വീട്ടിനുള്ളിലെ ഇസ്‌ലാമിക അന്തരീക്ഷം
ഗൃഹാന്തരം മോടി പിടിപ്പിക്കുന്നതില്‍ നമ്മുടെ കൂട്ടുകാരികളുടെ സാമര്‍ത്ഥ്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഭൗതിക ആര്‍ഭാടങ്ങളെ വാരി നിറച്ചായിരിക്കും ചിലരുടെ അലങ്കരിക്കല്‍. അതില്‍ ഇസ്‌ലാമിക വീക്ഷണത്തിന് തീരെ പ്രാധാന്യം കൊടുക്കുകയില്ല, റഹ്മത്തും ബറകത്തും സദാ ഉരുവിടുകയും ചെയ്യും. എങ്ങനെ അത് വീടിന്റെ അകത്തളങ്ങളില്‍ എത്തണം; അതിന് വിലങ്ങായി വല്ലതുമുണ്ടോ? ഇതൊന്നും ചിലര്‍ ചിന്തിക്കുകപോലുമില്ല. ''നിങ്ങള്‍ക്കറിയില്ലെങ്കില്‍ അറിവുള്ളവരോട് ചോദിക്കൂ'' എന്നാണ് ഖുര്‍ആന്റെ ആജ്ഞ. അതൊക്കെ 'വഅ്‌ളു'കളിലും ക്ലാസുകളിലും കേട്ടതുമാണ്. പക്ഷെ, പ്രാവര്‍ത്തികമാക്കാനാണ് സന്മനസ്സ് കാണിക്കാത്തത്. അറിവിനെ നാം അന്വേഷിച്ച് കണ്ടെത്തണം. അതനുസരിച്ച് വീടിന്റെ അകത്തളം ചിട്ടപ്പെടുത്താന്‍ നിര്‍ബന്ധവാശിയും വേണം. എങ്കില്‍ നമ്മുടെ വീടുകളില്‍ ഇസ്‌ലാമിക ചിന്ത സുന്ദരമായി നിലനില്‍ക്കും. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലെത്തിയ ചിലരുടെ വീടുകള്‍ നാം ശ്രദ്ധിക്കുകയാണെങ്കില്‍ നടീ നടന്മാരുടെ ഫോട്ടോകളും വിവിധ തരം ജീവികളുടെ രൂപങ്ങളുമായിരിക്കും ഷോക്കേസുകളില്‍ സ്ഥലം പിടിക്കുക. ''നിശ്ചയമായും ഈ രൂപങ്ങള്‍ നിര്‍മിക്കുന്നവന്‍ ഖിയാമത് നാളില്‍ ശിക്ഷിക്കപ്പെടും. നിങ്ങള്‍ നിര്‍മിച്ചതിന് നിങ്ങള്‍ തന്നെ ജീവന്‍ നല്‍കുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.''(ബു.മു.) വീടിന്റെ ഉള്ള് അലങ്കരിക്കുന്നത് നിരോധിക്കപ്പെട്ട വസ്തുക്കള്‍ കൊണ്ടായാല്‍ പാരത്രിക ശിക്ഷയുണ്ടെന്നാണ് തിരുനബി(സ)യുടെ വചനം വ്യക്തമാക്കുന്നത്. അതിന്റെ പുറമെ മനുഷ്യന് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ജീവന്‍ നല്‍കല്‍. അതിന് കല്പിക്കപ്പെടുന്നത് ശിക്ഷക്ക് ആക്കം കൂട്ടാനേ ഉപകരിക്കൂ. ധന ദുര്‍വിനിയോഗത്തിലൂടെ നാം സമ്പാദിക്കുന്നത് മരണാനന്തര ദുരിതങ്ങളാണെന്ന് ചിന്തിക്കുന്നില്ല. ''ജീവികളുടെ രൂപങ്ങളും നായയുമുള്ള വീടുകളിലേക്ക് റഹ്മത്തിന്റെ മലക്കുകള്‍ പ്രവേശിക്കുകയില്ല.'' (ബു.മു.) റഹ്മത്തിനെയും ബറക്കത്തിനെയും തേടുന്ന നമ്മുടെ വീടിന്റെ അകം അതുമായി ഏല്‍പിക്കപ്പെട്ട മലക്കുകള്‍ക്ക് പ്രവേശിക്കാന്‍ പറ്റാത്തവിധമാണെങ്കില്‍, പകരം തസ്‌കരവീരന്മാര്‍ തക്കം പാര്‍ത്ത് കയറിയാല്‍ നാമെന്തിന് വേദനിക്കണം? അല്ലാഹുവിന്റെ അനുഗ്രഹമായി ലഭിച്ച സമ്പത്ത് വിനിയോഗിക്കുന്നതില്‍ തഖ്‌വ നഷ്ടപ്പെടുന്നതാണ് പൈശാചികതയുടെ കടന്നു കയറ്റത്തിന് വഴിയൊരുക്കുന്നത്. ''സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപയാണ്'' (ബു.മു.) സ്ത്രീയുടെ ഭരണ മേഖല ഗൃഹാന്തരംഗമാണ്. അതില്‍ ഇസ്‌ലാമിക ചിട്ട നിലനിറുത്തല്‍ അവളുടെ കടമയുമാണ്. ഉപരി സൂചിതമായ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ക്ക് ഭര്‍ത്താവ് താല്പര്യമെടുത്താല്‍ തന്നെ അവനെ നിയന്ത്രിക്കാന്‍ മതചിട്ടയുള്ള ഭാര്യക്ക് കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്. സഹധര്‍മിണിയെ തെരഞ്ഞെടുക്കുമ്പോള്‍ ''മതചിട്ടയുള്ളവളെ വിവാഹം കഴിച്ചു നീ വിജയം കൈവരിക്കുക'' എന്ന് പ്രവാചകന്‍ (സ) അരുളിയത് അത് കൊണ്ടാണ്. വളര്‍ന്നു വരുന്ന ആണ്‍, പെണ്‍ മക്കളില്‍ നാം പരക്കെ കണ്ടുവരുന്ന വേഷവിധാനം, സ്വഭാവരീതി, പ്രവര്‍ത്തനങ്ങള്‍ ഇവയില്‍ വലിയൊരു ശതമാനം ഇസ്‌ലാമുമായി പൊരുത്തപ്പെടാനാവാത്തതാണ്. തലയും കൈത്തണ്ടയും മറയ്ക്കാത്ത പെണ്‍കുട്ടികളും, കാല്‍ മടമ്പ് കവര്‍ ചെയ്ത പാന്റ്‌സ് ധരിക്കുന്ന ആണ്‍കുട്ടികളും വീട്ടിന്റെ ഉള്ളില്‍നിന്നാണ് പുറത്ത് വരുന്നത്. ഭരണത്തില്‍ സംഭവിച്ച അപാകതയുടെ നിദര്‍ശനമാണിത്. പുരുഷന്മാര്‍ സ്ത്രീകളില്‍ നിയന്ത്രണാധികാരമുള്ളവരാണെന്ന ഖുര്‍ആന്‍ പറഞ്ഞ വസ്തുത പലരും മറന്ന് പോയെന്ന് തോന്നുന്നു. നിയന്ത്രണം, കടിഞ്ഞാണ്‍ കണക്കെ പുരുഷന്റെ കൈയില്‍ വേണം. അത് ദീനീ ചിട്ടയില്‍ ഒതുങ്ങിയതാവണം. തദവസരം വളര്‍ന്നു വരുന്ന ഒരു അന്തരീക്ഷമുണ്ട്. അതത്രെ ഇസ്‌ലാമിക ചിട്ട! വീട്ടില്‍ എന്തു സംഭവിച്ചാലും ഒരന്വേഷണവും നടത്താത്ത ഗൃഹനാഥനായിപ്പോയാല്‍ 'നാഥനില്ലാപട നായപട' എന്ന ചൊല്ല് പോലെയാവും. വീടിന്റെ ഉള്ള് കലാപഭൂമിയാക്കുന്ന കുടുംബങ്ങളെയും നാം ഒട്ടേറെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പരസ്പര പെരുമാറ്റത്തിന്റെ ഇസ്‌ലാമിക രീതി കൈവെടിഞ്ഞതോ, അല്ലെങ്കില്‍ അജ്ഞാതമായതോ അണ് അതിന്റെ കാരണം. മാതാപിതാക്കളും സന്താനങ്ങളും, ഭാര്യയും ഭര്‍ത്താവും, അമ്മായുമ്മയും മരുമകളും, സഹോദരീ സഹോദരന്‍മാരും, ഇളയവരും മൂത്തവരും.....ഇവരൊക്കെ ഒരു കുടുംബത്തില്‍ ഒത്തുചേരുന്ന കണ്ണികളാണ്. ഓരോരുത്തര്‍ക്കും മറ്റവരോടുള്ള കടമകള്‍ എന്തൊക്കെ എന്നറിവുണ്ടാവണം. അതില്ലാത്ത കുറവ് നിമിത്തം സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. കുടുംബ കലഹങ്ങള്‍ മാധ്യമങ്ങളില്‍ നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു. അതില്‍ നിന്ന് പാഠമുക്കൊള്ളാത്തവരായി ജീവിക്കുന്നവരുടെ ശതമാനം തന്നെയാണ് കൂടുതലുള്ളത്. അകത്തളം അടര്‍ക്കളമാവാതിരിക്കാന്‍ സഹകരണമെന്ന സ്വഭാവത്തിന്റെ അടിക്കല്ലിന് ഇളക്കം തട്ടാതിരിക്കണം. തന്മൂലമാണ് സ്വാര്‍ത്ഥതയുണ്ടാവുക. അഹങ്കാരവും അസൂയയും അതിനെ പിന്‍തുടരുകയും ചെയ്യും. കുബേര-കുചേല, പണ്ഡിത -പാമര, തൊഴിലാളി-മുതലാളി വ്യത്യാസമന്യേ ഏത് കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അവയൊക്കെ കൈകാര്യം ചെയ്യുന്നേടത്താണ് കാര്യത്തിന്റെ കിടപ്പ് 'പക്വത' എന്ന മഹത്ഗുണം നമുക്കുണ്ടായാല്‍ പര്‍വതസമാനമായ പ്രശ്‌നങ്ങളും മഞ്ഞുപോലെയാക്കാന്‍ കഴിയും. സജ്ജനങ്ങളായ സ്ത്രീ പുരുഷന്‍മാരുടെ ജീവചരിത്രം മാതൃകയാക്കുമ്പോഴാണ് ഇസ്‌ലാമിക ജീവിതത്തിലെ സ്തുത്യര്‍ഹമായ പക്വതയുണ്ടാവുക. ഭാര്യ ഭര്‍ത്താവിന് വിനയാന്വിതയായി വഴിപ്പെടല്‍ പുണ്യ കര്‍മമാണെന്നുള്ള ബോധം അവള്‍ക്കും, സഹധര്‍മിണിയോട് ചെയ്യേണ്ട കടമകള്‍ താന്‍ പൂര്‍ണമായും പാലിക്കല്‍ പ്രതിഫലാര്‍ഹമാണെന്ന് ഭര്‍ത്താവിനും ബോധമുണ്ടായാല്‍ ഒരു പ്രശ്‌നത്തിനും വഴി വെക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. എത്ര വിദ്യാസമ്പന്നയായ വനിതയായാലും എടുത്തു ചാട്ട സ്വഭാവക്കാരികള്‍ അബദ്ധത്തിലേക്കാണ് വീഴുക. പക്വമതിക്ക് ആ ദുര്‍ഗുണം ഉണ്ടാവുകയില്ല. തെറ്റിദ്ധാരണകള്‍ വഴിയും പ്രശ്‌നങ്ങള്‍ ഉത്ഭവിക്കാറുണ്ട്. ഇതൊരു വലിയ മാനസിക രോഗം തന്നെയാണ്. അന്യന്റെ പ്രശ്‌നം അവനറിയാതെ നാം അന്വേഷിക്കുന്നതില്‍ നിന്നാണ് ഇതുത്ഭവിക്കുന്നത്. അത് നമ്മുടെ സമയത്തെ നഷ്ടപ്പെടുത്തുന്ന വേണ്ടാവൃത്തിയുമാണ്. ഒരു ഭാര്യ തന്റെ ഭര്‍തൃഗൃഹത്തിലെ അംഗങ്ങളെ സ്വന്തം വീട്ടംഗങ്ങളായി തന്നെ കാണണം. അമ്മോശനെ പിതാവായും, അമ്മായുമ്മയെ മാതാവായും ബഹുമാനവും സ്‌നേഹവും നല്‍കിയാല്‍ പോരുകള്‍ക്കൊക്കെ വിരാമമിടാം. ഇസ്‌ലാം നിന്ദ്യവും നിഷിദ്ധവുമാക്കിയ കാര്യങ്ങള്‍ക്ക് വീട്ടിന്റെ ഉള്ളില്‍ ഇടം നല്‍കാതിരിക്കുക. സൂക്ഷ്മ ജീവിതം നില നിറുത്തുക, വീട്ടു ജോലികളേക്കാളുപരി ആരാധനാമുറകള്‍ക്ക് അടുക്കും ചിട്ടയും ഏര്‍പ്പെടുത്തുക, മാതാവിന്റെ മടിത്തട്ട് ഉന്നത കലാലയമായിത്തന്നെ നിലനില്‍ക്കണം. അതിന്നവള്‍ മാതൃകയായിരിക്കുക തന്നെ വേണം. ഇവയൊക്കെ തന്നെയാണ് നമ്മുടെ ഭവന ഭംഗിക്ക് വര്‍ദ്ധനവേകുന്ന കാര്യങ്ങള്‍. സാഹിത്യലോകം ഇന്ന് വളരെ പുരോഗമിച്ചിട്ടുണ്ട്. ഏതു തരം സാഹിത്യങ്ങളും വിപണിയില്‍ വില്‍ക്കപ്പെടുന്നുണ്ട്. ഒന്നിനും ഒരു വിലക്കുമില്ല. പക്ഷെ ഉപകാരമില്ലെന്ന് മാത്രമല്ല വളരെയേറെ ഉപദ്രവം ചെയ്യുന്ന അശ്ലീല സാഹിത്യങ്ങള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നേരംപോക്കിന് വായിച്ചു വരുന്നതായി കാണുന്നുണ്ട്. ഇവയാകട്ടെ നമ്മുടെ ദീനീബോധം മാത്രമല്ല കുടുംബ ബോധം തന്നെയും നഷ്ടപ്പെടുത്തി കളയുന്നവയാണുതാനും. ഇവയെ വര്‍ജ്ജിക്കലോടു കൂടിത്ത ന്നെ സുന്നീ സാഹിത്യങ്ങളും മതവിജ്ഞാനം വര്‍ദ്ധിക്കുവാന്‍ ഉപകരിക്കുന്ന ഓഡിയോ വീഡിയോ സിഡികളും പുസ്തകങ്ങളുമൊക്കെയാണ് നാം വീടുകളില്‍ സൂക്ഷിക്കേണ്ടത്. അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബ് (റ)പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍കേട്ടു. അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദ് നബി(സ) യെ ദൈവ ദൂതനായും ആര് തൃപ്തിപ്പെടുന്നുവോ അവന്‍ ഈമാനിന്റെ രുചി ആസ്വദിച്ചു. ഈ ഹദീസില്‍ പറഞ്ഞ മൂന്ന് കാര്യം നാം തൃപ്തിപ്പെടാന്‍ തയ്യാറായാല്‍ മാത്രമാണ് ശരിയായ വിശ്വാസിയാകുന്നത്. അല്ലാഹുവിനെ റബ്ബായി തൃപ്തിപ്പെടുമ്പോള്‍ റബ്ബിനോടുള്ള കടമകള്‍ നിര്‍വഹിക്കണം. ഇസ്‌ലാമിനെ ദീനായി തൃപ്തിപ്പെടുമ്പോള്‍ അനിസ്‌ലാമിക കാര്യങ്ങളും ആചാരങ്ങളും ഒഴിവാക്കണം. മുഹമ്മദ് നബിയെ റസൂലായി തൃപ്തിപ്പെടുമ്പോള്‍ നബിയുടെ ചര്യ മുറുകെ പിടിക്കണം. അങ്ങനെ വരുമ്പോഴാണ് മനുഷ്യന്‍ അല്ലാഹുവിനെയും, അല്ലാഹു മനുഷ്യനേയും ഇഷ്ടപ്പെടുന്നത്. ഇതൊരു പെണ്ണാണെങ്കില്‍ അവള്‍ 'അല്‍ മര്‍അതു സ്വാലിഹ'യായി. തിരുനബി(സ) അരുളി: ഭൗതികം ജിവിതാവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളാണ്. ഭൗതിക വിഭവങ്ങളില്‍ ഉത്തമമായത് സ്വാലിഹത്തായ സ്ത്രീയാണ്. ഉപരിസൂചിതമായ രണ്ട് ഹദീസുകളും കൂട്ടി വായിച്ചാല്‍ ലഭിക്കുന്ന സ്ത്രീയാണ് ഗൃഹനായികയെങ്കില്‍ വീട്ടിന്റെ ഉള്ളില്‍ ഇസ്‌ലാമിക ചിട്ടയല്ലാതെ മറ്റൊന്ന് കണി കാണുകപോലുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter