ബനാറസ് യൂണിവേഴ്സിറ്റിയിലെ മുസ്‌ലിം സംസ്കൃത അധ്യാപകന് പിന്തുണയുമായി കാമ്പസിൽ മാർച്ച്
ലക്നൗ: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ സംസ്കൃത വിഭാഗത്തില്‍ മുസ്‌ലിമായ അസിസ്റ്റന്‍റ് പ്രൊഫസർക്ക് നിയമനം നൽകിയതിൽ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുന്നതിനിടെ നാടകീയമായി ഫിറോസ് ഖാന് പിന്തുണയുമായി കാമ്പസ്സിൽ ഉജ്വല മാര്‍ച്ച്. നിരവധി വിദ്യാര്‍ത്ഥികൾ പങ്കെടുത്ത മാര്‍ച്ചിൽ ഫിറോസ് ഖാന് എത്രയും വേഗം പഠിപ്പിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ പ്രധാന കവാടമായ ലങ്കാ ഗേറ്റില്‍ നിന്ന് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി എന്ന് എഴുതിയ ബാനറിന് പിന്നില്‍ അണിനിരന്ന വിദ്യാര്‍ത്ഥികൾ 'ഫിറോസ് ഖാന്‍, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് ' എന്നെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ചു. അതേസമയം, ദിവസങ്ങളായി പ്രതിഷേധം മൂലം അടച്ചിരുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംസ്കൃതം വിഭാഗം ഇന്ന് തുറന്നു.  മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്കൃത അധ്യാപകരെന്ന് യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് വിസിക്ക് വിദ്യാര്‍ഥികള്‍ കത്തയച്ചിരുന്നു. സംസ്കൃത വിഭാഗത്തില്‍ മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള ആളെ അധ്യാപകനായി നിയമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍, സര്‍വകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്. അതില്‍ ഒമ്പത് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. അതില്‍ ഫിറോസ് ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter