കുഞ്ഞിനെ പഠിപ്പിക്കാനൊരുമ്പെടുന്നതിന് മുമ്പ് നിങ്ങള്‍ പഠിക്കേണ്ട ചില കാര്യങ്ങള്‍
തങ്ങളുടെ കുട്ടികള്‍ പറഞ്ഞതൊന്നും കേള്‍ക്കുന്നില്ലെന്നത് പൊതുവെ മാതാപിതാക്കളുടെ പരാതികളില്‍ ഒന്നാണ്. പലപ്പോഴും പറയുന്ന കാര്യത്തിന് നേരെ എതിരാണ് മക്കള്‍ ചെയ്യുന്നതെന്നും അവര്‍ പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. ശരിയായിരിക്കാം. നമ്മുടെ മക്കളുടെ കുട്ടിക്കാലത്തെ ദുശ്ശാഠ്യം അതിനൊരു പരിധി വരെ കാരണമാകുന്നുമുണ്ട്. എന്നാല്‍ മക്കളോടുള്ള നമ്മുടെ പെരുമാറ്റം കൂടി അവരുടെ ഈ സ്വഭാവത്തിന് കാരണമാകുന്നുണ്ടെന്ന് നാം അറായതെ പോകുന്നു. കുട്ടികളോട് എന്തെങ്കിലും പറയുമ്പോഴും കല്‍പിക്കുമ്പോഴുമെല്ലാം സൂത്രത്തില്‍ പെരുമാറാനായാല്‍ തന്നെ ഒരു പരിധിവരെ നമുക്ക് ഈ സ്വഭാവദൂഷ്യം പരിഹരിക്കാനാകും. അതു സംബന്ധമായി ചില കാര്യങ്ങളാണ് ഈ കുറിപ്പ് ചര്‍ച്ചക്കെടുക്കുന്നത്. കുഞ്ഞിനെയല്ല, അവന്‍റെ ദുസ്സ്വഭാവത്തെയാകണം ആക്ഷേപിക്കേണ്ടത്. പലപ്പോഴും മക്കള്‍ തെറ്റ് ചെയ്യും. കാരണം അവര്‍ മക്കളാണെന്നത് തന്നെ. അതിന് പക്ഷെ അവരുടെ വ്യക്തിത്വത്തെ നാം കുറ്റപ്പെടുത്തി കൂടാ. നമ്മള്‍ കുറ്റം പറയുന്നത് കുഞ്ഞിനെയല്ലെന്നും കുഞ്ഞിന്‍റെ പ്രവര്‍ത്തനത്തെയാണെന്നും അവനെ ബോധിപ്പിക്കാനാകണം. തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതു കുഞ്ഞിനും ഇഷ്ടമാകില്ല. അതുകൊണ്ട് ആ സ്വഭാവം ഒഴിവാക്കണം. ‘നിന്‍റെ മടിയാണ് കാരണം’, ‘നീ ഈ പണി തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് തോന്നിയതാണ്’ തുടങ്ങിയ വാക്യങ്ങള്‍ നേരിട്ട് കുഞ്ഞിന്‍റെ വ്യക്തിത്വത്തെയാണ് ആക്രമിക്കുന്നത്. അത് ചെയ്യരുത്. മറിച്ച് അവന്‍ ചെയ്ത തെറ്റായ പ്രവര്‍ത്തനത്തെ/ സമീപനത്തെ ചൂണ്ടി അത് തെറ്റായി പോയെന്ന് പറയുക. അങ്ങനെയെങ്കില്‍ അത് മനസ്സിലാക്കാനുള്ള ശ്രമം അവന്‍റെ ഭാഗത്ത് നിന്നു ഉണ്ടാകും. കാരണം ഒരു കുഞ്ഞെന്ന നിലയില്‍ അവന് ലഭിക്കേണ്ട ബഹുമാനം നിങ്ങളവന് നല്‍കിയാല്‍ രക്ഷിതാവെന്ന നിലയില്‍ തിരിച്ച് നല്‍കേണ്ട ബഹുമാനത്തെ കുറിച്ച് അവന് നല്ല ബോധ്യം വരും, തീര്‍ച്ച. എന്തും കല്‍പിക്കാം. പക്ഷെ അതിന് അവന് മനസ്സിലാക്കാനാകുന്ന ഒരു കാരണം കൂടെ പറഞ്ഞു കൊടുക്കണം. എണീറ്റുതു മുതല്‍ ഉറങ്ങുന്നത് വരെ മക്കളോടുള്ള കല്‍പനകള്‍ മാത്രം നടത്തിക്കൊണ്ടിരിക്കുന്ന രക്ഷിതാക്കളെ കണ്ടിട്ടുണ്ട്. അങ്ങനെ നിരവധി കല്‍പനകള്‍ മാത്രം കേള്‍ക്കുന്നത് തന്നെ കുഞ്ഞിന് മടുപ്പുണ്ടാക്കും. അതിന് പകരം സൂത്രത്തില്‍ വിഷയമവതരിപ്പിക്കാന്‍ രക്ഷിതാക്കള്‍ പഠിക്കണം. ഒരു ഉദാഹരണം പറയാം. ‘നിന്‍റെ കളിപ്പാട്ടം എടുത്തുവെക്കടാ’ എന്ന് മകനോടു പറയുന്നതിന് പകരം ‘എടാ കളിപ്പാട്ടം എടുത്തു വെച്ചില്ലെങ്കില്‍ അവ പൊട്ടിപ്പോകില്ലെ’ എന്ന് ചോദിച്ചു നോക്കൂ. വെറും കല്‍പനയേക്കാള്‍ അത് ഏറെ ഉപകാരം ചെയ്യും. ഇനി ഇങ്ങനെ പറഞ്ഞിട്ടും കുഞ്ഞില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലന്ന് വെക്കുക. എന്നാല്‍ പിന്നെ ഒന്നുകൂടെ മാറ്റിപ്പിടിക്കേണ്ടിവരും. ‘ശരി, നമ്മള് രണ്ടു പേരും ചേര്‍ന്ന് എടുത്തു വെക്കുകയല്ലെ’ എന്ന് ചോദിച്ച് നിങ്ങളായിട്ട് എടുത്തു വെക്കാന്‍ തുടങ്ങുക. കുഞ്ഞ് നിങ്ങളുടെ മുന്നെ അവിടെ എത്തിയിരിക്കും. കുഞ്ഞിന്‍റെ ആഗ്രഹങ്ങളെ മുഖവിലക്കെടുക്കുക. അവയെ ഒറ്റയടിക്ക് നിരുത്സാഹപ്പെടുത്തരുത്. കുഞ്ഞുങ്ങളുമായി മാര്‍ക്കറ്റിലേ മറ്റോ പോകുമ്പോള്‍ കുഴങ്ങി പോകുന്നുവെന്ന് തോന്നിയിട്ടുണ്ടോ? മാര്‍ക്കറ്റിലെത്തിയാല്‍ അവിടെയുള്ള മിക്കവാറും സാധനങ്ങള്‍ കാണുമ്പോഴും കുഞ്ഞ് അതിന് വേണ്ടി കരയുക സ്വാഭാവികമാണ്. കാരണം അത് കുഞ്ഞിന് പറഞ്ഞതാണ്. പ്രസ്തുത സാഹചര്യങ്ങളില്‍ അതിനെ നാം എങ്ങനെ സമീപിക്കുന്നുവെന്നതാണ് പ്രശ്നം. മാര്‍ക്കറ്റില്‍ പോകുന്നതിന് മുന്നെ തന്നെ കുഞ്ഞുമായി ഒരു ധാരണയിലെത്താവുന്നതാണ്. അന്ന് ഏത് സാധനമാണ് വാങ്ങിക്കൊടുക്കാന് ഉദ്ദേശിക്കുന്നത് നേരത്തെ തന്നെ കുഞ്ഞുമായി ധാരണയിലേത്തിയ ശേഷം മാര്‍ക്കറ്റിലേക്ക് പുറപ്പെടുന്നുവെങ്കില്‍ ഈ പ്രശ്നത്തിന് ഒരു വിധം പരിഹരിക്കാനാകും. അതല്ലെങ്കില്‍ അടുത്ത പ്രാവശ്യം വാങ്ങിത്തരാമെന്ന് കുഞ്ഞിനോട് പറഞ്ഞും തത്കലാം പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. മാര്‍ക്കറ്റിലേത് ഒരു ഉദാഹരണം പറഞ്ഞതാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലെയും കുഞ്ഞിന്‍റെ ആഗ്രഹങ്ങളെ നാം ആദ്യം മുഖവിലക്കെടുക്കണം. അതു കഴിഞ്ഞ് വേണം അവയിലെ നന്മ-തിന്മകള്‍  നോക്കി അവയെ നിരുത്സാഹപ്പെടുത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത്. അതിന് പകരം അവന്‍റെ ആഗ്രഹങ്ങളെ അടിച്ചാക്ഷേപിക്കുന്ന രീതി നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.  src=കുഞ്ഞിനെ കേള്‍ക്കുക, മനസ്സിലാക്കുക. അതവനില്‍ ആത്മവിശ്വാസം കൂട്ടും ചില കാര്യങ്ങള്‍ നമ്മളെത്ര പറഞ്ഞിട്ടും കുഞ്ഞ് അനുസരിക്കുന്നില്ലെങ്കില്‍ അതിന് കാരണം. കാണും. അത് നാം അവനോട് ചോദിച്ച് മനസ്സിലാക്കണം. അവനോട് സംസാരിക്കാന്‍ സമയം കണ്ടെത്തുന്നത് തന്നെ കുഞ്ഞില്‍ ആത്മവിശ്വാസം കൂട്ടും. തന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കാനൊരാളുണ്ടെന്ന തോന്നല്‍ തന്നെ അവനെ നമ്മുടെ വിധേയനാക്കി മാറ്റും. പലപ്പോഴും സുഹൃത്തുക്കള്‍ തമ്മിലുണ്ടാകുന്ന ആത്മബന്ധത്തിന്‍റെ അടിസ്ഥാനം ഈ വിധേയത്വമാണ്. തന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നവനെന്ന പരിഗണയിലാണ് ഓരോ സൌഹൃദവും പുഷ്പിക്കുന്നത്. അത് കൊണ്ട് തന്നെ നാം നമ്മുടെ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കള്‍ കൂടിയാകാന്‍ ശ്രമിക്കുക. ഭീഷണിപ്പെടുത്തല്‍ കഴിയുന്നത്ര ഒഴിവാക്കുക. പ്രോത്സാഹനമാര്‍ഗങ്ങള്‍ ഉപയോഗിക്കുക. കുഞ്ഞ് ഒരു കാര്യം ചെയ്യുന്നില്ലെങ്കില്‍ പിന്നെ അടിയോ തൊഴിയോ പറഞ്ഞ് അവനെ ഭീഷണിപ്പെടുത്തിയാണ് മിക്കരക്ഷിതാക്കളും ശീലിച്ചിട്ടുള്ളത്. നിത്യം കുഞ്ഞ് ഭീഷണി കേട്ടു വളരുന്നുവെങ്കില്‍ പിന്നെ നിങ്ങളുടെ ഭീഷണിക്ക് വിലയില്ലാതെയാകും. എന്നു മാത്രമല്ല, നിങ്ങളുടെ ഭീഷണിയുടെ ശബ്ദമെത്താത്ത ഒരു ലോകത്ത് അവനെത്തിക്കഴിഞ്ഞാല്‍ പിന്നെ ജീവിതത്തിന് ഒരു നിയന്ത്രണമില്ലാത്തവനായി മാറുകയും ചെയ്യും. കര്‍ശനമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിച്ചു വളര്‍ന്ന പലരും പിന്നെ പുറത്തെത്തുന്നതോടെ മോശക്കാരായി മാറുന്നതിന് പിന്നിലെ മനശാസ്ത്രം അതാണ്. അത് കൊണ്ട് കഴിവിന്‍റെ പരമാവധി ഭീഷണിയുടെ ഭാഷ ഉപേക്ഷിച്ച് കുഞ്ഞുമായി പ്രീണനമാര്‍ഗം സ്വീകരിക്കുക. പറഞ്ഞ കാര്യം ചെയ്താല്‍ എന്തെങ്കിലും തരാമെന്ന് ഓഫര്‍ നല്‍കുക. അതുവഴി അവന്‍ അത് ചെയ്യാന്‍ വിധേയനായി മാറും. അത് കേട്ട് ഉടനെ തന്നെ അവനത് ചെയ്യുകയും ചെയ്യും. എന്നാല്‍ ഭീഷണിയും ശിക്ഷാമാര്‍ഗവും ഉപയോഗിക്കേണ്ട ചില സാഹചര്യങ്ങളും കാണും. അപ്പോള് ‍അത് ഉപയോഗിക്കാനും മടിക്കേണ്ടതില്ല. പക്ഷെ അതിന്‍റെയും കാരണം കുഞ്ഞുങ്ങളെ പറഞ്ഞ് മനസ്സിലാക്കണമെന്ന് മാത്രം. പറയുന്ന കാര്യങ്ങളില്‍ നിരോധസ്വഭാവം ഒഴിവാക്കുക. രക്ഷിതാക്കളുടെ എറ്റവും വലിയ പ്രശ്നം ഒരു കാര്യം ചെയ്യാന്‍ കല്‍പിക്കുകയല്ല അവര്‍ ചെയ്യുന്നത് എന്നതാണ്. മറിച്ച് പല കാര്യങ്ങളും ചെയ്യരുത് എന്ന കല്‍പിക്കാറാണ് അവരുടെ പതിവ്. പലപ്പോഴും നിരോധനങ്ങള്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നത് പോലും. വല്ല പച്ചക്കറി വാങ്ങാന് കടയിലേക്ക് കുഞ്ഞിനെ പറഞ്ഞയക്കുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ ഉമ്മ പറയുക ‘ക്ലബില്‍ കയറരുത്’, ‘ഗ്രൌണ്ടില് ‍പോകരുത്’ തുടങ്ങി ഒരുപാട് നിരോധനങ്ങളാണ്. നമ്മുടെ വാക്കിലെ നിരോധ സ്വഭാവം തന്നെ അക്കാര്യം ചെയ്യുന്നതിന് കുഞ്ഞിനെ പ്രേരിപ്പിക്കാനുള്ള ഒരു ഘടകമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്കൂള്‍ വിട്ടു വരുന്ന കുഞ്ഞിനോട് ‘ബാഗ് കട്ടിലില്‍ വലിച്ചെറിയരുത്’ എന്നാണ് നാം പറയാന്‍ ശീലിച്ചിട്ടുള്ളത്. അവന്‍ തന്റെ ബാഗ് കട്ടിലില്‍ വലിച്ചെറിയാനാണ് വരുന്നതെന്ന് തോന്നും രക്ഷിതാക്കളുടെ പറച്ചില്‍ കേട്ടാല്‍. അതായത് കല്‍പനകള്‍ വരെ നാം നിരോധങ്ങളുടെ ഭാഷയിലാണ് പറഞ്ഞു ശീലിച്ചത് എന്നര്‍ഥം. തന്‍റെ ബാപ്പ തന്നെ കല്‍പിക്കുകയാണ്/നിരോധിക്കുകയാണ് എന്ന തോന്നല്‍ കുഞ്ഞിന് ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ ഏകദേശം പ്രശ്നങ്ങളെല്ലാം തീരും. അതിന് പകരം ബാപ്പയുടെ ആഗ്രഹമായിട്ട് പ്രസ്തുത കല്‍പനയെയും നിരോധനത്തെയും അവതരിപ്പാകാനാകണം. ഉദാഹരണത്തിന് സ്കൂള്‍ വിട്ടുവന്ന് ബാഗ് കട്ടിലില്‍ വലിച്ചെറിഞ്ഞ് പോകുന്ന കുഞ്ഞിനോട് ‘മോനെ, പുസ്തകവും ബാഗും അലമാറയിലല്ലെ വെക്കേണ്ടത്’ എന്ന് അല്‍പം സമാധാനമുള്ള ഭാഷയില്‍ പറഞ്ഞുനോക്കൂ. പിന്നെ നിങ്ങള്‍ക്ക് അതു അവനോട് വീണ്ടും പറയേണ്ടി വരില്ലെന്ന് ഉറപ്പാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter