സ്ത്രീ: സ്വര്‍ഗത്തിലേക്കുള്ള വഴി
വീടിന്റെ അകത്തളങ്ങളില്‍ പ്രകാശം ചൊരിയുന്ന നിറസാന്നിധ്യമാണു സ്ത്രീ. ഒരേ സമയം പ്രകാശത്തിന്റെ പ്രഫുല്ലത കൊണ്ട് വീടകങ്ങളെ സമ്പൂര്‍ണമാക്കാനും ഒരു നിമിഷത്തെ അബദ്ധം കൊണ്ട് കത്തിയെരിയുന്ന സംഹാരിയാവാനും അവള്‍ക്കു കഴിയും. സമൂഹത്തിന്റെ അമൂല്യമായ പുരോയാനത്തെ ത്വരിതപ്പെടുത്താനും പ്രപഞ്ച താളത്തെ തന്നെ അവതാളത്തിലാക്കാനും അവള്‍ക്ക് ശക്തിയുണ്ട്. സാംസ്‌കാരങ്ങളും നിര്‍മിക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും അവളുടെ മടിത്തട്ടിലാണ്. അവളുടെ സാന്നിധ്യമാണ് വിശ്വാസത്തെയും ത്യാഗത്തെയും കരുത്തുള്ളതാകുന്നത്. അതേസമയം, കാപട്യവും നാശവുമുളവാക്കി ഒരു ജനതയെത്തന്നെ നശിപ്പിക്കാനുള്ള അവളുടെ ശക്തിയും ശ്രദ്ധേയമാണ്. നരകവാസികളില്‍ ഭൂരിഭാഗവും സ്ത്രീ കൈവശപ്പെടുത്തിയിരിക്കുന്നു വല്ലോയെന്ന  പ്രവാചകവചനം അവിസ്മരണീയമാണ്. അതുകൊണ്ട് സോദരീ.... നേര്‍മാര്‍ഗത്തിന്റെ ലാളിത്യത്തിലേക്കും പ്രവാചക വചനങ്ങളുടെ  സൗന്ദര്യത്തിലേക്കും അടുക്കാന്‍ ശ്രമിക്കുക. അതു നിന്നെ ഉന്നതനായ നാഥന്റെ ആത്യന്തികമായ തൃപ്തിയിലേക്കും അതുവഴി ജീവിതവിജയത്തിലേക്കും നയിക്കും......

സ്വര്‍ഗത്തിലൊരു വീട് സോദരീ.... നീ എപ്പോഴെങ്കിലും കിനാവ് കണ്ടിട്ടുണ്ടോ!!!! സ്വര്‍ഗീയ ജീവിതത്തിന്റെ പരമാനന്ദത്തില്‍ മാണിക്യത്താലും മരതകത്താലും അലംകൃതമായ സ്വപ്നഭവനത്തില്‍ സന്തോഷകരമായി കഴിയുന്നതിനെ കുറിച്ച്?  ചുറ്റും വീശുന്ന നിത്യസുഗന്ധ വാഹിയായ മന്ദമാരുതന്റെ തലോടലേറ്റ് മോഹനവസന്തം നല്‍കുന്ന അഭൗമമായ ആനന്ദത്തെ എപ്പോഴെങ്കിലും മനസ്സില്‍ ധ്യാനിച്ചിട്ടുണ്ടോ? നിന്നോടു തന്നെ ചോദിച്ചു നോക്കൂ!! ആ സ്വര്‍ഗത്തില്‍ എത്തിച്ചേരാനെന്ത് വഴിയുണ്ട്? എങ്ങനെ അതിനു യോഗ്യയായിത്തീരുമെന്ന്? പേടിക്കേണ്ട.. നിന്റെ ചോദ്യത്തിനു പ്രവാചകന്‍(സ)തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: ''ഒരു സ്ത്രീ അവളുടെ നിസ്‌കാരത്തില്‍ കൃത്യത കാട്ടുകയും വ്രതമനുഷ്ഠിക്കുകയും ഗുഹ്യസ്ഥാനം സംരക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ അവള്‍ ഉദ്ദേശിക്കുന്ന വാതിലിലൂടെ അവള്‍ക്കു പ്രവേശനം സാധ്യമാണ്.'' ഒരുപക്ഷേ, നീ പറയുമായിരിക്കും. നാഥന് സ്തുതി! നിസ്‌കാരവും നോമ്പുമൊക്കെ ഞാന്‍ കൃത്യമായി നിര്‍വഹിക്കുന്നു. നിഷിദ്ധമാക്കിയതിനെ തൊട്ട് എന്റെ ശരീരത്തെ ഞാന്‍ സംരക്ഷിക്കുന്നുമുണ്ട്. പക്ഷേ, എല്ലാത്തിനും കാരണം അയാളാണ്. അയാളാണ് എല്ലാത്തിനും തുടക്കമിടുന്നതെന്ന്. ഇതരരുടെ കുറ്റങ്ങളെ വിളിച്ചു പറയാനും നമ്മുടെ തന്നെ തെറ്റുകളെ അവഗണിക്കാനും ചെകുത്താന്‍ നമ്മുടെ മനസ്സുകളില്‍ അതിസുന്ദരമായി നിര്‍മിക്കുന്ന ജല്പനങ്ങളാണിതെന്ന് പലപ്പോഴും നാം അറിയാതെ പോവുന്നു. പ്രിയ സോദരീ... നീ ഒരു പ്രധാന കാര്യം മറന്നു പോയിരിക്കുകയാണ്. സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പിന്റെ അര്‍ധ ശക്തിയാണു നീയെന്നുള്ള കാര്യം..... മാനവന്റെ മധുരപ്പാതിയാണു നീ..... പുതു യുഗത്തിലെ ഒരു മുസ്‌ലിം വീടിന്റെ ഭരണസാരഥ്യത്തിലിരിക്കുന്ന അനിഷേധ്യ ശക്തിയാണു നീ. ഈ സമൂഹം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് നിന്നിലാണ്. നിന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ നിനക്കു കഴിഞ്ഞാല്‍ ഇലാഹീ സംതൃപ്തിയും അതു വഴി സ്വര്‍ഗവും കരഗതമാക്കാന്‍ കഴിയുന്നു. വിശുദ്ധ ഖുര്‍ആന്‍ ഐഹിക ജീവിതത്തിലെ നന്മ എന്നുദ്ദേശിക്കുന്നത് നീയെന്ന ഭാര്യയെയാണെന്നാണ് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നത്.     പ്രവാചകന്‍(സ) പറഞ്ഞു: ''ഐഹികത മുഴുവന്‍ സമ്പത്തുക്കളാണ്. അതില്‍ നല്ല സമ്പത്ത് സന്മാര്‍ഗിയായ ഭാര്യയാണ്.''  (മുസ്‌ലിം) അതിനാല്‍, അചഞ്ചലചിത്തയായൊരു വിശ്വാസിനിയാവുക. സ്വര്‍ഗീയ ഭവനമാഗ്രഹിക്കുന്ന നിനയ്ക്ക് ഈ വിശേഷണം ഒഴിച്ചുവക്കാന്‍ പറ്റാത്തതാണ്;  അനസുബിന്‍ മാലികില്‍നിന്നുള്ള നിവേദനം. പ്രവാചകര്‍(സ) പറഞ്ഞു: അല്ലയോ സ്വഹാബ: സ്വര്‍ഗസ്ഥരായ നിങ്ങളുടെ ഭാര്യമാരെ കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അങ്ങേയറ്റം സ്‌നേഹമുള്ളവളും കൂടുതല്‍ പ്രസവിക്കുന്നവളുമായിരിക്കും അവള്‍. അവളുടെ ഭര്‍ത്താവ് അവളോടെന്തെങ്കിലും മര്യാദക്കേട് ചെയ്താല്‍ അവള്‍ പറയും: ''എന്റെ കരം  അങ്ങയുടെ കരത്തിലാണ്. നിങ്ങളുടെ തൃപ്തിയോടെയല്ലാതെ എനിക്ക് ഉറങ്ങാന്‍ കഴിയില്ല.'' (ത്വബ്‌റാനി) അതിനാല്‍, സോദരീ തിരിച്ചറിയുക നീയാണവന്റെ ഏറ്റവും വലിയ മഹത്വമാര്‍ന്ന സമ്പത്ത്- സ്ഥാനമാനമോ ധനമോ കുടുംബമോ സന്താനമോ അല്ല. സ്വഹാബാക്കള്‍ പ്രവാചകരോട് അന്വേഷിക്കുന്നു: ''പ്രവാചകരേ.  അവിടുന്ന് അരുളിയാലും എന്താണ് ജീവിതത്തില്‍ ലഭ്യമായ ഏറ്റവും വലിയ സമ്പത്തെന്ന്.'' അവിടുന്ന് പ്രവചിച്ചു: ''ഇലാഹീസ്മരണയില്‍ മുഴുകിയ നാവും നന്ദി ബോധത്താല്‍ തുടിക്കുന്ന ഹൃദയവും വിശ്വാസത്തില്‍ സഹായിക്കുന്ന സന്മാര്‍ഗിയായ ഭാര്യയുമാണ്. '' (തിര്‍മിദി ) ഇസ്‌ലാമിക കാര്യങ്ങളില്‍ സഹായിക്കുന്ന ഉന്നതയായ ജീവിതപങ്കാളിയാവണം നീ. നിന്റെ ഭര്‍ത്താവിനെ നന്മയിലേക്കും നാഥനിലേക്കും നയിക്കേണ്ടതു നിന്റെ കടമയാണ്. അനസ്(റ) നിവേദനം: ''അല്ലാഹു ഒരാള്‍ക്ക് സദ് വൃത്തയായ സ്ത്രീയെ പ്രദാനം ചെയ്താല്‍ അവന്‍ ദീനിന്റെ പകുതി കാര്യങ്ങളില്‍ സുരക്ഷിതനായിരിക്കുന്നു. ബാക്കി പകുതി ഭാഗത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. ''(ത്വബ്‌റാനി) ഇപ്പോഴെങ്കിലും മനസ്സിലായില്ലേ, ഗൃഹസൗന്ദര്യത്തിന്റെ അടിത്തറ നീയാണെന്ന്. ഉത്തരവാദിത്തമുള്ള ഒരു സ്ത്രീ എന്ന നിലയ്ക്ക് നിനക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നീ താഴെ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പരമാവധി ശ്രദ്ധിക്കേണ്ടവയാണ്. 1 ) നിന്റെ ഉദ്ദേശ്യം കളങ്കരഹിതമായിരിക്കാനും  അതുപോലെ നിലനിര്‍ത്താനും ശ്രമിക്കണം. നിന്നോടു തന്നെ ചോദിച്ചു നോക്കൂ.. വിവാഹം കഴിക്കുമ്പോള്‍ നിന്റെ ലക്ഷ്യമെന്തായിരുന്നെന്ന്. സുന്ദരമായ ഒരു കുടുംബനിര്‍മാണമായിരുന്നോ അതിലൂടെ ഉമറി(റ)നെയും ഉസ്മാന്‍(റ)വിനെയും പോലോത്ത ധീരസന്താനങ്ങളെ     വാര്‍ത്തെടുക്കലുമായിരുന്നോ, അതോ നിന്റെ മാതാപിതാക്കള്‍ നല്‍കിയ നിയമത്തിന്റെ പാരതന്ത്ര്യത്തില്‍നിന്നും രക്ഷപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ തെളിനീര്‍ പാനം ചെയ്യലായിരുന്നോ, അതോ പുതു വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് വഴിയിലൂടെ നിറഞ്ഞാടി നടക്കലായിരുന്നോ? പെണ്ണേ ഒരു നിമിഷം ആലോചിക്കൂ.... നിന്റെ ലക്ഷ്യം പുനര്‍ വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. 2. ഒരു പേനയും കടലാസും എടുത്ത് നിന്റെ സുന്ദരമായ വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യവും ഫലവും എന്തായിരിക്കണമെന്ന് എഴുതി നോക്കൂ. ഉദാഹരണത്തിന്. 1) അല്ലാഹുവിന്റെ തൃപ്തി 2) ഭര്‍ത്താവിന്റെ തൃപ്തി 3) ഇലാഹീ ഭക്തിയിലൂടെയുള്ള സന്താന പരിപാലനം 4) വീട്ടില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം നിലനിര്‍ത്തി കുട്ടികളെ ഇസ്‌ലാമിക ചിട്ട പരിശീലിപ്പിക്കല്‍. 3)നിസ്‌കാരത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലുമുള്ള ഒഴികഴിവ് കാണിക്കാന്‍ ശ്രമിക്കരുത്. കൃത്യ സമയത്ത് തന്നെ അതു നിര്‍വഹിക്കണം. വാങ്കിന്റെ സമയം അതിപ്രധാനമാണ്. ആ സമയത്ത് മറ്റൊരു ജോലിയിലും വ്യാപൃതരാവാതിരിക്കാന്‍ ശ്രമിക്കണം. വാങ്കിന്റെ സാന്ദ്രശ്രുതികള്‍ നിന്റെ കര്‍ണപുടങ്ങളില്‍ അലയടിക്കുമ്പോള്‍ ഹൃദയം ഇലാഹീ സ്മരണ കൊണ്ട് തരളിതമാകണം. ഫജ്‌റിന്റെ നൈര്‍മല്യമാര്‍ന്ന പുണ്യസമയത്തു തന്നെ നീ എഴുന്നേല്‍ക്കണം. സ്വുബ്ഹി നിസ്‌കാരം നിന്റെ ചുമലിലുള്ള ഒരു പ്രധാന ബാധ്യതയാണെന്ന കാര്യം നീ വിസ്മരിച്ചു പോകരുത്. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അത് ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരിക്കും. അതിനു വേണ്ടി 'അലാറം' ഉപയോഗിക്കുകയോ സുഹൃത്തുക്കളോടും ബന്ധുക്കളോടും വിളിക്കാന്‍ എല്‍പിക്കുകയോ ആവാം. പൈശാചികത നല്‍കുന്ന ആലസ്യത്തില്‍ നിസ്‌കാരത്തിനു മുമ്പ് വീണ്ടും വിരിപ്പിലേക്ക് മടങ്ങാതിരിക്കുക. 4) പ്രഭാത, പ്രദോഷ സമയങ്ങളില്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കപ്പെട്ട പ്രാര്‍ത്ഥനകളും ദിക്‌റുകളും നിരന്തരം ഉരുവിടുക. കാരണം, അതു നിന്നെയും നിന്റെ കുടുംബത്തെയും പല ആപത്തുകളില്‍നിന്നും രക്ഷപ്പെടുത്തും. ജീവിതത്തിലുടനീളം അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവാനും ബറക്കത്തുണ്ടാവാനും അതുപകരിക്കും. 5) ഓരോ ദിവസത്തിനും പ്രത്യേകം ദിക്‌റുകള്‍ നിര്‍ണയിക്കുന്നത് നന്നായിരിക്കും. അങ്ങനെ ആഴ്ചയിലെ ഓരോ ദിവസവും നിന്റെ ജീവിതം ദിക്‌റുകളാല്‍ നിര്‍ഭരമാകട്ടെ. നിര്‍ണിത ദിക്‌റുകള്‍ ചുമരിലെഴുതി ഒട്ടിക്കുന്നത് മറന്നുപോകാതിരിക്കാന്‍ ഉപകരിക്കും. നീ പാകം ചെയ്ത ഭക്ഷണത്തിന്റെ രുചിയുടെ കാരണമെന്താണെന്ന് ഭര്‍ത്താവന്വേഷിച്ചാല്‍ അത് തഹ്‌ലീലും തഹ്മീദുമാണെന്ന് പറയുന്ന സ്ത്രീ അത്യധികം അനുഗൃഹീതയാണ്. 6) ഇലാഹീഭക്തിയുടെ കാര്യത്തില്‍ നീ സ്വാര്‍ത്ഥയാവാന്‍ പാടില്ല. നിന്റെ ഭര്‍ത്താവിനെക്കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കണം. അവര്‍ ജോലിക്കു വേണ്ടി പുറത്തേക്ക് പോകുമ്പോള്‍ അവരുടെ സുഖക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടി നീ പ്രാര്‍ത്ഥിക്കണം. പോകുമ്പോള്‍ നീ അവന്റെ ചെവിയില്‍ മന്ത്രിക്കണം തസ്ബീഹു ചൊല്ലിക്കൊണ്ടിരിക്കെ നിങ്ങളെ ഞാന്‍ ഓര്‍ത്തിരിക്കുമെന്ന്-ഞാന്‍ വീട്ടിലും നിങ്ങള്‍ ജോലിസ്ഥലത്തുമായിരിക്കേ. 7) ഒരു മാസത്തിനുള്ളില്‍ ആദ്യം വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്തു തീര്‍ക്കുക ആരാണ് എന്ന രീതിയില്‍ മത്സരം സംഘടിപ്പിക്കണം. അതില്‍ വിജയിച്ചവര്‍ പരാജിതര്‍ക്ക് സമ്മാനം നല്‍കണം. നിസ്‌കാരനിര്‍വഹണം മുഴുവന്‍ കുടുംബത്തോടൊപ്പമാവാന്‍ ശ്രദ്ധിക്കണം. അതു ചെറിയ കുട്ടികളിലും മറ്റും വലിയ സ്വാധീനം ചെലുത്തും. മാത്രമല്ല, വീട്ടില്‍ മതബോധവും ദീനീ ചിട്ടയും നിലനിര്‍ത്താന്‍ അങ്ങേയറ്റം സഹായകമാവും. 8) അവസാനമായി, അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥന അധികരിപ്പിച്ചുകൊണ്ടിരിക്കുക. ഇലാഹീ സഹായം എപ്പോഴുമുണ്ടാവാനും സത്യസന്ധനും നല്ലവനുമായ ഭര്‍ത്താവിനെ നിലനിര്‍ത്തിത്തരാനും നിരന്തരം അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കണം. രാത്രിയുടെ യാമങ്ങളില്‍ സുഖസുഷുപ്തിക്കു വേണ്ടി തയ്യാറാവുമ്പോള്‍ സധൈര്യം കണ്ണുകളടക്കാന്‍ നിനക്ക് കഴിയണം. ഈ ഉറക്കിലെങ്ങാനും നാഥന്‍ തിരിച്ചു വിളിച്ചാല്‍ ഭര്‍ത്താവിന്റെ പൂര്‍ണതൃപ്തിയില്‍ കണ്ണടക്കുന്ന ഭാര്യയുടെ മാനസിക സംതൃപ്തി നിനക്കു ലഭിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter