മാതാവിന്റെ മഹിമ
 width=പ്രവാചക തിരുമേനിയോടൊരിക്കല്‍ ഒരാള്‍ ചോദിച്ചു: 'തിരുദൂതരേ, എനിക്കേറ്റവും കടപ്പാടുള്ളത് ആരോടാണ്?'' ''നിന്റെ മാതാവിനോട്'' -തിരുമനസ്സ് മൊഴിഞ്ഞു. 'പിന്നെ ആരോടാണ്? ''നിന്റെ മാതാവിനോട്.''ആഗതന്‍ ചോദ്യം പിന്നെയും ആവര്‍ത്തിച്ചു. പുഞ്ചിരി തൂകിയ അധരങ്ങള്‍ പിന്നെയും മൊഴിഞ്ഞു. ''നിന്റെ മാതാവിനോട്.''നബിയേ, പിന്നീട്...? ''നിന്റെ പിതാവിനോട്...'' മാതാവിന്റെ മഹിമ വിളംബരം ചെയ്ത് അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം അവിടുന്ന് പ്രഖ്യാപിച്ചു: ''മാതാവിന്റെ കാലടികള്‍ക്ക് കീഴിലാണ് സ്വര്‍ഗം.'' മാതൃത്വത്തിന്റെ മഹിതസ്ഥാനം വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും നിരവധി സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ക്ലേശഭരിതമായ ചുറ്റുപാടില്‍, പ്രയാസങ്ങളേറെ സഹിച്ച് നൊന്ത് പ്രസവിച്ച്, സമാനതകളില്ലാത്ത സ്‌നേഹം സമ്മാനിച്ച് സംരക്ഷിച്ചു വളര്‍ത്തിയ മാതാവെന്ന 'കണ്‍കണ്ട ദൈവത്തിനു' നന്ദി ചെയ്യണേയെന്ന് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു.
'എനിക്കും മാതാക്കള്‍ക്കും കൃതജ്ഞത പ്രകാശിപ്പിക്കുക' എന്ന ദൈവിക നിര്‍ദ്ദേശം മാതാപിതാക്കളുടെ മഹത്വമാണ് മാനവ രാശിയെ പഠിപ്പിക്കുന്നത്. ഭൂമിലോകത്ത് 'മാതാവിനു തുല്യം മാതാവ്' മാത്രമാണെന്ന സത്യം നന്നായി ഉള്‍ക്കൊണ്ടവരാണു നമ്മള്‍. മതങ്ങളെല്ലാം മാതൃത്വത്തിന് നല്‍കിവരുന്ന 'മാന'ങ്ങള്‍ വളരെ ഉയര്‍ന്നതും മഹത്തരവുമാണ്. മാതാവ് പരമസത്യവും യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടു തന്നെ മാതൃത്വത്തെ ആദരിക്കുന്നതിലും അംഗീകരിക്കുന്നതിലും മാനവര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളോ ബല പരീക്ഷണങ്ങളോ നടന്നതായി കേട്ടുകേള്‍വി പോലുമില്ല. വസ്തുത ഇപ്രകാരമാണെങ്കിലും മതാദ്ധ്യാപകരുടെ അധ്യാപനങ്ങള്‍ ശ്രവിച്ച് മാതാവിന്റെ പാദങ്ങള്‍ക്കടിയില്‍ സ്വര്‍ഗം പരതുന്ന സന്താനങ്ങളാണ് നമുക്കുചുറ്റും വളര്‍ന്നുവരുന്നതെന്ന  വസ്തുത വിസ്മരിച്ചുകൂടാ.
പ്രവാചക തിരുമേനി അരുളിയ സ്വര്‍ഗം ലഭിക്കാന്‍ നമുക്കര്‍ഹതയുണ്ടോ എന്നതാണ് പ്രശ്‌നം. മാതാവിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതില്‍ സമൂഹം വിമുഖത കാട്ടുന്നില്ലേയെന്നതും ഇന്നത്തെ ചിന്താവിഷയമാണ്.  എനിയ്‌ക്കെന്റെ അമ്മയോടുപോലും യാതൊരു കടപ്പാടുമില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുന്നവരും പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവരും ദൗര്‍ഭാഗ്യവശാല്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ 'മാതാവിന്റെ മഹിമ' ഉള്‍ക്കൊള്ളുന്നതില്‍ സമൂഹത്തിന് അപച യം സംഭവിച്ചതായി ബോധ്യമാവുന്നു.
മാതാക്കള്‍ക്കു നേരെയുള്ള ക്രൂരതകള്‍ ഭയാനകമാംവിധം വര്‍ദ്ധിച്ചു വരികയാണിന്ന്. പിതാവിന്റെ അനന്തരാവകാശ സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തുന്നതിന് മാതാവ് വിഘാതമാവുമെന്ന് ഭയന്ന് നിസ്‌കരിച്ചു കൊണ്ടിരിക്കെ, മുസ്വല്ലയിലിട്ട് മാതാവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ക്രൂരത സമാനതകളില്ലാത്തതാണ്. കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ സംഭവിക്കുന്ന അപകട മരണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നതിനായി വൃദ്ധ മാതാവിനെ പാലത്തില്‍നിന്ന് പുഴയിലേക്കു തള്ളി കൊലപ്പെടുത്താന്‍ ശ്രമിച്ച് വാവിട്ട് കരഞ്ഞ മകന്റെ ചെയ്തികള്‍ക്ക് കേരളം സാക്ഷിയായതാണ്. മാതാവിന്റെ ജഡത്തിനുവേണ്ടി ഫയര്‍ഫോഴ്‌സിനോടും നാട്ടുകാരോടുമൊപ്പം പുഴയില്‍ പരതുന്ന മകന്റെ ചെയ്തികള്‍ പുഴക്കരയിലെ മരക്കൊമ്പില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അര്‍ദ്ധപ്രാണയായ മാതാവ് വീക്ഷിച്ചത് ചരിത്രത്തില്‍ തുല്യതയില്ലാത്ത ഹൃദയഭേദകമായ സംഭവമായിരുന്നു.
മാതാവിന്റെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, മൃഗസമാനമായ സന്താനങ്ങള്‍ ഇപ്രകാരം രംഗം നിറഞ്ഞാടുമ്പോള്‍ കേവലം 'തലയിണ മന്ത്ര'ത്തിന്റെ പേരില്‍  മാത്രം മാതാവിനോട് ശത്രുത പുലര്‍ത്തി കുടുംബം ശിഥിലമാക്കുന്നവര്‍ വര്‍ദ്ധിച്ചുവരികയാണ്, മറുഭാഗത്ത്. ജീവിത പങ്കാളിയുടെ കിളിമൊഴികളിലൊളിഞ്ഞുകിടക്കുന്ന വഞ്ചനയുടെ ലാഞ്ഛന പോലും പരിശോധിക്കാതെ പാവം മാതാവിനെ കയ്യൊഴിഞ്ഞ് 'സുഖം' തേടിപ്പോകുന്ന മക്കള്‍ ഇന്നിന്റെ ശാപമാവുകയല്ലേ? അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞു കൂടിയിരുന്ന കുടുംബത്തിന്റെ ആശ്രയമാകേണ്ട മകന്‍ വിവാഹിതനാവുന്നതോടെ വഴിയാധാരമാവുന്ന കുടുംബങ്ങള്‍ നിരവധിയാണ്. കുടുംബ ശൈഥില്യങ്ങളില്‍ അമ്മായിയമ്മ ഒരു നറുക്കാണെങ്കില്‍ അര നറുക്കു ചേരുന്ന മരുമകളും ഈ പാപത്തില്‍ തുല്യ പങ്കാളിയാണ്.
ജീവിതം മറ്റൊരാള്‍ക്ക് പകുത്തു നല്‍കുന്നതോടെ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം വിസ്മരിക്കുന്നിടത്തുനിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിവാഹശേഷം മകന്റെ മട്ടു മാറിയെന്ന് പരിഭവപ്പെടുന്ന മാതാവ് അവനുമായി മാനസികമായി അകലുകയും ക്രമേണ വഴിപിരിയലില്‍ ചെന്നെത്തുകയും ചെയ്യുന്നു.
പ്രവാചക തിരുമനസ്സിന്റെ അനുയായികളില്‍ പ്രധാനിയായിരുന്നു അല്‍ഖമ(റ). അല്‍ഖമ(റ)വിന്റെ അന്ത്യരംഗങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയത് ആശങ്കയോടെയായിരുന്നു. 'മാതാവിന്റെ മഹിമ' മാലോകര്‍ക്ക് ബോധ്യപ്പെടുത്തിയ സംഭവത്തിന്റെ രത്‌നച്ചുരുക്കം ചരിത്രത്തില്‍ സ്ഥാനംപിടിച്ചത് സമൂഹത്തിനെന്നും പാഠമാകണം.
രോഗബാധിതനായിരുന്ന അല്‍ഖമ(റ)യില്‍ അന്ത്യസൂചനകള്‍ ദൃശ്യമായപ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവര്‍ നബിതിരുമേനിയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ തിരുമേനി(സ) ലക്ഷണങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തിന് ശഹാദത്ത് ചൊല്ലിക്കൊടുക്കാന്‍ ആജ്ഞാപിച്ചു. പല തവണ ചൊല്ലിക്കേള്‍പ്പിച്ചെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹമത് ഉരുവിട്ടില്ല. വിശുദ്ധ മതത്തിന്റെ സംരക്ഷണത്തിന് ആഹോരാത്രം അടരാടിയ പോരാളിയുടെ അന്ത്യനിമിഷങ്ങളിലെ ദുരവസ്ഥയെക്കുറിച്ച് കൂടിനിന്ന നബിതിരുമേനി അടക്കമുള്ളവര്‍ അടക്കം പറഞ്ഞു കൊണ്ടിരുന്നു. ''ഇദ്ദേഹത്തിന്റെ കുടുംബക്കാരായി ആരെങ്കിലുമുണ്ടോ?'' തിരുമേനി അന്വേഷിച്ചു.  വയസ്സായൊരു മാതാവുണ്ടെന്നു ആരോ പറഞ്ഞു. ''അവര്‍ എവിടെ?''
സ്വഹാബികള്‍ ഓടിച്ചെന്ന് വിവരം മാതാവിനോടു പറഞ്ഞു. വയോവൃദ്ധയായ മാതാവ് വടിയുടെ സഹായത്തോടെ തിരുദൂതര്‍ക്കു മുമ്പില്‍ ഹാജരായി. മരണാസന്നനായ അല്‍ഖമ(റ)യുടെ നിലയപ്പോള്‍ അത്യന്തം വഷളായിക്കൊണ്ടിരിക്കയായിരുന്നു. എങ്കിലും ഒരിക്കല്‍പോലും അദ്ദേഹം ശഹാദത്ത് കലിമ ഉരുവിടുന്നേയില്ല!
അല്‍ഖമ(റ)യുടെ രോഗവിവരങ്ങളും ഗുരുതരാവസ്ഥയും ബോധ്യപ്പെടുത്തിയ ശേഷം നബി(സ) അവരോട് ചോദിച്ചു: ''നിങ്ങളും മകനും ഇപ്പോള്‍ എങ്ങനെയാണ് കഴിഞ്ഞുവരുന്നത്, പരസ്പരം അകല്‍ച്ചയൊന്നുമില്ലല്ലോ'' ''അല്ലാഹുവിന്റെ ദൂതരേ, മകനുമായി ഞാന്‍ അത്ര അടുപ്പത്തിലല്ല ഇപ്പോള്‍ കഴിഞ്ഞുവരുന്നത്. ഞാന്‍ അവനെ താലോലിച്ചു വളര്‍ത്തി. അല്ലലും അലട്ടലുമില്ലാതെ പട്ടിണി കിടന്നും ഞാന്‍ മകനെ സംരക്ഷിച്ചു. പക്ഷേ, എനിക്ക് പരസഹായം ആവശ്യമായ കാലത്ത് എന്നെ കൂടി സംരക്ഷിക്കുവാന്‍ ഞാന്‍ അവനൊരു വിവാഹം കഴിപ്പിച്ചുകൊടുത്തു. എന്നാല്‍ വിവാഹശേഷം  അവന്റെ മട്ടാകെ മാറി. അവന്‍ എന്നേക്കാള്‍ അവന്റെ ഭാര്യയ്ക്കാണ് സ്ഥാനം നല്‍കുന്നത്. ഈ കാരണത്താല്‍ ഞാന്‍ അവനുമായി അത്ര സുഖത്തിലല്ല, നബിയേ.''
മാതാവിന്റെ വിവരണം കേട്ട് തിരുമേനിയടക്കം സ്തംഭിച്ചു പോയി. ഇതു തന്നെയാണ് അല്‍ഖമക്ക് സംഭവിച്ച പന്തികേട്! -തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ പൊരുത്തപ്പെടാത്ത കാലത്തോളം മകന് മുസ്‌ലിമായി  മരിക്കാന്‍ സാധിക്കില്ല -മാതാവിനെ നബി(സ) ഉണര്‍ത്തി. എന്നിട്ടും മാതാവിന്റെ മനസ്സിന് യാതൊരു അലിവും വന്നില്ല. പെടുന്നനെ പൊരുത്തപ്പെടാന്‍ മാത്രം ആ മനസ്സ് അപ്പോഴും പാകമായിവന്നില്ല! അല്‍ഖമ(റ) കലിമ ഉരുവിടാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു. മാതാവില്‍ മനംമാറ്റം ദര്‍ശിക്കാതായപ്പോള്‍ ചുറ്റിലുമുള്ളവരോട് വിറകുകെട്ട് കൊണ്ടുവരാന്‍ നബി(സ) ആവശ്യപ്പെട്ടു. ''എന്തിനാണു പ്രവാചകരേ വിറകു കെട്ടുകള്‍?'' ചോദ്യം മാതാവിന്റേതായിരുന്നു.
''നിങ്ങള്‍ പൊരുത്തപ്പെടാതിരുന്നാല്‍ നരകമാകുന്ന ഭയങ്കര തീയിലേക്കാണവന്‍ പോകുന്നത്. അത് ഇവിടെവെച്ചുതന്നെ അവന്‍ അനുഭവിക്കട്ടെയെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു. ഇതു കേട്ട മാതാവ് ഉച്ചത്തില്‍ പറഞ്ഞു: ''മകന്‍ അല്‍ഖമക്ക് ഞാന്‍ എല്ലാം പൊരുത്തപ്പെട്ടു കൊടുക്കുന്നു.'' അല്‍ഖമയുടെ പുതിയ വിവരമറിയാന്‍ നബി(സ) ആളെ അയച്ചു. അത്ഭുതം! അദ്ദേഹം ഉച്ചത്തില്‍ കലിമ ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു. അല്‍പസമയം കഴിഞ്ഞു അദ്ദേഹം കണ്ണടക്കുകയും ചെയ്തു.
അല്‍ഖമ(റ)യുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പ്രവാചകന്‍ അന്ന് പ്രൗഢമായൊരു ഉപദേശം നല്‍കി -മാതാവിനോട് മക്കള്‍ പാലിക്കേണ്ട സമീപനങ്ങളായിരുന്നുവത്രെ അന്നത്തെ ചര്‍ച്ചാവിഷയം!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter