ഇഹ്‌യാഅ്: ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ജീലാനി ഭാഷ്യം

മരുഭൂമിയെ പോലും മലര്‍വാടിയാക്കാന്‍ വരുന്നവരാണ് പുണ്യാത്മാക്കള്‍. അവര്‍ വന്നാല്‍ വസന്തമായിരിക്കും ഭൂമിയില്‍. അവരെ കൈ നീട്ടി സ്വീകരിക്കാന്‍ പ്രകൃതി തന്റെ വിഭവങ്ങളൊരുക്കി കാത്തിരിക്കും. പ്രാപഞ്ചിക നിയമങ്ങള്‍ പോലും അവരുടെ വിഷയത്തിലാവുമ്പോള്‍ ലംഘിക്കപ്പെടുന്നതാണ്. അവരുടെ ഒരു കൈയാംഗ്യം മതി സൂര്യന്‍ ചലനം നിര്‍ത്താന്‍; ചന്ദ്രന്‍ പൊട്ടിപ്പിളരാന്‍. വൃക്ഷങ്ങള്‍ക്ക് ചലനശേഷി കൈവരാന്‍. വായു അവര്‍ക്ക് വാഹനമാണ്; വന്യമൃഗങ്ങള്‍ അവരുടെ അംഗരക്ഷകരാണ്. മാലാഖമാര്‍ അവരുടെ സേവകരാണ്… പിശാചിനും അവന്റെ അനുയായികള്‍ക്കും അവര്‍ പേടിസ്വപ്നമാണ്. അഗ്നിക്കവരെ തൊടാനാവില്ല..മണ്ണ് അവരുടെ ശരീരത്തെ തിന്നില്ല. വേണമെന്നുണ്ടെങ്കില്‍ ജലം അവര്‍ക്ക് വഴിമാറിക്കൊടുക്കും.. നടക്കാന്‍ പാലമായി മാറും. അവരുടെ കൈവിരലുകള്‍ക്കിടയില്‍ പോലും പ്രത്യക്ഷപ്പെടാന്‍ അതു വെമ്പല്‍ കൊള്ളും. വിശാലമായ നദിയില്‍ നിന്ന് അല്‍പം വെള്ളം മുക്കിയെടുത്താല്‍ മതി അവരോടുള്ള ഇശ്ഖിനാല്‍ നദീജലം മുഴുവന്‍ അവരുടെ പാത്രത്തില്‍ ഉള്‍ചേരാന്‍ ഓടിയെത്തും.
ഈ ബ്രഹ്മാണ്ഠകടാഹത്തില്‍ ഏറ്റവും വലിയ വസന്തം വിരിഞ്ഞത് ഏറ്റവും ഉത്തമനായ മനുഷ്യന്‍ കടന്നുവന്നപ്പോഴാണ്. പ്രഥമ വസന്തമെന്ന നാമധേയത്തില്‍ വിഖ്യാതമായ ഒരു മാസത്തില്‍ തന്നെ ആ മഹാത്മാവിന്റെ പിറവി സംഭവിച്ചത് യാദൃഛികമെന്നു പറഞ്ഞു തള്ളാനാവില്ല. എന്നാല്‍, രണ്ടാം വസന്തമോ? അതു മറ്റൊന്നുമല്ല. മേല്‍പറഞ്ഞ പുണ്യാത്മാവിന്റെ അതേ സന്ദേശം ജീവിത ദൗത്യമായേറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിച്ച മറ്റൊരു മഹാത്മാവ് കടന്നുപോയ മാസവും. അതെ, അമ്പിയാക്കളില്‍ രാജസയ്യിദായ മുത്തുനബി(സ്വ)യുടെ പാവനസ്മരണകള്‍കൊണ്ടനുഗൃഹീതമാണ് റബീഉല്‍ അവ്വല്‍ എങ്കില്‍, ഔലിയാക്കളില്‍ സുല്‍ത്താനായി വാഴുന്ന അശ്ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ പുണ്യസ്മരണകളാല്‍ ധന്യമാണ് റബീഉല്‍ ആഖര്‍. മുന്‍കാല പ്രാവചകന്മാര്‍ കൊണ്ടുവന്ന സന്ദേശം കാലാന്തരത്തില്‍ ഇരുള്‍ മൂടിക്കിടന്നപ്പോള്‍ വീണ്ടുമതിനെ തട്ടിയുണര്‍ത്തി പുതുജീവന്‍ നല്‍കാനാണ് പുണ്യ നബി(സ്വ)വന്നതെങ്കില്‍ മുന്‍കാല ആത്മജ്ഞാനികള്‍ കൊണ്ടു വന്ന സന്ദേശം മങ്ങിത്തുടങ്ങാറായപ്പോഴാണ് പുനരുജ്ജീവനാര്‍ത്ഥം മുഹ്‌യിദ്ദീന്‍ ശൈഖ്(റ) കടന്നുവന്നത്.
എന്നും വിസ്മയമായിരുന്നു ആ ജീവിതം. വിസ്മയങ്ങള്‍ക്കു മേല്‍ വിസ്മയം. പലര്‍ക്കും അത് അല്ലാഹുവിലെത്താനുള്ള ചവിട്ടുപടിയായി മാറി. ചില ചുരുക്കും അവിവേകികള്‍ അതില്‍ അടിതെറ്റി വീണു… ആ ഇലാഹീ ഓളിവിനു മുന്നില്‍ അവരുടെ കണ്ണു ചിന്നി.. കാരണം, അവരുടെ ധൈഷണിക മണ്ഡലത്തിനു വികാസം കുറവായിരുന്നു.. വലിയ കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ പക്വതയും പാകതയും കൈവന്നിരുന്നില്ല..
സാധാരണക്കാരന്റെ ബൗദ്ധിക പരിധികള്‍ക്കപ്പുറത്ത് സ്ഥാനംവാഴുന്ന ശൈഖവര്‍കളുടെ ജീവിതം വിസ്തരിക്കാന്‍ അവസരപരിമിതിയേറെയുള്ളതിനാല്‍ ആ വിശുദ്ധ നാമത്തിന്റെ അര്‍ത്ഥതലങ്ങളുടെ തീരത്തിരുന്ന് ഇസ്‌ലാമിനെയും കാലികലോകത്തെയും വായിക്കുക മാത്രമാണിവിടെ ചെയ്യുന്നത്. ആരായിരുന്നു മുഹ്‌യിദ്ദീന്‍ ശൈഖ്(റ)? എങ്ങനെയാണ് ഒരു മുഹ്‌യിദ്ദീന്‍ രൂപപ്പെടുന്നത്? അബ്ദുല്‍ ഖാദിര്‍ എന്നാലാര്? തുടങ്ങിയ ഏതാനും ചില ചര്‍ച്ചകള്‍.

മുഹ്‌യിദ്ദീന്‍: വാക്കിലും അര്‍ത്ഥത്തിലും
ഏവര്‍ക്കും പെട്ടെന്നു ചെയ്യാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലാത്ത ശ്രമകരമായൊരു ദൗത്യമാണ് സത്യത്തില്‍ ഇഹ്‌യാഅ് (പുനരുജ്ജീവന-സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍.) അത് സത്യമതത്തിന്റെ മേഖലയിലാണെങ്കില്‍ ശഹാദത്തിന്റെ പ്രതിഫലമാണു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. എന്റെ സമുദായം നാശമടയുന്ന കാലത്ത് ഒരു സുന്നത്തെങ്കിലും ഇഹ്‌യാഅ് ചെയ്യുന്നവന് ദൈവിക മാര്‍ഗത്തില്‍ അടരാടി രക്തസാക്ഷിത്വം വരിച്ച നൂറാളുകളുടെ പുണ്യമുണ്ടെന്ന് നബി(സ്വ) അരുള്‍ ചെയ്യുന്നു. ഈ തിരുവരുളിന്റെ പൊരുളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒട്ടേറെ മഹത്‌വ്യക്തിത്തങ്ങളെ ചരിത്രത്തിലുടനീളം കാണാന്‍ കഴിയും. എന്നാല്‍, ഒരു സുന്നത്തല്ല, സുന്നത്തുകളുടെ സംഘരൂപമായ മതത്തെ തന്നെ ഉജ്ജീവിപ്പിക്കാന്‍ വന്നു ലക്ഷ്യം പൂര്‍ത്തീകരിച്ചു പോയവര്‍ അപൂര്‍വം. ഈ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ(റ).
ബാല്യം മുതലേ വിലായത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയ ശൈഖവര്‍കള്‍ പിന്നീട് അതേ പാതയില്‍ തന്നെ സഞ്ചരിച്ചപ്പോള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന വിസ്മയങ്ങളാണ് കടന്നുപോയ ആ വഴിത്താരയിലുടനീളം പൂത്തുലഞ്ഞത്. ക്ഷീണബാധയേറ്റ് മങ്ങി നിന്ന സത്യദീനിന് അതോടെ പുത്തനുണര്‍വ് ലഭിച്ചു. ലക്ഷ്യമറിയാതെ ഇരുട്ടില്‍ നട്ടം തിരിഞ്ഞു നടന്നിരുന്നവര്‍ക്ക് സത്യത്തിലെത്താനുള്ള വെളിച്ചം കിട്ടി… മനസ്സിന്റെ ദാഹമടക്കാന്‍ ഒന്നും കിട്ടാതെ വലഞ്ഞവര്‍ക്ക് മതിവരുവോളം നുകരാനും പകരാനും തക്ക വിധമുള്ള ജ്ഞാന ഉറവിടം രൂപപ്പെട്ടുവന്നു.. ഇങ്ങനെ ഏതേതു മേഖലയിലും മാറ്റത്തിന്റെ അലയൊലികള്‍.
ഒരു സുന്നത്തിനെ ഉജ്ജീവിപ്പിക്കുന്നതിന് നൂറ് ശഹീദിന്റെ പ്രതിഫലമാണെങ്കില്‍ ഒരു ദീനിനെ ജീവിപ്പിക്കുന്നതിന്റെ പ്രതിഫലവും അതിനു മുന്നിട്ടിറങ്ങുന്നവന്റെ സ്ഥാനവും വിജയകരമായി അതു പൂര്‍ത്തീകരിച്ചവനു ലഭിക്കുന്ന അംഗീകാരവും എത്രത്തോളമെന്നത് അളവുകോലുകള്‍ക്ക് വഴങ്ങുന്നതല്ലെന്നു പറയേണ്ടതില്ല. ഈ അര്‍ത്ഥത്തില്‍ ശൈഖവര്‍കളെ നാം വായിക്കുമ്പോള്‍ ആ ജീവിതത്തില്‍ നടന്ന, യുക്തിയുടെ മണ്ഡലത്തില്‍ അതിശയോക്തിപരമെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാവുന്ന പല സംഗതികളും യാഥാര്‍ത്ഥ്യവുമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് കൃത്യമായി നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. കേവലം പക്ഷപാതിത്വത്തിന്റെ പേരില്‍ ന്യായങ്ങള്‍ മനപ്പൂര്‍വം മൂടിവയ്ക്കുന്നതും ധൈഷണിക വികാസത്തിനു തടയണ കെട്ടുന്നതും വിശാല ഹൃദയര്‍ക്കു യുക്തമായതല്ലല്ലോ.
ഒരു മുഹ്‌യിദ്ദീന്‍ ആവാന്‍ കഴിയില്ലെങ്കില്‍ ഒരു മുഹ്‌യിസ്സുന്നയെങ്കിലും ആവുകയെന്നാണ് മേലുദ്ധരിച്ച ഹദീസിന്റെ താല്‍പര്യം. എന്നാല്‍ ഇവിടെ പുനപ്പരിശോധന നടത്തേണ്ട ഒരു പ്രധാന വിഷയമുണ്ട്. ഇന്ന് ഇഹ്‌യാഉദ്ദീന്‍ എന്ന പേരില്‍ പലരും രംഗം വാഴുന്നതായി കാണാം. ഓരോ വിഭാഗവും അവകാശപ്പെടുന്നത് ഞങ്ങളാണിവിടെ ഇഹ്‌യാഅ് സാധ്യമാക്കിയതും സാധ്യമാക്കിക്കൊണ്ടിരിക്കുന്നതുമെന്നാണ്. ഈ അവകാശവാദങ്ങളുന്നയിച്ച് കവലകളായ കവലകള്‍ തോറും കലഹവും ബഹളവും കൂട്ടുമ്പോള്‍ സാധ്യമാക്കിയ ഉത്ഥാനം ഇപ്പോള്‍ നിലവിലുണ്ടോ എന്ന ഗുരുതരമായ ചോദ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ അത്തരക്കാര്‍ മറക്കുന്നുവെന്നത് തീര്‍ത്തും സഹതാപാര്‍ഹമാണ്.
സ്വീകരിക്കുന്ന പേരിനോട് എത്രമാത്രം നീതി പുലര്‍ത്താന്‍ കഴിയുന്നു എന്നത് തീര്‍ച്ചയായും ആലോചിക്കേണ്ടതുണ്ട്.. മൂല്യം തോന്നിക്കുന്ന പേരുകള്‍ വെച്ചതു കൊണ്ട് വസ്തു മൂല്യമുറ്റതാവണമെന്നില്ല.. വാക്കിനല്ല, വാക്കര്‍ത്ഥത്തിനാണ് പ്രാധാന്യം. അര്‍ത്ഥമില്ലങ്കില്‍ വാക്ക് വലിച്ചെറിയപ്പെടുന്ന മൃതശരീരം മാത്രം. അതിനെ കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത് യാഥാര്‍ത്ഥ്യാന്വേഷകരെ സംബന്ധിച്ചിടത്തോളം അറപ്പുളവാക്കുന്നതും മനംമടുപ്പിക്കുന്നതുമായിരിക്കും. ഡ്യൂപ്ലിക്കേറ്റ് ഒറിജിനലിന്റെ ലേബലില്‍ വന്നതു കണ്ട് ഒറിജിനലാവുമോ? മുനാഫിഖ് എത്രതന്നെ മുഅ്മിന്‍ എന്ന പേരില്‍ ആണയിട്ട് വാദങ്ങള്‍ സമര്‍ത്ഥിച്ചാലും ജനങ്ങളുടെ ഇടയില്‍ നല്ലപിള്ള ചമയാമെന്നല്ലാതെ മനസ്സിന്റെ കോടതിയില്‍ അയാള്‍ എപ്പോഴും പ്രതിക്കൂട്ടില്‍ തന്നെയാണ്.
പേരുകള്‍ കേവലം അക്ഷരക്കൂട്ടങ്ങള്‍ മാത്രം. അതിനു പിന്നിലെ അര്‍ത്ഥതലങ്ങള്‍ക്കാണ് വിലയുള്ളത്. പേരു വയ്ക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍, പേരിനോട് നീതി പുലര്‍ത്താന്‍ ചിലര്‍ക്കേ കഴിയൂ. അസത്യത്തിനെതിരേ പട വെട്ടുന്നവര്‍, ഇസ്‌ലാമിന്റെ സംഘടന, സത്യം എത്തിച്ചുകൊടുക്കുന്നവര്‍, നബിചര്യയുടെ വക്താക്കള്‍ എന്നെല്ലാം ആര്‍ക്കും പറയാം. പക്ഷേ, അതിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണു പ്രയാസം. അനാവശ്യ തര്‍ക്കങ്ങളും വിവാദങ്ങളും ഇഹ്‌യാഉദ്ദീനല്ല, ഇമാത്തത്തുദ്ദീനാണെന്ന് ഓര്‍ക്കുക.
ഒരു ഇസ്‌ലാമിക പ്രസ്ഥാനം ശരിക്കും രൂപപ്പെടുന്നത് ഇസ്‌ലാമിക താല്‍പര്യവും പ്രാസ്ഥാനികതാല്‍പര്യവും ഒരേ ലൈനില്‍ വരുമ്പോഴാണ്. ഇസ്‌ലാമിന്നതീതമായി പ്രാസ്ഥാനിക താല്‍പര്യം വളര്‍ച്ച പ്രാപിക്കുമ്പോള്‍ അല്ലെങ്കില്‍ സംഘടനാ നേട്ടത്തിനു വേണ്ടി ഇസ്‌ലാമിക താല്‍പര്യങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമ്പോള്‍ വിപരീത ഫലങ്ങളുടെ സൃഷ്ടിപ്പായിരിക്കും നടക്കുക. മുഹ്‌യിദ്ദീന്‍ ശൈഖ്(റ) ജനങ്ങളെ സംഘടിപ്പിച്ചത് ഇസ്‌ലാമിന്റെ പേരിലും ഇസ്‌ലാമിനു വേണ്ടിയും മാത്രമായിരുന്നു… എവിടെയും തന്റെതായ താല്‍പര്യങ്ങള്‍ മഹാനവര്‍കളെ ഭരിച്ചില്ല.. ഇഹ്‌യാഉദ്ദീന്‍ അവകാശപ്പെട്ടു വരുന്ന മതപ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ഏതു പ്രവര്‍ത്തനങ്ങളുടെയും പിന്നിലെ ഒരേയൊരു വികാരം ഇസ്‌ലാമാണെന്ന് സാഭിമാനം പ്രഖ്യാപിക്കാന്‍ കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. മുഹ്‌യിദ്ദീന്‍ ശൈഖ്(റ) പ്രതിനിധാനം ചെയ്ത ധാരയല്ല തങ്ങളുടേതെന്നാണെങ്കില്‍ സംഘടനയുടെ മേല്‍വിലാസത്തോട് ഇസ്‌ലാമിന്റെ പേരിനെ ഏച്ചുകെട്ടുന്നത് കടുത്ത അനീതിയായിരിക്കും.. കാരണം, നിഫാഖുമായി ഒരു നിലക്കും സന്ധിക്കില്ലാത്ത മതമാണ് ഇസ്‌ലാം.
കേവലം ആലങ്കാരികമായ ഒരു സംജ്ഞയായിരുന്നില്ല മുഹ്‌യിദ്ദീന്‍. പേരിനോട് നൂറു ശതമാനം കൂറു പുലര്‍ത്തുന്ന വിശാലമായ ഒരു അര്‍ത്ഥതലം അതിനു പിന്നില്‍ നമുക്ക് ചരിത്രത്തിന്റെ വെളിച്ചത്തില്‍ കാണാവുന്നതാണ്. മാതാവിനോടും ഗുരുവര്യന്മാരോടുമുള്ള തുല്യതയില്ലാത്ത ബഹുമാനാദരവുകളില്‍ നിന്നു തുടങ്ങി കാലങ്ങളോളം നീണ്ടുനിന്ന പഠനസപര്യ… ആത്മജ്ഞാനികളെ തേടിയുള്ള നീണ്ട യാത്രകള്‍.. അഭ്യസിച്ച വിദ്യക്കൊത്തുള്ള പ്രവര്‍ത്തനങ്ങള്‍… യാതനകളും വേദനകളും വകവയ്ക്കാതെയുള്ള ആരാധനാനിമഗ്നമായ ദിനരാത്രങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മാതൃകാപരമായ ധീരവും ഉന്നതവുമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നു കൊണ്ടാണ് മഹാനവര്‍കള്‍ ഇഹ്‌യാഇനു മുന്നിട്ടിറങ്ങുന്നത്. പ്രഥമവും പ്രധാനവുമായി സ്വന്തത്തില്‍ നിന്നു തന്നെ തുടങ്ങുകയായിരുന്നു ആ വിപ്ലവം.
ഇഹ്‌യാഅ് നടത്തുന്നവനാണ് മുഹ്‌യി.. ഇഹ്‌യാഅ് ഫിഅ്‌ലു മുതഅദ്ദിയാണ് (ഠൃമിശെശേ്‌ല ്‌ലൃയ). അതായത്, മറ്റുള്ളതിലേക്ക് വിട്ടുകടക്കുന്ന ക്രിയ. ഒരു വസ്തു മറ്റൊന്നിലേക്ക് വിട്ടുകടക്കണമെന്നുണ്ടെങ്കില്‍ വിട്ടുകടക്കുന്ന വസ്തു ആദ്യം സ്രോതസ്സിലുണ്ടായിരിക്കണം. ശൂന്യഹസ്തത്തിനു മറുകരങ്ങളില്‍ ശൂന്യതയല്ലാതെ മറ്റൊന്നും സമര്‍പ്പിക്കാന്‍ കഴിയില്ല. മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കണമെങ്കില്‍ കൊടുക്കുന്ന വ്യക്തിയില്‍ ആദ്യം സന്തോഷമുണ്ടായിരിക്കണം. ആദ്യം തന്നില്‍ സ്‌നേഹമില്ലെങ്കില്‍ അതെങ്ങനെ വേറൊരാള്‍ക്ക് കൊടുക്കാന്‍ കഴിയും? നമുക്ക് കോപമുണ്ടാകുമ്പോഴാണ് നാം അത് വേറൊരാള്‍ക്ക് നല്‍കുന്നത്. ഇതുപോലെ ഒരു വസ്തുവിന് ഹയാത്ത്(ജീവിതം) കൊടുക്കണമെങ്കില്‍ കൊടുക്കുന്നവന് ആദ്യം ഹയാത്ത് ഉണ്ടായിരിക്കണം. എങ്കിലല്ലേ ഇഹ്‌യാഅ് എന്ന ഫിഅ്‌ലിന്റെ തഅ്ദിയത്ത് (മറ്റൊന്നിലേക്കുള്ള സംക്രമണം) യഥാര്‍ത്ഥത്തില്‍ പുലരുകയുള്ളൂ. നിര്‍ജീവ വസ്തുവിനെങ്ങനെ മറ്റൊരു നിര്‍ജീവവസ്തുവിന് ജീവനേകാന്‍ കഴിയും?
ഇഹ്‌യാഉദ്ദീന്‍ എന്ന പേരില്‍ രംഗത്ത് വരുന്നവര്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ ഹൃദയത്തില്‍ ദീന്‍ ഹയാത്തിലുണ്ടോ, ഇല്ലേ എന്നു പരിശോധിക്കുകയാണ്.. ദീന്‍ മയ്യിത്തായി കിടക്കുന്ന ഒരു ഹൃദയത്തിന് മറ്റൊരു മൃതഹൃദയത്തിലത് സ്ഥാപിക്കാന്‍ കഴിയില്ല… പലപ്പോഴും ഇന്നത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സന്തുഷ്ടമായ റിസള്‍ട്ടുകള്‍ സമൂഹത്തില്‍ നിന്ന് ലഭിക്കാത്തതിന്റെ അടിസ്ഥാന കാരണം ഇതായിരിക്കാം. ‘ ”ചെയ്യാത്തതെന്തിനു നിങ്ങള്‍ പറഞ്ഞു നടക്കുന്നു”(സൂറത്തു സ്വഫ്ഫ്-2) എന്ന ഖുര്‍ആന്റെ ചോദ്യം അധരവ്യായാമത്തിന്റെ അര്‍ത്ഥശൂന്യതയെ വിളിച്ചോതുന്നുണ്ട്. പറയുന്നതിലേറെ ചെയ്യുകയും ചെയ്യുന്നതു മാത്രം പറയുകയും ചെയ്യുമ്പോഴാണ് പ്രബോധനം വിജയിക്കുകയുള്ളൂ… നാട്ട ശരിയാക്കാതെ നിഴലിനെ പഴിച്ചതു കൊണ്ട് കാര്യമില്ല. ആദ്യം നാട്ട ശരിപ്പെടുത്തുക. അതു കൊണ്ടാണ് ഇഹ്‌യാഇനിറങ്ങും മുമ്പ് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) ഈമാന്റെ ജീവു കൊണ്ട് ഹൃദയത്തെ അരോഗദൃഢഗാത്രമാക്കിയത്. താന്‍ നേരെയാകുമ്പോഴേ നിഴലും ആ വഴിക്കു വരികയുള്ളൂ.
അല്ലെങ്കിലും, പ്രമാണങ്ങളെക്കാള്‍ പ്രബോധിതരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക മാതൃകകളായിരിക്കുമെന്നതാണ് വാസ്തവം… കേട്ടറിവിനെക്കാള്‍ കണ്ടറിവിനായിരിക്കുമല്ലോ എപ്പോഴും ഫലം. കൂട്ടത്തില്‍ പെട്ട ഒരു വ്യക്തിയുടെ മാതൃകാപരമായ കര്‍മത്തെ വിവരിക്കുമ്പോഴുണ്ടാവുന്ന പ്രതികരണമായിരിക്കില്ല ഖുര്‍ആന്‍ ഇന്നത് പറയുന്നുണ്ട് എന്ന് പ്രബോധനം ചെയ്യുമ്പോഴുണ്ടാവുക. അതായത്, മതാദ്ധ്യാപനങ്ങള്‍ പ്രായോഗികമാണെന്ന് കര്‍മങ്ങള്‍ വഴി തെളിയിച്ചു കൊടുക്കുമ്പോഴേ ഫലപ്രാപ്തി കൈവരികയുള്ളൂ.. തിരുനബി(സ്വ)യുടെ സ്വഭാവം എവ്വിധമായിരുന്നുവെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഖുര്‍ആനായിരുന്നുവെന്ന് മറുപടി പറയുന്നുണ്ട് ബീവി ആഇശ(റ). അതെ, ജീവിക്കുന്ന ഖുര്‍ആന്‍..ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മനുഷ്യന്‍ സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണെന്നതിന്റെ ജീവിക്കുന്ന തെളിവ്. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നാക്കും പേനയും മാത്രം മതിയായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ തന്നെ മതിയായിരുന്നുവല്ലോ.. ഖുര്‍ആനിക സൂക്തങ്ങള്‍ കേവലം സിദ്ധാന്തള്‍ മാത്രമല്ല, പ്രായോഗികം കൂടിയാണെന്ന് തെളിയിക്കാനാണ് തിരുനബി(സ്വ). മുഹ്‌യിദ്ദീന്‍ ശൈഖ്(റ) പതിനായിരങ്ങള്‍ക്ക് വഅള് പറഞ്ഞുകൊടുക്കുക മാത്രമല്ല, പറയുന്ന കാര്യങ്ങള്‍ കര്‍മങ്ങളിലൂടെ തെളിയിച്ചു കൊടുക്കുക കൂടി ചെയ്തു. നാവിനെക്കാള്‍ മഹാന്റെ കര്‍മമായിരുന്നു അവരോട് കൂടുതല്‍ വാചാലമായത്.
കര്‍മരംഗത്തു നിന്ന് മതാദ്ധ്യാപനങ്ങളെ മാറ്റിനിര്‍ത്തുകയും കാര്യസാദ്ധ്യത്തിനായി മാത്രം അവയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ഇന്ന് നമ്മില്‍ കൂടുതലും കണ്ടുവരുന്നത്. പരലോകത്തേക്കുള്ള നിക്ഷേപമാകട്ടെ എന്ന ലക്ഷ്യത്തോടെ ഖുര്‍ആന്‍ ഓതുന്നതിനു പകരം രോഗശമനത്തിന് നിര്‍ദ്ദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍ദ്ദിഷ്ട ഭാഗങ്ങള്‍ ഒരു മരുന്നുകുടി പോലെ ഓതിത്തീര്‍ക്കുന്ന സമീപനം അത്ര സന്തോഷദായകമൊന്നുമല്ല. തന്റെ ഭൗതിക ലാഭത്തിനു ആക്കം കൂട്ടാന്‍ മുഹ്‌യിദ്ദീന്‍ മാലയും ഖുതുബിയ്യത്തും ആവേശത്തോടെ കഴിക്കും. എന്നാല്‍, ശൈഖവര്‍കളോടുള്ള സ്‌നേഹം മാത്രം ലാക്കാക്കി പ്രസ്തുത കര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ എത്ര പേരുണ്ട് നമുക്കിടയില്‍? മുഹ്‌യിദ്ദീന്‍ ശൈഖിനെ കുറിച്ച് വാതോരാതെ പാടാനും പറയാനും കാണിക്കുന്ന ആവേശം കര്‍മമണ്ഡലത്തിലേക്ക് ആ ജീവിതത്തെ പറിച്ചു നടാന്‍ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ കാണാത്തത് അപകടകരമാണ്.
മുഹ്‌യിദ്ദീന്‍ ശൈഖിന് ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് മഹാനവര്‍കളുടെ സാമൂഹിക സേവനമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരണാനന്തരവും മരിച്ചിട്ടും മരിക്കാത്ത സേവനം. വേണമെന്നുണ്ടെങ്കില്‍ ഈ നിമിഷവും നമുക്കാ വിലപ്പെട്ട സേവനത്തിന്റെ ഗുണഭോക്താക്കളായി മാറാം. പക്ഷേ, മണ്‍വെട്ടി പോലെ എപ്പോഴും തന്നിലേക്ക് വലിക്കുന്നവര്‍ മാത്രമായി നാം മാറിക്കൂടാ. ശൈഖവര്‍കളെ പോലെ കുറച്ചെങ്കിലും കൊടുക്കാനും കഴിയണം. ആവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ശൈഖവര്‍കളെ ഹാളിറാക്കുകയല്ല, ഓരോ ജീവിതത്തിലൂടെയും ആ മഹാത്മാവിന് പുനര്‍ജന്മം നല്‍കുകയാണു വേണ്ടത്. മുഹ്‌യിദ്ദീന്മാര്‍ പേരില്‍ മാത്രം ഉണ്ടായതുകൊണ്ടായില്ല, കര്‍മങ്ങളിലും വേണം. അപ്പോഴാണ് നാം മുഹ്‌യിദ്ദീന്‍ ശൈഖ്(റ)യുടെ അനുയായികളായി മാറുന്നത്.

അബ്ദുല്‍ ഖാദിര്‍ രൂപപ്പെടുന്നത്
മേല്‍പറഞ്ഞ പോലെ അബ്ദുല്‍ ഖാദിര്‍ എന്നതും മുഹ്‌യിദ്ദീന്‍ ശൈഖിനെ സംബന്ധിച്ചിടത്തോളം കേവലം നാമം മാത്രമായിരുന്നില്ല; അര്‍ത്ഥത്തിലും അതു സത്യസന്ധമായിരുന്നു. കഴിവുടയവന്റെ ദാസന്‍ എന്നാണ് പ്രസ്തുത സംജ്ഞ കൊണ്ടുള്ള വിവക്ഷ. ഒരാള്‍ മറ്റൊരാള്‍ക്കു മുമ്പില്‍ സമ്പൂര്‍ണ വിധേയത്വം സമര്‍പ്പിക്കുമ്പോഴാണ് ദാസനായിത്തീരുക.. ദാസ്യവൃത്തി തന്നെപ്പോലുള്ള മറ്റൊരു ശക്തിക്കാണ് ചെയ്തു കൊടുക്കുന്നതെങ്കില്‍ അത് അപമാനമായിരിക്കും. തന്റെ അസ്ഥിത്വത്തിന്റെ സംവിധായകനു മുമ്പാകെയാണെങ്കില്‍ അഭിമാനവും.
അടിമത്തം അല്ലാഹുവിനു മാത്രം നല്‍കലാണ് വിശ്വാസിയുടെ കടമ. അപ്പോള്‍ മാത്രമേ മനസ്സിന് സമാധാന സ്ഥിതി കൈവരികയുള്ളൂ. വിഭിന്ന ശക്തികളുടെ അടിമയായി നടക്കുന്നവന് ബാധ്യതകളും അസ്വസ്ഥതകളുമേറെയായിരിക്കും. സ്വസ്ഥമായ ഒരു നേരത്തെ ഉറക്കത്തിനു പോലും അയാള്‍ക്ക് വിധിയുണ്ടാവില്ല..
ലോകത്തേറ്റം വലിയ അടിമ നബി(സ്വ)യായിരുന്നു. അതായത്, അല്ലാഹുവല്ലാത്ത ഒരു ശക്തിക്കും അടിമവൃത്തി നടത്തേണ്ട ഗതികേട് വരാത്ത ഏക മനുഷ്യന്‍. ഔലിയാക്കളില്‍ ഈ സ്ഥാനമലങ്കരിക്കുന്നവരാണ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ).
ഏക ഇലാഹിനു മാത്രമുള്ള മഹാനവര്‍കളുടെ അടിമത്തം തകര്‍ത്തെറിഞ്ഞ് അബ്ദുശ്ശൈത്താനാക്കി മാറ്റാന്‍ പിശാച് പ്രലോപനങ്ങളുമായെത്തിയിരുന്നു. പക്ഷേ, ഇലാഹുമായുള്ള അവിച്ഛേദ്യമായ ബന്ധം ആ ചതിയെ തിരിച്ചറിഞ്ഞു. കൊള്ളക്കാരുടെ ഭീഷണി വന്നപ്പോഴും അബ്ദുല്‍ ഖാദിര്‍ അബ്ദുല്‍ ഹവാ (ദേഹേഛയുടെ ദാസന്‍)ആയി മാറിയില്ല. പശിയടക്കാന്‍ വകയില്ലാതെ ദിനരാത്രങ്ങള്‍ തള്ളിനീക്കേണ്ടി വന്ന ഘട്ടത്തിലും ഉടമയുമായുള്ള ബന്ധം കൂടുതല്‍ മികവുറ്റതായി മാറുകയായിരുന്നു..
ഉടമയുടെ ഭാഗത്തുനിന്ന് പലവിധ പരീക്ഷണങ്ങളും വന്നു. എവിടെയും പതറിയില്ല. എല്ലാം സുസ്‌മേരവദനനായി നേരിട്ടു. ആ പരീക്ഷണവിജയത്തിന്റെ സമ്മാനമായിരുന്നു തന്റെ ഖുദ്‌റത്തില്‍ നിന്നല്‍പം അല്ലാഹു മഹാനവര്‍കള്‍ക്കു കൊടുത്തത്. സാധാരണക്കാരനു ലഭിച്ചതിനെക്കാള്‍ മികവും മാറ്റുമുണ്ടായുരുന്നു അതിന്. അത് സ്വാഭാവികവുമാണ്. തന്റെ വാക്കുകള്‍ക്ക് പൂര്‍ണ അനുസരണ കാട്ടിയവന്നായിരിക്കും ഉടമ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സമ്മാനം കൊടുക്കുക.
അല്ലാഹുവിലേക്കെത്രത്തോളം ഉയരുന്നുവോ അത്രത്തോളം കഴിവും കൂടും. താഴെ നിലയിലുള്ളവന്‍ കാണുന്നതിനെക്കാള്‍ ലോകത്തെ, മേല്‍ തട്ടില്‍ നില്‍ക്കുന്നവനു കാണാം. മേല്‍തട്ടിലുള്ളവന്‍ കാണുന്നതിനെക്കാള്‍ അതിനും മുകളില്‍ നില്‍ക്കുന്നവനു കാണാം. എന്നാല്‍, അടിത്തട്ടില്‍ നില്‍ക്കുന്നവന് താനും രണ്ടാംനിലക്കാരനും മൂന്നാം നിലക്കാരനും ഒരേ സ്ഥാനക്കാരാണെന്ന് (നഹ്‌നു രിജാല്‍ വഹും രിജാല്‍) വാദിക്കാവുന്നതാണോ..താന്‍ കാണുന്നതിലപ്പുറം കാണാനൊന്നും തന്റെ മുകളിലുള്ളവര്‍ക്കാവില്ലെന്ന അവകാശവാദം എത്രമേല്‍ വങ്കത്തമാണ്?!
കഴിവ് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ലെന്നാണ് അടിസ്ഥാനപരമായി വേണ്ട വിശ്വാസം. മറ്റുള്ളവരില്‍ വല്ല കഴിവും കാണുന്നുവെങ്കില്‍ അത് അല്ലാഹു നല്‍കിയതുകൊണ്ട് മാത്രമാണ്. എല്ലാവര്‍ക്കും ഒരുപോലെയല്ല അവന്‍ കഴിവുകള്‍ കൊടുക്കുക. പലര്‍ക്കും പല തരത്തിലായിരിക്കും. ചിലര്‍ക്ക് സാമാന്യമായ കഴിവു കൊടുക്കുമ്പോള്‍ വേറെ ചിലര്‍ക്ക് അസാമാന്യമായ കഴിവുകള്‍ കൊടുക്കും. തന്നിലേക്കടുത്തവര്‍ക്ക് മറ്റെല്ലാവരെക്കാളും കൂടുതല്‍ കൊടുക്കും. എല്ലാം അവന്റെ ഇഷ്ടം. അടിമക്ക് ഉടമയുടെ പ്രവൃത്തി ചോദ്യം ചെയ്യാനര്‍ഹതയില്ല.
മുഹ്‌യിദ്ദീന്‍ ശൈഖിന് ഇന്ന കഴിവുകള്‍ കാണിക്കാനാകുമോ എന്ന ചോദ്യം തനിക്കുള്ള സാമാന്യ കഴിവുകള്‍ തന്റെതാണെന്ന വിശ്വാസത്തില്‍ നിന്നാണുറവയെടുക്കുന്നത്. തനിക്കു കിട്ടിയ കഴിവുകള്‍ അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവന് ശൈഖവര്‍കളുടെ കഴിവ് ചോദ്യം ചെയ്യേണ്ടതുണ്ടോ? കാഴ്ചയുള്ളവന്റെ കഴിവിനെ അന്ധന്‍ ചോദ്യം ചെയ്താലെങ്ങനെയിരിക്കും? അബ്ദുല്‍ ഖാദിര്‍ എന്ന നാമം പോലും പ്രസ്തുത ചോദ്യത്തിന്റെ മുനയൊടിക്കുന്നുണ്ട്. സ്വന്തമായി തീരുമാനത്തിനോ മറ്റൊ കഴിവില്ലാത്തവനാണ് അബ്ദ്.ഉടമയുടെ ഭാഗത്തു നിന്നുള്ള എന്തിനും വിധേയനാകാനെ അവന് അര്‍ഹതയുള്ളൂ. മുഹ്‌യിദ്ദീന്‍ ശൈഖിനെന്നല്ല, തിരുനബി(സ്വ)ക്കു പോലും സ്വന്തമായി എന്നു പറയാവുന്ന ഒരു കഴിവുമില്ല എന്ന വിശ്വാസമാണ് സാക്ഷാല്‍ തൗഹീദ്… എല്ലാ കഴിവും അല്ലാഹു കൊടുക്കുന്നതാണ്.. തന്റെ ഇഷ്ടക്കാര്‍ക്കവന്‍ കൂടുതല്‍ കൊടുക്കുമെന്നു മാത്രം. കൊടുക്കില്ലെന്നാണ് വിശ്വാസമെങ്കില്‍ അത് അല്ലാഹുവിന്റെ കഴിവിനെ പരിമിതപ്പെടുത്തലുമാണ്. ഇന്നല്ലാഹ അലാ കുല്ലി ശൈഇന്‍ ഖദീര്‍..എന്തിനും കഴിവുറ്റവനാണല്ലാഹു എന്ന വിശ്വാസമാണ് വേണ്ടത്.
കളങ്കം ചേരാത്ത ദാസ്യവൃത്തിയുടെ ഫലമാണ് അമാനുഷികത. ഖാദിറായ അല്ലാഹുവിനു മാത്രം ഉബൂദിയ്യത്ത് (അടിമത്തം) കൊടുത്തപ്പോള്‍ അവന്റെ ഭാഗത്തുനിന്ന് ശൈഖവര്‍കള്‍ക്ക് സാധാരണക്കാര്‍ക്കില്ലാത്ത ഖുദ്‌റത്ത് (കഴിവ്)കള്‍ ലഭ്യമായി..അപ്പോഴാണ് മഹാനവര്‍കളുടെ ഇഹ്‌യാഉദ്ദീന്‍ എന്ന ശ്രമകരമായ ദൗത്യം വിജയകരമായത്. അബ്ദുല്‍ ഖാദിര്‍ അല്ലാത്തവര്‍ ഇഹ്‌യാഉദ്ദീനിനു മുതിര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ ഏറെയുണ്ടാകും. സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ കുടുങ്ങി വീര്‍പ്പുമുട്ടും. ധനപൂജ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സ്ഥാനമാനങ്ങളോടുള്ള ആര്‍ത്ഥി യഥാര്‍ത്ഥലക്ഷ്യത്തില്‍ നിന്നു വഴിതെറ്റിക്കും. തന്നെ പോലുള്ള മറ്റൊരുത്തന്റെ വാതില്‍പടിക്കല്‍ വന്ന് ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍ പല മൂല്യങ്ങളെയും ബലിക്കല്ലില്‍ നിര്‍ത്തേണ്ടി വരും. അതിനാല്‍ അബ്ദുല്‍ ഖാദിര്‍ ആയി മാറിയവര്‍ക്കേ മുഹ്‌യിദ്ദീന്‍ പദവിക്കര്‍ഹതയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter