മുത്വലാഖും സുപ്രിംകോടതി വിധിയും
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മുത്വലാഖ് വിഷയത്തില്‍ ഒടുവില്‍ സുപ്രീംകോടതി വിധി പുറത്തുവന്നു. ആറു മാസത്തേക്ക് മുത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് വിലക്കിയ കോടതി, ആറു മാസത്തിനുള്ളില്‍ പുതിയ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനു നിര്‍ദേശം നല്‍കിയിരിക്കുന്നു.
മുത്വലാഖിന് മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ പരിരക്ഷയുണ്ടോ എന്നതായിരുന്നു പ്രധാന അന്വേഷണ വിഷയം. വിഷയം കൈകാര്യം ചെയ്ത സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഒടുവില്‍ ഭിന്നമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. മുത്വലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്നായിരുന്നു ബെഞ്ചിന്റെ തലവനും ചീഫ് ജസ്റ്റിസുമായ ജെ.എസ് ഖെഹാറിന്റെയും അബ്ദുല്‍ നസീറിന്റെയും നിലപാട്. എന്നാല്‍, കുര്യന്‍ ജോസഫും നരിമാനും യു.യു ലളിതും ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടിലും ഉറച്ചുനിന്നു. ഇത് രണ്ടിന്റെയും പശ്ചാത്തലത്തില്‍ ഭൂരിപക്ഷം പരിഗണിച്ച് മുത്വലാഖ് നിയമവിരുദ്ധമാണെന്ന അന്തിമ വിധിയിലേക്ക് സുപ്രീംകോടതി എത്തിച്ചേരുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍നിന്നുള്ള സയറാബാനു എന്ന സ്ത്രീയുടെ ഹരജിയെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ കോടതി വിധി. 15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്വലാഖ് ചൊല്ലി അവസാനിപ്പിച്ചതിനെ ചൊല്ലിയായിരുന്നു അവളുടെ പരാതി. മുത്വലാഖിനോടൊപ്പം ബഹുഭാര്യത്വം, നികാഹ് ഹലാല തുടങ്ങിയവയും നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, മുത്വലാഖുമായി ബന്ധപ്പെട്ടുമാത്രമാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.
വ്യക്തിയവകാശങ്ങളും ഭരണഘടനയും
വ്യക്തിയവകാശങ്ങള്‍ സ്വന്തം മതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും അനുഷ്ഠിക്കാനും അവകാശം നല്‍കുന്നുണ്ട് ഇന്ത്യന്‍ ഭരണഘടന. വിശിഷ്യാ, വിവാഹം, വിവാഹമോചനം, സ്വത്ത് പിന്തുടര്‍ച്ചാവകാശം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണഘടന മതസ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
ഉദാഹരണത്തിന്, ഹിന്ദു മതസ്ഥരായ രണ്ടു പേര്‍ വിവാഹം ചെയ്യുന്നത് ഹിന്ദു മാര്യേജ് ആക്ട് പ്രകാരമാണ്. മുഹമ്മദന്‍ ലോ അനുസരിച്ചാണ് മുസ്‌ലിം വിഷയങ്ങള്‍ അനുവര്‍ത്തിച്ചുപോരുന്നത്. മറ്റു നിയമങ്ങളെപ്പോലെത്തന്നെ ഇതില്‍ മുത്വലാഖും നിലനില്‍ക്കുന്നുണ്ട്.
മുത്വലാഖും എതിര്‍പ്പുകളും
എന്നാല്‍, കുറേ കാലമായി പുരുഷാധിപത്യവുമായി ബന്ധപ്പെട്ട് മുത്വലാഖ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നു. മുത്വലാഖിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പുതിയ കാലത്തെ സ്ത്രീ സംഘടനകളില്‍നിന്നും മറ്റു ലിബറല്‍ ചിന്താഗതിക്കാരില്‍നിന്നും ആവശ്യവും ഉയര്‍ന്നിരുന്നു. ഇത് സ്ത്രീ വിരുദ്ധവും പുരുഷന്റെ മാത്രം ഇംഗിതത്തെ മാനിക്കുന്നതാണെന്നുമാണ് അവര്‍ ഉന്നയിച്ച ആരോപണം. സയറാ ബാനു പോലെയുള്ള ഇരകളുടെ ഹരജികളുംകൂടി കോടതിയില്‍ എത്തിയപ്പോള്‍ ചര്‍ച്ച ഔദ്യോഗികമായി.
മുത്വലാഖ് ഇരകള്‍ക്ക് നീതി നല്‍കുകയെന്നതിലപ്പുറം ഇസ്‌ലാമിക വിവാഹ-വിവാഹ മോചന നിയമങ്ങളെ വിലയിരുത്തുകയും താറടിക്കുകയും ചെയ്യുന്ന തലത്തിലേക്കാണ് പിന്നീട് ചര്‍ച്ചകള്‍ പോയത്. യുക്തിവാദികളും ഹിന്ദുത്വവര്‍ഗീയവാദികളും നവലിബറല്‍ വാദികളും ഈ അവസരം നല്ലപോലെ ഉപയോഗപ്പെടുത്തി. ഇസ്‌ലാമിക നിയമങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ അവര്‍ക്കു കിട്ടിയ അപൂര്‍വ്വ അവസരമായിരുന്നു ഇത്. ഇസ്‌ലാമിക മത നിയമങ്ങള്‍ പഴഞ്ചനും കാലത്തിനനുസരിച്ച് പരിഷ്‌കരിക്കേണ്ടതുമാണെന്നതായിരുന്നു അവരുടെയെല്ലാം ആവശ്യങ്ങളുടെ ആകെത്തുക. കോടതിയും കൂടി ഈയൊരു കാഴ്ച്ചപ്പാടിലൂടെ ചിന്തിച്ചുതുടങ്ങിയപ്പോഴാണ് ഇന്നത്തെതുപോലെ ഒരു വിധി പുറത്തുവന്നിരിക്കുന്നത്.
ഇസ്‌ലാമിക നിയമങ്ങളുടെ യുക്തിയും അതിനെ എതിര്‍ക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയും എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഔദ്യോഗികമായ പൊതു നിയമങ്ങള്‍ക്കപ്പുറം അനിവാര്യഘട്ടത്തില്‍ മാത്രം എടുത്തുപയോഗിക്കേണ്ടി വരുന്ന ഒന്നാണ് മുത്ത്വലാഖ് എന്ന സത്യം മനസ്സിലാക്കുമ്പോള്‍ അതിന്റെ നിയമസാധുത വ്യക്തമാകും. ഭര്‍ത്താവില്‍നിന്ന് അകന്ന് നില്‍ക്കാനും പൂര്‍ണ വിവാഹ മോചനത്തിലൂടെ അവനുമായുള്ള ബന്ധം വിച്ഛേദിക്കാനും കൊതിക്കുന്ന സ്ത്രീക്ക് മതം നല്‍കുന്ന സുരക്ഷയാണ് മുത്വലാഖ്. ഭര്‍തൃപീഡനങ്ങളില്‍നിന്നും മോചിതയായി സുരക്ഷയോടെ ജീവിക്കാനുള്ള സ്ത്രീ അവകാശമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്. സ്വേഷ്ടകള്‍ക്കനുസരിച്ച് വിവാഹമോചനം നടത്തുകയും തിരിച്ചെടുക്കുകയും ചെയ്യുകവഴി സ്ത്രീകളെ പ്രയാസപ്പെടുത്തിയ അറേബ്യന്‍ ജനതയോട് മൂന്നില്‍ കൂടുതല്‍ തവണ ഒരു സ്ത്രീയെ വിവാഹ മോചനം നടത്താന്‍ സാധ്യമല്ലായെന്ന് നിയന്ത്രണം വെക്കുകയായിരുന്നു ഇസ്‌ലാം. വീണ്ടും വീണ്ടും അവളെ തിരിച്ചെടുത്ത് പ്രയാസപ്പെടുത്തുന്നതിന് പുരുഷനെ നിയന്ത്രിക്കുകവഴി സ്ത്രീക്ക് സ്വാതന്ത്ര്യവും സുരക്ഷയും നല്‍കുകയായിരുന്നു ഇസ്‌ലാമിലെ വിവാഹ മോചന നിയമം വഴി. പക്ഷേ, ആ ഒരു നിലക്ക് ഇന്ന് വായനകളും അന്വേഷണങ്ങളും നടക്കുന്നില്ലെന്നു മാത്രം.
മോദി സര്‍ക്കാറിന്റെ ലക്ഷ്യം
മുത്വലാഖിനെ ഉയര്‍ത്തിക്കാട്ടുകവഴി പലരും പല നിലക്കാണ് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതെന്ന് നാം പറഞ്ഞു. എന്നാല്‍, ഹിന്ദുത്വ ഫാസിസ്റ്റുകള്‍ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മേല്‍ തങ്ങള്‍ക്ക് കൈവെക്കാനുള്ള ഒരായുധമായിട്ടാണ് മുത്വലാഖിനെ ഉപയോഗപ്പെടുത്തിയത്.
2014 ല്‍ മോദി അധികാരത്തില്‍ വന്നതുമുതല്‍ മുത്വലാഖിനെ ഒരു പ്രശ്‌നമായി എടുത്തുകാണിച്ചിരുന്നു. മോദി മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും കാലങ്ങളായി ഇത് ഉയര്‍ത്തിക്കാട്ടി മുസ്‌ലിം ശരീഅത്ത് നിയമങ്ങളില്‍ കൈവെക്കാന്‍ ശ്രമിക്കുന്നുണ്ട്. ബി.ജെ.പി മുന്നോട്ടു വെക്കുന്ന ഏക സിവില്‍കോഡ് എന്ന ആശയത്തിലേക്കുള്ള ഒരു ചിവിട്ടുപടിയായിട്ടാണ് അവര്‍ മുത്വലാഖിനെ കാണുന്നത്. മുത്വലാഖിനെ നിരോധിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കുകവഴി മുസ്‌ലിം ശരീഅത്ത് നിയമങ്ങളില്‍ കൈവെക്കാം എന്നൊരു അവസ്ഥ സൃഷ്ടിക്കാനാകുമെന്ന് ബി.ജെ.പി കരുതുന്നു. രാജ്യത്ത് വന്‍ ദുരന്തങ്ങളോ കൊലപാതകങ്ങളോ ഉണ്ടായാലും ഒരക്ഷരം ഉരിയാടാതെ മൗനം പാലിക്കുന്ന മോദി വിധി വന്ന് 24 മണിക്കൂറിനു മുമ്പുതന്നെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയത് അതാണ് വ്യക്തമാക്കുന്നത്. മോദി ഭരണത്തില്‍വന്ന ശേഷം ഏറ്റവും വേഗത്തില്‍ പ്രതികരണം അറിയിച്ച വിഷയവും ഇതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പുതിയ നിയമ നിര്‍മാണം സാധ്യമോ?
ത്വലാഖ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും ഇതിനാവശ്യമായ നിയമനിര്‍മാണം ആറു മാസത്തിനകം ഉണ്ടാകണമെന്നാണ് കേന്ദ്രസര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇത് നീതിയുക്തവും സത്യസന്ധവുമായിരിക്കണമെന്ന് മുസ്‌ലിം സംഘടനകളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, സര്‍ക്കാറിനിത് തങ്ങള്‍ വിചാരിക്കുംപോലെ വേഗത്തില്‍ പാസാക്കിപ്പോകാന്‍ സാധ്യമല്ല. അതില്‍നിന്ന് പിന്മാറാനും കഴിയില്ല.
പുതിയ നിയമനിര്‍മാണത്തിനായി പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുകയും മുസ്‌ലിം സംഘടനകളുമായും സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യേണ്ടതായിട്ടുണ്ട്. ഭരണ പ്രതിനിധികളുടെയും സമ്മതം ആവശ്യമാണ്.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമ നിര്‍മാണ ബില്‍ ഭൂരിപക്ഷത്തോടെ പാസായാല്‍ മാത്രമേ തങ്ങള്‍ ആഗ്രഹിക്കുന്നപോലെ സംഗതികള്‍ മുന്നോട്ടു പോവുകയുള്ളൂ. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇതൊരിക്കലും സാധ്യമല്ല എന്നതാണ് വസ്തുത.
Leave A Comment