ഇസ്രാഈലുമായുള്ള കരാര്‍ ഏതെങ്കിലും രാഷ്ട്രത്തിനോ സമൂഹത്തിനോ എതിരല്ല, ഫലസ്ഥീനിന്‍റെ പരമാധികാരം അടിയറ വെക്കില്ല-ബഹ്റൈന്‍
മനാമ: ഇസ്രായേലുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിൽ ശക്തമായ എതിർപ്പ് നേരിട്ട ബഹ്റൈൻ വിശദീകരണവുമായി രംഗത്ത്. ഫലസ്ഥീനിന്‍റെ പരമാധികാരം അംഗീകരിച്ച്‌ മുന്നോട്ടു പോകുമെന്ന ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇസ്രാഈലുമായുള്ള കരാര്‍ ഏതെങ്കിലും രാഷ്ട്രത്തിനോ സമൂഹത്തിനോ എതിരല്ലെന്നും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി.

"കിഴക്കന്‍ ജറൂസലം കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്ഥീന്‍ രാഷ്ട്രം രൂപീകരിക്കുകയാണ് നേരത്തെ തന്നെയുള്ള ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാട്" ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫലസ്ഥീനുമായുള്ള രാജ്യത്തിന്‍റെ ബന്ധവും നിലപാടും രാജാവ് വ്യക്തമാക്കിയത്. ഇസ്രാഈലുമായി കരാറിലേര്‍പ്പെട്ടതിനെ കുറിച്ചും രാജാവ് വിശദീകരിച്ചു.

"ഇസ്റാഈലുമായി ബഹ്റൈന്‍ കരാര്‍ ഒപ്പിട്ടത് ഏതെങ്കിലും രാഷ്ട്രങ്ങളും സമൂഹവും അവര്‍ക്കെതിരാണെന്ന് കരുതരുത്. പൂര്‍ണ്ണമായ സമാധാനത്തിലേക്കുള്ള രാജ്യത്തിന്‍റെ ചുവടുവെപ്പാണിത്.എല്ലാ രാഷ്ട്രങ്ങളോടും മത വിഭാഗങ്ങളോടും തുറന്ന സമീപനമാണ് ബഹ്റൈൻ പാരമ്പര്യം" രാജാവ് കൂട്ടിച്ചേര്‍ത്തു. ഒരാഴ്ച മുമ്പാണ് ഗൾഫ് രാഷ്ട്രങ്ങളായ യുഎഇയും ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് കരാർ ഒപ്പിട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter