മൈസൂര്‍ കല്യാണങ്ങള്‍ ബാക്കിവെച്ചത്...
ഞാനും എന്റെ ഭാര്യയും രണ്ട് കുട്ടികളും സ്‌കൂള്‍ പൂട്ടിയപ്പോള്‍ മൈസൂര്‍ എല്ലാം ഒന്ന് കറങ്ങാം എന്ന് കരുതി യാത്ര തുടങ്ങി.
മൈസൂര്‍ എത്തുന്നതിന് തൊട്ട് മുന്‍പ് ഞങ്ങളുടെ കാറിന്റെ ടയര്‍ പഞ്ചറായി... അവിടെ അടുത്തോന്നും ഒരു വീട് പോലുമില്ലായിരുന്നു... നല്ല വെയിലും. കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ചൂട്.
ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കി കുറച്ച് സമയം ഞങ്ങള്‍ കാറില്‍ തന്നെ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു പന്ത്രണ്ട് വയസ് പ്രായം തോനിക്കുന്ന ഒരു പയ്യന്‍ അത് വഴി വന്നു... ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി തമിഴില്‍ അവനോട് പറഞ്ഞു... 'കൊഞ്ചം ഉദവി ചെയ്യുമാ'...! അവന്‍ തിരിച്ചു ചോദിച്ചു... നിങ്ങള്‍ മലയാളി ആണല്ലെ.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു... ഞങ്ങള്‍ രണ്ടുപേരും കൂടി കാറിന്റെ ടയര്‍ മാറ്റി. നന്നായി മലയാളം സംസാരിക്കുന്ന അവനോട് കേരളത്തില്‍ എവിടെയാണ് നിന്റെ നാടെന്ന് ചോദിച്ചു... അവന്റെ മുഖഭാവം ആകെ മാറി...! കുറച്ചു സമയത്തേക്ക് അവന്‍ ഒന്നും പറഞ്ഞില്ല.
ഞങ്ങള്‍ വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പലഹാരങ്ങള്‍ അവന് കൊടുത്തു അന്‍പത് രൂപയും. അവന്‍ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു. വിരോധമില്ലെങ്കില്‍ എന്നെ എന്റെ വീട് വരെ ആക്കി തരണം നിങ്ങള്‍ പോകുന്ന വഴിയില്‍ തന്നെയാണ് എന്റെ വീട്. ഞാന്‍ പറഞ്ഞു നീ പൈസ വച്ചോ എന്നിട്ട് കാറില്‍ കയറ്. നിന്നെ കൊണ്ടുപോയില്ല എങ്കില്‍ പിന്നെ ഞങ്ങള്‍ ആരെയാ കൊണ്ടുപോവുക. അവന്‍ ചിരിച്ചു കൊണ്ട് കാറില്‍ കയറി.
ഞാന്‍ അവനോട് ചോദിച്ചു മോനെ നീ ഈ നട്ടുച്ചക്ക് എവിടെ പോയതാണ്. അവന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും ഒരു പൊതിയെടുത്ത് എന്നെ കാണിച്ചിട്ട് പറഞ്ഞു എന്റെ ഉമ്മൂമ്മാക്ക് ഉള്ള മരുന്ന് വാങ്ങാന്‍ പോയതാണ്. മരുന്ന് വാങ്ങിയപ്പോള്‍ പൈസ എല്ലാം കഴിഞ്ഞു. ബസ്സിന് കൊടുക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ട് ഞാന്‍ നടന്നു പോവുകയാണ്. ആയിരങ്ങള്‍ ആവശ്യമില്ലാതെ ചിലവഴിക്കാന്‍ പോകുന്ന എനിക്ക് അവനോട് ഒന്നും പറയാനുണ്ടായില്ല.
എന്റെ എട്ട് വയസായ മുത്ത മകന്‍ അവനോട് ചോദിച്ചു. എന്താ നിന്റെ ഉമ്മൂമ്മാക്ക് അസുഖം. അതിന് അവന് മറുപടി ഉണ്ടായില്ല. ഞാന്‍ ചോദിച്ചു നിന്റെ ഉപ്പാക്ക് എന്താണ് ജോലി.
അത് ചോദിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ പറഞ്ഞു എന്റെ ഉപ്പയെ ഞാന്‍ ഫോട്ടോയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ ഉപ്പയുടെ ഒരു വിവരവും ഇല്ല. എന്റെ ഉമ്മ തേയില തോട്ടത്തില്‍ പണിക്ക് പോയാണ് ഞങ്ങള്‍ ജീവിക്കുന്നത്. എന്റെ ഉപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവന്‍ കരായാന്‍ തുടങ്ങി.
രണ്ട് കി. മീറ്റര്‍ കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു ആ കാണുന്നതാണ് എന്റെ വീട്. അവിടെ നിര്‍ത്തിയാല്‍ മതി. ഞാന്‍ കാര്‍ നിര്‍ത്തി. ഞങ്ങളോട് യാത്ര പറഞ്ഞ് അവന്‍ ഇറങ്ങിയപ്പോള്‍ എന്റെ ഭാര്യ അവനോട് പറഞ്ഞു. ഞങ്ങളും വരുന്നുണ്ട് നിന്റെ ഉമ്മൂമ്മയെ കാണാന്‍. അവന് എന്തോന്നില്ലാത്ത സന്തോഷം തോന്നി. കാരണം അവന്റെ വീട്ടിലേക്ക് സുഖ വിവരങ്ങള്‍ അന്വാഷിച്ചു വരാന്‍ ആരുമില്ല.
ഞങ്ങള്‍ അവന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍ അവന്റെ ഉമ്മയും ഉമ്മൂമ്മയും അക്കെ അന്താളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
അവന്‍ ഞങ്ങളെ പരിചയപ്പെടുത്തുന്നതിനു മുമ്പ് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് സുഖമില്ല എന്ന് മോന്‍ പറഞ്ഞപ്പോള്‍ നിങ്ങളെ കാണാന്‍ വന്നതാണ്. അവന്റെ ഉമ്മൂമ്മയുടെ കണ്ണുകള്‍ നിറഞ്ഞു... മോനെ പരിചയപ്പെട്ടതും നടന്ന കാര്യങ്ങള്‍ അവരോട് പറഞ്ഞു. അവരെ കാണാന്‍ കുറെ കാലങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നും ഒരു കുടുംബം വരുന്നത്. അതിന്റെ സ്‌നേഹം അവരുടെ മുഖത്തുണ്ടായിരുന്നു.
അവന്റെ ഉമ്മൂമ്മ കേരളകാരിയാണ്. അവരെ പണ്ട് മൈസൂരിലെക്ക് കല്ല്യാണം ചെയ്ത് കൊണ്ടുവന്നതാണ്. അന്ന് വലിയ സ്ത്രിധനം കൊടുക്കാന്‍ കഴിവില്ലാത്തവര്‍ക്ക് മൈസൂര്‍ കല്ല്യാണമാണ് ആശ്രയം...! തേയില തോട്ടത്തില്‍ ജോലി ചെയ്ത് അവിടെ ജീവിച്ചു. അവരുടെ ഉപ്പയും ഉമ്മയും മരിക്കുന്നത് വരെ ആരെങ്കിലും ഒക്കെ വന്നിരുന്നു. കേരളത്തില്‍ നിന്നും പിന്നെ ആരും ഇന്ന് വരെ തിരിഞ്ഞു നോക്കിയിട്ടില്ല.
ഇവന്റെ ഉപ്പയും കേരളത്തുക്കാരാന്‍ തന്നെ... മൈസൂരില്‍ ജോലിക്ക് വന്നതായിരുന്നു അവന്റെ ഉപ്പ...! ഇവന്റെ ഉമ്മയെ ഇഷ്ടപ്പെട്ട് കല്ല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ച് ഇവരുടെ പിന്നാലെ നടന്നു. അവസാനം പത്ത് പവനും ഇരുപത്തി അയ്യായിരം രൂപയും കൊടുത്ത് കല്ല്യാണം ചെയ്ത് കൊടുത്തു. ഒരു കുട്ടിയായപ്പോള്‍ അവന്‍ അവരെ ഒഴിവാക്കി മുങ്ങി.
എല്ലാ കഥകളും കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ ഭാര്യയെ ഒന്ന് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ചേ പറഞ്ഞയക്കൂ എന്ന് അവര്‍ നിര്‍ബന്ധിച്ചു. അടുക്കളയില്‍ നിന്ന് ഞാന്‍ അവന്റെ സംസാരം കേട്ടൂ.... ഉമ്മാ എന്റെ കയ്യില്‍ അന്‍പത് രൂപയുണ്ട് അതിന് ഞാന്‍ പപ്പടവും എണ്ണയും എല്ലാം വാങ്ങി വരാം... അവര്‍ക്ക് നന്നായി തന്നെ ഭക്ഷണം കൊടുക്കണം... അവന്റെ ആ വാക്കുകള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അവന്‍ കടയിലേക്ക് ഓടുന്നത് കണ്ട ഞാന്‍ അവനോട് ചോദിച്ചു നീ എവിടെ പോവുകയാണ്. ഞാനും ഉണ്ട് നിന്റെ കൂടെ എന്ന് പറഞ്ഞ് ഞാനും അവന്റെ കൂടെ പോയി.
കുറച്ചു ദൂരത്തായിരുന്നു കട. കടയില്‍ എത്തിയപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു നീ ഒന്നും വാങ്ങേണ്ട, നമുക്ക് ഇന്ന് ബിരിയാണിയുണ്ടാക്കാം. അവന്‍ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്റെ ഭാര്യ നന്നായി ബിരിയാണി ഉണ്ടാക്കും അത് കൊണ്ട് ഞാന്‍ ബിരിയാണിക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി ഞങ്ങള്‍ തിരിച്ചു പോന്നു.
പോരുന്ന വഴിയില്‍ ഞാന്‍ അവനോട് പറഞ്ഞു നിന്റെ കൂട്ടുകാരെ ഓക്കേ വിളിച്ചോ അവര്‍ക്ക് മലബാര്‍ സ്‌പെഷ്യല്‍ ബിരിയാണി കൊടുക്കാം.
ബിരിയാണിയുണ്ടാക്കി എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു... അവരുടെ വീട്ടില്‍ ആദ്യമായാണ് ഇത്രയും നന്നായി ബിരിയാണി ഉണ്ടാക്കുന്നത്. അന്നാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നതിന്റെ സൗന്ദര്യം കണ്ടതും ഭക്ഷണം കഴിച്ചു എന്ന് തോനിയതും.
ഞങ്ങള്‍ അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞു അവന്റെ ഉമ്മൂമ്മ പറഞ്ഞു മോനെ നിന്നെയും നിന്റെ കുടുംബത്തിനെയും ഞങ്ങള്‍ ഒരിക്കലും മറക്കില്ല... നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാവല്‍ എന്നുമുണ്ടാകും... ആ പ്രാര്‍ത്ഥനയില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നു.ഞാന്‍ പറഞ്ഞു ഞങ്ങള്‍ ഇനിയും വരും. എന്ത് ആവശ്യമുണ്ടെങ്കിലും ഒന്ന് വിളിച്ചാല്‍ മതി. നിങ്ങളെ ഇപ്പോള്‍ എന്റെ കുടുംബത്തിലെ ഒരാളായാണ് ഞങ്ങള്‍ കാണുന്നത്.
എവിടെ കറങ്ങിയാലും മനസ്സിന് ഇത്രയും കുളിര്‍മ്മ കിട്ടില്ല എന്നറിഞ്ഞ ഞങ്ങള്‍ പിന്നെ കറങ്ങാന്‍ പോയില്ല. കറങ്ങാന്‍ കരുതിയ പണം അവന്റെ ഉമ്മയുടെ കയ്യില്‍ കൊടുത്തായിരുന്നു ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ എന്റെ ഭാര്യയും കുട്ടികളും അനാവശ്യ ചിലവുകള്‍ എന്നോട് പറഞ്ഞിട്ടില്ല. പണത്തിന്റെ വിലയെന്തെന്ന് അറിയാന്‍ മൈസൂര് വരെ പോകേണ്ടി വന്നു ഞങ്ങള്‍ക്ക്..
Leave A Comment