പ്രിയതമയെ ഒരിക്കലെങ്കിലും പ്രണയിച്ചുനോക്കിയിട്ടുണ്ടോ നിങ്ങള്‍?

അവര്‍ തമ്മിലുള്ള സംസാരം പലപ്പോഴും വഴക്കിലേക്കും കടുത്ത ശണ്ഠയിലേക്കും വഴുതി വീഴുക സാധാരണമാണ്. ദാമ്പത്യ ബന്ധത്തില്‍ സ്വാഭാവികമായി മാത്രം കാണാവുന്ന ഒരു കാര്യം.

പക്ഷെ, അന്ന് ആ വഴക്ക് പരിധി കടന്നു. രൂക്ഷമായ തര്‍ക്കങ്ങള്‍ ഉടലെടുത്തു. രണ്ട് പേരും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടയില്‍ അവള്‍ പൊട്ടിത്തെറിച്ചു: 'മതി, എനിക്ക് മടുത്തു, ഈ കൂട്ടു ജീവിതം. മൊഴി തന്നു എന്നെ പാട്ടിന് വിട്ടേക്ക്. നിങ്ങളുടെ കൂടെ പൊറുപ്പിക്കാന്‍ ഇനി ഞാനില്ല'.

ഇത് കേട്ട ഭര്‍ത്താവ് ക്ഷോഭത്തോടെ അവിടെ നിന്ന് മറ്റൊരു റൂമില്‍ ചെന്നു ഒരു കടലാസെടുത്ത് ഏതാനും വാക്കുകള്‍ എഴുതി ഒരു കവറിലിട്ടു ഭദ്രമായി ഒട്ടിച്ച ശേഷം ദേഷ്യ ഭാവത്തോടെ ഭാര്യയുടെ മുന്നിലേക്കിട്ടു കൊടുത്തുകൊണ്ട് അയാള്‍ പറഞ്ഞു: 'ഇതാ നീ ആഗ്രഹിച്ച മൊഴി.' അയാള്‍ ക്ഷുഭിതനായി സ്ഥലം വിട്ടു.

ഭാര്യയുടെ മനസില്‍ വികാരങ്ങളുടെ വേലിയേറ്റം. അവള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. എന്ത് ബുദ്ധിമോശമാണ് താന്‍ കാട്ടിയത്? അയാളെ പ്രകോപിപ്പിച്ചു മൊഴി ആവശ്യപ്പെട്ടതല്ലേ, കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്? എല്ലാം കഴിഞ്ഞു. ഇനിയെന്ത് വഴി? തനിക്ക് ഇനിയാര് തുണ? എങ്ങോട്ടു പോകും? അവള്‍ക്ക് തല കറങ്ങുന്നത് പോലെ. കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന അവസ്ഥ.

അടക്കാനാവാത്ത അസ്വസ്ഥതയില്‍ മുഴുകി അവള്‍ സ്വയം ശപിച്ചു കൊണ്ടിരിക്കേ, ഭര്‍ത്താവ് പെട്ടെന്ന് അവിടെ കടന്നു വന്നു. ഒന്നും ഉരിയാടാതെ അയാള്‍ തന്റെ മുറിയില്‍ കയറി വാതിലടച്ചു.

ഭാര്യ ഉടനെ വാതില്‍ക്കല്‍ മുട്ടി അയാളോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ ശബ്ദവും ഭാവവും മാറിയിരുന്നു.

'ഒന്ന് വാതില്‍ തുറക്കൂ , എനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.'

'എന്താ ഇനി പറയാന്‍ ബാക്കി? എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ? ' കോപത്തോടെ അയാള്‍ പ്രതികരിച്ചു.

'ഒന്ന് വാതില്‍ തുറക്കൂ, പ്ലീസ്! എനിക്ക് ചിലത് പറയാനുണ്ട്. അത് കേട്ട ശേഷം എന്ത് വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.'

അല്‍പ്പനേരത്തെ ആലോചനയ്ക്ക് ശേഷം അയാള്‍ വാതില്‍ തുറന്നു.

അവള്‍ ആകെ മാറായിരിക്കുന്നു! ചെയ്തു പോയ അവിവേകത്തില്‍ മനസ്താപത്തോടെയാണവള്‍ സംസാരിച്ചു തുടങ്ങിയത്.

'ഒന്ന് ഏതെങ്കിലും ഖാസിയോടോ മറ്റോ കൂടിയാലോചിക്കൂ, എന്താണ് രക്ഷാമാര്‍ഗമെന്ന്.'

അവള്‍ സങ്കടപ്പെട്ടു - 'ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.' 
ഭര്‍ത്താവ് ചോദിച്ചു - 'നിനക്ക് പറഞ്ഞതില്‍ സത്യമായും കുറ്റബോധമുണ്ടോ?'
അവള്‍ വിതുമ്പി - 'തീര്‍ച്ചയായും, അല്ലാഹുവാണെ എനിക്ക് ഖേദമുണ്ട്. സംഭവിക്കാര്‍ പാടില്ലാത്തതാണ് സംഭവിച്ചത്.'

എന്നാല്‍ ആ എഴുത്തൊന്ന് തുറന്നു വായിക്ക്. അതിന് ശേഷം തീരുമാനിക്കാം, എന്ത് വേണമെന്ന് ' - ഭര്‍ത്താവ് ഗൗരവം വിടാതെ പ്രതികരിച്ചു.

അവള്‍ കത്ത് പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി. അവളുടെ കണ്ണകള്‍ വികസിച്ചു. മുഖം തെളിഞ്ഞു വന്നു -

' ഞാന്‍..................... എന്നയാളുടെ മകന്‍ ........................ പൂര്‍ണ ബോധത്തോടെ ഇവിടെ വ്യക്തമാക്കുകയാണ് - 'എന്റെ ഈ ഭാര്യയുമായുള്ള എന്റെ ദാമ്പത്യ ബന്ധം മരണം വരെ തുടരുന്നതാണ്. മറ്റൊരു ഭാര്യയുമായി ജീവിതം പങ്കുവയ്ക്കുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാന്‍ പോലുമാവില്ല. ഏത് സാഹചര്യത്തിലും ഞാനവളെ കൂടെ നിര്‍ത്തും. ജീവിതകാലം മുഴുവന്‍ അവളെന്റെ ഭാര്യയായി തുടരും'.

അവള്‍ക്ക് വിശ്വസിക്കാനായില്ല. ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായി, നുരഞ്ഞു പൊന്തുന്ന ആഹ്ലാദവുമായി അവള്‍ ഭര്‍ത്താവിന്റെ കരം പിടിച്ചു ചുംബിച്ചു. ആ കൈകള്‍ അധരത്തിലേക്ക് കൂട്ടിപ്പിടിച്ചു കൊണ്ട് കിന്നാരഭാവത്തില്‍ അവള്‍ മൊഴിഞ്ഞു - 'ഇസ് ലാം മൊഴിചൊല്ലാനുള്ള അധികാരം പുരുഷനെ ഏല്‍പ്പിച്ചത് എത്ര നന്നായി. ഞങ്ങളുടെ കയ്യിലാണ് ആ അവകാശമെങ്കില്‍ ഇതിനകം എത്രയോ തവണ മൊഴി ചൊല്ലിക്കഴിഞ്ഞിരുന്നു!'

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter