ഇസ്രായേലുമായുള്ള അംഗ രാജ്യങ്ങളുടെ ബന്ധം: അറബ് ലീഗിന്റെ അധ്യക്ഷപദവി രാജിവെച്ച് ഫലസ്തീൻ
റിയാദ്: യുഎഇയും ബഹ്റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും അതിനെതിരെ അറബ് ലീഗിൽ പ്രമേയം പാസാക്കാനുള്ള ഫലസ്തീൻ ശ്രമം പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെ ഫലസ്തീൻ അറബ് ലീഗിന്റെ അധ്യക്ഷപദവി രാജിവെച്ചു. ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിച്ച നടപടിയിലുള്ള അമര്‍ഷം അങ്ങേയറ്റം പ്രകടിപ്പിച്ച് കൊണ്ടാണ് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക് രാജി പ്രഖ്യാപിച്ചത്. അടുത്ത ആറുമാസം കൂടി ഫലസ്തീന്‍ അറബ് ലീഗിന്റെ അധ്യക്ഷ പദവിയില്‍ തുടരേണ്ടതായിരുന്നു.

യുഎസിന്റെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ വെച്ച്‌ ഒരാഴ്ച മുമ്പാണ് ഇസ്രായേലുമായി യുഎഇയും ബഹ്‌റൈനും കരാര്‍ ഒപ്പിട്ടത്. കരാർ ഒപ്പിട്ടത് വഴി തങ്ങള്‍ ചതിക്കപ്പെട്ടു എന്നാണ് പലസ്തീന്റെ വിലയിരുത്തല്‍. ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രം വേണമെന്ന ഫലസ്തീന്റെ എല്ലാകാലത്തെയും ആഗ്രഹത്തെയാണ് യുഎഇയും ബഹ്‌റൈനും ആ ഒത്തുതീര്‍പ്പിലൂടെ നിരാകരിച്ചതെന്ന് ഫലസ്തീന്‍ ചൂണ്ടിക്കാട്ടുന്നു. വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ അധ്യക്ഷനാകാനുള്ള നിര്‍ദേശം നിരാകരിക്കാനാഞ് ഫലസ്തീന്റെ തീരുമാനം. തങ്ങളുടെ അധ്യക്ഷ കാലയളവില്‍ മറ്റ് അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കാന്‍ ധൃതികൂട്ടുന്നത് കണ്ടിരിക്കാനാകില്ല എന്നായിരുന്നു രാജി പ്രഖ്യാപിച്ച്‌ പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കി പറഞ്ഞത്.

1967ലെ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തിയനുസരിച്ച്‌ വെസ്റ്റ് ബാങ്കും ഗസ്സയും കിഴക്കന്‍ ജറുസലേമും ഉള്‍പ്പെട്ട സ്വതന്ത്ര പലസ്തീന്‍ രാജ്യം വേണമെന്നാണ് പലസ്തീന്‍കാരുടെ ആവശ്യം. ഈ അധിനിവേശ പ്രദേശത്തുനിന്ന് ഇസ്രായേല്‍ പിന്മാറി സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണം എന്നായിരുന്നു നേരത്തെ അറബ് ലീഗ് എടുത്ത നിലപാടും അവര്‍ക്കിടയിലുണ്ടായ കരാറും. ഇസ്രായേലിനെയും പലസ്തീനെയും അംഗീകരിക്കുന്നതില്‍ ലോകരാജ്യങ്ങളില്‍ പലരും ഇപ്പോഴും വ്യത്യസ്ത തട്ടിലാണ്. യുഎന്നിലെ 193 അംഗരാജ്യങ്ങളില്‍ 162 പേരാണ് ഇസ്രായേലിനെ അംഗീകരിച്ചിട്ടുള്ളത്. പലസ്തീന്‍ സ്വതന്ത്ര്യ രാജ്യത്തെ 138 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെ രണ്ട് രാജ്യങ്ങളെയും അംഗീകരിച്ചവരാണ് ലോകത്ത് ഭൂരിപക്ഷവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter