ഏൽപ്പിക്കണമെന്നാണ് ഉടമസ്ഥൻ പറയുന്നത്". ജീവിതത്തിന്റെ പ്രതീക്ഷകൾ നഷ്ടപ്പെടുന്ന വേദനയോടെ അബ്ദുല്ലക്ക് പറയുന്നു.
മുഹമ്മദ് അബ്ദുള്ളക്ക് താമസിക്കാൻ ഒരു വീടെങ്കിലുമുണ്ട്. ഡൽഹിയിലെ മറ്റൊരു ഭാഗത്ത് 200 റോഹിങ്ക്യകൾ ജീവിക്കുന്നുണ്ട്. ഏത് സമയത്തും ഞങ്ങളുടെ മേൽക്കൂര തകർന്നു വീഴുമോ എന്ന ഭയത്തിലാണവരുള്ളത്. കാജുരി ഖാസിലുള്ള റോഹിങ്ക്യകളാവട്ടെ 3000 മുതൽ 5000 വരെ മാസ വാടകക്കാണ് താമസിക്കുന്നത്. ഓരോ ദിവസത്തെയും സമ്പാദ്യം കൊണ്ട് വാടക കൊടുത്തു വീട്ടുന്ന പലരും ലോക് ഡൗൺ മൂലം ജോലി നഷ്ടപ്പെട്ടതിനാൽ ഏറെ പ്രയാസത്തിലാണ്. വാടക കൊടുക്കാൻ കഴിയാത്തതിനാൽ വീട്ടുടമകൾ പുറത്താക്കുമെന്ന് പറഞ്ഞു ഭീഷണി മുഴക്കിയിരിക്കുകയാണ്.
"ഗുർഗോണിലെ ഒരു റസ്റ്റോറൻറ് അടുക്കളയിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്, ലോക്ക് ഡൗൺ മൂലം എനിക്ക് ജോലി നഷ്ടപ്പെട്ടു. ഞാൻ വീട്ടിലിരിക്കുകയാണ്, ജോലിയില്ല, കൂലിയില്ല, ഞാനെങ്ങനെയാണ് വാടക കൊടുത്തു വീട്ടുക, എങ്ങനെയാണ് കുടുംബത്തെ പോറ്റുക? വലിയ മനോവിഷമത്തോടെയാണ്, ഡൽഹിയിലെ ഖാജുരി ഖാസിലുള്ള മുഹമ്മദ് ജവാദ് തന്റെ പ്രയാസം വിവരിക്കുന്നത് ഇങ്ങനെയാണ്.
ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ ഐക്യരാഷ്ട്രസഭ അഭയാർത്ഥി ഏജൻസിയെ സഹായം തേടി സമീപിച്ചിരിക്കുകയാണ്. തങ്ങളുടെ താമസ വാടക കൊടുത്തു വീട്ടുക എന്നതാണ് ഇവരുടെ ആവശ്യം. എന്നാൽ ഇതിന് പ്രതീക്ഷിച്ച പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. ജന്മനാട്ടിൽ നിന്ന് മതത്തിൻറെ പേരിൽ ആട്ടി ഇറക്കപ്പെട്ട ഒരു സമൂഹം ജീവിതത്തിലെ പച്ചപ്പ് നിറഞ്ഞ ദിവസങ്ങൾ കാത്തിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടന്നു വന്ന മഹാമാരിയിൽ പകച്ചുനിൽക്കുകയാണ്, സുമനസ്സുകളുടെ കരുണാർദ്രമായ് കൈനീട്ടങ്ങൾക്ക് മാത്രമേ ഈ പാവപ്പെട്ട അഭയാർത്ഥി ജനതയെ മറ്റൊരു ദുരന്തത്തിൽ നിന്ന് കൈപിടിച്ചുയർത്താനാവൂ.
Leave A Comment