തകർക്കാനാവില്ല ഈ പോരാട്ട വീര്യത്തെ: നര്‍ഗീസിന്റെ ഉജ്ജ്വല വിജയം ഡൽഹി കലാപത്തിന്റെ കനൽ പഥങ്ങൾ താണ്ടി
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര മതവിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന, മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ ഡൽഹിയിൽ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കപിൽ മിശ്ര, ബിജെപി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവരുടെ പ്രകോപന പ്രസംഗങ്ങളുടെ ചുവടുപിടിച്ച് സംഘപരിവാർ അക്രമികൾ മുസ്‌ലിംകൾക്ക് മേൽ താണ്ഡവം അഴിച്ച് വിടുകയായിരുന്നു. വർഗീയകലാപത്തിൽ 55 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പള്ളികളും മതസ്ഥാപനങ്ങളും ഇതിൽ നിന്ന് ഒഴിവായിരുന്നില്ല.
ഫെബ്രുവരി 24-ന് ശാരീരിക ക്ഷമത പരീക്ഷയ്ക്ക് വേണ്ടി സ്കൂളിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് കലാപം നടന്നതായി നർഗീസ് അറിയുന്നത്. ചില ബന്ധുക്കളുടെ സുരക്ഷയിൽ വീട്ടിലെത്തിയ അവൾ കാണുന്നത് പൂർണമായും തകർക്കപ്പെട്ട തന്റെ വീടും അഗ്നിക്കിരയാക്കപ്പെട്ട പുസ്തകങ്ങളുടെ കൂമ്പാരവുമായിരുന്നു. ഏതൊരു കൗമാരക്കാരിയും തളർന്നു പോകുന്ന നിമിഷം, പക്ഷേ നർഗീസിന്റെ മനോവീര്യത്തിന് മുമ്പിൽ അക്രമികൾ വിതച്ച ഭീതിക്ക് കീഴടങ്ങേണ്ടി വന്നു.
മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറിയ നർഗിസിന്റെ കുടുംബം പഠനത്തിനായി അവൾക്ക് വലിയ പിന്തുണ തന്നെ നൽകി. ഒരു എൻജിഒ വഴി പുതിയ സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ തരപ്പെടുത്തുകയും പഠനത്തിനായി അവൾ മനസ്സ് പാകപ്പെടുത്തുകയും ചെയ്തു. കൊറോണ വൈറസ് വ്യാപനം മൂലം ആദ്യം പരീക്ഷ നീട്ടി വെക്കപ്പെട്ടു. അതിനാൽ പഠിക്കാൻ കൂടുതൽ സമയം നർഗിസിന് ലഭിച്ചു.
"പരീക്ഷ ജയിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ 60 ശതമാനം മാർക്ക് നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല" തിളക്കമാർന്ന വിജയം നേടിയ ശേഷം നർഗീസ് പറഞ്ഞ വാക്കുകളാണിത്. എന്നാൽ സാധാരണ ഗതിയിലുള്ള അവസ്ഥയിലായിരുന്നുവെങ്കിൽ കൂടുതൽ മികച്ച വിജയം നേടാൻ സാധിക്കുമായിരുന്നെന്നും അവൾ പ്രത്യാശ പ്രകടിപ്പിക്കുന്നു.
നർഗീസ് ഒരു പോരാട്ടത്തിന്റെ പ്രതീകമാണ്. കൊള്ളയടിച്ചും കൊള്ളിവെപ്പ് നടത്തിയും ഒരു സമുദായത്തിന്റെ മനസ്സിൽ ഭീതിയുടെ കനൽ കോരിയിടാൻ ശ്രമിക്കുന്ന അക്രമികളുടെ കണ്ണിലെ കരടായി മാറുന്ന വിജയികളുടെ പ്രതീകം. തകർക്കാൻ ശ്രമിക്കുമ്പോഴെല്ലാം ദുരന്തങ്ങളിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ അവർ പറന്നുയരും, ഭാവിയുടെ വാഗ്ദാനങ്ങളായി സമുദായത്തിന്റെ യശസ്സ് ഉയർത്താൻ അവർ പോരാട്ട വീഥിയിൽ മുന്നോട്ടു കുതിക്കും. ഇല്ല, തല്ലിക്കെടുത്താനാവില്ല നിശ്ചയദാർഢ്യം കൈമുതലാക്കിയുള്ള അവരുടെ പ്രതീക്ഷകളെ, ഇല്ലാതാക്കാനാവില്ല ഇച്ഛാശക്തിയിൽ പടുത്തുയർത്തപ്പെട്ട അവരുടെ സ്വപ്നക്കോട്ടകളെ.
 


            
            
                    
            
                    
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment