കോഴ്‌സുകളുടെ അതിപ്രസര കാലത്ത് നാം തീരുമാനിക്കുക; നമ്മുടെ കുട്ടികള്‍ എന്തെല്ലാം പഠിക്കണം?
studyഓരോ കുട്ടിയും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവനെ ജൂതനും ക്രിസ്ത്യാനിയും അഗ്നിയാരാധകനുമാക്കുന്നത് മാതാപിതാക്കളാണെന്നുമാണ് വിശുദ്ധവചനം. കൊച്ചുകാട്ടാളനെ മാലാഖയാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് മഹാന്‍മാര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. കുട്ടി പഠിക്കുന്നത് അവന്റെ ചുറ്റുപാടില്‍ നിന്നാണ്. കുട്ടിയുമായി ബന്ധപ്പെടുന്നവരാണ്അവനെ നല്ലതും തിയ്യതും പഠിപ്പിക്കുന്നത്. സ്വാഭാവികമായും കുട്ടിയുടെ ആദ്യ ഗുരു മാതാവ് തന്നെയായിരിക്കും; വീടും പരിസരവുമാണ് പ്രഥമ വിദ്യാലയം. തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് പ്രമാണം. മാതാവിന്റെ ചൊല്ലും ചെയ്തികളും കുട്ടിയെ വല്ലാതെ സ്വാധീനിക്കുന്നതാണ്. വിദ്യാസമ്പന്നയും സംസ്‌കാരസമ്പന്നയുമായ മാതാവിന്റെ മക്കളില്‍ ഉത്തമ സംസ്‌കാരവും സ്വഭാവവും പ്രതിഫലിക്കുമെന്നതാണ് വസ്തുത. വിദ്യാലയത്തില്‍ എത്തുന്നതിന് മുമ്പ് കുട്ടി ഒട്ടേറെ പഠിക്കേണ്ടതുണ്ട്. വിശേഷബുദ്ധി ഉറച്ചിട്ടില്ലെങ്കിലും ജീവിതാനുഭവങ്ങളുടെ പരശ്ശതം മാതൃകകള്‍ വീട്ടില്‍നിന്നു അവന്‍ സ്വായത്തമാക്കേണ്ടതുണ്ട്. അതിന് സാഹചര്യം ഒരുക്കേണ്ടത് മാതാപിതാക്കളാണ്. കണ്ടും കേട്ടും ചെയ്തും പഠിക്കേണ്ടതെല്ലാം അങ്ങനെ തന്നെ കുട്ടി സ്വായത്തമാക്കുമ്പോള്‍ ജിവിതക്കളരിയിലെ പരിശീലനങ്ങളായി അത് മാറുന്നു. ഒരു സത്യവിശ്വാസിയെ സംബന്ധിച്ച് അവന്റെ വിശ്വാസവും കര്‍മവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശീലിക്കുന്നത് രക്ഷിതാക്കള്‍ മുഖേനയാണ്. അംഗ ശുദ്ധിവരുത്താനും നിസ്‌കരിക്കാനും നോമ്പനുഷ്ഠിക്കാനും മാത്രമല്ല, സത്യം പറയുവാനും സല്‍സ്വഭാവിയാകാനും അന്യരോട് സഹവസിക്കാനും ശീലിക്കുന്നത് അവരില്‍ നിന്നാണ്. ഈ വിഷയങ്ങളില്‍ നല്ല തുടക്കത്തിന് അവസരമൊരുക്കുന്നവരുടെ മക്കള്‍ ഭാവിയില്‍ സദ്ഗുണ സമ്പന്നരാകുമെന്നതില്‍ സംശയമില്ല. വിദ്യാലയങ്ങളിലയക്കാന്‍ പ്രായമായാല്‍ യഥാസമയം അത് ചെയ്യേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും നഴ്‌സറികളും സജീവമായ ഇക്കാലത്ത് നല്ലൊരു സെലക്ടര്‍ ആകേണ്ട ചുമതല രക്ഷിതാവിനുണ്ട്. കനത്ത ഫീസും ഭീമമായ ഡൊണേഷനും മാത്രം നിലവാരത്തിന്റെ മാനദണ്ഡമാക്കാതെ ഉത്തമസംസ്‌കാരം പരിശീലിപ്പിക്കുകയും ഉന്നതമൂല്യങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. മദ്‌റസകളെ അവഗണിച്ചുകൊണ്ടുള്ള മുന്നേറ്റം ആത്യന്തികമായി പരാജയ ഹേതുകമാകാനേ സാധ്യതയുള്ളൂ. അല്ലാഹുവിനെയും പ്രവാചകരെയും ഇസ്‌ലാമിക മൂല്യങ്ങളെയും മനസ്സുകളില്‍ അങ്കുരിപ്പിക്കാന്‍ അനുയോജ്യമായ സമയം ബാല്യകാലം തന്നെയാണ്. ആദ്യമായി മനസ്സില്‍ കോറിയിടുന്നതായിരിക്കും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നത്. ഇക്കാര്യം അതി ഗൗരവത്തോടെ ഉള്‍ക്കൊളളാനും പ്രായോഗികമാക്കാനും സത്യവിശ്വാസികളായ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം. പഠനം ഒരു ഉള്‍പ്രക്രിയയാണ്. ഒന്നിനു പിറകെ മറ്റൊന്നായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പാകത്തിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇടമുറിയാതെ ലഭിക്കേണ്ടതാണ് പഠനവും പരിശീലനവുമെന്നതിനാല്‍ ഈ കാര്യവും രക്ഷിതാക്കളുടെ ശ്രദ്ധയിലുണ്ടാവണം. ഒരു നിശ്ചിത പരിധിയില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നതിന് പകരം ജീവിക്കുന്ന കാലത്തോളം ഇത് തുടരേണ്ടതുണ്ട്. ഇതിന് സാഹചര്യമൊരുക്കല്‍ രക്ഷിതാവിന്റെയും സമൂഹത്തിന്റെയു ബാധ്യതയാണ്. മതവിദ്യയെ പ്രാഥമിക തലത്തിലൊതുക്കുന്നവര്‍ കുട്ടിയുടെ ഇസ്‌ലാമിക വിദ്യാഭ്യാസ ഭാവിയെ നശിപ്പിക്കാനാണ് മുതിരുന്നത്. മതവും ഭൗതികതയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് സത്യവിശ്വാസിക്ക് അത്യാവശ്യമായത്. ഒന്ന് മറ്റൊന്നിന് തടസ്സമാണെന്ന് കരുതുന്നതിന് പകരം പരസ്പരം സഹായകമാക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. വിദ്യാഭ്യാസത്തെ രണ്ടായി കാണാതെ രണ്ടും ശുഭ ജീവിതത്തിന് ആവശ്യമാണെന്ന ബോധത്തോടെയുള്ള സമീപനം സ്വീകരിക്കണം. ഭൗതിക രംഗത്ത് ഉയര്‍ന്ന് പഠിക്കുന്നത്‌പോലെ മത വിദ്യാഭ്യാസ രംഗത്തും തുടര്‍ പഠന സാധ്യതകളെ പ്രയോജനപ്പെടുത്തണം. ദര്‍സും അറബി കോളേജും പ്രയോജനപ്പെടുത്താന്‍ പ്രായോഗിക പ്രയാസങ്ങളുണ്ടെങ്കില്‍ പ്രസിദ്ധീകരണങ്ങളും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും അറിവ് തേടാനും നേടാനുമുള്ള മാധ്യമമാകണം. ഇക്കാര്യത്തിലും രക്ഷിതാവിന്റെ ശ്രദ്ധയും ശ്രമവും പ്രധാന പങ്ക് വഹിക്കുന്നു. കുട്ടികളുടെ കഴിവും കഴിവുകേടും വേര്‍തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസ സംവിധാനമാണ് ഒരുക്കിക്കൊടുക്കേണ്ടത്. രക്ഷിതാവിന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനുമനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിന് പകരം കുട്ടിയുടെ അഭിരുചിയും വ്യക്തിത്വ വിശേഷതയും പരിഗണിച്ചാവണം വഴി തിരിച്ചു വിടേണ്ടത്. പതിനഞ്ച് വയസ്സ് വരെയുള്ള കാലഘട്ടത്തിനിടയില്‍ കുട്ടിയുടെ കഴിവ് തിരിച്ചറിയുവാന്‍ രക്ഷിതാവിന് സാവകാശം ലഭിക്കുന്നു. അഭിനന്ദനത്തിനും അംഗീകാരത്തിനും വിദ്യാഭ്യാസപ്രക്രിയയില്‍ പ്രമുഖ സ്ഥാനമുണ്ട്. കുട്ടി ഏതെങ്കിലും വിഷയത്തില്‍ മികവ് പുലര്‍ത്തുമ്പോള്‍ അവനെ അഭിനന്ദിക്കാനും അര്‍ഹമായ അംഗീകാരം നല്‍കാനും ഒട്ടും അമാന്തിക്കരുത്. 'പ്രോഗ്രസ്' കാര്‍ഡുകളിലൂടെ കുട്ടികളുടെ നിലവാരക്കുതിപ്പ് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ കുട്ടിക്ക് ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുമ്പോള്‍ അഭിനന്ദിക്കുവാനും താഴ്ന്ന ഗ്രേഡിലെത്തുമ്പോള്‍ ഒറ്റപ്പെടുത്തുന്നതിന് പകരം സമാശ്വസിപ്പിക്കുവാനുമാണ് ശ്രദ്ധിക്കേണ്ടത്. അഭിനന്ദനവും സമാശ്വസിപ്പിക്കലും അവനില്‍ അഥവാ അവളില്‍ ആത്മവിശ്വാസവും പഠനത്തില്‍ കൂടുതല്‍ ഉത്സാഹിക്കാന്‍ പ്രചോദനവും നല്‍കുന്നു. മറിച്ചായാല്‍ വിപരീതഫലമാണുണ്ടാവുകയെന്ന് അനുഭവ സാക്ഷ്യം. സ്‌നേഹം ആഗ്രഹിക്കാത്ത മനസ്സുകളില്ല. കുട്ടികള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. സ്വന്തം മക്കളെ സ്‌നേഹിക്കുന്ന രക്ഷിതാക്കള്‍ അത് അവരെ ബോധ്യപ്പെടുത്തുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. തലോടലും ചുംബനവും ആശ്വാസവാക്കുകളും സമ്മാനങ്ങളും പ്രായത്തിനും സന്ദര്‍ഭത്തിനും വിഷയത്തിന്റെ പ്രാധാന്യത്തിനും അനുസൃതമായി തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരുന്നാല്‍ ആസ്‌നേഹം കൂട്ടികളില്‍ നിന്ന് തിരിച്ചു കിട്ടുക തന്നെ ചെയ്യും. പഠനത്തില്‍ മാത്രമല്ല ജീവിതത്തില്‍ തന്നെ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അത് വഴിയൊരുക്കിക്കൊടുക്കും. മക്കള്‍ക്ക് രണ്ട് കാതുകള്‍ മാത്രമല്ല രണ്ട് കണ്ണുകളുമുണ്ടെന്ന് ഓരോ രക്ഷിതാവും തിരിച്ചറിയണം. അവരെ ഉപദേശിക്കുമ്പോഴും, ഗുണദോഷിക്കുമ്പോഴും തങ്ങളെ കണ്ടുകൊണ്ടാണ് അവര്‍ വളരുന്നതെന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാവണം.കുട്ടിയുടെ മുന്നില്‍ ഒരു'മോഡല്‍' ആവാന്‍ ഓരോ മാതാവിനും പിതാവിനും സാധിക്കണം. സംസാരത്തിലും സ്വഭാവത്തിലും അനുഷ്ഠാന കര്‍മങ്ങളിലും പെരുമാറ്റത്തിലും കുട്ടികള്‍ക്ക് മാതൃകയാകാന്‍ രക്ഷിതാക്കളും അധ്യാപകരും സന്നദ്ധരായാല്‍ അവരുടെ ഭാവി ഭാസുരമാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. വിദ്യാഭ്യാസം നേടിയ സമൂഹത്തിനാണ് സംസ്‌കാര സമ്പന്നരാകാന്‍ സാധിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ ഉത്തമ സംസ്‌കാരമുളള സമൂഹ സൃഷ്ടിയാണല്ലോ... ഓരോ രക്ഷിതാവും സംസ്‌കാര സമ്പന്നനായാല്‍ വളര്‍ന്ന് വരുന്ന തലമുറ മറിച്ചാകാന്‍ സാധ്യതയില്ല. വീടും വിദ്യാലയവും നല്‍കുന്ന ശരിയായ പരിശീലനം സമൂഹ നന്മക്കും രാഷ്ട്രീയ പുരോഗതിക്കും അനുഗുണമായിത്തീരേണ്ടതാണ്. അതിനാല്‍ ഓരോ രക്ഷിതാവും ജാഗരൂകനാവണം. നല്ലൊരു സമൂഹത്തിന്റെ വളര്‍ച്ചക്ക് വേണ്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter