പിശാചിനും നടുക്കടലിനും മദ്ധ്യേ നൈജീരിയന്‍ ജനത
നൈജീരിയയിലെ സാംബിസ വനം ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇവിടേക്കാണ് ബോക്കോ ഹറാം തീവ്രവാദികള്‍ മുന്നോറോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നാണ് പൊതുവെയുള്ള അനുമാനം. എന്നാല്‍ ഇവരെത്തിരഞ്ഞ് അമേരിക്കയടക്കമുള്ള വിദേശ രാഷ്ട്രങ്ങള്‍ നൈജീരിയയിലേക്ക് തിരച്ചില്‍ സേനകളെയും സഹായ സംഘങ്ങളെയും അയക്കാന്‍ തുടങ്ങുമ്പോള്‍ നൈജീരിയയാകെ വിഷ സര്‍പ്പങ്ങള്‍ നിര്‍ബാധം വിഹരിക്കുന്ന ഒരു നിര്‍ഭാഗ്യ ഭൂമികയായിത്തീരുമോ എന്ന ആശങ്കയിലാണ് ലോകം.
സമാധാനവും ശാന്തിയും സൃഷ്ടിക്കാനെന്ന വ്യാജേന അമേരിക്കയും കൂട്ടരും കയറിച്ചെന്നിടങ്ങളിലൊക്കെ ഇന്ന് അസാമാധാനവും അശാന്തിയും അരാജകത്വവുമാണ് കളിയാടുന്നത്. ഇറാഖും അഫ്ഗാനുമെല്ലാം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയാലും ഏറ്റവുമൊടുവില്‍ ഏകാധിപത്യത്തില്‍ നിന്നും കഷ്ടതകളില്‍ നിന്നും അമേരിക്ക മോചിപ്പിക്കാനൊരുമ്പെട്ട ലിബിയന്‍ ജനത ഇന്ന് ഗദ്ദാഫിയുടെ ഏകാധിപത്യത്തിനു കീഴിലുള്ളതിനേക്കാള്‍ കടുത്ത ദുരിതത്തിലാണ് കഴിച്ചു കൂട്ടുന്നതെന്നതിന് ലോകം സാക്ഷിയാണ്.
തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടികളുടെ കാര്യത്തിലുള്ള അതേ ആശങ്ക ഇന്ന് ലോകജനതക്ക് നൈജീരിയയുടെ ഭാവിയെക്കുറിച്ചുമുണ്ട്. പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനായി നൈജീരിയയില്‍ അമേരിക്കന്‍ സൈന്യം കാലു കുത്തുന്ന പക്ഷം നൈജീരിയയില്‍ രാജ്യ സുരക്ഷക്കു ഭീഷണിയായിത്തീര്‍ന്നിട്ടുള്ള വര്‍ദ്ധിച്ചു വരുന്ന എണ്ണ മോഷണമടക്കമുള്ള മറ്റ് വിഷയങ്ങളിലും അവര്‍ ഇടപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്, വിശിഷ്യ അമേരിക്ക എണ്ണക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍. ഇത് ദീര്‍ഘ കാലത്തേക്ക് അമേരിക്കന്‍ സേനയുടെ സാന്നിദ്ധ്യം മേഖലയില്‍ ഉറപ്പു വരുത്താന്‍ തക്ക വിഷയമാണ്.
ഇങ്ങനെ നോക്കുമ്പോള്‍, എരിതീയില്‍ നിന്നും വറചട്ടിയിലേക്കാണ് നൈജീരിയയിലെ രാഷ്ട്രീയാവസ്ഥ നീങ്ങാനൊരുങ്ങുന്നതെന്ന് ന്യായമായും കരുതേണ്ടി വരും. ആഭ്യന്തര സുരക്ഷക്ക് ബോക്കോ ഹറാം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഭീഷണിക്ക് ഒട്ടും കുറവാകില്ല വിദേശ ശക്തികളുടെ അധിനിവേശം രാജ്യത്ത് സൃഷ്ടിക്കുന്ന കുഴപ്പങ്ങളും. അത് വീണ്ടും ബോക്കോ ഹറാമിനെപ്പോലോത്ത സംഘടനകളുടെ രൂപീകരണത്തിലും അത് വഴി നൈജീരിയ സംഘര്‍ഷങ്ങളുടെ വിളനിലമായിത്തീരുന്നതിലുമാണ് കലാശിക്കുക എന്നത് നിസ്സംശയമാണ്.
ഈ സാഹചര്യത്തില്‍ ബോക്കോ ഹറാമിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം എന്തു കൊണ്ടും സംഗതമായിരിക്കും. വിദ്യാഭ്യാസത്തിലൂടെയും മറ്റും നൈജീരിയയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാശ്ചാത്യ വല്‍ക്കരണത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് യൂസുഫ് എന്നയാള്‍ 2002ലാണ് ജമാഅതു അഹ്ലിസ്സുന്ന ലിദ്ദഅ്വത്തി വല്‍ ജിഹാദ് എന്ന സംഘടനക്ക് ആരംഭം കുറിക്കുന്നത്. സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന വടക്കു കിഴക്കന്‍ നഗരമായ മെയ്ദുഗുരിയിലെ ജനങ്ങള്‍ അതിനെ ബോക്കോ ഹറാം എന്ന് വിളിച്ചു. പ്രാദേശിക സ്വാഹിലി ഭാഷയില്‍ വ്യാജം അഥവാ പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധം എന്ന് സാരം. വടക്കന്‍ നൈജീരിയയിലും നൈജറിലും തെക്കന്‍ കാമറൂണിലും ഭരണം കയ്യാളിയിരുന്ന സൊകോട്ടോ ഖിലാഫത്തിനെ മറികടന്ന് 1903 മുതല്‍ ബ്രിട്ടന് നൈജീരിയയില്‍ അധികാര യന്ത്രം തിരിക്കാന്‍ തുടങ്ങിയതു മുതല്‍ കൃസ്ത്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സജീവമായി മതപരിവര്‍ത്തനം നടത്തിപ്പോന്നിരുന്നുവെന്ന ദീര്‍ഘ കാലത്തെ വാദങ്ങളില്‍ നിന്നാണ് ബോക്കോ ഹറാമിന്റെ ആദര്ശാടിത്തറ രൂപപ്പെട്ടത്.
മെയ്ദുഗുരിയില്‍ ഒരു പള്ളിയും ഇസ്ലാമിക് സ്കൂളുമടങ്ങുന്ന സമുച്ചയം സ്ഥാപിച്ചു കൊണ്ടായിരുന്നു സംഘടനയുടെ തുടക്കം. വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കാത്ത ഭരണകൂട നിലപാടും മേഖലയുടെ മുഖമുദ്രയായ ദാരിദ്ര്യവും കൂട്ടിനെത്തിയപ്പോള്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് പോലും ഇവിടേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി. എന്നാല്‍ പതിയെ രാഷ്ട്രീയ താല്പര്യങ്ങള് പ്രകടിപ്പിച്ചു തുടങ്ങിയ സംഘടന നൈജീരിയയില്‍ ശരീഅത്തിലധിഷ്ഠിതമായ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി സ്ഫോടനങ്ങളും തട്ടിക്കൊണ്ട് പോകലുകളും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും നിര്‍ബാധം നടത്താന്‍ തുടങ്ങി.
2009ല്‍ നൈജീരിയന്‍ സേനക്കും ബോക്കോ ഹറാം അംഗങ്ങള്ക്കുമിടയിലുണ്ടായ രൂക്ഷമായ സംഘട്ടനത്തില്‍ സ്ഥാപകന്‍ മുഹമ്മദ് യൂസുഫ് വധിക്കപ്പെട്ട ശേഷം സംഘടന വിസ്മൃതിയിലേക്ക് നീങ്ങുന്നെന്ന് തോന്നിപ്പിച്ചെങ്കിലും അബൂബക്കര്‍ ഷക്കാവു എന്ന പുതിയ നായകനു കീഴില്‍ പുനഃസംഘടിച്ച് അവര്‍ വീണ്ടും സജീവമായി. 2010ല്‍ അമേരിക്ക ബോക്കോ ഹറാമിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. തുടര്‍ന്നും നൈജീരിയയിലുടനീളം അക്രമപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടു പോയതിനെത്തുടര്‍ന്ന് നൈജീരിയന്‍ പ്രസിഡണ്ട് ഗുഡ്ലക്ക് ജൊനാഥന് 2013 മേയില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു ശേഷം ഗ്രാമങ്ങള്‍ കൊള്ളയടിച്ചും മുതല്‍ നശിപ്പിച്ചും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമമഴിച്ചു വിട്ടും ഇവര്‍ ഭരണകൂടത്തിന് നിരന്തര തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടക്കാണ് കഴിഞ്ഞ മാസം ലോകത്താകെ പ്രതിഷേധത്തിന്റെ അലയൊലി സൃഷ്ടിച്ച് തട്ടിക്കൊണ്ടു പോകല്‍ സംഭവം അരങ്ങേറിയത്.
വാള് സ്ട്രീറ്റ് ജേണല്‍ പുറത്ത വിട്ട ബോക്കാ ഹറാം നേതാവിന്റെ വീഡിയോ ടേപ്പിന്റെയും അതിനു ശേഷം അമേരിക്കന്‍ പ്രസിഡണ്ട് നൈജീരിയക്കു നല്കിയ സഹായ വാഗ്ദാനത്തിന്റെയും സംഭവത്തെ ഒറ്റക്കെട്ടായി അപലപിച്ചു കൊണ്ട് രംഗത്തു വന്ന അമേരിക്കന്‍ സെനറ്റിന്റെ നടപടിയുടെയും അമേരിക്കന്‍ സൈനിക ഇടപെടലിനെ പിന്തുണക്കുന്ന തരത്തിലുള്ള യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി അടക്കമുള്ളവരുടെ സംശയജനകമായ നിലപാടിന്റെയും അടിസ്ഥാനത്തില്‍ ഈ തട്ടിക്കൊണ്ടു പോകലിനെ അമേരിക്കയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഒരു നാടകമായി വിശേഷിപ്പിക്കുന്നതിനെ അതിശയോക്തിയുടെ പേരിലോ അന്ധമായ അമേരിക്കന്‍ വിരുദ്ധതയുടെ പേരിലോ നമുക്ക് തള്ളക്കളയാമെങ്കിലും നൈജീരിയയുടെ സമാധാനപൂര്‍ണ്ണമായ ഭാവി സംബന്ധമായി ഇവര്‍ ചൂണ്ടുക്കാട്ടുന്ന പ്രത്യാഘാതം നമുക്ക് കണ്ടില്ലെന്ന് വെക്കാനാവില്ല.
മാനുഷിക പരിഗണനയും ആഗോള സമാധാന പാലനത്തോടുള്ള പ്രതിബദ്ധതയുമാണ് സ്ഥിരം അവകാശപ്പെടുന്നത് പോലെ അമേരിക്കയെ ഇത്തരം സൈനിക നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നതെങ്കില്‍, ഭരണകൂടങ്ങളുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഇവിടങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന ഭൂരിപക്ഷ ജനതയുടെ ശാക്തീകരണത്തിനും സ്വാസ്ഥ്യ പൂര്‍ണ്ണമായ ജീവിതത്തിനുമായി ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുകയും അവയെ പിന്തുണക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യേണ്ടത്. ദാരിദ്ര്യവും കഷ്ടപ്പാടുമാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെള്ളവും വളവുമെന്ന് അനുഭവങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു തന്നിട്ടും അവക്ക് പരിഹാരം കാണാതെയുള്ള ഇത്തരം നീക്കങ്ങള്‍ സംശയത്തോടെ വീക്ഷിക്കപ്പെടുക മാത്രമല്ല കടുത്ത പ്രത്യാഘാതങ്ങളോടെ എതിരേല്‍ക്കപ്പെടുകയും ചെയ്യും എന്നതില്‍ തര്‍ക്കമില്ല.
ചുരുക്കത്തില്‍, പിശാചിനും നടുക്കടലിനുമിടയിലല്ല തങ്ങള്‍ അകപ്പെട്ടിരിക്കുന്നതെന്ന് നൈജീരിയന്‍ ജനതയെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം അമേരിക്കക്കുണ്ട്. അതിലുപരി, സ്വന്തം ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കുന്നതില്‍ വൈമുഖ്യം കാണിച്ച് അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വിദേശ ശക്തികളുടെ സഹായം തേടുന്നതിന് പകരം ജനങ്ങളുടെ താല്പര്യങ്ങള് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നൈജീരിയന്‍ ഭരണകൂടം തയ്യാറാവേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം സാംബിസ വനത്തിലെ വിഷ സര്‍പ്പങ്ങള്‍ നൈജീരിയയിലാകെ പെരുകിപ്പരക്കുന്നതിന് അവര്‍ നിശ്ശബ്ദ സാക്ഷിയാകേണ്ടി വരും.



Leave A Comment