ആനക്കരയില്‍നിന്നും പൊന്നാനിയിലേക്ക് നടന്നുപോയി അറിവ് പഠിച്ച കാലം
ustad(കോയക്കുട്ടി ഉസ്താദുമായി നടത്തിയ ഇന്റെര്‍വ്യൂവിന്റെ സംക്ഷിപ്തരൂപം) കണ്ണിയത്ത് ഉസ്താദ് പൊന്നാനിയില്‍ ദര്‍സ് നടത്തുന്ന കാലം. ആനക്കരയിലെ കോയക്കുട്ടി എന്ന കൗമാരക്കാരന് ആ ദര്‍സില്‍ ചേരാന്‍ വല്ലാത്ത ആഗ്രഹം. ആ ദരിദ്രകുടുംബാംഗത്തിന് അന്ന് പതിനഞ്ച് വയസ്സാണ് പ്രായം. അഞ്ചാംക്ലാസ് വരെയുള്ള സ്‌കൂള്‍ പഠനവും ആനക്കര, പട്ടാമ്പി, കുണ്ടുകാട്, കാട്ടിപ്പരുത്തി ദര്‍സുകളിലെ ചെറിയ തോതിലുള്ള മതപഠനവും അപ്പോഴേക്കും കഴിഞ്ഞിരുന്നു. ആനക്കരയില്‍ നിന്ന് പൊന്നാനിയിലേക്ക് ബസ്സിനുപോകാന്‍ പണമില്ലാത്തതിനാല്‍ കാല്‍നടയായാണ് പോയത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സ്ഥാപിച്ച പൊന്നാനി പള്ളിയിലെത്തി. താടിയും മുടിയും നരച്ചവരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വലിയ ദര്‍സ്. ഉസ്താദിനെകണ്ട് ആഗ്രഹമറിയിച്ചപ്പോള്‍ ബുദ്ധി പരീക്ഷിക്കാന്‍ പ്രത്യേക ഇന്റര്‍വ്യൂ ആയി. കോയക്കുട്ടി എന്ന പേരുണ്ടോ? നിന്റെ നാടിനെന്താ ആനക്കരയെന്ന പേരുവന്നത്? അവിടെ ആനയുണ്ടോ? എങ്കില്‍ കരയാവാന്‍ കാരണമെന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം യുക്തമായ മറുപടി നല്‍കിയപ്പോള്‍ ഉസ്താദിന്റെ മുഖത്ത് സംതൃപ്തി. ''നീ ആള് വെളവനാണ്'' 'ദര്‍സിലെ 'സബ്ഖി'ലെല്ലാം കൂടിക്കോളൂ, പക്ഷെ, നിന്റെ ചെലവിന്റെ കാര്യം ഞാന്‍ ഏല്‍ക്കില്ല.' ഉസ്താദ് പറഞ്ഞു. അന്ന് പൊന്നാനിയിലെ തറവാടുകളില്‍ പെണ്‍കുട്ടികള്‍ക്ക് ക്ലാസെടുത്തുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇതിനായി നിയോഗിക്കപ്പെടുന്ന മുതഅല്ലിംകള്‍ക്ക് അവര്‍ ചെലവു നല്‍കും. എന്നാല്‍ അതിനുള്ള ചാന്‍സൊന്നും ബാക്കിയുണ്ടായിരുന്നില്ല താനും. ഇല്‍മിനോടുള്ള അടങ്ങാത്ത ആഗ്രഹവും ആദരവും കാരണം ഒരണ കൊടുത്താല്‍ കിട്ടുന്ന കഞ്ഞി രണ്ട് നേരംകുടിച്ച് കൈയിലുണ്ടായിരുന്ന ഒരുരൂപകൊണ്ട് ഒരാഴ്ച കഴിഞ്ഞു. സമീപത്തെ ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ രാത്രി മന്‍ഖൂസ് മൗലിദും ബദ്ര്‍ ബൈത്തും ചൊല്ലിക്കൊടുത്ത് കിട്ടുന്ന ചായയും ബിസ്‌ക്കറ്റ് പൊട്ടുകളും അവര്‍ നല്‍കുന്ന രണ്ടണയും കൈപ്പറ്റി അവിടെ രണ്ട്‌വര്‍ഷം കഴിച്ച് കൂട്ടിയതിനെകുറിച്ച് ഇപ്പോള്‍ ധന്യസ്മരണകളോടെ അയവിറക്കുന്നത് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന സി.കോയക്കുട്ടി മുസ്‌ലിയാര്‍ എന്ന മഹാപണ്ഡിതനാണ്. 1937-ല്‍ ചോലയില്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും പുത്രനായി ജനിച്ച കോയക്കുട്ടി മുസ്‌ലിയാര്‍ ജ്യേഷ്ഠസഹോദരനും സമസ്തയുടെ റീജണല്‍ മുഫത്തിശുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കടൂപ്രം മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ദര്‍സുകളില്‍ ഓതിപ്പഠിച്ച ശേഷമാണ് കണ്ണിയത്തുസ്താദിന്റെ ദര്‍സിലെത്തുന്നത്. എന്നാല്‍ ഭക്ഷണസൗകര്യം ലഭിച്ചിട്ടില്ലാത്ത ഈ കുട്ടി ഉസ്താദിന്റെ പ്രിയപ്പെട്ടവനായിരുന്നു. ഉസ്താദ് നാട്ടില്‍ പോകുമ്പോള്‍ പരിചരണത്തിനായി സഹയാത്രികനാകാന്‍ നിയോഗിക്കപ്പെട്ടിരുന്നതും അദ്ദേഹത്തെ തന്നെ. ആ ദിവസങ്ങളില്‍ പലപ്പോഴും ഉസ്താദിന്റെ വീട്ടില്‍ തങ്ങി പിറ്റേന്ന് തിരിച്ചുവരികയായിരുന്നു പതിവ്. ബോട്ടിന് ഫറോക്കിലേക്കും അവിടുന്ന് തിരൂര്‍ വരെ തീവണ്ടിക്കും തുടര്‍ന്ന് പൊന്നാനിയിലേക്ക് വീണ്ടും ബോട്ടിനുമായിരുന്നു യാത്ര. ഒരിക്കല്‍ ഉസ്താദ് മടക്കയാത്രക്കായി നല്‍കിയ ഒരു രൂപ പോക്കറ്റിക്കപ്പെട്ടതോടെ നടന്നുനാട്ടിലെത്തിയ അനുഭവവും ഓര്‍മയിലുണ്ട്. മറ്റൊരാളോട് ചോദിക്കാനുള്ള കേവലമനഃപ്രയാസമായിരുന്നില്ല അതിനുപിന്നില്‍. കോയക്കുട്ടി മുസ്‌ലിയാരെ അപൂര്‍വ്വതകളുടെ ഉടമയാക്കുന്ന പല കാര്യങ്ങളിലൊന്നിലേക്കുള്ള സൂചനകൂടിയാണിത്. അഥവാ, ജീവിതകാലത്തിനിടയില്‍ ഇതുവരെ ഒരാളില്‍ നിന്നുപോലും കടം വാങ്ങാത്ത മനുഷ്യന്‍. ശമ്പളം പറഞ്ഞ് ജോലിയേല്‍ക്കുകയോ ശമ്പളം ആവശ്യപ്പെടുകയോ ചെയ്യാത്ത മുദരിസ്. നീണ്ട 56 വര്‍ഷം ദര്‍സ് നടത്തിയ ആ മഹാപണ്ഡിതന്റെ ജീവചിത്രം വേറിട്ടുതന്നെ നില്‍ക്കുകയാണ്. കണ്ണിയത്തുസ്താദിന്റെ ദര്‍സില്‍ പഠിക്കുന്ന കാലത്ത് വീടുകളില്‍ മൗലിദ് ചൊല്ലാന്‍ കിട്ടുന്ന അവസരങ്ങളില്‍ മാത്രമായിരുന്നു ചോറ് കഴിച്ചിരുന്നത്. രണ്ടു കൊല്ലമായപ്പോഴേക്കും ചുറ്റുപാട് പറ്റാത്തതിനാല്‍ കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സില്‍ നിന്ന് വിടവാങ്ങി. ആ വിവരം കമ്മറ്റിക്കാരെ അറിയിക്കാനുള്ള നിയോഗവും കോയക്കുട്ടി മുസ്‌ലിയാര്‍ക്കായിരുന്നു. തന്നെ കാണാന്‍ ചെന്ന പ്രിയശിഷ്യനോട് ഇക്കാര്യം നിര്‍ദ്ദേശിച്ച ഉസ്താദ് പറഞ്ഞു: ''നീ ഇവിടെ എന്റെ വീട്ടില്‍ നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം.'' കണ്ണിയത്ത് ഉസ്താദിന്റെ സ്‌നേഹം അത്രമാത്രം പിടിച്ചുപറ്റിയിരുന്നു പ്രിയശിഷ്യന്‍. വേലൂര്‍ ബാഖിയാത്തില്‍ പോകാനായിരുന്നു ആഗ്രഹം. കുഴിപ്പുറത്ത് ഒ.കെ. ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് കൂടുതല്‍ ഉയര്‍ന്ന കിതാബുകള്‍ പഠിച്ചു. ഒഴിവുവേളകളില്‍ വഅള് പറഞ്ഞ് കോളേജില്‍ പോകാനുള്ള പണവും ശേഖരിച്ചു. കുഴിപ്പുറത്തെ പള്ളിയിലേക്ക് ഒതുക്കുങ്ങല്‍ പ്രദേശത്തുകാര്‍ വന്ന് മുദര്‍രിസിനെ ആവശ്യപ്പെട്ടു. റമളാനില്‍ വഅളും പറയണം. ഉസ്താദ് നിര്‍ദ്ദേശിച്ചത് കോയക്കുട്ടി മുസ്‌ലിയാരെ. ബാഖിയാത്തില്‍ പോകാനുള്ള തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ താടിയും മീശയുമില്ലാത്ത നിങ്ങള്‍ വേലൂരില്‍ പോകേണ്ട എന്നായി ഒ.കെ. ഉസ്താദ്. മുദരിസാകാനും താടി വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കത് വേണ്ട എന്നാണ് ഉസ്താദ് പറഞ്ഞത്. അങ്ങനെ പതിനെട്ടുകാരനായ കോയക്കുട്ടി മുസ്‌ലിയാര്‍ ഒതുക്കുങ്ങലില്‍ ദര്‍സ് തുടങ്ങി. 15 കുട്ടികള്‍. അവരില്‍ പലരും പ്രശസ്ത പണ്ഡിതരായി. അദ്ദേഹം പിന്നീട് വേലൂരില്‍പോയി. പ്രവേശനപരീക്ഷയില്‍ മുത്വവ്വലിന് തെരഞ്ഞെടുക്കപ്പെട്ട നാലു മലയാളികളില്‍ ഒരാള്‍ കോയക്കുട്ടി മുസ്‌ലിയാരായിരുന്നു. മറ്റൊരാള്‍ കരുവാരക്കുണ്ട് കെ.കെ. അബ്ദുല്ല മുസ്‌ലിയാരും. 1956-ല്‍ വേലൂരില്‍ നിന്നും വന്ന് 75ഓളം വിദേശി വിദ്യാര്‍ത്ഥികളുണ്ടായിരുന്ന തിരൂരങ്ങാടി ജുമാമസ്ജിദില്‍ മുദര്‍രിസായി. പിന്നീട് നന്നമ്പ്ര, കൊയിലാണ്ടി-കൊല്ലം, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി ദര്‍സുകളിലായി 50 കൊല്ലത്തെ സേവനം പൂര്‍ത്തിയാക്കി. 6 വര്‍ഷം കാരത്തൂര്‍ ജാമിഅ ബദ്‌രിയ്യ പ്രിന്‍സിപ്പാളായും സേവനം ചെയ്തു. സംഘടനാരംഗത്തും അപൂര്‍വ്വതകള്‍ക്കുടമയാണ് കോയക്കുട്ടി മുസ്‌ലിയാര്‍. പാലക്കാട് ജില്ലാ സമസ്തയുടെ പ്രസിഡണ്ടും മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ വൈസ് പ്രസിഡണ്ടുമായ ഉസ്താദ് കേന്ദ്രമുശാവറയുടെ വൈസ് പ്രസിഡന്റായും തുടരുകയാണ്. മാത്രമല്ല പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ മിക്ക കമ്മിറ്റികളുടെയും വൈസ് പ്രസിഡണ്ട് ഉസ്താദാണെന്ന വസ്തുത പാണക്കാട് കുടുംബവുമായുള്ള ഉസ്താദിന്റെ ഹൃദയബന്ധത്തിന്റെ ഊഷ്മളസൂചനയാണെന്നതിന് ഇപ്പോള്‍ ഏറെ പ്രസക്തിയുമുണ്ട്. ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി, കൊയിലാണ്ടി കൊല്ലം മുനമ്പത്തെ തങ്ങള്‍ എന്നിവരുടെ ആത്മീയപരമ്പരയില്‍ കണ്ണിയായ ഉസ്താദ് നിരവധി കേന്ദ്രങ്ങളില്‍ ദിക്ര്‍, സ്വലാത്ത് മജ്‌ലിസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചാവക്കാട് താലൂക്കിലടക്കം നിരവധി ദീനീസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായി ഉസ്താദ് നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമാണ്. ദീനീന് മുന്‍തൂക്കം നല്‍കുന്ന ജീവിതരീതിയില്‍ നിന്ന് സമൂഹം അകലുകയാണെന്ന ചിന്തയാണ് ഉസ്താദിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ നൊമ്പരം. പവിത്രമായ വിവാഹചടങ്ങുകള്‍പോലും അരുതായ്മകളുടെ കേളീരംഗമായി മാറുകയാണ്.ആഡംബരങ്ങളെ പുണ്യകര്‍മമായി കണക്കാക്കാനാവില്ലെന്ന്, തന്റെ മക്കളുടെയൊന്നും വിവാഹം കച്ചവടമാക്കിയിട്ടില്ലാത്ത ഉസ്താദ് എടുത്തുപറയുന്നു. അഞ്ച് ആണ്‍മക്കളില്‍ നാലുപേരും ഫൈസിമാര്‍. രണ്ട് പെണ്‍മക്കള്‍ക്ക് ഭര്‍ത്താക്കന്മാരായി കണ്ടെത്തിയതും ഫൈസിമാരെ തന്നെ. പേരക്കുട്ടികളും വിവിധ മതസ്ഥാപനങ്ങളില്‍ പഠിക്കുന്നു. അങ്ങനെ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തോടെ ഉസ്താദിന്റെ കുടുംബം പണ്ഡിതകുടുംബമായി പടരുകയാണ്. ലാളിത്യവും നിഷ്‌കളങ്കതയും ഉസ്താദിന്റെ സഹജഗുണങ്ങളാണ്. പേരക്കുട്ടികളെയെല്ലാം ഇടക്കിടെ വിളിച്ചൂകൂട്ടി മിഠായിവിതരണം ചെയ്യുന്ന വല്ല്യുപ്പയാണിത്. ആനക്കരയടക്കം 10 മഹല്ലുകളിലെ ഖാളിയാണ് ഉസ്താദ് കോയക്കുട്ടിമുസ്‌ലിയാര്‍. സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ പരീക്ഷാബോര്‍ഡ്, പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍ക്കസ്, വളവന്നൂര്‍ ബാഫഖി യത്തീംഖാന, താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം, തൃശൂര്‍ തലശ്ശേരി ബനാത്ത് യത്തീം ഖാന, വല്ലപ്പുഴ എസ്.കെ.ഡി, യതീംഖാന തുടങ്ങി ഉസ്താദിന്റെ പൊതുപ്രവര്‍ത്തനമേഖലയും വിപുലമാണ്. ഏതൊരു വീടിന്റെയും സംരക്ഷണം സ്ത്രീകളുടെ കൈകളിലാണ്. അല്ലാഹുവിന്റെ ഔലിയാക്കളുടെ മദ്ഹ് മാലകളും ഹദ്ദാദും പതിവാക്കിയിരുന്ന പഴയകാലം തിരിച്ചുകൊണ്ടുവരാന്‍ അവര്‍ പരിശ്രമിക്കണം. ഭര്‍ത്താവിന് കിട്ടുന്നതില്‍ തൃപ്തിപ്പെട്ടും വിഷമിപ്പിക്കാതെയും വിഷമമാകുമ്പോള്‍ കണ്ടറിഞ്ഞും കഴിയണമെന്ന് കുടുംബിനികളോട് ഉസ്താദ് ഉപദേശിക്കുന്നു. വീടിനോട് ചേര്‍ന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സജ്ജീകരിച്ച കുത്ബുഖാനക്ക് മുന്നില്‍ സഹോദരന്‍ സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ഖബറിനുസമീപം തനിക്കായി ഒരുക്കിവെച്ചിരിക്കുന്ന ഖബ്ര്‍ കാണിച്ചുതന്നപ്പോള്‍ ആ മുഖത്ത് പ്രകടമായ വെളിച്ചം ഒരു ഉഖ്‌റവിയായ പണ്ഡിതന്റെ ആത്മനിര്‍വൃതിയുടെ ബഹിര്‍സ്ഫുരണങ്ങള്‍ തന്നെയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter