പെണ്ണുടലിലേക്കുള്ള നോട്ടം: നാശത്തിന്‍റെ വിത്ത്
അന്യസ്ത്രീകളുടെ ദര്‍ശനം വ്യഭിചാരത്തിന്റെ വിത്താണ്. അനേകം വിപത്തുകള്‍ അതു കൊണ്ടുണ്ടായിത്തീരുന്നു. നോക്കുന്നവരേയും അതിന്ന് വഴിവെച്ചു കൊടുത്തവരേയും നബി ശപിച്ചിട്ടുണ്ട്. വിവാഹബന്ധം അനുവദിക്കപ്പെട്ട അന്യസ്ത്രീ പുരുഷന്മാര്‍ പരസ്പരം കാണുന്നതും തൊടുന്നതും സത്യവിശ്വാസികള്‍ക്ക് യോചിച്ചതല്ലെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അത് ഒരര്‍ഥത്തില്‍ വ്യഭിചാരം തന്നെയാണെന്ന് പോലും പരാമര്‍ശം കാണാം. പ്രസിദ്ധ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളായ തുഹ്ഫ, നിഹായ, മുഗ്‌നി എന്നിവയില്‍ പറയുന്നു: അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടല്‍ ഹറാമാണ്. ബലമായ അഭിപ്രായപ്രകാരം അമുസ്‌ലിം സ്ത്രീകള്‍, മതനിഷ്ഠയില്ലാത്ത മുസ്‌ലിം സ്ത്രീകള്‍ എന്നിവരുടെ മുന്നിലും വീട്ടുജോലികളെടുക്കുമ്പോള്‍ വെളിവാകുന്ന സ്ഥലമൊഴികെയുള്ളവയെല്ലാം മറയ്ക്കല്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമാകുന്നു.

മഹാനായ ഇസ്സുദ്ദീനിബ്‌നു അബ്ദുസ്സലാം(റ) പറയുന്നു: സ്ത്രീകള്‍ അന്യപുരുഷന്മാരെ നോക്കുന്നതിനെ തടയേണ്ടതും അതുകൊണ്ട് പ്രയോജനപ്പെടുന്നില്ലെന്ന് കണ്ടാല്‍ വീട്ടിന്റെ ജനല്‍ അടക്കമുള്ള ദ്വാരങ്ങളെല്ലാം അടച്ചു കളയേണ്ടതുമാണ്. ഒരു സ്ത്രീ അവളുടെ ഭര്‍ത്താവല്ലാത്ത അന്യപുരുഷനെ കണ്‍നിറയെ നോക്കിയാല്‍ അതില്‍ നിന്നു പശ്ചാത്തപിക്കാതെ മരിച്ചു പോകുന്ന പക്ഷം അവളുടെ രണ്ടു കണ്ണുകളും നരകാഗ്നിയാല്‍ നിറക്കപ്പെടുമെന്നും, അന്യപുരുഷന്മാരുമായി സംസാരിച്ചാല്‍ ഓരോ വാക്കുകള്‍ക്കും നരകത്തിന്റെ തെല്ലില്‍ നൂറായിരം കൊല്ലങ്ങള്‍ (കുറേക്കാലം) നിര്‍ത്തുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ആദം സന്തതികളുടെമേല്‍ വ്യഭിചാരത്തില്‍ നിന്നുള്ള ഓരോ അംശം എഴുതപ്പെട്ടിരിക്കുന്നു. സംശയലേശമന്യെ അതിനെ അവര്‍ എത്തിക്കാതിരിക്കില്ല. കണ്ണിന്റെ വ്യഭിചാരം ദര്‍ശനം നിഷിദ്ധമായവളെ കാണലും, ചെവിയുടേത് അവളുടെ സംസാരം ശ്രദ്ധിച്ചുകേള്‍ക്കലും നാവിന്റേത് (അവളോടുള്ള) സംസാരവും, കൈയിന്റേത് (അവളെ) പിടിക്കലും, കാലിന്റേത് (അവളിലേക്ക്) നടക്കലും, ഹൃദയത്തിന്റേത് (അവളെപ്പറ്റി) ചിന്തിക്കലുമാണ്. ഒരിക്കല്‍ റസൂല്‍ അവിടത്തെ മകള്‍ ഫാത്വിമ(റ)യോട്, സ്ത്രീകള്‍ക്ക് ഗുണകരമായ കാര്യം ഏതാണെന്ന് ചോദിച്ചു. അന്യ സ്ത്രീപുരുഷന്മാര്‍ പരസ്പരം കാണാതിരിക്കലാണെന്ന് അവര്‍ മറുപടി പറഞ്ഞപ്പോള്‍ നബി മകളെ ആലിംഗനം ചെയ്ത് സന്തോഷം രേഖപ്പെടുത്തുകയുണ്ടായി. സ്വഹാബികളുടെ കാലഘട്ടത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ കാണാതിരിക്കാന്‍ വേണ്ടി വീടിന്റെ ജനല്‍ അടക്കമുള്ള ദ്വാരങ്ങള്‍ അടക്കാറുണ്ടായിരുന്നു. തട്ടിന്‍ മുകളില്‍ സ്ത്രീകള്‍ താമസിക്കുന്നതിനെ അവര്‍ തടയുകയും ചെയ്തിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter