സിറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അസദിന്റെ പാർട്ടിക്ക് വിജയം: കൃത്രിമമെന്ന് പ്രതിപക്ഷം
ദമസ്കസ്: സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ ബഅസ് പാർട്ടിയും സഖ്യകക്ഷികളും പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടി. നാഷണൽ യൂണിറ്റി എന്ന പേരിലുള്ള ഭരണ സഖ്യം 250 സീറ്റുകളിൽ 177 സീറ്റുകൾ കരസ്ഥമാക്കി അധികാരത്തിൽ തിരിച്ചെത്തി. അതേസമയം തെരഞ്ഞെടുപ്പ് വിജയം പൂർണമായും കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 57ൽ നിന്ന് വോട്ടിംഗ് ശതമാനം 33 ലേക്ക് കൂപ്പുകുത്തി. അതേസമയം, തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടന്നതെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തലവൻ സമീർ സംറീഖ് തെരഞ്ഞെടുപ്പിൽ ആർക്കെങ്കിലും ആശങ്ക ഉണ്ടെങ്കിൽ പരാതി ബോധിപ്പിക്കാമെന്നും വ്യക്തമാക്കി. ആഭ്യന്തര യുദ്ധം മൂലം പാലായനം ചെയ്ത ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കാതിരുന്നതാണ് വോട്ടിങ് ശതമാനത്തിൽ ഇത്രമാത്രം കുറവ് വന്നത്.

ഭരണകൂടം തന്നെയാണ് സ്വതന്ത്രരടക്കമുള്ള മുഴുവൻ സ്ഥാനാർഥികളെയും തെരഞ്ഞെടുത്തത്. എന്നിട്ട് അവരെ നേരിട്ട് തെരഞ്ഞെടുക്കുകയാണുണ്ടായത്. പ്രതിപക്ഷ നേതാക്കളിലൊരാളായ യഹ്‌യ അൽ അറീദി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ സ്വതന്ത്ര എത്ര സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധിച്ചിട്ടില്ലെന്നും ഇപ്പോൾ നടന്നത് തിയേറ്ററിലെ ഒരു നാടകം മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു.

റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ രാജ്യത്തെ മുഴുവൻ ഭാഗങ്ങളും തിരിച്ചു പിടിച്ചിരിക്കുകയാണ് ബഷർ അൽ അസദ് ഭരണകൂടം. അതേസമയം അന്താരാഷ്ട്ര തലങ്ങളിൽ നിന്നുള്ള ശക്തമായ ഉപരോധവും തകർന്ന സമ്പത്ത് വ്യവസ്ഥയും പുതിയ ഭരണകൂടത്തിന് ഏറെ തലവേദനയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter