ഹൈദരാബാദിൽ  ഉവൈസിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടി
ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യത്തുടനീളം അരങ്ങേറുന്ന പ്രതിഷേധ സമരാഗ്നിയിലേക്ക് എടുത്തുചാടി ഹൈദരാബാദ് നഗരവും. ഹൈദരാബാദിനെ ഇളക്കിമറിച്ച് സംയുക്ത മുസ്‍ലിം പ്രവര്‍ത്തന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയുടെ തട്ടകമായ ഹൈദരാബാദിലെ ദാറുസലാമിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജനനം കൊണ്ടും തെരഞ്ഞെടുപ്പ് കൊണ്ടും താന്‍ ഇന്ത്യക്കാരനാണെന്നും താനെങ്ങനെ രാജ്യദ്രോഹിയാകുമെന്നും ഈ പോരാട്ടം മുസ്‍ലിംകള്‍ക്ക് മാത്രമല്ല, ദലിതുകള്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വേണ്ടിയാണെന്നും ഉവൈസി പറഞ്ഞു. ബി.ആര്‍ അംബേദ്ക്കറേ മരണപ്പെട്ടിട്ടുള്ളൂ, അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ടെന്നും ജനങ്ങളെല്ലാവരും ദേശീയ പതാക അവരവരുടെ വീടുകളില്‍ ഉയര്‍ത്തി തങ്ങളെല്ലാം പൗരത്വ നിയമത്തിനെതിരാണെന്ന് കാണിക്കണമെന്നും ഉവൈസി പ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖം കൂട്ടത്തോടെ വായിച്ചാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. ജാമിഅ മില്ലിയ സമരത്തിലൂടെ ശ്രദ്ധേയരായ മലയാളി സമരവിദ്യാര്‍ഥികള്‍ ആയിഷ റന്ന, ലദീദ ഫര്‍സാന എന്നിവരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യത്തെങ്ങും പ്രതിഷേധിക്കുന്ന, സമരത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ഇരുവരും പ്രസംഗിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter