മുസ്‌ലിം രാജ്യങ്ങള്‍ എത്രമാത്രം ഇസ്‌ലാമികമല്ല?!
ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിലെ പ്രൊഫ. ഹുസൈന്‍ അസ്‌കരി വിവിധ രാജ്യങ്ങളിലെ മൂല്യാധിഷ്ഠിത ജീവിതത്തെ അന്വേഷിച്ചുകൊണ്ട് നടത്തിയ ഒരു പഠനം ഏറെ ശ്രദ്ധേയമാണ്. How Islamic are the Islamic Countries എന്നതായിരുന്നു പഠനത്തിന്റെ തലക്കെട്ട്. പരമ്പരാഗതമായി തുടരുന്ന മുസ്‌ലിം രാഷ്ട്രങ്ങളെക്കാള്‍ മറ്റു രാഷ്ട്രങ്ങളാണ് ഇസ്‌ലാമിക ജീവിത രീതിയെയും അധ്യാപനങ്ങളെയും പിന്തുടരുന്നതില്‍ മുന്‍പന്തിയില്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ അല്‍ഭുതകരമായ കണ്ടെത്തല്‍. ദൈനംദിന ജീവിതത്തില്‍ മൂല്യങ്ങളെ പിന്തുടരുന്നതില്‍ ആരൊക്കെ മുമ്പില്‍നില്‍ക്കുന്നുവെന്ന് അദ്ദേഹം നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ ഇങ്ങനെ മനസ്സിലാക്കാം:
ന്യൂസ്‌ലാന്റ് - ഒന്നാം സ്ഥാനത്ത്
ലക്‌സംബര്‍ഗ് - രണ്ടാം സ്ഥാനത്ത്
അയര്‍ലണ്ട് - മൂന്നാം സ്ഥാനത്ത്
ഐസ്‌ലാന്റ് - നാലാം സ്ഥാനം
ഫിന്‍ലാന്റ് - അഞ്ചാം സ്ഥാനം
ഡന്‍മാര്‍ക് - ആറാം സ്ഥാനം
കാനഡ - ഏഴാം സ്ഥാനം
അങ്ങനെ പോകുന്നു ഈ പട്ടിക. മുസ്‌ലിംകള്‍ ധാരാളമായി പാര്‍ക്കുന്ന രാജ്യങ്ങള്‍ ഇതില്‍ കടന്നുവരുന്നത് വളരെ പിന്നിലാണ്. ഉദാഹരണത്തിന്:
മലേഷ്യ - 38 ാം സ്ഥാനം
കുവൈത്ത് - 48 ാം സ്ഥാനം
ബഹ്‌റൈന്‍ - 64 ാം സ്ഥാനം
ഇതിതല്‍ ഏറെ അല്‍ഭുതപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ ഈറ്റില്ലമായിരുന്ന സഊദി അറേബ്യയുടെ സ്ഥാനം. ഇസ്‌ലാമിക അധ്യാപനങ്ങളെ നിത്യജീവിതത്തില്‍ പിന്‍പറ്റുന്നതില്‍ 131 ാം സ്ഥാനത്താണ് അത് നിലകൊള്ളുന്നത്.
Global Economy Journal ലില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ പഠനം നമ്മെ അമ്പരപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. പക്ഷെ, നാം നമ്മുടെ പരിസരം വീക്ഷിക്കുകയും വസ്തുത അന്വേഷിക്കുകയും ചെയ്യുമ്പോള്‍ ഈ കണ്ടെത്തലുകള്‍ സത്യസന്ധവും വസ്തുതാപരവുമാണെന്ന് ബോധ്യമാകുന്നു.
മുസ്‌ലിംകള്‍ എന്ന സ്ഥിതിക്ക് മതപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുക മാത്രമാണ് ഇന്നത്തെ മുസ്‌ലിംകള്‍ ചെയ്യുന്നത്. നിസ്‌കാരം, നോമ്പ്, ഹിജാബ്, താടി തുടങ്ങിയവ ചെയ്യുന്നു. ഖുര്‍ആന്‍ ഓതുകയും ഹദീസ് വായിക്കുകയും ചെയ്യുന്നു. പക്ഷെ, ഇവയൊന്നും ഒരു മൂല്യമെന്ന നിലക്ക് ജീവിതത്തിന്റെ ഭാഗമാക്കി സ്വീകരിക്കുന്നില്ല. ഭൂമുഖത്തുള്ള മറ്റാരെക്കാളും കൂടുതല്‍ മത പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും മതാധ്യാപനങ്ങള്‍ ശ്രവിക്കുകയും ചെയ്യുന്നത് നാമാണ്. പക്ഷെ, എന്നിട്ടും മൂല്യങ്ങള്‍ നിത്യജീവിതത്തില്‍ കൊണ്ടുവരുന്ന ഏറ്റവും നല്ല രാജ്യമാവാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ 60 വര്‍ഷത്തിനിടക്ക് 3,000 ത്തോളം വെള്ളിയാഴ്ച പ്രഭാഷണങ്ങള്‍ നാം ശ്രവിച്ചിട്ടുണ്ട്. പക്ഷെ, അവയുടെ ഉള്ളടക്കം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല.
ഒരു ചൈനീസ് കച്ചവടക്കാരന്‍ ഒരിക്കല്‍ പറയുകയുണ്ടായി: ചില കച്ചവടക്കാര്‍ എന്നെ സമീപിച്ച് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ഇന്റര്‍നാഷ്‌നല്‍ ബ്രാന്റ് നാമങ്ങള്‍ വ്യാജമായി നിര്‍മിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അവരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍ അവര്‍ വരാന്‍ തയ്യാറായില്ല. ഭക്ഷണം ഹലാല്‍ അല്ല എന്നതായിരുന്നു അതിന് അവര്‍ പറഞ്ഞ കാരണം. അങ്ങനെയെങ്കില്‍, വ്യാജ പേരുകള്‍ വെച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കല്‍ അവര്‍ക്ക് അനുവദനീയമാണോ?
ഒരു ജപ്പാനീസ് മുസ്‌ലിമിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: ഞാന്‍ പാശ്ചാത്യന്‍ ലോകത്തിലൂടെ സഞ്ചരിച്ചു. എനിക്ക് അവിടത്തെ അമുസ്‌ലിംകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിനെ കണ്ടെത്താന്‍ കഴിഞ്ഞു. ശേഷം, ഞാന്‍ പൗരസ്ത്യന്‍ ലോകത്തിലൂടെ സഞ്ചരിച്ചു. അവിടെ ഇസ്‌ലാമിനെ മാത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ. മുസ്‌ലിംകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മുസ്‌ലിംകളെ നോക്കുന്നതിനു മുമ്പുതന്നെ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.
ഇസ്‌ലാമിനെ കേവലം നിസ്‌കാരവും നോമ്പും മാത്രമാക്കി ചുരുക്കുന്നിടത്താണ് പ്രശ്‌നം കിടക്കുന്നത്. അതിനെ ഒരു ജീവിത വഴിയായി നാം സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങളുമായുള്ള ഇടപാടുകളിലും പെരുമാറ്റങ്ങളിലും ഇസ്‌ലാം കടന്നുവരണം. അപ്പോഴാണ് അവന്‍ യഥാര്‍ത്ഥ മുസ്‌ലിമാകുന്നുള്ളൂ. അത് യഥാര്‍ത്ഥ മുസ്‌ലിം രാഷ്ട്രമാകുന്നുള്ളൂ.
നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് പോലെയുള്ള മതപരമായ നിര്‍ബന്ധാനുഷ്ഠാനങ്ങള്‍ ഓരോരുത്തരുടെയും വൈയക്തിക ഇസ്‌ലാമികതയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അത് അവന് രക്ഷിതാവായ അല്ലാഹുവിനോടുള്ള അനിവാര്യ ബാധ്യതയാണ്. എന്നാല്‍, മൂല്യങ്ങള്‍ അല്ലെങ്കില്‍ നന്മകള്‍ (ഗുഡ് എത്തിക്‌സ്) എന്നത് വ്യക്തിയും അവന്റെ സഹ ജനങ്ങളുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നാം നമ്മുടെ നിത്യജീവിതത്തില്‍ മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിലും ഇടപാടുകളിലും ഇസ്‌ലാമിനെ കൊണ്ടുവന്നിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് ദുഷിക്കുകയും വഴികേടിലാവുകയും ചെയ്യും.
കപട സ്വഭാവമുണ്ടെന്നു കരുതി ഒരാളെയും അവരുടെ ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് വാല്യൂ ചെയ്യാന്‍ നമുക്ക് കഴിയില്ല. അതിനു നാം തുനിയുകയും അരുത്.
പ്രവാചകന്‍ പറയുന്നു: 'ഏറ്റവും വലിയ ദരിദ്രന്‍ അന്ത്യനാളില്‍ ധാരാളം നിസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയവയുമായി കടന്നുവരുന്നവരാണ്. പക്ഷെ, അവര്‍ അതിനെ കവച്ചുവെക്കുംവിധം പരസ്പര ഇടപാടുകളിലും ധനവിനിയോഗത്തിലും പെരുമാറ്റത്തിലും വളരെ അധ:പതിച്ച വഴികള്‍ സ്വീകരിച്ചവരായിരിക്കും.'
അതുകൊണ്ടുതന്നെ, ഈമാനും (വിശ്വാസത്തിന്റെ ആന്തരികത തലങ്ങള്‍) ഇഹ്‌സാനും (വിശാവസ്തിന്റെ സാമൂഹിക തലങ്ങള്‍) ഇല്ലാതെ ഒരാളുടെ ഇസ്‌ലാം അപൂര്‍ണമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് കൂടുതല്‍ ചിന്തിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്.
ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്: Islam is the best Religion. But, Muslims are the worst forllowrs. ഇസ്‌ലാം ഏറ്റവും നല്ല മതമാണ്. പക്ഷെ, മുസ്‌ലിംകളാണ് ഏറ്റവും ചീത്ത അനുയായികള്‍.
Leave A Comment