ഉപരോധ രാജ്യങ്ങളും ഖത്തറും അയവുവരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം: റഷ്യ

അറബ് ജനതയുടെ വര്‍ത്തമാനവും ഭാവിയും സംബന്ധിച്ച് ഉപരോധ രാജ്യങ്ങളും ഖത്തറും പുലര്‍ത്തുന്ന വീക്ഷണ വ്യത്യാസമാണ് നിലവിലെ ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമെന്ന് റഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ. 2010ല്‍ തുണീസ്യയില്‍ ആരംഭിച്ച അറബ് വസന്ത വിപ്ലവത്തില്‍ അറബ് ജനതയുടെ ആഗ്രഹത്തോടൊപ്പമാണ് ഖത്തര്‍ നിലകൊണ്ടത്. സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തിനൊപ്പമായിരുന്നു തങ്ങള്‍. തുണീസ്യയിലും ഈജിപ്തിലും ലിബിയയിലും സിറിയയിലും യമനിലും ഇതേ നിലപാടാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് റഷ്യന്‍ റേഡിയോ സ്‌റ്റേഷനായ എക്കോ മോവ്്‌സ്‌ക്വിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അനീതിക്കും ദുര്‍ഭരണത്തിനും ദാരിദ്ര്യത്തിനുമെതിരേ പൊരുതുന്ന ജനതയ്ക്ക് പുറത്തുനിന്നുള്ള ഇടപെടല്‍ കൂടാതെ സ്വന്തം വിധിനിര്‍ണയിക്കാനുള്ള അവകാശമുണ്ടെന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടാണ് ഖത്തര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിപ്ലവം നയിച്ച ഭൂരിഭാഗം അറബ് ജനതയും ഖത്തറിന്റെ ഈ നിലപാട് തങ്ങള്‍ക്കുള്ള പിന്തുണയായി മനസ്സിലാക്കി.

അറബ് വസന്ത രാജ്യങ്ങളിലൊന്നും വിപ്ലവം നടത്തുന്നതിന് ഖത്തര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് അംബാസഡര്‍ വിശദീകരിച്ചു. അടിച്ചമര്‍ത്തലിനും പാര്‍ശ്വവല്‍ക്കരണത്തിനും ദാരിദ്ര്യത്തിനും ഇരയായ അവര്‍ സ്വയം തന്നെ തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ അറബ് ജനതയുടെ ഒഴുക്കിനോടൊപ്പമാണ് നീങ്ങുന്നതെന്നും എന്നാല്‍, മറ്റുള്ളവര്‍ ഒഴുക്കിനെതിരേ നീങ്ങാന്‍ ശ്രമിക്കുകയാണെന്നും അയല്‍ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. അറബ് രാജ്യങ്ങളിലെ ബഹുജനങ്ങളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ഇവര്‍ ന്യൂനപക്ഷമാണ്. അത് അവരെ ഭയപ്പെടുത്തുകയും അനാവശ്യ നടപടികളിലേക്കു നയിക്കുകയും ചെയ്യുന്നു. തര്‍ക്കങ്ങള്‍ എപ്പോഴും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഖത്തറിന്.

ആശയമോ ഉല്‍ഭവമോ പരിഗണിക്കാതെ രാഷ്ട്രീയ നേട്ടതിന് വേണ്ടി മറ്റുള്ളവരെ അപായപ്പെടുത്തുന്ന ആരെയും ഖത്തര്‍ ഭീകരരായി പരിഗണിക്കുന്നു. അത് എല്ലാ അര്‍ഥത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്. തങ്ങളുടെ ഭരണകൂടത്തെ എതിര്‍ക്കുകയും നയങ്ങളോട് വിയോജിക്കുകയും ചെയ്യുന്ന എല്ലാവരെയും ഖത്തര്‍ ശിക്ഷിക്കണമെന്നും ഭീകരരെന്ന് മുദ്ര കുത്തണമെന്നുമാണ് ഉപരോധ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. അതു തന്നെ ഭീകരതയാണ്. ഭീകരത നിര്‍മിക്കുന്ന ഭരണകൂടങ്ങളെ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്ന ഉപരോധ രാജ്യങ്ങള്‍ ഈ ഭരണകൂടങ്ങള്‍ ഭീകരതയ്‌ക്കെതിരേ പോരാടുകയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter