സിഎഎക്കെതിരെയുള്ള യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ആശാവഹം
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊറോണക്കാലത്തും ഇന്ത്യൻ ജനത പ്രതിഷേധം തുടരുകതന്നെയാണ്. ജാഗ്രത പാലിച്ചു കൊണ്ട് ഡൽഹിയിലെ ഷഹീൻ ബാഗിൽ സമരം പുതിയ രീതിയിൽ നടന്നു കൊണ്ടിരിക്കുന്നു.
ആഗോളതലത്തിൽ നിന്ന് നിരവധി സംഘടനകൾ പ്രതിഷേധ സമരങ്ങൾക്ക് പിന്തുണയുമായി തുടക്കം മുതൽ തന്നെ രംഗത്ത് വന്നിരുന്നു. അതിലേറ്റവും ശ്രദ്ധേയമായത് യുഎൻ മനുഷ്യാവകാശ കമ്മീഷൻ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യൻ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ തീരുമാനിച്ചതാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനമായ സ്വിറ്റ്സർലാൻഡിലെ ജനീവയിൽ ചേർന്ന യോഗത്തിലാണ് നേരിട്ട് കോടതിയെ സമീപിക്കാൻ കമ്മീഷൻ തീരുമാനത്തിലെത്തിയത്. യോഗത്തിൽ നിന്ന് നേരിട്ട് തന്നെ മനുഷ്യാവകാശ ഹൈ കമ്മീഷണർ മിഷേൽ ബാച്ചലറ്റ് ഇൻഫർമേഷൻ അപ്ലിക്കേഷൻ സമർപ്പിക്കുകയും ചെയ്തു.
പിന്നീട് സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി സമർപ്പിച്ച കാര്യം കമ്മീഷൻ ഇന്ത്യയെ അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര പൗര രാഷ്ട്രീയ അവകാശങ്ങളുടെ ഉടമ്പടിക്ക് എതിരെയാണ് ഇന്ത്യൻ പൗരത്വ നിയമം എന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ 140 ലധികം ഹരജി പരമോന്നത കോടതിയിലുള്ളതിനാൽ ഇത് നരേന്ദ്ര മോദി സർക്കാറിന്റെ നയതന്ത്ര പരാജയമായാണ് കണക്കാക്കുന്നത്.
ഇന്ത്യയുടെ പ്രതികരണം
മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി സമർപ്പിച്ചതോടെ വെട്ടിലായ ഇന്ത്യൻ സർക്കാർ കമ്മീഷനെ കുറ്റപ്പെടുത്തിയാണ് തങ്ങളുടെ ജാള്യത മറച്ചു വെക്കുന്നത്.
മനുഷ്യാവകാശ കമ്മീഷനെതിരെ സർക്കാർ പ്രതിനിധികൾ നടത്തിയ വിമർശനങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് പൗരത്വബിൽ എന്നും അതിൽ പുറത്തുള്ള സംഘടനകൾക്ക് ഇടപെടാൻ അവകാശമില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യം ഇന്ത്യൻ ഭരണഘടന പ്രകാരമാണ് തീരുമാനിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണു നരേന്ദ്ര മോദി സർക്കാർ മനുഷ്യാവകാശ കമ്മീഷനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
അന്താരാഷ്ട്ര തിരിച്ചടികൾ
മുമ്പും യുഎന്നിൽ നിന്ന് പൗരത്വ നിയമ ഭേദഗതി ക്കെതിരെ പരസ്യമായി പ്രതികരണങ്ങളും വിമർശനങ്ങളും വന്നിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പരസ്യമായിത്തന്നെ നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ്, അറബ് ലീഗ്, ആഗോള മുസ്‌ലിം പണ്ഡിത കൂട്ടായ്മ തുടങ്ങിയ സംഘടനകളെല്ലാം ഇന്ത്യക്കെതിരെ ശക്തമായ സമ്മർദം ചെലുത്തിയിരുന്നു.
മനുഷ്യാവകാശ കമ്മീഷൻ നടപടി ന്യായമോ?
ലോകരാജ്യങ്ങളിൽ മിക്കതും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കരാറിൽ ഒപ്പ് വെച്ചവരാണ്. അതിനാൽ അത്തരം രാജ്യങ്ങളിൽ ഒരു ഭരണകൂടവും മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കാൻ പാടില്ല. അതേസമയം മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങൾക്കെതിരെ പ്രതികരിക്കാൻ അതുകൊണ്ടുതന്നെ യുഎൻ മനുഷ്യാവകാശ കമ്മീഷന് അധികാരമുണ്ട്.
ലോക കോടതിയായ യു.എൻ മുമ്പും ലോകത്ത് സമാധാനത്തിനുവേണ്ടി നിരവധി രാജ്യങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. മ്യാൻമറിൽ റോഹിങ്ക്യൻ മുസ്‌ലിംകളെ വംശഹത്യ ചെയ്ത മ്യാൻമാർ സർക്കാറിനെതിരെ മനുഷ്യാവകാശ കമ്മീഷൻ മുമ്പ് ശക്തമായ നടപടികളുമായി രംഗത്തെത്തിയിരുന്നു. യു എൻ അന്താരാഷ്ട്ര കോടതി രാജ്യത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
റോഹിങ്ക്യൻ മുസ്‌ലിംകളുടെ വിഷയത്തിൽ ഇടപെട്ടതിന് സമാനമായി ഇന്ത്യൻ മുസ്‌ലിംകളുടെ വിഷയത്തിലും ഇടപെട്ട മനുഷ്യാവകാശ കമ്മീഷൻ നടപടി തീർത്തും അഭിനന്ദനാർഹമാണ്. ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ ഇടപെടാൻ കമ്മീഷന് അധികാരമില്ലെന്നും പറയുന്ന ബിജെപി സർക്കാരിന്റെ പ്രസ്താവന തീർത്തും ലജ്ജാവഹമാണ്. കാരണം ഐക്യരാഷ്ട്രസഭ നിലനിൽക്കുന്നത് അംഗരാജ്യങ്ങളിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാണ്. ആ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഐക്യരാഷ്ട്ര സഭയുടെയും പ്രശ്നങ്ങളാണ്, അല്ലാതെ ഐക്യരാഷ്ട്ര സഭക്ക് പ്രത്യേക രാജ്യങ്ങൾ വേറെയില്ല, അതിനാൽ തങ്ങളുടെ ആഭ്യന്തര കാര്യമാണ് പൗരത്വ ഭേദഗതി നിയമം എന്ന് പറയാൻ ഇന്ത്യ എന്നല്ല ഒരു രാജ്യത്തിനും അവകാശമില്ല. ഇന്ത്യൻ മുസ്‌ലിംകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നിലപാടാണ് മനുഷ്യാവകാശ സംഘടന എടുത്തിരിക്കുന്നതെന്ന് അതിനാൽ നിസംശയം പറയാൻ സാധിക്കുന്നതാണ് .
Leave A Comment