മനുഷ്യ കഴിവുകള്‍ അപാരം തന്നെ

 ഡോ. മുഹമ്മദ് ഉമര്‍ ഹസന്‍, സോമാലിയയിലെ സമകാലിക ഇസ്‍ലാമിക ചലനങ്ങളില്‍ ഏറെ പ്രസിദ്ധമാണ് ഈ നാമം. സോമാലിയന്‍ ഇസ്‍ലാമിക് സെന്ററിന്റെ പ്രസിഡണ്ടായ അദ്ദേഹം, സജീവമായ ഒട്ടേറെ ദഅ്‍വാ പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെ നേതൃത്വം നല്‍കുന്നു.

അദ്ദേഹം ഈ നേട്ടങ്ങള്‍ കൈവരിച്ചത് ഏറെ അല്‍ഭുതകരമാണ്. സോമാലിയയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്റെ ചെറുപ്പ കാലം. ക്യാമ്പ് നിവാസികള്‍ക്ക് വേണ്ടി ഇടക്കിടെ വിവിധ ദീനീ പ്രഭാഷണങ്ങളും കൗണ്‍സിലിംഗ് ക്ലാസുകളുമെല്ലാം കേള്‍പ്പിക്കാറുണ്ട്. അത്തരത്തില്‍, ഒരു സൗദി പ്രഭാഷകന്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിനെ കുറിച്ച് ഏറെ ആവേശത്തോടെ പ്രസംഗിക്കുന്നത് കേള്‍ക്കാനിടയായ ആ ബാലന്റെ മനസ്സില്‍ അറബി ഭാഷയോടുള്ള സ്നേഹം മൊട്ടിടുകയായിരുന്നു. എന്ത് വില കൊടുത്തും അറബി പഠിക്കണമെന്നായി പിന്നീടുള്ള ആഗ്രഹം.

ക്യാമ്പില്‍ തന്നെയുള്ള, അറബി അറിയുന്ന ഒരു അധ്യാപകനില്‍നിന്ന് വൈകാതെ അദ്ദേഹം അത് പഠിച്ചെടുത്തു. കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ പലരെയും സമീപിച്ചു. പഠനത്തിലെ അതീവ താല്‍പര്യവും കഠിനാദ്ധ്വാനവും മനസ്സിലാക്കിയതോടെ, ബന്ധപ്പെട്ടവര്‍ സാധിക്കും വിധം അതിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. ശേഷം ഖുര്‍ആന്‍ മനപ്പാഠമാക്കുകയും അറബി ഭാഷയില്‍ കൂടുതല്‍ ഉന്നത പഠനങ്ങള്‍ നടത്തുകയും ചെയ്ത അദ്ദേഹം, അവസാനം ലണ്ടനില്‍ നിന്ന് അറബിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കുക വരെ ചെയ്തു. ശേഷം സോമാലിയയില്‍ തിരിച്ചെത്തിയ അദ്ദേഹം പ്രബോധകനായി സേവനം തുടങ്ങി.
അറബിയിലും ഇസ്‍ലാമിക വിഷയങ്ങളിലും ഏറെ അവഗാഹം നേടിയിരുന്ന അദ്ദേഹം, നല്ലൊരു പ്രസംഗകനും അധ്യാപകനും സംഘാടകനുമെല്ലാമായിരുന്നു. (ഡോ. ആഇളുല്‍ ഖുറനിയുടെ അവസാനം വിജയരഹസ്യം കണ്ടെത്തി എന്ന പുസ്തകത്തില്‍ നിന്ന്)

ഒന്നുമല്ലാതെ പോകുമായിരുന്ന ഒരു വിഭവശേഷിയാണ് ഇവിടെ തഴച്ചു വളര്‍ന്ന് സമൂഹത്തിന് വലിയ സദ്ഫലങ്ങള്‍ നല്‍കുന്ന തരത്തിലേക്കുയര്‍ന്നത്. അല്ലാഹുവിന്റെ ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന്‍ വല്ലാത്തൊരു അല്‍ഭുതമാണ്. പരിമിതകളില്ലാത്ത കഴിവുകളാണ് അല്ലാഹു അവനില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഉല്‍ക്കടമായ ആഗ്രഹമുണ്ടാവുകയും ഉറക്കം കെടുത്തുംവിധം അത് സിരകളില്‍ ആവാഹിക്കപ്പെടുകയും ചെയ്താല്‍ പിന്നെ അല്‍ഭുതങ്ങള്‍ പിറക്കാതിരിക്കില്ല. അതിന് മുമ്പില്‍ ഏത് തടസ്സങ്ങളും വഴിമാറുന്നതായി കാണാം.

ആകാശത്തിലൂടെ പറന്ന് പോകുന്ന പക്ഷികളെ കണ്ടപ്പോള്‍ ജനിച്ച മനുഷ്യന്റെ ആഗ്രഹമാണ് വ്യോമഗതാഗതത്തിന്റെ വാതായനങ്ങള്‍ അവന് മുമ്പില്‍ തുറന്നിട്ടത്. വെള്ളത്തിലെ മീനുകളെ കണ്ടതോടെ വന്‍കടലുകള്‍ മുറിച്ച് കടക്കാനും മനുഷ്യന്‍ സൗകര്യങ്ങള്‍ കണ്ടെത്തി. ഭൂമിമണ്ഡലവും ബഹിരാകാശവും കടന്ന് ഇതര ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും വരെ പര്യവേഷണം എത്തിയതും ഇത്തരം ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു.

എല്ലാം മനുഷ്യനെന്ന സൃഷ്ടിയില്‍ അല്ലാഹു നിക്ഷേപിച്ച കഴിവുകളുടെ അനന്ത സാധ്യതകളാണ് വ്യക്തമാക്കുന്നത്. അവയെ കൃത്യസമയങ്ങളില്‍ കണ്ടെത്തുകയും അവ സാക്ഷാല്‍ക്കരിക്കാനുള്ള അശ്രാന്ത പരിശ്രമവും കഠിനാധ്വാനവും ഉണ്ടാവണമെന്ന് മാത്രം. അല്ലാത്ത പക്ഷം, ഒന്നുമല്ലാതെ നഷ്ടപ്പെട്ട് പോവുന്നതും ആ അപാര കഴിവുകള്‍ തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter